”അവന്‍ അവരോട് ചോദിച്ചു: നിങ്ങള്‍ ഭയപ്പെടുന്നതെന്ത്? നിങ്ങള്‍ക്ക് വിശ്വാസമില്ലേ?” (മര്‍ക്കോസ് 4/40). ഏത് മനുഷ്യന്റെയും ഉള്ളിലുള്ള ശക്തമായ ഒരു നിഷേധാത്മകമായ വികാരത്തിലേക്കാണ് യേശു നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്. ഭയം നമ്മുടെ കര്‍മ്മശേഷിയെ നിര്‍വീര്യമാക്കുകയും ഒരു തരം നിര്‍ജ്ജീവാവസ്ഥയിലേക്ക് നമ്മെ എത്തിക്കുകയും ചെയ്യും. മനസില്‍ ഭയം നിറയുമ്പോള്‍ അത് ശരീരത്തെ ബാധിക്കും, ശരീരം ഒരു തണുത്തുറഞ്ഞ അനുഭവത്തിലാകും. ഇവിടെ ഒരു കാര്യം നമുക്ക് ശ്രദ്ധിക്കാം: ഭയം നമ്മെ കീഴടക്കുന്നതിനുപകരം ഭയത്തെ കീഴടക്കുവാന്‍ നമുക്ക് സാധിക്കുകയില്ലേ? തീര്‍ച്ചയായും.
ഭയത്തെ കീഴടക്കുവാനുള്ള ആദ്യത്തെ മാര്‍ഗം ഭയം വരുന്ന വഴി കണ്ടെത്തുക എന്നതാണ്. വരാന്‍പോകുന്ന ഒരു ദുരന്തത്തെക്കുറിച്ചുള്ള ആകുലചിന്തയാണ് ഭയത്തിനാധാരം. അത് അകാരണമാണ്, വിശദീകരിക്കുവാന്‍ സാധിക്കാത്തതാണ്. അത് ഇപ്പോള്‍ സംഭവിച്ചിട്ടില്ല, പക്ഷേ യാഥാര്‍ത്ഥ്യമാകുവാന്‍ പോകുന്നുവെന്ന് മനസ് പറയുന്നു. മാരകമായ ഒരു രോഗം വരുമോ എന്ന ചിന്ത, ആ രോഗം പിടിപെട്ടാല്‍ മരിക്കുമോ എന്ന ഉല്‍ക്കണ്ഠ – ഇത് ഒരു ഉദാഹരണമാണ്. ഇത് പറഞ്ഞറിയിക്കുവാന്‍ പറ്റാത്ത ഒരു ആധിയിലേക്ക് ഒരു മനുഷ്യനെ നയിക്കുന്നു.
ലേഖനാരംഭത്തിലെ ഉദ്ധരണിക്ക് ആധാരമായ സംഭവത്തിലേക്ക് നമുക്ക് വരാം. യേശുവും ശിഷ്യന്മാരും തോണിയില്‍ യാത്ര ചെയ്യുകയാണ്. അപ്പോള്‍ വലിയ കൊടുങ്കാറ്റുണ്ടായി. തിരമാലകള്‍ വഞ്ചിയിലേക്ക് ആഞ്ഞടിച്ചുകയറി. വഞ്ചിയിലേക്ക് വെള്ളം കയറിക്കൊണ്ടിരുന്നു. ഇപ്പോള്‍ വഞ്ചി മുങ്ങിയിട്ടില്ല. പക്ഷേ തോണി മുങ്ങുവാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ഞങ്ങളെല്ലാവരും വെള്ളത്തില്‍ മുങ്ങിമരിക്കും. സംഭവിക്കുവാന്‍ സാധ്യതയുള്ള അനര്‍ത്ഥത്തെക്കുറിച്ചുള്ള ചിന്ത ശിഷ്യന്മാരെ ഭയചകിതരാക്കി.
എന്താണ് ഇതിനൊരു പ്രതിവിധി? യേശുതന്നെ അത് നിര്‍ദേശിക്കുന്നുണ്ടുതാനും. അവിടുന്ന് ചോദിക്കുന്നു: ”നിങ്ങള്‍ക്ക് വിശ്വാസമില്ലേ?” വിശ്വാസമാണ് ഭയത്തിനുള്ള മറുമരുന്ന്. എന്താണ് വിശ്വാസം? സര്‍വശക്തനായ ദൈവം എന്റെ കൂടെ ഉള്ളപ്പോള്‍ എനിക്ക് ഒരു അനര്‍ത്ഥവും സംഭവിക്കുകയില്ല എന്ന ബോധ്യമാണത്. അതിശക്തമായ കൊടുങ്കാറ്റ് ആഞ്ഞടിക്കാം. പക്ഷേ കപ്പല്‍ മുങ്ങുകയില്ല. മുങ്ങാതിരിക്കണമെങ്കില്‍ നാം ചെയ്യേണ്ട ഒരു കാര്യം: ബലിഷ്ഠമായ ഒരു നങ്കൂരത്തില്‍ കപ്പലിനെ ഉറപ്പിക്കുക എന്നതാണ്. എന്താണ് നിങ്ങളും ഞാനും ജീവിതയാത്രയില്‍ നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ട ആ നങ്കൂരം? ജീവിക്കുന്ന ദൈവത്തിലുള്ള അചഞ്ചലമായ ആശ്രയബോധംതന്നെ. ചഞ്ചലമായ നമ്മുടെ ഹൃദയത്തെ ദൈവത്തില്‍ ഉറപ്പിക്കുക. ഏശയ്യാ പ്രവാചകനിലൂടെ അവിടുന്ന് തന്നെ അത് വെളിപ്പെടുത്തുന്നുണ്ടല്ലോ: ”അങ്ങയില്‍ ഹൃദയമുറപ്പിച്ചിരിക്കുന്നവനെ അങ്ങ് സമാധാനത്തിന്റെ തികവില്‍ സംരക്ഷിക്കുന്നു” (ഏശയ്യാ 26/3).
ദൈവത്തില്‍ സമ്പൂര്‍ണമായി ആശ്രയിക്കുന്നവനെ ഭയം തൊടുകയില്ല. എന്നുമാത്രമല്ല സമാധാനത്തിന്റെ ഒരു പൂര്‍ണത ആ വ്യക്തിക്ക് അനുഭവിക്കുവാന്‍ സാധിക്കും എന്ന് ഈ തിരുവചനം നമ്മെ ഓര്‍മിപ്പിക്കുന്നു.
നിങ്ങളുടെ ജീവിതത്തെ, കുഞ്ഞുങ്ങളെ, കുടുംബത്തെ, ജോലിയെ, ബിസിനസിനെ, ഭാവിയെ എല്ലാം ദൈവം വേലികെട്ടി സംക്ഷിക്കുവാനായി പ്രാര്‍ത്ഥിക്കുക. അത് ഭാവനയില്‍ കാണുകയും വേണം. ദൈവമാണ് എന്റെ സൂക്ഷിപ്പുകാരന്‍. പിന്നെ ഞാനെന്തിന് ഭയപ്പെടണം? ശാന്തമായി ജീവിക്കാം, പ്രശാന്തമായി കിടന്നുറങ്ങാം. ദൈവം സൂക്ഷിപ്പുകാരനായുള്ള ഒരു വ്യക്തിയുടെ ജീവിതത്തെ വളരെ മനോഹരമായ ഒരു മുന്തിരിത്തോപ്പിനോടാണ് വിശുദ്ധ ഗ്രന്ഥം ഉപമിക്കുന്നത്. ഈ തിരുവചനങ്ങള്‍ ധ്യാനിക്കുക: ‘അന്ന് മനോഹരമായ മുന്തിരിത്തോട്ടത്തെക്കുറിച്ച് പാടുവിന്‍; കര്‍ത്താവായ ഞാനാണ് അതിന്റെ സൂക്ഷിപ്പുകാരന്‍. ഞാന്‍ അതിനെ നിരന്തരം നനയ്ക്കുന്നു: ആരും നശിപ്പിക്കാതിരിക്കാന്‍ ഞാന്‍ അതിന് രാപകല്‍ കാവല്‍നില്‍ക്കുന്നു” (ഏശയ്യാ 27/2,3).
ഓ, ദൈവം എത്ര കരുതലുള്ളവനാണ്. നിനക്ക് ജന്മം നല്‍കിയശേഷം തിരിഞ്ഞുപോകുന്നവനല്ല അവിടുന്ന്. നീയാകുന്ന ചെടിക്ക് ആവശ്യമുള്ളതെല്ലാം തക്കസമയത്ത് അവിടുന്ന് നല്‍കിക്കൊണ്ടിരിക്കുന്നു, വാടിപ്പോകാതെ തന്റെ കൃപ പെയ്തുകൊണ്ട് അവിടുന്ന് നിന്നെ നിരന്തരം നനയ്ക്കുന്നു. ഒരു കാര്യം ഉറപ്പാണ്. നീ ഭയപ്പെടുന്നതുപോലെ നിന്റെ ജീവിതം വാടിക്കരിഞ്ഞുപോവുകയില്ല. പിന്നെ ആശങ്കയ്ക്ക്, ഉല്‍ക്കണ്ഠയ്ക്ക്, ഇടമെവിടെ?
ഉറച്ച വിശ്വാസമാണ് ഭയത്തിനുള്ള പ്രതിവിധി എന്ന് നാം കണ്ടുകഴിഞ്ഞു. അപ്പോള്‍ നിങ്ങള്‍ ചോദിക്കും: എന്റെ വിശ്വാസം ദുര്‍ബലമാണ്. എങ്ങനെ എന്റെ വിശ്വാസം ശക്തമാക്കാം? സമകാലിക വെളിപാടിലൂടെ യേശുതന്നെ ഈ ചോദ്യത്തിന് ഉത്തരം നല്‍കുന്നുണ്ട്. ഒരു വിശ്വാസപ്രകരണം ചൊല്ലുക. ഉദാഹരണമായി: ‘യേശുവേ, ഞാന്‍ അങ്ങയില്‍ ശരണപ്പെടുന്നു.’ ഇത്തരത്തിലുള്ള ചെറിയ വിശ്വാസത്തിന്റെ പ്രാര്‍ത്ഥനയ്ക്ക് അതിശയകരമായ ശക്തിയുണ്ട്. അത് ചൊല്ലുമ്പോള്‍ ഭയംകൊണ്ടും നിരാശകൊണ്ടും തണുത്തുറഞ്ഞ നമ്മുടെ ഹൃദയം ചൂടുപിടിക്കുവാന്‍ തുടങ്ങും. അതൊരു തീപ്പൊരിയാണ്. അത് കെടാതെ സൂക്ഷിക്കുക, നിരന്തരം ചൊല്ലിക്കൊണ്ട് അനുസ്യൂതം ഊതിക്കത്തിച്ചുകൊണ്ടിരിക്കുക. ഹൃദയം വലിയ വിശ്വാസാഗ്നിയാല്‍ ആളിക്കത്തുവാന്‍ തുടങ്ങും. നിന്റെ ജീവിതം ചൂടു പിടിക്കും.
ഒരു ബനഡിക്ടന്‍ സന്യാസിക്ക് നല്‍കിയ ദര്‍ശനത്തിലാണ് യേശു ഇക്കാര്യം നമ്മെ ഓര്‍മിപ്പിക്കുന്നത്: ”ചെറിയ ഒരു വിശ്വാസപ്രകരണം ചൊല്ലി
യാല്‍ മാത്രംമതി ഈ കഷ്ടപ്പാടില്‍നിന്ന് അവര്‍ക്ക് കരകയറാന്‍. അത് അന്ധകാരത്തെ അകറ്റിക്കളയും. നിരാശയില്‍നിന്ന് അവരെ കരകയറ്റും. ഒരു ചെറിയ വിശ്വാസപ്രകരണത്തിന് അപാരമായ ശക്തിയുണ്ട്. പാപത്തിന്റെയും അവിശ്വാസത്തിന്റെയും തണുത്തുമരവിച്ച വിശാലാന്ധകാരത്തില്‍ അതൊരു അഗ്നിസ്ഫുലിംഗവും പ്രകാശവുമാകും” (ഇന്‍ സിനു ജേസു, പേജ് 428,429).
‘യേശുവേ, ഞാന്‍ അങ്ങയില്‍ ശരണപ്പെടുന്നു’ എന്ന് നിരന്തരം പ്രാര്‍ത്ഥിക്കുന്ന ഒരു വ്യക്തി യേശുവിന്റെ വക്ഷസില്‍ ചാരിക്കിടക്കുകയാണ്. അപ്പോള്‍ എന്ത് സംഭവിക്കും? യേശുവിന്റെ ഹൃദയത്തിന്റെ ചൂട് ആ വ്യക്തിയുടെ ഹൃദയത്തെയും ജീവിതത്തെയും ചൂടുപിടിപ്പിച്ചുകൊണ്ടിരിക്കും. ഭയത്തെ കീഴടക്കുവാന്‍ ഇതിലും നല്ലൊരു പോംവഴിയില്ലല്ലോ. അതിനുള്ള കൃപയ്ക്കായി നമുക്ക് ഇപ്പോള്‍ത്തന്നെ ഒരു നിമിഷം പ്രാര്‍ത്ഥിക്കാം:
ഓ, കര്‍ത്താവേ, ഞാന്‍ പലപ്പോഴും ഭയത്തിന് അടിമയായിപ്പോകുന്നു. എനിക്ക് ആരെയും പേടിയില്ല എന്ന് ഞാന്‍ പറയുമ്പോഴും എന്റെ യഥാര്‍ത്ഥ അവസ്ഥ അവിടുന്ന് മാത്രമേ അറിയുന്നുള്ളൂ. അങ്ങയുടെ കൂടെ സഞ്ചരിക്കുന്ന അവസരത്തില്‍പ്പോലും ഞാന്‍ ഭയാധീനനാകുന്നുണ്ട്. കര്‍ത്താവേ, എന്റെ വിശ്വാസം വര്‍ധിപ്പിക്കണമേ. അങ്ങയില്‍ എന്റെ ഹൃദയവും ജീവിതവും ഉറപ്പിക്കുവാന്‍ എന്നെ അനുഗ്രഹിച്ചാലും. അങ്ങ് എപ്പോഴും എന്റെ നാഥനും കര്‍ത്താവും സൂക്ഷിപ്പുകാരനും ആയിരിക്കണമേ. അങ്ങയുടെ വക്ഷസില്‍ ചാരിക്കിടക്കുവാനുള്ള കൃപ എനിക്ക് നല്‍കി അനുഗ്രഹിക്കണമേയെന്ന് മാത്രം ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. പരിശുദ്ധ അമ്മേ, ദൈവമാതാവേ, വിശുദ്ധ ഔസേപ്പിതാവേ, യേശുസാന്നിധ്യം നിരന്തരം അനുഭവിക്കുന്ന ഭയത്തെ കീഴടക്കുന്ന ഒരു ജീവിതം നയിക്കുവാന്‍ എനിക്കായി പ്രാര്‍ത്ഥിക്കണമേ, ആമ്മേന്‍.
കെ.ജെ. മാത്യു