സുരക്ഷാപരിശോധനയുടെ നീണ്ട ക്യൂവും കടന്ന് അകത്തേക്കെത്താന്‍ സമയം കുറച്ചേറെ എടുത്തു. പതിവിലേറെ സന്ദര്‍ശകരുണ്ടായിരുന്നു അന്ന്….
മരിയ മജ്ജോരെ ബസിലിക്കാ. ലോകത്തിലെ നാല് പ്രധാനപ്പെട്ട ദൈവാലയങ്ങളിലൊന്നാണ്. അകത്തേക്ക് കടന്നപ്പോഴാണ് തിരിച്ചറിഞ്ഞത്, മിക്കവാറും സന്ദര്‍ശകര്‍ വെറും സന്ദര്‍ശകര്‍ മാത്രമായിരുന്നെന്ന്. ആനവാതില്‍ കടന്ന് അകത്തേക്ക് കയറിയ മിക്കവരുടെയും കൈ നീണ്ടത് കുരിശുവരയ്ക്കാനായിരുന്നില്ല; പോക്കറ്റിലെ മൊബൈലിലേക്കായിരുന്നു, സെല്‍ഫി പെരുന്നാളിന്റെ മുന്നൊരുക്കം. കൊട്ടാരങ്ങളെപ്പോലും അതിശയിപ്പിക്കുന്ന കൊത്തുപണികളും ചുമര്ചിത്രങ്ങളുമൊക്കെ സെല്‍ഫികളെ ജനിപ്പിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
വലതുഭാഗത്തായി പ്രത്യേകം വേര്‍തിരിച്ച ഒരു ചെറിയ ഇടം. കുറച്ചുപേര്‍ക്ക് മാത്രമായി ബലിയര്‍പ്പിക്കാന്‍ മാറ്റിവയ്ക്കപ്പെട്ട സ്ഥലമാണ്. ചെന്നിരുന്നു, ആ ബഞ്ചുകളിലൊന്നില്‍… കുറച്ചു കഴിഞ്ഞപ്പോള്‍ തോളില്‍ ഒരു കൈ. തിരിഞ്ഞു നോക്കി, പരിചയമൊന്നുമില്ല.
പോളണ്ടുകാരനാണെന്നു സ്വയം പരിചയപ്പെടുത്തിയ ആ യുവാവ് ആദ്യം ആവശ്യപ്പെട്ടത് കുറച്ചുനേരം അടുത്തിരുന്നോട്ടെ എന്നാണ്. ചോദിക്കാനുള്ള കാരണവും പറഞ്ഞു എന്തോ ഒരു ശാന്തത തോന്നിക്കുന്നുവെന്ന്.
ഇറ്റലിയില്‍ താമസിക്കാനുള്ള പെര്‍മിറ്റ് വാങ്ങാന്‍ ചെന്ന എന്നെ അത് തരാതെ പലവട്ടം ആ ഓഫിസര്‍ ഓടിപ്പിച്ചതിലുള്ള വിഷമവും ഇറ്റാലിയന്‍ പഠിച്ചിട്ട് തലയില്‍ കയറാത്തതിന്റെ മടുപ്പും കൊണ്ട് ഇരിക്കുന്ന എന്റെ മുഖത്ത് നോക്കിയിട്ടാണ് പുള്ളിക്കാരന് പറയുന്നത് എന്റെ മുഖത്ത് വല്ലാത്ത ശാന്തത തോന്നിക്കുന്നു എന്ന്…. എന്തായാലും ചിരിച്ചു കൊണ്ട് പറഞ്ഞു അടുത്തിരുന്നോളാന്. കേള്‍ക്കാന്‍ ആരെങ്കിലുമൊക്കെ ഉണ്ടാവുക വലിയ കാര്യമാണെന്ന് തോന്നുന്നു… തിരക്കുകളുടെ പുതിയ കാലത്തില്‍ വല്ലാതെ നഷ്ടപ്പെട്ടു പോവുന്ന ഒന്ന്..
പറഞ്ഞു തുടങ്ങി ആ ചെറുപ്പക്കാരന്…. മനംമടുത്ത് കുറച്ചു ദിവസം മുന്‍പ് നാട്ടില്‍ നിന്നും പോന്നതാണ്. അപ്പനുമായി വഴക്കുണ്ടായി. രണ്ടാഴ്ച മുന്‍പ് അപ്പനും അമ്മയും നിയമപരമായി വേര്‍പിരിഞ്ഞു. മൂന്ന് സഹോദരിമാരുണ്ടെന്നു വേണമെങ്കില്‍ പറയാം. കാരണം ഒരുവള്‍ അപ്പന്റെ ആദ്യ ബന്ധത്തിലെയും രണ്ടാമത്തവള്‍ ഇപ്പോഴത്തെ ബന്ധത്തിലെയുമാണ്. ബാക്കിയുള്ള ഒരാള്‍ അമ്മ ഇപ്പോള്‍ ദത്തെടുത്തതാണ്. മാതാപിതാക്കളുടെ വഴക്കുകള്‍ കണ്ട് മടുത്ത് ഒറ്റക്ക് ഒരു വീടെടുത്തിട്ടാണ് കുറച്ചേറെ നാളുകളായി താമസം…
ജോലി ചോദിച്ചതിന്റെ മറുപടിയാണ് അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിച്ചത്. പോളണ്ടിലെ പ്രശസ്ത സിനിമാതാരമാണ്. എല്ലാവരും അയാളെ അസൂയയോടെ നോക്കുമ്പോള്‍ അയാള്‍ക്കാവട്ടെ ഒറ്റ ആഗ്രഹമേയുള്ളൂ സ്വസ്ഥമായ ഒരിടം. കേള്‍ക്കാന്‍ ഒരാള്‍. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും ഒരു വിഷമം പങ്കുവയ്ക്കാന്‍; ‘കുഴപ്പമില്ലാട്ടോ, എല്ലാം ശരിയാവും’ എന്ന് പറയാന്‍ ഒരു ചങ്ക് സുഹൃത്ത് ഇല്ലാത്തതിന്റെ വിഷമം.
‘ഷട്ടര്‍’ എന്ന മലയാളചിത്രം ഓര്‍മ്മപ്പെടുത്തിയത് ആ ചോദ്യമാണ്. പ്രശ്നത്തില്‍ പെടുന്നൊരു കഥാപാത്രം. ഏതെങ്കിലും സുഹൃത്തിനെ വിളിക്കാന്‍ പോലീസുകാരന് അയാളോട് ആവശ്യപ്പെടുന്നുണ്ട്. ഏറെ ചിന്തകള്‍ക്കൊടുവില്‍ ചങ്കുതകര്ന്നുകൊണ്ട് അയാള്‍ പറഞ്ഞു, ”എനിക്കങ്ങനെ പ്രശ്നങ്ങളില്‍ സഹായിക്കാന്‍ പറ്റിയ സുഹൃത്തുക്കളൊന്നുമില്ല.”
വല്ലാതെ നൊമ്പരപ്പെടുത്തുന്ന യാഥാര്‍ത്ഥ്യമാണത്. ഒപ്പം നമ്മളോടുള്ള ഒരു ചോദ്യവും. ഒരു പ്രശ്നം വന്നാല്‍ ഞാന്‍ ആരെയാണ് ആദ്യം വിളിക്കുക. അങ്ങനെ വിളിക്കാന്‍ പറ്റിയ ആരെങ്കിലുമൊക്കെ എനിക്കുണ്ടോ?
പരിചയമുള്ളൊരു കൗമാരക്കാരന്റെ മരിച്ചടക്ക് ഓര്‍മ്മയിലുണ്ട്. ”ഞാനാ ഫോണൊന്നെടുത്തിരുന്നെങ്കില്…” എന്ന് പറഞ്ഞ് ഒരു കൂട്ടുകാരന് ആ മൃതദേഹത്തിന്റെ അരികില്‍ അലറി നിലവിളിക്കുന്നുണ്ട്. മരണം ആ കൗമാരക്കാരനെ തേടിയെത്തിയതായിരുന്നില്ല. മരണത്തിലേക്ക് അവന് സ്വയം നടന്നുപോയതാണ്. പോകുംമുന്‍പ് അവന് ഈ കൂട്ടുകാരനെ വിളിച്ചിരുന്നു. പക്ഷേ ഉറക്കത്തിന്റെ ആലസ്യത്തില്‍ പിന്നെ വിളിക്കാന്‍ പറഞ്ഞു കൂട്ടുകാരന് ആ ഫോണ്‍ കട്ടു ചെയ്തു. ആകെയുള്ള കൂട്ടുകാരനും ഫോണെടുക്കാതെയായതോടെ അവന് മരണത്തിലേക്ക് സ്വയം ചെന്നുകയറുകയായിരുന്നു. ഒരുപക്ഷേ ആ ഫോണെടുത്തിരുന്നെങ്കില്‍, അവനെ ഒന്ന് കേള്‍ക്കാന്‍ തയ്യാറായിരുന്നെങ്കില്‍,”കുഴപ്പമില്ലെടാ, ശരിയാവുമെടാ’ എന്നൊരു വാക്ക് അവനോട് പറഞ്ഞിരുന്നുവെങ്കില്‍, അവനിപ്പോഴും ഉണ്ടായേനേ ഈ ഭൂമിക്ക് മീതെ…
പെട്ടെന്ന് കയ്യിലിരുന്ന ഫോണ്‍ മണിയടിച്ചപ്പോഴാണ് ഞാന്‍ സമയം നോക്കിയത്. സംസാരിച്ചു തുടങ്ങിയിട്ട് ഒരു മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു. ഭക്ഷണം കഴിക്കാന്‍ കൂടെയുള്ളവര്‍ വിളിക്കുന്നതാണ്. യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ ചേര്‍ത്തുപിടിച്ചുകൊണ്ട് അത്ര നേരം പറഞ്ഞത് വീണ്ടും അവനോട് ആവര്‍ത്തിച്ചു, ”വിഷമങ്ങളെല്ലാം മാറൂട്ടോ…” ആകുലപ്പെട്ടിരുന്ന അവന്റെ മുഖത്തിപ്പോള്‍ പുഞ്ചിരി വിടരുന്നുണ്ട്.
അല്ലെങ്കിലും കേട്ടിരിക്കാന്‍ ഒരാള്‍ ഉണ്ടായാല്‍ തീരാവുന്നതേയുള്ളൂ നമ്മുടെ പല വിഷമങ്ങളും… സംഭവിച്ചതിനെപ്പറ്റിയൊന്നും കുറ്റപ്പെടുത്താതെ കേള്‍ക്കാന്‍ തയ്യാറുള്ള ഒരാളുണ്ടാവണം.
ഞാന്‍ പതുക്കെ ബസിലിക്കയുടെ പുറത്തേക്ക് നടന്നു. തിരിഞ്ഞു നോക്കിയപ്പോള്‍ ആ ചെറുപ്പക്കാരന് നടക്കുകയാണ്. ‘ഞാനൊരു വിശ്വാസിയല്ല’ എന്ന് സംസാരത്തിനിടെ പലവട്ടം ആവര്‍ത്തിച്ച അതേ ചെറുപ്പക്കാരന്, ദൈവാലയത്തിനടിയിലെ ആ ചെറിയ പ്രാര്‍ത്ഥനാമുറിയിലേക്ക്…. അല്ലെങ്കിലും ആ നസ്രായനെക്കാള് വലിയ സുഹൃത്തില്ലല്ലോ.
ചങ്കുകള്‍ക്ക് ചങ്കു പറിച്ചുകൊടുക്കണമെന്ന സ്റ്റാറ്റസുകള്‍ ജനിക്കുന്നതിനുമുമ്പേ സ്നേഹിതന് വേണ്ടി ജീവന് അര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ലെന്ന് പറഞ്ഞ ഗുരു. എത്രത്തോളം സ്നേഹമുണ്ടെന്ന ചോദ്യത്തിന് ഇത്രത്തോളം എന്ന് പറഞ്ഞു അവന് കൈനീട്ടുമ്പോള്‍ ആ നീട്ടിയ കൈകള്‍ക്ക് പിറകില്‍ കുരിശിന്റെ നിഴലുണ്ടായിരുന്നു..
കൂട്ട് കൂടി നശിച്ചു പോയ ജീവിതങ്ങളെപ്പറ്റിയാണ് നാമെന്നും സംസാരിച്ചിരുന്നത്, കൂട്ടില്ലാതെ വീണുപോയവരെക്കുറിച്ച് ഇനിയെന്നാണ് നാം ചിന്തിച്ചു തുടങ്ങുന്നത്? നസ്രായന് ഓര്‍മ്മിപ്പിക്കുന്നു, ”ഞാന്‍ നിങ്ങളെ സ്നേഹിതന്മാരെന്ന് വിളിച്ചു” (യോഹന്നാന് 15/15). അതെ, അതുതന്നെയാണ് അവന് പറയാനുള്ളത്, ‘നീ എന്റെ ചങ്കാണെന്നേ…’