ചെയ്യാത്ത തെറ്റിന്റെ ഭാരം ചുമക്കുന്നവര്‍ – Shalom Times Shalom Times |
Welcome to Shalom Times

ചെയ്യാത്ത തെറ്റിന്റെ ഭാരം ചുമക്കുന്നവര്‍

ഈ സംഭവം നടന്നത് കര്‍ണാടകയിലെ കുടക് ജില്ലയില്‍ സാബവനഹള്ളി ഗ്രാമത്തിലാണ്. സുരേഷും ഭാര്യ മല്ലികയും ശാന്തമായി ജീവിച്ചുവരവേ 2019-ല്‍ പെട്ടെന്ന് മല്ലികയെ കാണാതായി. ദുഃഖിതനായ സുരേഷ് പോലീസില്‍ പരാതി കൊടുത്തു. 2022-ല്‍ ഗ്രാമത്തിനടുത്തുള്ള നദീതീരത്ത് കണ്ടെത്തിയ സ്ത്രീയുടെ അസ്ഥികൂടം മല്ലികയുടേതാണെന്ന നിഗമനത്തില്‍ പോലീസെത്തി. ശവദാഹക്രിയകളൊക്കെ നടത്തി ദുഃഖിതനായിരിക്കുന്ന സുരേഷ് പെട്ടെന്ന് ആരുടെയോ സംശയത്തിന്റെ നിഴലിലായി. നാട്ടുകാര്‍ പറഞ്ഞുപരത്തി – മല്ലികയെ സുരേഷ് കൊന്നു കുഴിച്ചുമൂടിയതാണെന്ന്. പോലീസ് കൊലപാതകക്കുറ്റത്തിന് കേസെടുത്തു. സുരേഷിനെ കോടതി ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു.

കൊല്ലപ്പെട്ടെന്നു കരുതിയ മല്ലികയെ 2025-ല്‍ ഇരുപതു കിലോമീറ്റര്‍ അകലെയുള്ള പട്ടണത്തിലെ ഒരു ഹോട്ടലില്‍വച്ച് കാമുകനൊപ്പം യാദൃശ്ചികമായി നാട്ടുകാര്‍ കണ്ടെത്തി. അവര്‍ ഫോട്ടോയെടുത്തു. പോലീസില്‍ പരാതിപ്പെട്ടു. ‘മരിച്ച’ മല്ലികയെ പോലീസ് ജീവനോടെ കോടതിയില്‍ ഹാജരാക്കുകയും താന്‍ കൊല്ലപ്പെട്ടില്ലെന്നും കാമുകനൊപ്പം ഒളിച്ചോടിയതാണെന്നും അവള്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്തു. ഒന്നര വര്‍ഷത്തോളം കൊലപാതകക്കുറ്റത്തിന് ജയിലില്‍ കിടന്ന സുരേഷിനെ അതോടെ കോടതി കുറ്റവിമുക്തനാക്കി.
** ** **

യേശു പറഞ്ഞു: ”വിധിക്കപ്പെടാതിരിക്കുവാന്‍ നിങ്ങളും വിധിക്കരുത്. നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങള്‍ അളക്കുന്ന അളവുകൊണ്ട് തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും” (മത്തായി 7:1-2).
ഭാര്യ നഷ്ടപ്പെട്ട ദുഃഖത്തില്‍ കഴിഞ്ഞിരുന്ന സുരേഷിനെക്കുറിച്ച് നാട്ടുകാരില്‍ ആരോ ഒരാള്‍ക്കായിരിക്കാം ആദ്യമായി സംശയം തോന്നിയത്. അത് മറ്റുള്ളവരോട് പങ്കുവച്ചപ്പോള്‍ അവര്‍ക്കും സംശയമായി. ക്രമേണ സംസാരത്തിലൂടെ നാടുമുഴുവന്‍ പടര്‍ന്ന സംശയം പോലീസിനെയും സ്വാധീനിച്ചു.

ഒടുവില്‍ മര്‍ദനം സഹിക്കവയ്യാതെ സുരേഷ് ചെയ്യാത്ത തെറ്റ് ഏറ്റുപറഞ്ഞു. കൊലപാതകിയായി ജയിലിലായി. ആ മനുഷ്യന്‍ അനുഭവിച്ച ശാരീരികവും മാനസികവുമായ വേദന – അനേകര്‍ നടത്തിയ പരദൂഷണവും കിംവദന്തിയുംമൂലമാണ്. സത്യമറിയാതെ കേള്‍ക്കുന്നതെല്ലാം പറഞ്ഞുപരത്തുമ്പോള്‍ നാം ചെയ്യുന്ന അപരാധം എത്രയോ വലുതാണ്.

കോടതി വിധിച്ചതുകൊണ്ടോ സാഹചര്യത്തെളിവുകള്‍ പ്രതികൂലമായതുകൊണ്ടോ കേസെടുത്തതുകൊണ്ടോ ഒരാള്‍ തെറ്റുകാരനാകണമെന്ന് നിര്‍ബന്ധമില്ല. മാധ്യമങ്ങള്‍ നടത്തുന്ന വിചാരണയിലും വിധിയിലും ആത്മീയമനുഷ്യന്‍ ഒരിക്കലും പങ്കുചേരരുത്.
ഒരിക്കല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഒരു ആത്മീയ ശുശ്രൂഷയ്ക്കായി എത്തിയ മോണ്‍. സി.ജെ. വര്‍ക്കിയച്ചനോടും ടീമംഗങ്ങളോടും ജയില്‍സൂപ്രണ്ട് ഇങ്ങനെ പറഞ്ഞു:

”ഫാദര്‍, ഇതിനകത്ത് കിടക്കുന്ന പല മനുഷ്യരും പുറത്തു നടക്കുന്ന മനുഷ്യരെക്കാള്‍ നിഷ്‌കളങ്കരാണ്. പക്ഷേ അവരുടെ നിഷ്‌കളങ്കത കോടതിയില്‍ തെളിയിക്കുവാന്‍ അവര്‍ക്ക് സാധിക്കാതെ പോയി – അത്രമാത്രം.”
ഓരോ ദിവസവും നമ്മള്‍ എത്രയോ പേരെ വിധിക്കുന്നു. പലപ്പോഴും അതൊരു സ്വഭാവമായി മാറിയതിനാല്‍ നമുക്കതിനെക്കുറിച്ചുള്ള അവബോധവുമില്ല. നമ്മുടെ ആത്മീയ ജീവിതത്തെ മുരടിപ്പിക്കുകയും ദൈവസാന്നിധ്യം നഷ്ടപ്പെടുത്തുകയും ചെയ്യുന്ന ഈ തിന്മയെ പരിശുദ്ധാത്മാവിന്റെ സഹായത്താല്‍ കീഴടക്കാന്‍ നമുക്ക് തീരുമാനമെടുക്കാം.

കര്‍ത്താവേ… എന്റെ അധരവും ഹൃദയവും മലിനമാണെന്ന് ഞാന്‍ തിരിച്ചറിയുന്നു. മറ്റുള്ളവരെ നിരന്തരം വിധിക്കുകയും കിംവദന്തികള്‍ സത്യമെന്നപോലെ പറഞ്ഞുപരത്തുകയും ചെയ്യുകവഴി മറ്റുള്ളവര്‍ക്കും സമൂഹത്തിനും ചെയ്ത ദോഷത്തെയോര്‍ത്ത് ഞാന്‍ ദുഃഖിക്കുന്നു. അങ്ങയുടെ തിരുരക്തത്താല്‍ എന്നെ കഴുകി വിശുദ്ധീകരിക്കുകയും പരിശുദ്ധാത്മാവിനാല്‍ ശക്തിപ്പെടുത്തുകയും ചെയ്യണമേ ആമേന്‍.

സോളമന്‍