നമ്മുടെ മിക്ക വീടുകളുടെയും വാതിലില്‍ ഇതുണ്ടാവും, പീപ്പ് ഹോള്‍. ഒരു ചെറിയ ഫിഷ് ലെന്‍സ് പിടിപ്പിച്ച ദ്വാരം. ആര് വന്ന് കതകില്‍ മുട്ടിയാലും ബെല്‍ അടിച്ചാലും പെട്ടെന്ന് തുറക്കേണ്ടതില്ല. പീപ്പ് ഹോളിലൂടെ നോക്കി ആരാണെന്ന് ഉറപ്പ് വരുത്തിയിട്ട്, സുരക്ഷിതമാണെന്ന് കണ്ടാല്‍ മാത്രം തുറന്നാല്‍ മതി.
വീടിന്റെ സുരക്ഷക്കുവേണ്ടി നാം ക്രമീകരിക്കുന്ന ഈ സെറ്റപ്പ്, എന്റെ ശരീരമാകുന്ന ഭവനത്തിലും ക്രമീകരിക്കേണ്ടതുണ്ട്. പറയാനാഗ്രഹിക്കുന്നത് വേറൊന്നല്ല, കണ്ണാണ് ശരീരത്തിന്റെ പ്രധാന വാതില്‍. നമുക്ക് ചുറ്റുമുള്ള കാര്യങ്ങള്‍ നമ്മുടെ ഉള്ളിലേക്ക് പ്രവേശിക്കുന്നത് കണ്ണുകളിലൂടെയാണ്. ഈശോ ഓര്‍മ്മിപ്പിക്കും: ”കണ്ണാണ് ശരീരത്തിന്റെ വിളക്ക്. കണ്ണ് കുറ്റമറ്റതെങ്കില്‍ ശരീരം മുഴുവന്‍ പ്രകാശിക്കും. കണ്ണ് ദുഷിച്ചതെങ്കിലോ ശരീരം മുഴുവനും ഇരുണ്ടുപോകും. അതുകൊണ്ട്, നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിക്കാന്‍ സൂക്ഷിച്ചു കൊള്ളുക” (ലൂക്കാ 11/34,35)
കണ്ണുകളോട് ചേര്‍ന്ന് പീപ്പ് ഹോള്‍ ഘടിപ്പിക്കുന്നവരാകാം. കാണുന്ന കാര്യങ്ങള്‍ ‘സ്ക്രൂട്ടിനി’ ചെയ്യാതെ അഥവാ നല്ലവണ്ണം പരിശോധിക്കാതെ ഉള്ളിലേക്ക് കടത്താതിരിക്കാന്‍ കൃപ ചോദിക്കാം.
എന്റെ കണ്ണുകളുടെ രൃമ്ശിഴ തിരിച്ചറിയാന്‍ പറ്റണം. ന്യൂസ്ഫീഡ് സ്ക്രോള്‍ ചെയ്യുമ്പോഴും സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോഴും ആളുകളുമായി ഇടപെടുമ്പോഴും കണ്ണ് പിടയ്ക്കുന്നത് തിരിച്ചറിയാന്‍ കഴിയണം. തിരിച്ചറിയുമ്പോള്‍ത്തന്നെ കണ്ണുകളില്‍ കുരിശ് വരച്ച്, ഇത് ഈശോയുടെ കണ്ണുകളാണെന്ന് ഏറ്റ് പറഞ്ഞാല്‍ രക്ഷപെടും.
ദുര്‍മോഹത്തിന്റെ തുടക്കത്തിലേതന്നെ കടിഞ്ഞാണിടുക പ്രധാനമാണ്. ഇല്ലെങ്കില്‍ ദുര്‍മോഹം അടയിരുന്ന് ഗര്‍ഭം ധരിച്ച് പാപത്തെ പ്രസവിക്കും, പാപം മരണത്തെയും.
എന്റെ കണ്ണുകളെയും ശരീരത്തെയും കൂടുതല്‍ അടുത്തറിയാന്‍ ആത്മപരിശോധന നടത്താം.
ആന്തരിക വിശുദ്ധി നിലനിര്‍ത്തി കൊണ്ടുപോകണമെങ്കില്‍ കണ്ണിന്റെ അഭിലാഷങ്ങളെ നാം കടിഞ്ഞാണിട്ട് പരിശീലിപ്പിക്കണം. എപ്പോഴൊക്കെ വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നോ, അപ്പോഴൊക്കെ കണ്ണുകളെ സമര്‍പ്പിക്കാന്‍ മറക്കാതിരിക്കാം. കണ്ണിന്റെയും ശരീരത്തിന്റെയും വിശപ്പ് മാറിക്കിട്ടാന്‍ ക്രൂശിതനിലേക്ക് നോക്കിയാല്‍ മതി, വിശുദ്ധ കുര്‍ബാനയിലേക്ക് നോക്കിയാല്‍ മതി.
ശരീരത്തിന്റെ ദുര്‍വാസനകളെ തിരിച്ചറിഞ്ഞ് വേരോടെ പിഴുതെറിയാനും വിശുദ്ധിയില്‍ മുന്നേറാനും നമുക്കാകട്ടെ.
ഫാ. ജോസഫ് അലക്സ്