ജീവന്‍ രക്ഷിച്ച വായന – Shalom Times Shalom Times |
Welcome to Shalom Times

ജീവന്‍ രക്ഷിച്ച വായന

ഒരു സാധാരണക്കാരനായ ഞാന്‍ വായനയിലൂടെ ഈശോയെ കൂടുതല്‍ അറിഞ്ഞു. തെങ്ങുകയറ്റമായിരുന്നു എന്റെ തൊഴില്‍. സാമ്പത്തിക ബുദ്ധിമുട്ടുമൂലം അന്ന് പലരില്‍നിന്ന് പുസ്തകം വായ്പ വാങ്ങി വായിച്ചുകൊണ്ടിരുന്നു. പിന്നീട് ‘വീട്ടിലൊരു ലൈബ്രറി’ക്ക് രൂപം കൊടുത്ത്, ആ ശുശ്രൂഷയെ ദൈവം വളര്‍ത്തി.
ഞാന്‍ ഒരു ദിവസം ഏകദേശം പത്ത് വീടുകളിലെങ്കിലും തേങ്ങയിടാന്‍ പോകുമായിരുന്നു. ആ പത്ത് വീടുകളിലും പുസ്തകം കൊടുക്കും. ഇപ്രകാരം കൊടുത്ത പുസ്തകം തിരിച്ചുവാങ്ങാന്‍ ചെന്നപ്പോള്‍ ഒരു വീട്ടമ്മ പറഞ്ഞ മറുപടിയാണ് എന്നെ ഈ ശുശ്രൂഷയില്‍ വളരാന്‍ സഹായിച്ചത്. ‘തങ്കച്ചന്‍ചേട്ടന്‍ ഈ പുസ്തകവുമായി വന്നില്ലായിരുന്നെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്‌തേനേ, ആ പുസ്തകവായന ആത്മാവിന്റെ വില മനസിലാക്കാനും പിന്മാറാനും പ്രേരണ നല്‍കി.’
പിന്നീട് എന്നെയൊരു വചനപ്രഘോഷകനും എഴുത്തുകാരനുമായി കര്‍ത്താവ് ഉയര്‍ത്തി. അവിടുത്തെ മറ്റുള്ളവര്‍ അറിയാന്‍ നാം ആഗ്രഹിച്ച് ദാഹിച്ച് പ്രാര്‍ത്ഥിച്ചാല്‍ തീര്‍ച്ചയായും ദൈവം ആഗ്രഹം സാധിച്ചുതരുമെന്ന് മാത്രമല്ല, നമുക്ക് സ്വപ്നംപോലും കാണാന്‍ സാധിക്കാത്ത മേഖലയിലൂടെ അവിടുന്ന് നയിക്കും എന്നെനിക്ക് ബോധ്യമുണ്ട്. പില്ക്കാലത്ത് മറ്റ് ശുശ്രൂഷകളില്‍ സജീവമായപ്പോള്‍ ലൈബ്രറി മറ്റൊരു വ്യക്തിക്ക് കൈമാറുന്നതിനായി പുസ്തകവുമായി യാത്രയായി.
ഓട്ടോ വിളിച്ചായിരുന്നു ആ യാത്ര. മടങ്ങിവന്നത് ഏതാണ്ട് രാത്രി ഒമ്പതുമണി കഴിഞ്ഞ സമയത്താണ്. അധികം ആളുകളൊന്നുമില്ലാത്ത കയറ്റത്തുവച്ച് ഓട്ടോറിക്ഷ കേടായി. ഡ്രൈവറും ഞാനും ഭാര്യയും മകളും ഓട്ടോ തള്ളിക്കയറ്റേണ്ടിവന്നു. മറ്റൊരു ഓട്ടോ വിളിക്കണമെങ്കില്‍ മൊബൈല്‍ ഫോണിന് റെയ്ഞ്ചില്ലാത്ത സ്ഥലവും. ഓട്ടോറിക്ഷയെയും ഡ്രൈവറെയും വഴിയില്‍ ഉപേക്ഷിക്കാനുമാവില്ല. പിന്നീട് റെയ്ഞ്ച് ഉള്ള സ്ഥലത്തെത്തിയപ്പോള്‍ മറ്റൊരു ഓട്ടോ വിളിച്ച് വീട്ടിലെത്തി. അപ്പോഴേക്കും നേരം വെളുത്തു. തലേ ദിവസം ആനയെ കണ്ട് ആളുകള്‍ വാഹനവുമായി കഷ്ടിച്ച് രക്ഷപ്പെട്ട സ്ഥലത്തുവച്ചാണ് ഞങ്ങളുടെ ഓട്ടോറിക്ഷ കേടായത്. ഇന്നും ഈ സംഭവം ഓര്‍ക്കുമ്പോള്‍ എങ്ങനെ ഇവയൊക്കെ അതിജീവിക്കാന്‍ സാധിച്ചുവെന്നോര്‍ത്ത് അത്ഭുതപ്പെടാറുണ്ട്. ഇവയെല്ലാം ചെയ്യാന്‍ സാധിച്ചത് ഈശോയോടുള്ള സ്‌നേഹത്തെപ്രതി മാത്രമാണ്. ”ക്രിസ്തുവിന്റെ സ്‌നേഹത്തില്‍നിന്ന് ആര് നമ്മെ വേര്‍പെടുത്തും?” (റോമാ 8/35).

തങ്കച്ചന്‍ തുണ്ടിയില്‍