പ്രാര്‍ത്ഥനയിലെ പലവിചാരങ്ങള്‍ ഏറെപ്പേര്‍ നേരിടുന്ന ഒരു പ്രശ്നമാണ്. പലപ്പോഴും ഇതില്‍നിന്ന് രക്ഷപ്പെടാനുള്ള പരിശ്രമങ്ങള്‍ക്കുശേഷം പ്രാര്‍ത്ഥന പൂര്‍ത്തിയാക്കുമ്പോള്‍ ശരിയായി പ്രാര്‍ത്ഥിച്ചില്ലല്ലോ എന്ന കുറ്റബോധം നമ്മെ അലട്ടാറുമുണ്ട്. ഈ വിഷയത്തില്‍ വിശുദ്ധ അല്‍ഫോന്‍സ് ലിഗോരിയുടെ പ്രബോധനം ശ്രദ്ധിക്കുക:
പ്രാര്‍ത്ഥനാസമയത്ത് ശരിയായ ശ്രദ്ധ കാത്തുസൂക്ഷിക്കാന്‍ നന്നായി പ്രയത്നിക്കണം. എന്നിട്ടും മനഃപൂര്‍വമല്ലാത്ത പലവിചാരങ്ങള്‍ നിങ്ങളെ ശല്യപ്പെടുത്തുന്നുവെങ്കില്‍ അവയെപ്പറ്റി കൂടുതല്‍ അസ്വസ്ഥപ്പെടേണ്ടണ്ടതില്ല; നിങ്ങള്‍ സമ്മതം നല്കുന്നില്ലെങ്കില് അവയ്ക്ക് നിങ്ങളെ ഉപദ്രവിക്കാന്‍ കഴിയില്ല. നമ്മുടെ ബലഹീനതയ്ക്കുമേല്‍ കര്ത്താവിന് അനുകമ്പയുണ്ട്. പലപ്പോഴും, നാം അവസരം നല്കാതിരിക്കുമ്പോഴും പലവിചാരങ്ങള്‍ മനസില്‍ പ്രവേശിച്ചേക്കാം. അത്തരം ചിന്തകള്‍ക്ക് നമ്മുടെ പ്രാര്‍ത്ഥനയുടെ ഫലങ്ങളെ നശിപ്പിക്കാനാവില്ല. എന്നാല്‍ ബോധപൂര്‍വം അവ അനുവദിച്ചാല്‍ ഫലം വിപരീതമാവുകയും ചെയ്യും.
പ്രശസ്തനായ വിശുദ്ധ തോമസ് പറയുന്നത്, അനുഗൃഹീതരായ ആത്മാക്കള്‍ക്കുപോലും എപ്പോഴും ആത്മപരമാത്മ ഐക്യത്തിന്റെ ഉയരങ്ങളില്‍ നിലനില്ക്കാനാവുന്നില്ല എന്നാണ്. മാനുഷികദൗര്‍ബല്യങ്ങളുടെ ഭാരം അവരെ പിടിച്ചുതാഴ്ത്തുകയും അവരുടെ ഇഷ്ടപ്രകാരമല്ലാതെ ചില പലവിചാരങ്ങള്‍ അവരിലും വരുകയും ചെയ്യുന്നു.
നേരെ മറിച്ച്, സ്വന്തം ഇഷ്ടപ്രകാരമുള്ള പലവിചാരങ്ങളെ താലോലിക്കുന്നവന് പാപത്തില്‍നിന്നും ഒഴികഴിവില്ല; അവന്റെ പ്രാര്‍ത്ഥനയ്ക്ക് ഒരു പ്രതിസമ്മാനവും പ്രതീക്ഷിക്കാനാവില്ല എന്നാണ് വിശുദ്ധ തോമസ് പറയുന്നത്. നല്ല മനസ് ചിന്തകളെ ആത്മീയഫലത്തിന് യോഗ്യമാക്കുന്നതുപോലെ അലസമനസ് അവയെ കര്ത്താവിന് അയോഗ്യമാക്കുന്നുവെന്നും അതിനാല്‍ പ്രതിഫലത്തിന് പകരം അവര്‍ക്ക് ശിക്ഷ ലഭിക്കുന്നുവെന്നും വിശുദ്ധ ബര്‍ണാഡ് പറയുന്നു.
വിശുദ്ധ ബര്ണാഡിന് തന്റെ സഹോദരങ്ങളോടൊപ്പം പ്രാര്‍ത്ഥനയിലായിരിക്കുമ്പോള്‍ ലഭിച്ച ഒരു ദര്‍ശനത്തെപ്പറ്റി സിറ്റോ നഗരത്തിന്റെ ചരിത്രത്തില്‍ പറയുന്നുണ്ട്. ഓരോ സന്യാസസഹോദരന്റെയും അരികില്‍ നിന്ന് എന്തോ എഴുതുന്ന മാലാഖമാരെ അദ്ദേഹം കണ്ടു. ചില മാലാഖമാര്‍ സ്വര്‍ണംകൊണ്ടും ചിലര്‍ വെള്ളികൊണ്ടും മറ്റു ചിലര്‍ മഷികൊണ്ടും ചിലര്‍ വെള്ളംകൊണ്ടുമാണ് എഴുതിയിരുന്നത്. ചിലരാകട്ടെ ഒന്നും എഴുതാതെ നിന്നിരുന്നു.
എന്താണ് ഇതിന്റെ അര്‍ത്ഥമെന്ന് ദൈവം വെളിപ്പെടുത്തിക്കൊടുത്തു. സ്വര്‍ണം സൂചിപ്പിച്ചത് ആ സഹോദരന്മാര്, പ്രാര്‍ത്ഥന തീക്ഷ്ണമായ ഭക്തിയോടെയാണ് ചൊല്ലിയിരുന്നത് എന്നാണ്. വെള്ളിയുടെ അര്‍ത്ഥം ആ സഹോദരരുടെ ഭക്തി ഇനിയും മെച്ചപ്പെടാനുണ്ട് എന്നാണ്. വാക്കുകള്‍ ശ്രദ്ധാപൂര്‍വം ചൊല്ലിയെങ്കിലും ഭക്തിയില്ലാതിരുന്ന സഹോദരങ്ങളുടെ സമീപത്തുനിന്നിരുന്ന മാലാഖമാരാണ് മഷികൊണ്ടെഴുതിയത്. ഒരു ശ്രദ്ധയുമില്ലാതെ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നവര്‍ക്കരികിലെ മാലാഖമാര്‍ വെള്ളംകൊണ്ട് എഴുതി. മനഃപൂര്‍വമായ പലവിചാരങ്ങളെ താലോലിച്ചുകൊണ്ടിരുന്നവരുടെ അരികിലെ മാലാഖമാര്‍ ഒന്നും എഴുതാതെ നിന്നു.
അധരങ്ങള്‍ ഉച്ചരിക്കുന്ന ഭക്തവാക്കുകള്‍ ഹൃദയത്തില്‍ ഭക്തി ഉണര്‍ത്തുന്നു എന്നാണ് വിശുദ്ധ തോമസ് പറയുന്നത്. ഇക്കാരണത്താല്‍ അധരങ്ങള്‍ ബാഹ്യമായി ഏറ്റുപറയുന്നത് ഹൃദയം ആഗ്രഹിക്കുന്നതിനായി നമ്മുടെ കര്‍ത്താവ് നമ്മെ വാചികപ്രാര്‍ത്ഥന ഉപയോഗിക്കാന്‍ പഠിപ്പിച്ചു. ദാവീദ് പറയുന്നതുപോലെ, ”ഞാന്‍ ഉച്ചത്തില്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നു; ശബ്ദമുയര്‍ത്തി ഞാന്‍ കര്‍ത്താവിനോട് യാചിക്കുന്നു”(സങ്കീര്‍ത്തനങ്ങള്‍ 142/1). വിശുദ്ധ അഗസ്റ്റിന് എഴുതുന്നു, ”അനേകര്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നു. എന്നാല്‍ ആത്മാവിന്റെ സ്വരംകൊണ്ടല്ല, ശരീരത്തിന്റെ സ്വരംകൊണ്ടാണ് അവര്‍ വിളിക്കുന്നത്. നിങ്ങളുടെ ചിന്തകള്‍കൊണ്ട് കര്‍ത്താവിനെ വിളിക്കുക; ഹൃദയംകൊണ്ട് വിളിക്കുക; അപ്പോള്‍ കര്‍ത്താവ് തീര്‍ച്ചയായും നിങ്ങളെ ശ്രവിക്കും.”