പീറ്റര്‍ സര്‍സിച്ച് അന്ന് വീട്ടിലെത്തിയപ്പോള്‍ നല്ല ചുമയും ക്ഷീണവും. തുഴച്ചില്‍ ക്യാംപ് കഴിഞ്ഞ് വന്നതിന്റെ ബാക്കിപത്രമായി ന്യൂമോണിയ ഉണ്ടോ എന്ന് കുടുംബാംഗങ്ങള്‍ സംശയിച്ചു. അതിനാല്‍ നേരെ ആശുപത്രിയിലേക്ക്… തുടര്‍ന്ന് വിശദമായ പരിശോധനകള്‍… ഞെട്ടിക്കുന്ന വിവരമാണ് ആ കുടുംബത്തെ കാത്തിരുന്നത്, പതിനേഴുകാരനായ പീറ്റര്‍, നോണ്‍-ഹോഡ്ജ്കിന്‍സ് ലിംഫോമ എന്ന ക്യാന്‍സറിന്റെ നാലാം ഘട്ടത്തിലാണ്! ശ്വാസകോശത്തില്‍ വലിയൊരു മുഴയുണ്ട്.
2011 ജൂലൈ മാസമായിരുന്നു അത്. പെട്ടെന്നുതന്നെ ചികിത്സകള്‍ ആരംഭിച്ചു. അനേക തവണകള്‍ ദീര്‍ഘിച്ച കീമോതെറാപ്പി. പീറ്റര്‍ വിഷാദത്തിലേക്ക് നീങ്ങി. വിഷാദത്തിന് മരുന്നുകഴിക്കേണ്ട അവസ്ഥയിലെത്തിയ പീറ്ററിന്റെ മനസിലെ ചോദ്യം വലുതായിരുന്നു, എന്തുകൊണ്ട് തനിക്കിങ്ങനെയൊരു ഗതി വന്നുചേര്‍ന്നു? അതിനുമുമ്പ് ഉറച്ച വിശ്വാസം പുലര്‍ത്തിയിരുന്ന, വൈദികനാകണമെന്ന് ചിന്തിക്കുകപോലും ചെയ്തിരുന്ന, കൗമാരക്കാരനായിരുന്നു പീറ്റര്‍. എന്നാല്‍ ഇപ്പോഴാകട്ടെ, ദിവ്യകാരുണ്യം സ്വീകരിക്കാന്‍പോലും അവന് താത്പര്യമില്ലാതായി. പക്ഷേ അമ്മയ്ക്ക് ആഗ്രഹം, മകന് ദിവ്യകാരുണ്യം സ്വീകരിക്കണമെന്ന്. അതിനാല്‍ അമ്മയെ ഒന്ന് സന്തോഷിപ്പിക്കാന്‍വേണ്ടി ദിവ്യകാരുണ്യം സ്വീകരിക്കാന്‍ പീറ്റര്‍ തയാറായി.
അങ്ങനെ യേശുവിന്റെ തിരുശരീരം ദിവ്യകാരുണ്യമായി തനിക്കുമുന്നിലെത്തിയ നിമിഷം. ആ തിരുവോസ്തി കയ്യിലെടുത്ത് വൈദികന് ഉച്ചരിച്ചു, ”ഇതാ, ദൈവത്തിന്റെ കുഞ്ഞാട്!” ആ സമയത്ത് ഈശോ പീറ്ററിന് അനുഭവിക്കാവുന്ന വിധത്തില്‍ ശക്തമായി അവനോട് ഇടപെട്ടു. അവിടുത്തെ സ്വരം ഹൃദയത്തിന്റെ ആഴങ്ങളില്‍നിന്ന് അവന് വ്യക്തമായി കേള്‍ക്കുകയായിരുന്നു. അവിടുന്ന് പറഞ്ഞു, ”ഇത് വളരെ കഠിനമാണ് എന്നെനിക്കറിയാം. ഈ സഹനം ഞാന്‍ നിന്നില്‍നിന്ന് എടുത്തുനീക്കാന്‍ പോകുന്നില്ല, പക്ഷേ ഈ കഠിനതകളിലെല്ലാം ഞാന്‍ നിന്നോടൊപ്പം ആയിരിക്കും!”
ഒന്നും മാറിയില്ല എന്നാല്‍, എല്ലാം മാറിമറിഞ്ഞു എന്ന് പറയാവുന്ന ഒരു സമയമായിരുന്നു അതെന്ന് പിന്നീട് പീറ്റര്‍ പങ്കുവച്ചു.
അസാധാരണ ആഗ്രഹം
ആയിടെയാണ് ‘മേക്ക് എ വിഷ് ഫൗണ്ടേഷന്’ പീറ്ററിന്റെ ആഗ്രഹം സാധിച്ചുനല്കാന് സഹായവുമായെത്തിയത്. മാരകമായ അസുഖങ്ങള്‍ ബാധിച്ച കുട്ടികളുടെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ മുന്‍കൈയെടുക്കുന്ന സംഘടനയാണ് ‘മേക്ക് എ വിഷ് ഫൗണ്ടേഷന്.’ സാധാരണയായി ഒരു കൗമാരക്കാരനില്‍നിന്ന് പ്രതീക്ഷിക്കാത്ത ആഗ്രഹമാണ് പീറ്റര്‍ പ്രകടിപ്പിച്ചത്, ”വത്തിക്കാനില്‍ പോയി ബനഡിക്റ്റ് പതിനാറാമന്‍ പാപ്പയെ കാണണം!”
ആഗ്രഹപൂര്‍ത്തിക്കായുള്ള ശ്രമങ്ങളുടെ ഫലമായി 2012 മെയ്മാസത്തില്‍ പീറ്ററിന് പാപ്പയെ കാണാന്‍ അവസരം ഒരുങ്ങി. പാപ്പ പൊതുദര്‍ശനം നടത്തുന്ന സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം പീറ്റര്‍ എത്തി. വരിയായി കാത്തുനില്ക്കുന്നവരെല്ലാം പാപ്പയ്ക്ക് നല്കാന് വിലയേറിയ സമ്മാനങ്ങളും കരുതിയിട്ടുണ്ട്. പീറ്ററിന്റെ കയ്യില്‍ ഒന്നുമില്ല. അപ്പോഴാണ് പിതാവ് അവനോട് പറഞ്ഞത് അവന്റെ കൈയിലെ പച്ച ബാന്‍ഡ് പാപ്പയ്ക്ക് നല്കാന്. ”റോമാ 8/28- പീറ്ററിനായി പ്രാര്‍ത്ഥിക്കുന്നു” എന്ന ലിഖിതമുള്ള ബാന്‍ഡായിരുന്നു അത്, കൂട്ടുകാരന് തയാറാക്കി നല്കിയ ബാന്‍ഡ്.
പിതാവിന്റെ നിര്‍ദേശം പീറ്ററിന് സ്വീകാര്യമായിരുന്നു. പാപ്പ സമീപിച്ചപ്പോള്‍ അവന് അത് പാപ്പയ്ക്ക് സമ്മാനിച്ചു. ”ഓ, നീ ഇംഗ്ലീഷ് സംസാരിക്കും അല്ലേ?” എന്ന് ചോദിച്ച പാപ്പ പീറ്ററിനെ ആശീര്‍വദിച്ചു. അവന്റെ ചങ്കില് കൈവച്ചാണ് ആശീര്‍വാദം നല്‍കിയത്. സാധാരണയായി ശിരസിലാണല്ലോ കൈവച്ച് ആശീര്‍വാദം നല്‍കുക. എന്നാല്‍ പാപ്പ കൃത്യമായി ശ്വാസകോശത്തില്‍ മുഴയുള്ള സ്ഥലത്താണ് കൈവച്ചത്, അതേക്കുറിച്ച് പറഞ്ഞിരുന്നില്ലെങ്കിലും! തുടര്‍ന്ന് പാപ്പ അല്പസമയം പീറ്ററിന്റെ വിവരങ്ങള്‍ കേട്ടു. തനിക്കൊരു വൈദികനാകണമെന്ന് ആഗ്രഹമുണ്ടെന്ന് പീറ്റര്‍ പാപ്പയോട് പങ്കുവയ്ക്കുകയും ചെയ്തു. ആ സംഭവം നിര്‍ണായകമായ സ്വാധീനമാണ് പീറ്ററിന്റെ ജീവിതത്തില്‍ ചെലുത്തിയത്. പുതിയൊരു വെളിച്ചം കടന്നുവന്നതുപോലെ…
മറ്റ് പ്രകടമായ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. എന്നാല്‍, രോഗത്തെ പീറ്റര്‍ കര്‍ത്താവിനോടൊപ്പം നേരിട്ടു. ചികിത്സകള്‍ തുടര്‍ന്നു. അതിന്റെ ഫലമായി 2013-ഓടെ ക്യാന്‍സറില്‍നിന്ന് വിമുക്തനായി എന്ന് പരിശോധനകള്‍ വ്യക്തമാക്കി.
വര്‍ഷങ്ങള്‍ കടന്നുപോയി. ആറടി ആറിഞ്ചുകാരനായി വളര്‍ന്ന ലാക്രോസ് കളിക്കാരന്‍കൂടിയായ പീറ്ററിന്റെ ഉള്ളില്‍ നാമ്പിട്ട പഴയ ആഗ്രഹം വിടര്‍ന്നു, വൈദികനാകണം! പിന്നീട് അതിലേക്കുള്ള യാത്രയായിരുന്നു. സെമിനാരിയില്‍ പ്രവേശനം നേടി. പരിശീലനം പൂര്‍ത്തിയാക്കി 2021-ല്‍ പീറ്റര്‍ വൈദികനായി, ഫാ. പീറ്റര്‍ സര്‍സിച്ച്.
കഠിനതകളുടെ കാലത്ത്, പ്രിയകൂട്ടുകാരന് തയാറാക്കിയ ബാന്‍ഡിലെ വചനം അന്നും ഇന്നും ഫാ. പീറ്ററിന് ഏറെ ഇഷ്ടം. ”ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക് അവിടുന്ന് സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്ന് നമുക്കറിയാമല്ലോ” (റോമാ 8/28).