അമ്മച്ചിയുടെ ഫോണ്‍കോള്‍ – Shalom Times Shalom Times |
Welcome to Shalom Times

അമ്മച്ചിയുടെ ഫോണ്‍കോള്‍

ഒരിക്കല്‍ ഒരു അമ്മച്ചി ഫോണില്‍ വിളിച്ചു, മക്കളില്ലാത്ത സമയത്ത്. അമ്മച്ചിയുടെ ആവശ്യം മറ്റൊന്നുമല്ല, ‘എനിക്കൊന്ന് കുമ്പസാരിക്കണം.’
മക്കള്‍ സമ്മതിക്കില്ല. നടക്കാന്‍ കഴിയാത്തതുകൊണ്ട് വാഹനം ഏര്‍പ്പാടാക്കി പോകണം. അതിന് വലിയ ചിലവാണെന്നാണ് മക്കള്‍ സൂചിപ്പിച്ചത്. അവര്‍ അത്ര മോശം സാമ്പത്തികസ്ഥിതിയിലുള്ളവരല്ല എന്നുകൂടി ഓര്‍ക്കണം. കൂടെ ഒരു കമന്റും പാസാക്കിയെന്നാണറിഞ്ഞത്, ”കഴിഞ്ഞ വര്‍ഷം കുമ്പസാരിച്ചതല്ലേ? ഉടനെയെങ്ങും ചാകില്ല.”

ഇതവിടെ നില്‍ക്കട്ടെ. എന്റെ ഇടവകയില്‍ നടന്ന ഒരു സംഭവം പങ്കുവയ്ക്കാം. മരിച്ച ആള്‍ക്കുവേണ്ടി വിശുദ്ധ കുര്‍ബാനയും ഒപ്പീസും. അന്ന് ഒരു ചൊവ്വാഴ്ചയായിരുന്നു. വിശുദ്ധ കുര്‍ബാന മഠത്തിലാണ് ക്രമീകരിച്ചിരുന്നത്. ഒപ്പീസ് അവിടെ ചൊല്ലി. തിരികെ പോകുമ്പോള്‍ കല്ലറയില്‍ വയ്ക്കാന്‍ കൊണ്ടുവന്ന പൂക്കള്‍ ദൂരേക്ക് എറിയുന്നതാണ് കണ്ടത്. ഞാന്‍ പറഞ്ഞു, ”പൂക്കള്‍ കല്ലറയില്‍ വയ്ക്കാന്‍ കൊണ്ടുവന്നതല്ലേ. അത് കൊണ്ടുവയ്ക്കാന്‍ മേലായിരുന്നോ?”
”ഓ, അതിനൊന്നും സമയമില്ല!”

ഇനി വേറെ ചിലരുണ്ട്. മരിച്ചവര്‍ക്കായുള്ള വിശുദ്ധ കുര്‍ബാനയ്ക്ക് പണം കൊടുക്കും. പക്ഷേ അവര്‍ ആരും കുര്‍ബാനയ്ക്ക് വരികയില്ല. അച്ചനെ രൂപ ഏല്‍പിച്ചാല്‍ അവരുടെ ഉത്തരവാദിത്വം തീര്‍ന്നെന്നാണ് കരുതുന്നത്.
ഇതെല്ലാം ആധാരമാക്കി ഒന്നേ പറയാനുള്ളൂ, നിങ്ങള്‍ക്കു വേണ്ടത് നിങ്ങള്‍തന്നെ ‘ആവുന്ന കാലത്ത്’നിക്ഷേപിക്കുക. ആരുടെയും സൗജന്യം പ്രതീക്ഷിക്കരുത്. കിട്ടിയെങ്കില്‍ കിട്ടിയെന്നു മാത്രം. ഈ ഈരടികള്‍ ശ്രദ്ധിക്കൂ,
”കൂടെ പോരും നിന്‍ ജീവിതചെയ്തികളും.”

ഇനി മറ്റൊരു കാര്യം. നമുക്ക് ആരോഗ്യമുള്ള കാലത്തേ സ്വാതന്ത്ര്യത്തോടെ നമുക്ക് ആരാധനയ്ക്ക് പോകാന്‍ പറ്റൂ. പ്രായമായാല്‍ പിന്നെ മക്കളുടെ നിയന്ത്രണത്തിലാകും. പള്ളിയില്‍ പോകാന്‍ ഇറങ്ങിയ ഒരമ്മച്ചിയോട് ഒരു ഒറ്റപ്പുത്രന്റെ പ്രതികരണം: ‘മര്യാദക്ക് വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരിക്ക്. പള്ളിയില്‍ പോയി വന്നിട്ട് ഇവിടെ കിടന്ന് പ്രശ്‌നമുണ്ടാക്കണ്ട.’ പള്ളിയില്‍ പോയാല്‍ രോഗവും ക്ഷീണവുമായി കിടപ്പായാലോ എന്ന ചിന്തയാണ് മകന്.
കുമ്പസാരിക്കാന്‍ ആഗ്രഹം പറഞ്ഞ ഒരു അമ്മച്ചിയോട് പുത്രന്റെ ഉപദേശം: ‘അത് തമ്പുരാനോട് നേരിട്ട് പറഞ്ഞാല്‍ മതി. അങ്ങേര്‍ക്കറിയാം.’

ആവുന്ന കാലത്ത് പള്ളിയില്‍ പോയതും വിശുദ്ധ കൂദാശകള്‍ യോഗ്യതയോടെ സ്വീകരിച്ചതും പില്ക്കാലത്ത് അഭിമാനത്തോടെ ഓര്‍ക്കാം. സാധിക്കുന്ന പുണ്യപ്രവൃത്തികള്‍ ചെയ്ത ആ നല്ല ദിനങ്ങള്‍. അതിനാല്‍, ”സല്‍കൃത്യങ്ങള്‍ ചെയ്യുക നീ, അലസത കൂടാതെ.”
മാതാപിതാക്കള്‍ മരിച്ചാല്‍ ഇന്ന് എത്രപേര്‍ 41 ദിവസം നോമ്പ് നോക്കും? ഇപ്പോള്‍ ഏഴും പതിനൊന്നുമെങ്കിലും ചിലര്‍ നോക്കും. അത് കാലക്രമേണ മൂന്നായി ചുരുങ്ങാം. മീനും ഇറച്ചിയുമൊന്നും കൂടാതെ ഞങ്ങള്‍ക്കാവില്ല. മരിച്ചവര്‍ മരിച്ചു.
‘കൂലിപ്പണിക്കാര്‍ക്ക് നോമ്പ് പറ്റില്ല. പുറത്ത് ജോലി ഉള്ളവര്‍ക്കും പറ്റില്ല. ബിസിനസുകാര്‍ക്ക് പറ്റില്ല. ഉദ്യോഗസ്ഥന്മാര്‍ക്കും പറ്റില്ല. പലരുമായും പല മതസ്ഥരുമായും ബന്ധപ്പെടുന്നതല്ലേ? ഡ്രൈവര്‍മാര്‍ക്കും പറ്റില്ല. ഹോട്ടലില്‍ കയറിപ്പോയി… മീന്‍ചാറാണ്… അറിയാതെ കൂട്ടിപ്പോയി. ഇനി നോക്കിയിട്ടു കാര്യമില്ലല്ലോ?’ അഭിപ്രായങ്ങളില്‍ ചിലത് മാത്രം.

ഇനി മറ്റൊരു രസകരമായ അഭിപ്രായം. ‘പുള്ളിക്കാരന്റെ അപ്പന്‍ മരിച്ചതിന് ഞാന്‍ നോക്കിയില്ലേലും കുഴപ്പമില്ലല്ലോ.’ ഇത് നേരെ തിരിച്ചും – ‘അവളുടെ വീട്ടുകാര്‍ മരിച്ചതിന് ഞാന്‍ നോക്കണോ?’ എല്ലാവരെയും അടച്ചാക്ഷേപിക്കുകയല്ല കേട്ടോ. ആയിരത്തില്‍ ഒന്നാണെങ്കില്‍പോലും ഇവരും നമ്മുടെ പ്രതിനിധിയാണെന്ന് മറക്കരുത്.
ഇത്രയും വിശദമായി കുറിക്കാന്‍ കാരണമുണ്ട്. നമുക്കുവേണ്ടിയുള്ള ഏറ്റവും പ്രയോജനകരമായ സമ്പാദ്യം, ജീവിച്ചിരിക്കുമ്പോള്‍ നമുക്ക് സമ്പാദിക്കാം. ബാക്കിയൊക്കെ കിട്ടിയാല്‍ കിട്ടി. നിത്യജീവനും പരിശുദ്ധ കുര്‍ബാനയുമായിട്ടാണ് ഏറ്റവും ബന്ധം. അതുകൊണ്ട് പരിശുദ്ധ കുര്‍ബാനയെ എടുത്തു കാണിച്ചെന്നേയുള്ളൂ. ഇപ്രകാരം നമുക്ക് ആവുന്ന കാലത്ത് പല സത്കൃത്യങ്ങളും ചെയ്യാനുണ്ട്. ഓരോ ദിവസവും ബലിയോട് ചേര്‍ന്നുനില്‍ക്കുന്നവരുടെ ജീവിതത്തില്‍ ബാക്കിയെല്ലാം ഈശോ വെളിപ്പെടുത്തി കൊടുത്തുകൊള്ളും.
അക്ഷയഭാഗ്യം നേടാനുതകും
നിക്ഷേപങ്ങള്‍ കരുതുക നമ്മള്‍

തങ്കച്ചന്‍ തുണ്ടിയില്‍