”എല്ലാ മാസവും പ്രെഗ്നന്‍സി കിറ്റ് വാങ്ങി പൈസ പോവുന്നതല്ലാതെ ഒന്നും കാണുന്നില്ല. ഇനി മാതാവിനെപ്പോലെ എനിക്കും വചനം മാംസം ധരിക്കേണ്ടി വരും ഒരു കുഞ്ഞിക്കാല് കാണാന്‍…” ഫോണിലൂടെ അനിയത്തിയുടെ വാക്കുകള്‍. വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷമായി. കുഞ്ഞില്ല എന്നതിനെക്കാള്‍ സങ്കടം ‘വിശേഷം ഒന്നും ആയില്ലേ’ എന്ന ചിലരുടെ ചോദ്യമാണ്. ഏകസ്ഥ ജീവിതം നയിക്കുന്ന എന്നോട് ഇവള് എന്തിനിങ്ങനെ പരാതി പറയുന്നു എന്ന് ഞാന്‍ ചിന്തിച്ചു. അതിന് അവള്‍ക്ക് ഉത്തരം ഉണ്ട്, ‘പ്രാര്‍ത്ഥനക്കാരിയായ ചേച്ചി ഈശോയോട് പറഞ്ഞ് പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം വാങ്ങി കൊടുക്കണം.’
‘നാട്ടുകാര്‍ക്ക് മുഴുവന്‍വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടല്ലോ, എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാതിരിക്കുന്നത് ശരിയാണോ?’ എന്നാണ് അവളുടെ ചോദ്യം. പൊതുവേ വ്യക്തിപരമായ വിഷയങ്ങള്‍ ഞാന്‍ ഈശോയുടെ പരാതിപ്പെട്ടിയില്‍ നിക്ഷേപിക്കാറില്ല എന്ന് അറിയാവുന്നതിന്റെ കലിപ്പ്. അതാണ് ഈ വാക്കുകള്‍ക്കു പിറകിലെ ചേതോവികാരം. എങ്ങനെയെങ്കിലും അവളെ ആശ്വസിപ്പിക്കാന്‍ വേണ്ടി വെറുതെ പറഞ്ഞു നോക്കി, ”മോളേ, രണ്ട് വര്‍ഷം അല്ലേ ആയുള്ളൂ. വിഷമിക്കണ്ട. തക്കസമയത്ത് ഈശോ പ്രവര്‍ത്തിക്കും.
” ഇപ്പോള്‍ ദേഷ്യം കണ്ണീരായി മാറി. അവളുടെ കരച്ചില് എന്റെ ബലഹീനത ആണെന്ന് അറിയാവുന്നതു കൊണ്ടാണോ എന്നറിയില്ല. പിന്നെ ഒന്നും നോക്കിയില്ല. ഒരൊറ്റ ഡയലോഗ്, ”ഞാന്‍ പ്രാര്‍ത്ഥിക്കാം” ഫോണില്‍ ആയതുകൊണ്ട് ശബ്ദംമാത്രമേ കേള്‍ക്കുന്നുള്ളൂ. പക്ഷേ അവളുടെ മുഖഭാവം എനിക്കൂഹിക്കാം. ഡബിള്‍ സന്തോഷത്തിലായിരിക്കും. ഞാന്‍ ഈശോയെ ചിലപ്പോഴൊക്കെ വരച്ച വരയില്‍ നിര്‍ത്താറുള്ളത് ഓര്‍ത്തു. അതൊക്കെ നോക്കിയാല്‍ ഇവള് ചെയ്തത് ഒന്നും അല്ല.
ആ ഏപ്രില്‍ 30, വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തില്‍ ഉള്ള ഒരു ദൈവാലയത്തില്‍ ചില സുഹൃത്തുക്കള്‍ക്കൊപ്പം പോയി. അവരോടും പറഞ്ഞു, ”അനിയത്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം.” സന്തോഷത്തോടെ അവര്‍ അപേക്ഷ സ്വീകരിച്ചു. ഞാന്‍ അള്‍ത്താരക്ക് മുന്നില്‍ മുട്ട് കുത്തി. ഉയര്ന്നുനില്ക്കുന്ന യൗസേപ്പിതാവിന്റെ തിരുസ്വരൂപത്തിലേക്കുനോക്കി.
അനിയത്തിയുടെ നാമഹേതുകവിശുദ്ധനാണ് യൗസേപ്പിതാവ് എന്നതുകൊണ്ട് അവളെ യൗസേപ്പിതാവിന്റെ മകളെന്നാണ് വിളിക്കുന്നത്. അതിനാല്‍ത്തന്നെ ഇങ്ങനെയായിരുന്നു എന്റെ പ്രാര്‍ത്ഥന, ”എന്റെ യൗസേപ്പിതാവേ അങ്ങ് രണ്ടു വര്‍ഷം മുന്‍പ് വിവാഹം കഴിപ്പിച്ചു വിട്ട അങ്ങയുടെ മോള്‍ക്ക് വിശേഷം ഒന്നും ആയില്ലെന്ന് പരാതി കിട്ടിയിട്ടുണ്ട്. അത് ഇവിടെ സമര്‍പ്പിക്കാന്‍ വന്നതാണ്.” പാവം യൗസേപ്പിതാവ്! ദയനീയമായി എന്നെ നോക്കുകയാണ്.
”ഇന്ന് ഏപ്രില്‍ 30. അടുത്ത ഏപ്രില്‍ ആകുമ്പോള്‍ നീ ഒരു കുഞ്ഞിനെ കൊടുത്തേക്കണേ.” മനസ്സമാധാനത്തോടെ ഞാന്‍ പള്ളിയില്‍ നിന്നിറങ്ങി. എന്തായാലും അനിയത്തിയുടെ പരാതി ഹൈകമാന്‍ഡിന് കൊടുത്തു എന്ന് സന്തോഷപൂര്‍വ്വം അവളെ അറിയിച്ചു. ഒരു ഗൈനക്കോളജി ഡോക്ടറെ കണ്ട് പരിശോധനകള്‍ നടത്താനും പറഞ്ഞു. അതെല്ലാം അങ്ങനെ കൃത്യമായി മുന്നോട്ടു പോയി.
മാസങ്ങള്‍ കടന്നുപോയി. ഇനി ഒരു മാസംമാത്രമേ അവശേഷിക്കുന്നുള്ളൂ. ഹൈകമാന്‍ഡില്‍ പരാതി ചെന്നിട്ടുള്ളതുകൊണ്ട് കഴിഞ്ഞുപോയ പതിനൊന്നു മാസവും ഞാന്‍ കൂള്‍ ആയി നടന്നു. പക്ഷേ ഇനി മുപ്പത് ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. മുറിയിലെ വിശുദ്ധ യൗസേപ്പിതാവിന്റെ രൂപത്തിന് മുന്നില്‍ ഇടയ്ക്കിടെ ചെന്ന് എത്തി നോക്കും. എന്നെ നാണം കെടുത്തരുത് എന്ന് പറയാന്‍. ലോകത്തിലെ ഏറ്റവും ചര്‍ച്ചാവിഷയമായ ഗര്‍ഭാവസ്ഥ പുഷ്പം പോലെ കൈകാര്യം ചെയ്ത വ്യക്തിയല്ലേ. ആ ഒരു ധൈര്യം മനസ്സില്‍ ഉണ്ടായിരുന്നു…
ആ സമയത്ത് യൗസേപ്പിതാവ് തന്നതുപോലെ, ഒരു ചിന്ത മനസിലെത്തി, ”അവള് അന്ന് പറഞ്ഞത് കളിയായിട്ടാണെങ്കിലും വചനം അവളുടെ ജീവിതത്തില്‍ മാംസം ധരിക്കുന്നതിനായി പ്രാര്‍ത്ഥിക്കണം.” പിന്നെ രണ്ടാമതൊന്നു ചിന്തിച്ചില്ല. വാട്സാപ്പില്‍ മെസ്സേജ് അയച്ചു കൊടുത്തു, ചില ദൈവവചനങ്ങള്‍. എല്ലാ ദിവസവും മുടങ്ങാതെ ചൊല്ലി പ്രാര്‍ത്ഥിച്ചോളാന്‍ പറഞ്ഞു. അവള് സമ്മതിച്ചു. ചൊല്ലാന്‍ ജപമാല ഉപയോഗിക്കാമെന്നു കൂടി സൂചിപ്പിച്ചു. അങ്ങനെ അവള് ആ വചനക്കൊന്ത ചൊല്ലാന്‍ തുടങ്ങി.
ഏപ്രില്‍ ഒന്നിനാണ് വചനക്കൊന്ത ആരംഭിച്ചത്. ഇടയ്ക്കിടെ പുള്ളിക്കാരി എന്നെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. അപ്പോഴൊക്കെ ഞാന്‍ സമാധാനിപ്പിച്ചു, ”ഏപ്രില്‍ 30 വരെ സമയം ഉണ്ട്.” ഒടുവില്‍ ക്ലൈമാക്സ് അടുക്കലെത്തി, ഏപ്രില്‍ ഇരുപത്തി ഒമ്പത്. എന്റെ ഹൃദയസ്പന്ദനങ്ങള്‍ അല്പം താളം തെറ്റിത്തുടങ്ങിയോ എന്നൊരു സംശയം…
ഞാനും വിളിച്ചു കരഞ്ഞു, എന്റെ ചങ്ക് നസ്രായന്റെ നിലവിളി, ”എന്റെ ദൈവമേ എന്റെ ദൈവമേ എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു?” രാത്രിയായി…. അനിയത്തിയുടെ ഫോണ്‍കാള്‍ ഭയന്ന് ഞാന്‍ ഉറങ്ങാതെ കിടക്കുകയാണ്… ഒടുവില്‍ ഭയന്നത് തന്നെ സംഭവിച്ചു. മൊബൈല്‍ ഫോണ്‍ റിങ് ചെയ്യുന്നു. എവിടെനിന്നോ ധൈര്യം സംഭരിച്ചു കാള്‍ എടുത്തു.
”ചേച്ചീ, ഒരു വിശേഷം ഉണ്ട്. പ്രെഗ്നന്‍സി കിറ്റ് ഉപയോഗിച്ച് നോക്കിയപ്പോള്‍ പോസിറ്റീവ് ആണ്!!”
എന്റെ ശരീരം ഭൂമിയില്‍ ഉണ്ടോ എന്ന് ഞാന്‍ തൊട്ടു നോക്കി. എന്തായാലും സ്വര്‍ഗത്തിലും ഭൂമിയിലും എല്ലാം ഒരുപോലെ സന്തോഷം. ഫോണ്‍ കാള്‍ അവസാനിപ്പിച്ചു ഈശോയുടെ അടുത്ത് അല്പനേരം ചെന്നിരുന്നു. ഈശോയെ കെട്ടിപ്പിടിച്ചു തുരുതുരെ ചുംബിച്ചു. തിരുവചനത്തിലൂടെ ഈശോ തന്റെ സന്തോഷം പങ്കു വെച്ചു, ”മഴയും മഞ്ഞും ആകാശത്തുനിന്നും വരുന്നു; അങ്ങോട്ടു മടങ്ങാതെ ഭൂമിയെ നനയ്ക്കുന്നു. അത് സസ്യങ്ങള്‍ മുളപ്പിച്ച് ഫലം നല്കി, വിതയ്ക്കാന്‍ വിത്തും ഭക്ഷിക്കാന്‍ ആഹാരവും ലഭ്യമാക്കുന്നു. എന്റെ അധരങ്ങളില്‍നിന്നു പുറപ്പെടുന്ന വാക്കും അങ്ങനെതന്നെ. ഫലരഹിതമായി അതു തിരിച്ചുവരില്ല; എന്റെ ഉദ്ദേശ്യം അത് നിറവേറ്റും; ഞാന്‍ ഏല്‍പ്പിക്കുന്ന കാര്യം വിജയപ്രദമായി ചെയ്യും” (ഏശയ്യാ 55/10-11).
കുഞ്ഞിനെ നല്കിയ വചനക്കൊന്ത
”ദൈവത്തിന്റെ വചനം സജീവവും ഊര്‍ജസ്വലവുമാണ്; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്” (ഹെബ്രായര്‍ 4/12)- ഒരു പ്രാവശ്യം
”കര്‍ത്താവിന്റെ ദാനമാണ് മക്കള്‍, ഉദരഫലം ഒരു സമ്മാനവും”
(സങ്കീര്‍ത്തനങ്ങള്‍ 127/3)- പത്ത് പ്രാവശ്യം.
ദൈവത്തിന്റെ വചനം സജീവവും… ഒരു പ്രാവശ്യം.
”കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ പ്രസവത്തോളം എത്തിച്ചിട്ട്, പ്രസവം ഉണ്ടാവാതിരിക്കുമോ? ജന്മം നല്കുന്ന ഞാന്‍
ഗര്‍ഭപാത്രം അടച്ചുകളയുമോ?” (ഏശയ്യാ 66/9)- പത്ത് പ്രാവശ്യം.
ദൈവത്തിന്റെ വചനം സജീവവും… ഒരു പ്രാവശ്യം.
”നീ ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. എന്റെ ദാസനായ അബ്രാഹത്തെപ്രതി ഞാന്‍ നിന്നെ അനുഗ്രഹിക്കും;
നിന്റെ സന്തതികളെ വര്‍ധിപ്പിക്കുകയും ചെയ്യും”
(ഉല്പത്തി 26/24)- പത്ത് പ്രാവശ്യം.
ദൈവത്തിന്റെ വചനം സജീവവും… ഒരു പ്രാവശ്യം.
”അവിടുന്നു വന്ധ്യയ്ക്ക് വസതി കൊടുക്കുന്നു; മക്കളെ നല്കി അവളെ സന്തുഷ്ടയാക്കുന്നു; കര്‍ത്താവിനെ സ്തുതിക്കുവിന്‍” (സങ്കീര്‍ത്തനങ്ങള്‍ 113/9)- പത്ത് പ്രാവശ്യം.
ദൈവത്തിന്റെ വചനം സജീവവും… ഒരു പ്രാവശ്യം.
ന്മ”ദൈവം റാഹേലിനെ സ്മരിച്ചു. അവിടുന്ന് അവളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയും അവളുടെ വന്ധ്യത്വം അവസാനിപ്പിക്കുകയും
ചെയ്തു” (ഉല്പത്തി 30/22)- പത്ത് പ്രാവശ്യം.
ആന്‍ മരിയ ക്രിസ്റ്റീന