എനിക്കന്ന് 50 വയസിനുമേല്‍ പ്രായമുണ്ട്. വര്‍ഷങ്ങളോളം പ്രശസ്ത കമ്പനികളില്‍ ജോലി ചെയ്തു. പക്ഷേ പണം ഗവേഷണാവശ്യങ്ങള്‍ക്കായി ചെലവാക്കിയതിനാല്‍ കാര്യമായ സമ്പാദ്യമൊന്നും ബാക്കിയുണ്ടായിരുന്നില്ല. അപ്പോഴാണ് നല്ലൊരു ജോലി വേണമെന്ന് തോന്നിയത്. അങ്ങനെയിരിക്കേ ഒരു ദിവസം അപ്രതീക്ഷിതമായി പത്രത്തില്‍ ഒരു പരസ്യം കണ്ടു. പാക്കേജിങ്ങ് രംഗത്ത് പരിചയമുള്ള ഒരു സീനിയര്‍ മെക്കാനിക്കല്‍ എഞ്ചിനീയറെ ഉഗാണ്ടയില്‍ ഒരു വലിയ കമ്പനിയില്‍ ജനറല്‍ മാനേജരായി നിയമിക്കാന്വേണ്ടിയാണ്.
ആകര്‍ഷകമായ ശമ്പളം. ഒരു ഫാക്ടറി പുനര്‍നിര്‍മിക്കാനാണ്. ഞാന്‍ ഉഗാണ്ടയെപ്പറ്റിയും അവിടുത്തെ സ്വേച്ഛാധിപതിയായ ഈദി അമിനിനെപ്പറ്റിയും കേട്ടിട്ടുണ്ട്. അത്ര അറിവൊക്കെയേയുള്ളൂ. പത്രത്തില്‍ പറഞ്ഞപോലെ ഒരു അപേക്ഷ അയച്ചു. നാലാഴ്ചയ്ക്കുള്ളില്‍ അപ്പോയിന്റ്മെന്റ് ഓര്‍ഡറും വിസയും തപാലില്‍ വന്നു. ഞാന്‍ താമസിയാതെ ബോംബെയില്നിന്നും കെനിയവഴി ഉഗാണ്ടയിലേക്ക് പറന്നു. ഉഗാണ്ടയില്‍, എയര്‍പോര്‍ട്ടില്‍നിന്നും പുറത്തേക്ക് വന്ന ഉടന്‍ കമ്പനിയുടെ സെക്രട്ടറിയായ തമിഴ്നാട് സ്വദേശി, എന്നെ സ്വീകരിച്ച് കൊണ്ടുപോയി.
പിറ്റേന്ന് രാവിലെ എട്ടുമണിക്ക് ഞാന്‍ ഓഫീസില്‍ എത്തി. കമ്പനിയുടെ എം.ഡി ആയ മിസിസ് മധുവാണിയെ കണ്ടു. തുടര്‍ന്ന് എന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. എല്ലാം നല്ല രീതിയില്‍ മുന്നോട്ടുപോയി.
വളരെക്കാലമായി ഈ കമ്പനി പ്രവര്‍ത്തിക്കുന്നില്ലായിരുന്നു. ജോലിക്കാര്‍ക്ക് വരുമാനം ഒന്നുംതന്നെ ഇല്ലായിരുന്നു. അവരുടെ ഭക്ഷണം കാട്ടിലെ പഴങ്ങള്‍ മാത്രം. ഭാഗ്യവശാല്‍ ഉഗാണ്ടയുടെ മണ്ണ് നല്ല ഫലപുഷ്ടിയുള്ളതാണ്. എന്റെ ഓഫീസ് സെക്രട്ടറിയായ കറുത്ത വംശജയുടെ ഭര്‍ത്താവും മൂന്ന് മക്കളുമടങ്ങുന്ന കുടുംബത്തിന് ആകെ ലഭിക്കുന്നത് ഈ കമ്പനിയില്‍നിന്നും ഫ്രീയായി ലഭിക്കുന്ന ഭക്ഷണമാണെന്ന് കേട്ടത് എന്നെ അല്പം വേദനിപ്പിച്ചു. കമ്പനിയില്‍നിന്ന് വീട്ടിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കപ്പെട്ട അധികഭക്ഷണമാണ് അവര്‍ക്ക് ലഭിച്ചിരുന്നത്.
എന്റെ താമസം ഒരുവിധം സുഖകരമായിരുന്നു. എന്നാല്‍ വാര്‍ത്താവിനിമയസംവിധാനങ്ങള്‍ കാര്യമായി ഉണ്ടായിരുന്നില്ല. ഒരു വലിയ വീട്ടില്‍ തനിയെ താമസിക്കുന്ന ഭാര്യയെയും വയസായ അമ്മയെയുംപറ്റിയുള്ള ഓര്‍മകള്‍ പലപ്പോഴും രാത്രിയില്‍ ഉറക്കം നഷ്ടപ്പെടുത്തി. ഞായറാഴ്ചകളില്‍ ടെലിഫോണ്‍ എക്സേഞ്ചില്‍ പോയി, വീട്ടിലേക്ക് ഫോണ്‍ ചെയ്യും. ഒന്നോ രണ്ടോ മിനിറ്റിന് സംസാരിക്കാം. എഴുത്തുകള്‍ നാട്ടില്‍ എത്തണമെങ്കില്‍ മൂന്നോ നാലോ മാസം വേണം.
ശമ്പളമില്ലാത്ത ജോലി
ഒരു ദിവസം ഞങ്ങള്‍ കമ്പനിവാഹനത്തില് ഒരു പിക്നിക്കിനു പോയി. തിരിച്ചു വരുമ്പോള്‍ ഒരു കൂട്ടം പട്ടാളക്കാര്‍ ഞങ്ങളുടെ വാഹനം തടഞ്ഞു. അവര്‍ രാജ്യത്തിന്റെ ഭരണം പിടിച്ചെടുത്തിരുന്നു. ഞങ്ങളുടെ കൈയിലുണ്ടായിരുന്ന പണമെല്ലാം ബലമായി അവര്‍ പിടിച്ചു വാങ്ങി. പട്ടാളം ഭരണം പിടിച്ചെടുക്കുക അവിടെ പുതുമയല്ല. യാത്ര തുടര്‍ന്നു. പത്തുമിനിട്ട് കഴിഞ്ഞപ്പോള്‍ മറ്റൊരു കൂട്ടം പട്ടാളക്കാര്‍ വീണ്ടും ആക്രമിച്ചു. എനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. എന്തായാലും അടുത്ത ആക്രമണത്തിനുമുമ്പ് ഞങ്ങള്‍ തിരികെയെത്തി.
എന്റെ ജോലി ശരിയായ രീതിയില്‍ മുന്നോട്ടു പോയിരുന്നു. എന്നാല്‍ ആറാംമാസം ശമ്പളം അടച്ചുകണ്ടില്ല. സെക്രട്ടറിയോട് അന്വേഷിച്ചപ്പോള്‍ പത്തുദിവസത്തെ താമസമേ ഉള്ളൂ, യു.എസ് ഡോളര്‍ ഇല്ലാത്തതുകൊണ്ടുമാത്രമാണ് എന്ന് പറഞ്ഞു. എന്നാല്‍ ഏഴാം മാസം കഴിഞ്ഞിട്ടും ശമ്പളം കിട്ടിയില്ല. നിവൃത്തിയില്ലാതെ കെനിയായില്‍ താമസിക്കുന്ന എന്റെ ബന്ധുവായ ഡോ. ജോയിയുമായി ഞാന്‍ ബന്ധപ്പെട്ടു. ”ഇത് ഉഗാണ്ടയില്‍ സാധാരണമാണ്. ഇങ്ങനെ ഡോളറിന് ബുദ്ധിമുട്ട് വന്നാല്‍ ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടി വരും.
” ഇതായിരുന്നു ഡോ. ജോയിയുടെ മറുപടി. കെനിയയിലേക്ക് വന്നാല്‍ കൂടുതല്‍ ജോലിസാധ്യതയുണ്ട് എന്ന് പറഞ്ഞ് അദ്ദേഹം എന്നെ അങ്ങോട്ട് വിളിച്ചു. എന്നാല്‍ രണ്ടു വര്‍ഷത്തെ ബോണ്ടുള്ള ഞാന്‍ കമ്പനി അറിയാതെ സ്ഥലം വിട്ടാല്‍ അവര്‍ ഗവണ്മെന്റിനെ അറിയിക്കും. പട്ടാളം എത്തിയാല്‍ പിന്നെ ജീവന് നഷ്ടപ്പെടും. ആ രാത്രി മുഴുവന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ദൈവം എന്നെ കാത്തുകൊള്ളും. അതായിരുന്നു എന്റെ വിശ്വാസം. പുലര്‍ച്ചെയായപ്പോള്‍ ഞാന്‍ പോകാന്‍തന്നെ തീരുമാനിച്ചു.
നിയമത്തിനും ചതിക്കുമിടയില്
മണി നാല് അടിച്ചു. ഞാന്‍ അവിടെനിന്നും ബാഗുമായി പുറത്തേക്ക് ഇറങ്ങി. സെക്യൂരിറ്റിക്കാരന് ഉറക്കത്തിലായിരുന്നു. പട്ടികള്‍ ചാടി വീണെങ്കിലും അവയ്ക്ക് എന്നെ പരിചയമായിരുന്നതിനാല്‍ ഉപദ്രവിച്ചില്ല. ഇരുപതു മിനിറ്റിനുള്ളില്‍ ടാക്സി സ്റ്റാന്‍ഡിലെത്തി. ഒരു ടാക്സിയില്‍ കെനിയന്‍ അതിര്‍ത്തിയിലുള്ള ‘ഭൂസിയാ’ എന്ന ഗ്രാമത്തിലേക്കു തിരിച്ചു. യാത്രയില്‍ ഉടനീളം ഞാന്‍ പുറകോട്ട് നോക്കിയിരുന്നു. പെട്ടെന്ന് പട്ടാളക്കാരുടെ ഒരു വണ്ടി ഞങ്ങളുടെ കാറിനെ പിന്തുടരുന്നതായി കണ്ടു. ഞാന്‍ നെഞ്ചില്‍ കൈ വച്ച് മാതാവിനെ വിളിച്ചു. രക്ഷപ്പെടാന്‍ അസാധ്യമാണെന്നു തോന്നി. പക്ഷേ ഒന്നും സംഭവിച്ചില്ല. പട്ടാളവണ്ടി ഞങ്ങളെ കടന്ന് വേറെ വഴിക്കുപോയി.
ഉദ്ദേശം 45 മിനിറ്റ് കഴിഞ്ഞപ്പോള്‍ ചെക്ക്പോസ്റ്റില്‍ എത്തി. സ്വര്‍ഗത്തിന്റെ വാതില്ക്കല് നില്‍ക്കുന്നപോലെ എനിക്ക് തോന്നി. പാസ്പോര്‍ട്ടും മറ്റു രേഖകളും ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥനെ കാണിച്ചപ്പോഴാണ് അപ്രതീക്ഷിതമായ മറ്റൊരു ഷോക്ക്. തലേദിവസം ഒരു പുതിയ നിയമം വന്നിരിക്കുന്നു. വിദേശികള്‍ക്ക് ഉഗാണ്ടയില്‍നിന്നും പുറത്തുപോകണമെങ്കില്‍ നൂറ് യുഎസ് ഡോളര്‍ ഫീസായി കൊടുക്കണം. എന്റെ കൈയില്‍ ഒറ്റ ഡോളര്‍ പോലുമില്ല. ചെക്ക്പോസ്റ്റ് ഉദ്യോഗസ്ഥനോട് ഞാന്‍ കരഞ്ഞപേക്ഷിച്ചു, ഷില്ലിംഗ് വേണമെങ്കില്‍ കൊടുക്കാമെന്ന് പറഞ്ഞു.
പക്ഷേ അയാള്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറായില്ല. ചെക്ക്പോസ്റ്റ് ബില്‍ഡിങ്ങിന്റെ പുറകില്‍ മുട്ടുകുത്തിനിന്ന് ഞാന്‍ മാതാവിനോട് അപേക്ഷിച്ചു. ”ഭാര്യയെയും മക്കളെയും അമ്മയെയും സംരക്ഷിക്കാന്‍ ഞാന്‍ മാത്രമേയുള്ളൂ. എന്നെ രക്ഷിക്കണം.”
കമിഴ്ന്നു കിടന്ന് അപേക്ഷിച്ചുകൊണ്ടിരിക്കുമ്പോള് അതാ മുമ്പില്‍ ഒരു കറുത്ത വംശജന്. ”സഹോദരാ, എന്തുപറ്റി?” ഞാന്‍ കാര്യങ്ങള്‍ ബോധിപ്പിച്ചു. ”സഹോദരന് ഒന്നുകൊണ്ടും പേടിക്കേണ്ട. എന്റെകൂടെ വന്നാല്‍ മതി. ഈ കാട്ടിലെ പാതയില്‍ക്കൂടി ഏഴുമണിക്കൂര്‍ നടന്നാല്‍ കെനിയായിലേക്ക് കടക്കാം. ഈ ബാഗ് ഞാന്‍ ചുമന്നുകൊള്ളാം. ഇതെന്റെ തൊഴിലാണ്. എനിക്ക് ആയിരം ഷില്ലിംഗ് തരണം. സുഖമായി കെനിയായില്‍ കടക്കാം.” അല്പം ഭയം തോന്നിയെങ്കിലും വേറെ വഴിയില്ലല്ലോ. ഞാന്‍ പറഞ്ഞു, ”ദൈവത്തോട് നന്ദി പറയാന്‍ എനിക്ക് പതിനഞ്ചു മിനിട്ട് സമയം തരണം. പതിനഞ്ചു മിനിട്ടിനുശേഷം നമുക്ക് ഒന്നിച്ചുപോകാം.”
മാതാവിന്റെ പുതിയ വഴി
ഞാന്‍ എന്റെ പഴയ കൊന്ത ബാഗില്‍നിന്നും എടുത്ത് കൈയില്‍ പിടിച്ചു. മനസില്‍ പ്രാര്‍ത്ഥിച്ചു; ദൈവത്തോട് നന്ദി പറഞ്ഞു. ഏകദേശം പത്തുമിനിട്ട് കഴിഞ്ഞപ്പോള്‍ പുറകില്നിന്നും ഉറക്കെ ഒരു വിളി. തിരിഞ്ഞു നോക്കിയപ്പോള്‍ ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥന്. ”സഹോദരാ ഞാന്‍ നിങ്ങള്‍ക്കുവേണ്ടി പുറകുവശത്തെ വിക്കറ്റ് ഗേറ്റ് തുറന്നുവച്ചിട്ടുണ്ട്. പുറത്തേക്ക് ബാഗ് എടുത്ത് വേഗം ഓടിപ്പോകണം. ആരും കാണരുത്.” ആ ശബ്ദം വിശ്വസിക്കാന്‍ പ്രയാസമായിരുന്നു.
ബാഗെടുത്ത് ഞാന്‍ പുറത്തേക്കോടി. ഏകദേശം 200 മീറ്റര്‍ അകലെ കെനിയന്‍ ചെക്ക്പോസ്റ്റ്. യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ ചെക്ക്പോസ്റ്റ് കടന്നു. ഒരു ടാക്സിയില്‍ മുപ്പത് മിനിട്ടിനകം ഡോ. ജോയിയുടെ വീട്ടില്‍ എത്തി. അദ്ദേഹത്തിന്റെ ഭാര്യ എന്നെ കാത്ത് ഗേറ്റില്‍ നില്‍ക്കുകയായിരുന്നു. നടന്ന കഥയെല്ലാം പറഞ്ഞു. അവള് രണ്ടു കൈകളും തലയില്‍വച്ച് പറഞ്ഞു, ”അങ്കിള്‍, ദൈവം മാത്രമാണ് അങ്കിളിനെ രക്ഷിച്ചത്. ആ കാട്ടുപാത കൊള്ളക്കാരുടെ സങ്കേതമാണ്. ആ വഴിക്ക് വന്നവര്‍ ആരുംതന്നെ പിന്നീട് വെളിച്ചം കണ്ടിട്ടില്ല. ഇത് കൊള്ളക്കാരും ചെക്ക്പോസ്റ്റ് ഉദ്യോഗസ്ഥരുമായുള്ള സ്ഥിരം ഒത്തുകളിയാണ്.” മാതാവിന്റെ മാധ്യസ്ഥ്യത്തില്‍ സര്‍വശക്തനായ ദൈവം മാത്രമാണ് എന്നെ രക്ഷിച്ചത്.
സങ്കീര്‍ത്തനങ്ങള്‍ 145/18: ”തന്നെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക് ഹൃദയപരമാര്‍ത്ഥതയോടെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക് കര്‍ത്താവ് സമീപസ്ഥനാണ്.”
കെ.യു. വാറുണ്ണി