എങ്ങനെ മെച്ചപ്പെടുത്താം? – Shalom Times Shalom Times |
Welcome to Shalom Times

എങ്ങനെ മെച്ചപ്പെടുത്താം?

പത്താം ക്ലാസിലെ മോഡല്‍ പരീക്ഷയ്ക്ക് മാര്‍ക്ക് കുറവായിരുന്നു. ടീച്ചറെ ചെന്നുകണ്ടപ്പോള്‍ കാരണം പറഞ്ഞുതന്നു. വേണ്ടതുപോലെ എഴുതിയിട്ടില്ല. പ്രത്യേകിച്ച് മലയാളം പോലെയുള്ള വിഷയങ്ങള്‍. ഞാന്‍ ആകെ വിഷമത്തിലായി. എങ്ങനെ ശരിയാക്കും? ആ അന്വേഷണത്തിന്റെ ഫലമായി അന്ന് കണ്ടെത്തിയ മാര്‍ഗം ഇന്നും എന്നെ ഏറെ സഹായിക്കുന്നുണ്ട്. അത് മറ്റൊന്നുമല്ല, ക്ലാസില്‍ ഉയര്‍ന്ന മാര്‍ക്കുള്ള കുട്ടിയുടെ ഉത്തരക്കടലാസ് നോക്കി എങ്ങനെയാണ് ആ കുട്ടി ഉത്തരങ്ങള്‍ എഴുതിയിരിക്കുന്നത് എന്ന് മനസ്സിലാക്കുക. പിന്നീട് നടന്ന മെയിന്‍ പരീക്ഷയ്ക്ക് ഉന്നതവിജയമാണ് എനിക്ക് ലഭിച്ചത്.

നമ്മുടെ സുവിശേഷവേലയുടെ ശൈലിയും ഇതുപോലെ മെച്ചപ്പെടുത്തണം. നമ്മുടെ ശുശ്രൂഷകള്‍ വിജ്ഞാനംകൊണ്ടോ സാങ്കേതിക മികവുകൊണ്ടോ മാത്രം മെച്ചപ്പെട്ടാല്‍ പോരാ. മറിച്ച് ആത്മാവിന്റെയും ശക്തിയുടെയും വെളിപ്പെടുത്തല്‍ വഴി സുവിശേഷവേലയില്‍ പുരോഗതി ഉണ്ടാകണം. അതിനുവേണ്ടിയാണ് നാം അധ്വാനിക്കേണ്ടത്. നമ്മുടെ ശുശ്രൂഷകളുടെ ശ്രദ്ധാകേന്ദ്രം, അതായത് പ്രധാനപ്രമേയം, ഈശോമിശിഹായെന്ന വ്യക്തി ആകുമ്പോഴാണ് ശുശ്രൂഷകളില്‍ ആത്മാവും ശക്തിയും വെളിപ്പെടുക.

അതില്‍ നാം അനുഭവിക്കുന്ന ആദ്യത്തെ പോരായ്മ, നാം ആരെക്കുറിച്ച് പറയുന്നുവോ അവനെക്കുറിച്ചുള്ള ശരിയായ അറിവ് കൈവരിച്ചിട്ടില്ല എന്നതാണ്. മുന്‍പ് ഈശോ ആരാണെന്ന് എനിക്ക് തീരെ വ്യക്തതയില്ലായിരുന്നു. അതുകൊണ്ടുതന്നെ എന്റെ സമര്‍പ്പണവും പോരായിരുന്നു. കഷ്ടപ്പെടാന്‍, നാണംകെടാന്‍, സമയം കൊടുക്കാന്‍- ഒന്നുംതന്നെ എനിക്ക് മനസ്സുകൊണ്ട് സാധ്യമായിരുന്നില്ല. ഈ അവസ്ഥക്ക് കുറച്ചൊക്കെ മാറ്റം വരുത്തിയത്, വിശുദ്ധ കുര്‍ബാനയിലെ പ്രാര്‍ത്ഥനകളും വിശ്വാസത്തെക്കുറിച്ചുള്ള വായനയുമാണ്.

ഈശോ ദൈവപുത്രന്‍ ആണെന്ന ബോധ്യം സുവിശേഷത്തില്‍ വിശ്വസിക്കുന്ന ഏതൊരാള്‍ക്കും അടിസ്ഥാനമായി ഉണ്ടായിരിക്കേണ്ട പ്രഥമബോധ്യമാണ്. യോഹന്നാന്‍ ശ്ലീഹ തന്റെ സുവിശേഷം എഴുതുന്നതുതന്നെ ഇത് നമ്മോട് പങ്കുവയ്ക്കാനാണ്. ”എന്നാല്‍, ഇവതന്നെയും എഴുതപ്പെട്ടിരിക്കുന്നത്, യേശു ദൈവപുത്രനായ ക്രിസ്തുവാണെന്നു നിങ്ങള്‍ വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുക നിമിത്തം നിങ്ങള്‍ക്ക് അവന്റെ നാമത്തില്‍ ജീവന്‍ ഉണ്ടാകുന്നതിനും വേണ്ടിയാണ്” (യോഹന്നാന്‍ 20 : 31).

വിശുദ്ധ കുര്‍ബാനയില്‍ യേശു ദൈവപുത്രനാണെന്ന് പറയുന്നുണ്ടോ? ഇതറിയാന്‍ ശ്രദ്ധയോടെ വിശുദ്ധ കുര്‍ബാനയില്‍ കാതോര്‍ത്തു നില്‍ക്കും. വിശുദ്ധബലിയുടെ മധ്യഭാഗത്ത് കാര്‍മ്മികന്‍ പ്രാര്‍ഥിക്കുന്നതില്‍നിന്നും (സീറോ മലബാര്‍ കുര്‍ബാനക്രമം- നാലാം ഗ്ഹാന്താ പ്രാര്‍ത്ഥന) ഇക്കാര്യം കേള്‍ക്കാന്‍ സാധിച്ചതിലൂടെ ഞാന്‍ തൃപ്തനായി.
രണ്ടാമത് വിശ്വാസസംബന്ധമായ വായനകള്‍. വിശുദ്ധ ഗ്രന്ഥ വായനയോടൊപ്പം വിശുദ്ധരുടെ പുസ്തകങ്ങളും വിശുദ്ധരെക്കുറിച്ചുള്ള പുസ്തകങ്ങളും വലിയവിധത്തില്‍ എന്നെ സഹായിച്ചിട്ടുണ്ട്. യേശുവിന്റെ കണ്ണുകളിലൂടെ, വിശുദ്ധിയുടെ വിജയരഹസ്യങ്ങള്‍, നവമാലിക, ആത്മമിത്രം എന്നിങ്ങനെയുള്ള സുന്ദരമായ രചനകള്‍ വളരെ സ്വാധീനിച്ചു. എന്നെ മാത്രമല്ല, എന്റെ സഹപാഠികളെപ്പോലും. ഇത്തരം പുസ്തകങ്ങള്‍ വായിക്കാന്‍ ഞങ്ങള്‍ പരസ്പരം പങ്കുവയ്ക്കുമായിരുന്നു. പിന്നീട് വിശുദ്ധ ഗ്രന്ഥം വായിക്കുമ്പോഴൊക്കെ ഈ വായന വളരെയേറെ സഹായിച്ചിട്ടുണ്ട് എന്നാണ് ഞങ്ങള്‍ പരസ്പരം പറഞ്ഞിരുന്നത്.

നമ്മുടെ വായനകളില്‍, ശുശ്രൂഷകളില്‍, ഒരു വ്യത്യാസം കൊണ്ടുവന്നാല്‍ നമ്മുടെ പ്രയത്‌നം പതിന്മടങ് ഫലം കാണും. അതിന് ഈശോയെക്കുറിച്ചുള്ള ശരിയായ അറിവ്, യഥാര്‍ത്ഥബോധ്യം, നമുക്ക് ആവശ്യമാണ്; പ്രത്യേകിച്ച് ഈ കാലഘട്ടത്തില്‍. അതിന് സഹായകമായ വിധത്തില്‍ നമ്മുടെ കാര്യങ്ങള്‍ ഇന്നുമുതല്‍ ക്രമീകരിക്കണം.
വായനയ്ക്ക് അതില്‍ വലിയ പ്രാധാന്യമുണ്ട്; നല്ലതും വിശുദ്ധവുമായ വായനയ്ക്ക്. നമ്മുടെ കുടുംബങ്ങളില്‍, വാഹനങ്ങളില്‍, സമയം ചെലവഴിക്കുന്ന സാഹചര്യങ്ങളില്‍ വിശുദ്ധ വായനയ്ക്ക് സാധ്യമായ വെബ്‌സൈറ്റുകള്‍, പുസ്തകങ്ങള്‍, ജേര്‍ണലുകള്‍, മാസികകള്‍ എന്നിവ കണ്ടുപിടിക്കുകയും അത് പ്രയോജനപ്പെടുത്തുകയും പങ്കുവയ്ക്കുകയും ചെയ്യുന്നത് എത്ര നല്ലതാണ്. എത്രയധികം സമയമാണ് മറ്റു കാര്യങ്ങള്‍ അറിയുന്നതിനായി- ജ്ഞാനസമ്പാദനത്തിനായി- നാം ചെലവഴിക്കുന്നത് എന്ന് തിരിച്ചറിഞ്ഞാല്‍ ഇത് സാധ്യമാണെന്ന് ബോധ്യപ്പെടും. നമ്മുടെ നിലവിലെ ശുശ്രൂഷകളില്‍, അത് എന്തുതന്നെയാകട്ടെ, സാക്ഷ്യമോ, പ്രസംഗമോ, ജീവകാരുണ്യപ്രവര്‍ത്തനമോ എന്തായാലും ഈശോയെക്കുറിച്ചുള്ള, വചനത്തെക്കുറിച്ചുള്ള ശരിയായ അറിവോടുകൂടിയാകുമ്പോള്‍ ഫലവും മെച്ചപ്പെട്ടതായിരിക്കും.

”ദൈവത്തെയും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെയും കുറിച്ചുള്ള പൂര്‍ണമായ പരിജ്ഞാനംമൂലം നിങ്ങളില്‍ കൃപയും സമാധാനവും വര്‍ധിക്കട്ടെ! തന്റെ മഹത്വത്തിലേക്കും ഔന്നത്യത്തിലേക്കും നമ്മെ വിളിച്ചവനെക്കുറിച്ചുള്ള പൂര്‍ണമായ അറിവിലൂടെ, നമ്മുടെ ജീവിതത്തിനും ഭക്തിക്കും ആവശ്യമായവയെല്ലാം അവന്റെ ദൈവികശക്തി നമുക്കു പ്രദാനം ചെയ്തിരിക്കുന്നു” (2 പത്രോസ് 1 : 2-3).
ഈ പുതുവര്‍ഷം, പുതിയ അഭിഷേകത്തില്‍ – പുതിയ ഉണര്‍വ്വില്‍ നമുക്ക് വചനത്തിന് സാക്ഷിയാകാം.

ബ്രദര്‍ അഗസ്റ്റിന്‍ ക്രിസ്റ്റി PDM