ആധുനിക കാലത്തെ ഏറ്റവും വലിയൊരു കണ്ടുപിടുത്തമാണല്ലോ കമ്പ്യൂട്ടര്‍. ധാരാളം വിവരങ്ങള്‍ ശേഖരിച്ചു വക്കാന്‍ കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്ക് എന്ന ഭാഗം സഹായിക്കുന്നു. ഈശോയുടെ തിരുഹൃദയത്തിലേക്ക് കുറച്ചുനേരം നോക്കിയിരുന്നപ്പോഴാണ് പുള്ളിക്കാരനും ഒരു ഹാര്‍ഡ് ഡിസ്ക് ഉണ്ടെന്നു മനസ്സിലായത്. ഈശോയുടെ ഹൃദയത്തിലെ ഹാര്‍ഡ് ഡിസ്ക് തുറന്നു നോക്കിയാല്‍ ചില ഡാറ്റകള്‍ കിട്ടും. ഓരോ മനുഷ്യാത്മാവിനോടും ഉള്ള അവന്റെ അടങ്ങാത്ത പ്രണയത്തിന്റെ നേര്‍ക്കാഴ്ചകള്‍.
ഈശോയുടെ സ്നേഹാര്‍ദ്രമായ മൃദുല ഹൃദയത്തിന്റെ വാതില്‍ പതുക്കെ തുറക്കുകയാണ്. ഹാര്‍ഡ് ഡിസ്കില്‍ ശേഖരിച്ചിട്ടുള്ള അനേകം ഫയലുകള്‍. ആദ്യത്തെ ഫയല്‍ ഓപ്പണ്‍ ചെയ്തു.
”അവിടുന്നാണ് എന്റെ അന്തരംഗത്തിനു രൂപം നല്‍കിയത്; എന്റെ അമ്മയുടെ ഉദരത്തില്‍ അവിടുന്ന് എന്നെ മെനഞ്ഞു… ഞാന്‍ നിഗൂഢതയില്‍ ഉരുവാക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളില്‍ വച്ചു സൂക്ഷ്മതയോടെ സൃഷ്ടിക്കപ്പെടുകയും ചെയ്തപ്പോള്‍, എന്റെ രൂപം അങ്ങേക്ക് അജ്ഞാതമായിരുന്നില്ല. എനിക്കു രൂപം ലഭിക്കുന്നതിനു മുന്‍പു തന്നെ, അവിടുത്തെ കണ്ണുകള്‍ എന്നെ കണ്ടു; എനിക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള നാളുകള്‍ ഉണ്ടാകുന്നതിനു മുന്‍പുതന്നെ, അങ്ങയുടെ പുസ്തകത്തില്‍ അവ എഴുതപ്പെട്ടു” (സങ്കീര്‍ത്തനങ്ങള്‍ 139/13-16).
എണ്ണിത്തിട്ടപ്പെടുത്താനാവാത്ത കാലങ്ങള്‍ അത്രയും തന്റെ സ്നേഹം മുഴുവന്‍ സംഭരിച്ച് ഓരോ മനുഷ്യാത്മാവിനെയും ഹൃദയത്തില്‍ വഹിച്ച ഈശോ. തന്റെ കുഞ്ഞ് എങ്ങനെയായിരിക്കണം എന്ന് സ്വപ്നം കാണുന്ന മാതാപിതാക്കളെപ്പോലെ നമ്മെക്കുറിച്ച് സ്വപ്നങ്ങള്‍ കണ്ടു കൊതിച്ച ഈശോ… അവന്റെ ചങ്കിലെ ചൂടില്‍ മറഞ്ഞിരുന്നപ്പോഴെല്ലാം ഒരു കുളിര്‍കാറ്റിന്റെ തലോടല്‍ പോലെ നമ്മുടെ കാതുകളില്‍ അവന് മന്ത്രിച്ചു കൊണ്ടിരുന്നു.
അടുത്ത ഫയല്‍. അവിടെ ഈശോയുടെ മാതൃഹൃദയം കണ്ടു. കാത്തിരിപ്പുകള്‍ക്കും സ്വപ്നങ്ങള്‍ക്കും ഒടുവില്‍ പിറന്നുവീണ കുഞ്ഞിനെ കൈകളില്‍ എടുത്ത് മാറിലെ ചൂടിലേക്ക് ചേര്‍ത്ത് കിടത്തി കെട്ടിപ്പിടിച്ച് ചുംബിക്കുന്ന അമ്മയെപ്പോലെ നമ്മെ കരങ്ങളിലെടുത്ത് വാരിപ്പുണരുന്ന ഈശോ… ”ഞാന്‍ മാതാവിന്റെ ഉദരത്തില്‍ ആയിരിക്കുമ്പോള്‍ത്തന്നെ ദൈവം എന്നെ പ്രത്യേകം തെരഞ്ഞെടുത്തു; തന്റെ കൃപയാല്‍ അവിടുന്ന് എന്നെ വിളിച്ചു” (ഗലാത്തിയാ 1/15).
പ്രെഷ്യസ് ബേബി
വിവാഹം കഴിഞ്ഞു വര്‍ഷങ്ങള്‍ കാത്തിരുന്നിട്ടും ഒരു ജീവന്റെ തുടിപ്പ് ഉദരത്തില്‍ ലഭിക്കാതെ ഹൃദയം നുറുങ്ങി ജീവിച്ചവര്‍ക്ക് ഒരു കുഞ്ഞിനെ ലഭിക്കുമ്പോള്‍ ഉള്ള സന്തോഷം ഓര്‍ത്തുപോവുകയാണ്. അങ്ങനെ ഉണ്ടാകുന്ന ഗര്‍ഭസ്ഥ ശിശുവിനെ പ്രെഷ്യസ് ബേബി എന്ന് ലോകം വിളിക്കാറുണ്ട്. ഈശോക്ക് നമ്മളെല്ലാവരും പ്രെഷ്യസ് ബേബി ആണ്. ഈശോ പറഞ്ഞിട്ടുള്ളത് കേട്ടിട്ടില്ലേ, ”നീ എനിക്കു വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനും ആയതുകൊണ്ട് നിനക്കു പകരമായി മനുഷ്യരെയും നിന്റെ ജീവനു പകരമായി ജനതകളെയും ഞാന്‍ നല്കുന്നു” (ഏശയ്യാ 43/4).
പ്യൂപ്പയില്‍നിന്ന് പുറത്തേക്കു വരുന്ന ചിത്രശലഭത്തെപ്പോലെ, മൊട്ടുകളില്നിന്ന് വിടരുന്ന റോസാപ്പൂക്കളെപ്പോലെ, പിറന്നുവീണ കുഞ്ഞിനെ ആവേശത്തോടെ കോരിയെടുത്ത് മാറില്‍ ചേര്‍ക്കുന്ന അമ്മയെപ്പോലെ ഈശോ തന്റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്ക് വാരിച്ചൊരിയുന്നു. ”നിന്നെ അവള് പാലൂട്ടുകയും എളിയില്‍ എടുത്തുകൊണ്ടു നടക്കുകയും മടിയില്‍ ഇരുത്തി ലാളിക്കുകയും ചെയ്യും. അമ്മയെപ്പോലെ ഞാന്‍ നിന്നെ ആശ്വസിപ്പിക്കും. ജറുസലെമില്‍ വച്ചു നീ സാന്ത്വനം അനുഭവിക്കും” (ഏശയ്യാ 66/12-13).
ജനിക്കാന്‍ പോവുന്ന കുഞ്ഞിന് എന്ത് പേരിടണം എന്ന് ആലോചിച്ചു ഗൂഗിളിലും മറ്റു പുസ്തകങ്ങളിലും ഒക്കെ തിരയുന്നവരാണല്ലോ നാമെല്ലാവരും. ഈശോയും എത്രമാത്രം കൊതിച്ചിട്ടാവും നമ്മെ പേര് വിളിച്ചിട്ടുണ്ടാവുക, ”ഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ രക്ഷിച്ചിരിക്കുന്നു; നിന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു. നീ എന്റേതാണ്” (ഏശയ്യാ 43/1).
എന്തിന് ഉള്ളംകയ്യില്‍?
”ഇതാ, നിന്നെ ഞാന്‍ എന്റെ ഉള്ളംകൈയില്‍ രേഖപ്പെടുത്തിയിരിക്കുന്നു” (ഏശയ്യാ 49/16). ഈശോയുടെ കുരിശിനെ ചേര്‍ത്തുപിടിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു, ”ഈശോയേ, നീ എന്തിനാ ഉള്ളംകയ്യില്‍ പേരെഴുതാന്‍ പോയത്? വേറെ എവിടെയെങ്കിലും എഴുതാമായിരുന്നില്ലേ?”
ഈശോ ഒരു കള്ളച്ചിരിയോടെ എന്നെ നോക്കി. ഹൃദയത്തില്‍ ഒരു മൃദുവായ ശബ്ദം മന്ത്രിക്കും പോലെ… ‘ശരീരത്തില്‍ കൈകള്‍ അല്ലാതെ മറ്റൊരു അവയവവും ഹൃദയത്തോട് ചേര്‍ത്തുവയ്ക്കാന്‍ കഴിയില്ല. നിന്നെ എന്റെ ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കാന്‍ വേണ്ടിയാണ് എന്റെ ഉള്ളം കയ്യില്‍ നിന്റെ പേരെഴുതപ്പെട്ടത്.’
വര്‍ഷങ്ങള്‍ സയന്‍സ് പഠിച്ചിട്ടും ഇതിന്റെ ലോജിക് മനസ്സിലായത് ഈശോ പറഞ്ഞപ്പോഴാണ്. ”ദേ, ഈശോയേ എന്നെ കൂടുതല്‍ സെന്റി ആക്കരുത്,” ഈശോക്ക് വാണിംഗ് കൊടുത്തു. കാരണം കണ്ണുനീര്‍ച്ചാലുകള്‍ എന്നോട് അനുവാദം ചോദിക്കാതെ ഒഴുകാന്‍ തുടങ്ങിയിരുന്നു.
ശാരീരികവളര്‍ച്ചക്ക് ഭക്ഷണം ആവശ്യമായിരിക്കുന്നതുപോലെ ഈശോയുടെ കുഞ്ഞുവാവകളായ നമുക്ക് അവന് അനുദിനം ആത്മീയഭക്ഷണം ഒരുക്കി കാത്തിരിക്കുന്നു. ഓരോ ദിവസവും തന്റെ കുഞ്ഞിന്റെ വളര്‍ച്ചയെ നോക്കി മതിമറക്കുന്ന അമ്മയെപ്പോലെ ഈശോ നമ്മെയും നോക്കി സന്തോഷിക്കുന്നു. വീണ്ടും നമ്മെക്കുറിച്ച് സ്വപ്നങ്ങള്‍ കാണുന്നു. യേശു പറഞ്ഞു: ”സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്കു ജീവന് ഉണ്ടായിരിക്കുകയില്ല. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും. എന്തെന്നാല്‍, എന്റെ ശരീരം യഥാര്‍ഥ ഭക്ഷണമാണ്. എന്റെ രക്തം യഥാര്‍ഥ പാനീയവുമാണ്” (യോഹന്നാന് 6/53-55).
ദിവസവും ബേബി ബാത്ത്
നഴ്സിംഗ് പഠിക്കുമ്പോള്‍ ബേബി ബാത്ത് ചെയ്തു കാണിക്കണം. കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നത് അല്പം അപകടം പിടിച്ച പണിയാണെന്നു മനസ്സിലായി. ഈശോ ഓരോ ദിവസവും ഏറ്റവും കൂടുതല്‍ ചെയ്യുന്ന ജോലി ബേബി ബാത്ത് ആണെന്ന് തോന്നുന്നു. ലോകം മുഴുവനുമുള്ള തന്റെ കുഞ്ഞുങ്ങളെ ഓരോ പാപക്കറകളില്‍നിന്നും തന്റെ രക്തം കൊണ്ട് കുളിപ്പിച്ച് വൃത്തിയാക്കുന്ന ഈശോ.
മക്കള്‍ ചെളിയിലും പൊടിയിലും വീഴുമ്പോള്‍ അവരെ കുളിപ്പിച്ച് വൃത്തിയാക്കണം എന്ന് മനസ്സിലാക്കിയ ഈശോ വിശുദ്ധ കുമ്പസാരം നല്കി. ഓരോ മനുഷ്യാത്മാവും കുമ്പസാരക്കൂട്ടില്‍ അനുതാപത്തോടെ അണയുമ്പോള്‍ ഈശോ വീണ്ടും അതിനെ കുളിപ്പിച്ചൊരുക്കുകയാണ്. ശരീരത്തിലും ആത്മാവിലും ഒരുപോലെ ഭംഗിയുള്ളവരായി കാണപ്പെടുവാന്‍. ”കര്‍ത്താവ് അരുളിച്ചെയ്യുന്നു: വരുവിന്‍, നമുക്കു രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങള്‍ കടുംചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്മയുള്ളതായിത്തീരും. അവ രക്തവര്‍ണമെങ്കിലും കമ്പിളിപോലെ വെളുക്കും” (ഏശയ്യാ 1/18).
ഒരു കുഞ്ഞ് തനിയെ നടക്കാന്‍ കുറെ പരിശ്രമം ആവശ്യമുണ്ട്. മാതാപിതാക്കളുടെ ചുമലിലും എളിയിലും ഒക്കെ ഇരുന്നുകൊണ്ടാണല്ലോ ആദ്യത്തെ യാത്രകള്‍. എന്നാല്‍ ഈശോ ഇവിടെ സ്നേഹക്കൂടുതല് കൊണ്ട് ഒരു മാരക വേര്‍ഷന്‍ ചെയ്തിരിക്കുകയാണ്. ഈശോക്ക് നമ്മളെയൊക്കെ എടുത്തുകൊണ്ടു നടക്കാന്‍ ഇത്രക്കും ആഗ്രഹമാണോ എന്ന് ചിന്തിച്ചു പോവുന്നു. ”നിങ്ങളുടെ വാര്‍ധക്യംവരെയും ഞാന്‍ അങ്ങനെതന്നെയായിരിക്കും. നിങ്ങള്‍ക്കു നര ബാധിക്കുമ്പോഴും ഞാന്‍ നിങ്ങളെ വഹിക്കും. ഞാന്‍ നിങ്ങളെ സൃഷ്ടിച്ചു; നിങ്ങളെ വഹിക്കും; ചുമലിലേറ്റി രക്ഷിക്കുകയും ചെയ്യും”(ഏശയ്യാ 46/4).
പേഴ്സണല്‍ ബ്ലോഗ്
ഇനി അവസാനത്തെ ഫയലിലേക്ക്… ഇത് എന്റെ പേഴ്സണല്‍ ബ്ലോഗ് ആണ്. കാണാന്‍ നല്ലതൊന്നും ഇല്ല. നിന്റെ ഹാര്‍ഡ് ഡിസ്കിലെ മറ്റ് ഫയലുകള്‍ കണ്ടപ്പോഴാണ് എന്റെ പേഴ്സണല്‍ ബ്ലോഗ് എന്തുമാത്രം മനോഹരമായിത്തീരേണ്ടതായിരുന്നു എന്ന് മനസ്സിലായത്. ഈശോയേ എന്താ ചെയ്യുക? ഇതൊന്നു ഡിലീറ്റ് ചെയ്തു തരാമോ?
ഈശോയുടെ മുഖത്തേക്ക് നോക്കാന്‍ സാധിക്കുന്നില്ല. ഹൃദയം ഭാരപ്പെടുന്നു. ഈശോയോട് ഡിമാന്‍ഡ് ചെയ്യാന്‍ ഒരുക്കിവച്ചതൊന്നും നാവില്‍നിന്ന് പുറത്തേക്ക് വരുന്നില്ല. ഈശോയുടെ വീക്നെസ്സില്‍ തന്നെ പിടിച്ചു, ‘ഈശോയേ ഞാന്‍ നിന്റെ ചക്കര വാവയല്ലേ, കുറുമ്പുകള്‍ കയ്യിലുണ്ടെങ്കിലും ഞാന്‍ നിന്നെ ഒരുപാട് സ്നേഹിക്കുന്നു എന്ന് നിനക്കറിയാല്ലോ’ പിന്നെ ഒന്നും നോക്കിയില്ല. അതാ ഈശോ കീ പാഡില്‍ ഡിലീറ്റ് ഓപ്ഷന് അമര്‍ത്തുന്നു.
ഒരു സ്വപ്നംപോലെ ഈശോയുടെ ഹൃദയത്തിനുള്ളിലൂടെയുള്ള യാത്ര. എത്ര മനോഹരമാണ് അവിടം. എനിക്ക് വിലപ്പെട്ട ഭവനവും സമ്പത്തും ജോലിയും ഒക്കെ സംരക്ഷിക്കാന്‍ ഈശോയോട് ആവശ്യപ്പെടുമ്പോള്‍ ഈശോക്ക് ഏറ്റവും വിലപ്പെട്ടത് ഞാന്‍ ആണെന്ന സത്യം തിരിച്ചറിയാതെ പോയി. ‘നീ തന്നെ സൂക്ഷിച്ചോ’ എന്ന് പറഞ്ഞു കൊണ്ട് ഈശോയുടെ ഹൃദയത്തില്‍ എന്നെ ഏല്പിച്ച് ഹൃദയവാതില്‍ പൂട്ടുമ്പോള്‍ സുവര്‍ണ്ണ നിറത്തില്‍ ഈശോ എഴുതി, ”നീ എന്റേതാണ്, എന്റേതുമാത്രം.”
ഈശോയുടെ കുരിശുരൂപത്തെ മുറുകെ കെട്ടിപ്പിടിച്ചു കരഞ്ഞു. അവന്റെ നെഞ്ചില്‍ വീണുകൊണ്ടിരുന്ന അനുതാപത്തിന്റെ കണ്ണുനീര്‍ത്തുള്ളികള്‍ ഓരോന്നും എന്റെ കവിളുകളില്‍ ചുംബനങ്ങളായി ഈശോ തിരിച്ചു നല്കി. വിശുദ്ധ ഫൗസ്റ്റീനയുടെ വാക്കുകള്‍ ഞാനും ആവര്‍ത്തിച്ചു, ”ഈശോയേ, നിന്നെ സ്നേഹിക്കുന്നതില്‍ എന്നെ പിറകിലാക്കാന്‍ ഞാന്‍ ആരെയും അനുവദിക്കില്ല.”
എന്നിട്ട് ഞാന്‍ ചോദിച്ചു… ”എന്റെ ഈശോയേ, പാപിയായ എനിക്ക് തരാന്‍ ഇനിയും നിന്റെ ഹൃദയത്തില്‍ സ്നേഹം ബാക്കി ഉണ്ടോ?” തിരുവചനം സംസാരിച്ചു, ”നിന്നോടു കരുണയുള്ള കര്‍ത്താവ് അരുളിച്ചെയ്യുന്നു: മലകള്‍ അകന്നുപോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍, എന്റെ അചഞ്ചലമായ സ്നേഹം നിന്നെ പിരിയുകയില്ല; എന്റെ സമാധാന ഉടമ്പടിക്ക് മാറ്റം വരുകയുമില്ല” (ഏശയ്യാ 54/10).
ആന്‍ മരിയ ക്രിസ്റ്റീന