ഒരു തീരുമാനം, അതിവേഗം അനുഗ്രഹം! – Shalom Times Shalom Times |
Welcome to Shalom Times

ഒരു തീരുമാനം, അതിവേഗം അനുഗ്രഹം!

ബാങ്ക് ലോണും വ്യക്തികളില്‍നിന്ന് വാങ്ങിയ കടങ്ങളുമെല്ലാം എന്നെ ക്ലേശിപ്പിച്ചുകൊണ്ടിരുന്ന സമയം. മുമ്പേതന്നെ ശാലോം പ്രസിദ്ധീകരണങ്ങളുടെ ഏജന്റായിരുന്ന ഞാന്‍ പുതിയ ഒരു തീരുമാനമെടുത്തു, ‘പത്ത് വര്‍ഷത്തിലധികമായി ശ്രമിച്ചിട്ടും നടക്കാത്ത സ്ഥലം വില്പന നടന്നാല്‍ 100 ശാലോം ടൈംസ് മാസിക വാങ്ങി വിതരണം ചെയ്യാം.’ 2024 ജനുവരിയിലാണ് ഈ തീരുമാനം ദൈവസന്നിധിയില്‍ സമര്‍പ്പിച്ചത്. അധികം താമസിയാതെ ഇന്റര്‍നെറ്റ് സംവിധാനങ്ങളിലൂടെ സ്ഥലവില്പനയുടെ പരസ്യം നല്കുകയും ചെയ്തു. പെട്ടെന്ന്, അതുവരെയില്ലാത്ത ചില മാറ്റങ്ങള്‍!

ഏറെപ്പേര്‍ സ്ഥലം കാണാനായി വന്നു. ഇംഗ്ലീഷിലെ ‘എല്‍’ അക്ഷരത്തിന്റെ ആകൃതിയിലായിരുന്നു സ്ഥലം. റോഡരികിലാണെങ്കിലും 36 സെന്റില്‍നിന്ന് 5 സെന്റോളം വഴിക്കായി വിട്ടുനല്കുകയും വേണം. ഇങ്ങനെ ചില കുറവുകള്‍ ഉള്ളതിനാല്‍ സ്ഥലത്തിന് മതിപ്പ് കുറവായിരുന്നു. അതുകൊണ്ടുതന്നെ, കുറഞ്ഞ വിലയെങ്കിലും കിട്ടിയാല്‍ മതി എന്നായിരുന്നു എന്റെ ചിന്ത. എന്നാല്‍, പെട്ടെന്നുതന്നെ, ചിന്തിച്ചതിന്റെ ഇരട്ടി വിലയ്ക്ക് ആ സ്ഥലം മൊത്തമായി വില്പന നടന്നു. മാര്‍ച്ച് മാസമായപ്പോഴേക്കും നടപടികളെല്ലാം തീര്‍ത്ത് ആധാരം ചെയ്യാന്‍ സാധിച്ചു. ബാങ്ക് ലോണും മറ്റ് കടങ്ങളും തീര്‍ത്ത് അല്പം തുക മിച്ചവും!

ദൈവത്തിന്റെ അളവറ്റ കൃപ എന്നല്ലാതെ മറ്റൊന്നും പറയാന്‍ സാധിക്കുമായിരുന്നില്ല. ഇക്കാര്യങ്ങളെക്കുറിച്ച് ചോദിച്ച സുഹൃത്തുക്കളോടും ഞാന്‍ ഇക്കാര്യം പങ്കുവച്ചു. അങ്ങനെ മൂന്ന് സുഹൃത്തുക്കളും നിയോഗം വച്ചുകൊണ്ട് 100 മാസിക വിതരണം ചെയ്യാന്‍ തീരുമാനമെടുത്തിരിക്കുകയാണ്. ശാലോം മാസികവിതരണത്തിലൂടെ എനിക്ക് നല്കിയ ഈ വലിയ അനുഗ്രഹത്തെപ്രതി നല്ല ഈശോയ്ക്ക് നന്ദിയും സ്തുതിയും!

സെബാസ്റ്റ്യന്‍ (രാജന്‍), കള്ളികാട്ട്,
കോടികുളം, തൊടുപുഴ