വിള്ളല്‍ തീരും ഒന്നാകും – Shalom Times Shalom Times |
Welcome to Shalom Times

വിള്ളല്‍ തീരും ഒന്നാകും

ചേര്‍ന്നുനില്‍ക്കുന്നതിനെ വേര്‍പിരിക്കുന്നത്, രണ്ടാക്കുന്നത് എന്നൊക്കെ അര്‍ത്ഥം പറയാവുന്ന ഒരു വാക്കാണ് ഡയബോളോസ്. ഈ വാക്കില്‍നിന്നാണ് ഡെവിള്‍ അഥവാ സാത്താന്‍ എന്ന പദം ഉരുത്തിരിയുന്നത്. സാത്താന്റെ പ്രധാന കര്‍ത്തവ്യവും അതുതന്നെയാണ്. ഒന്നിച്ചു നില്‍ക്കുന്നതിനെ വിഭജിക്കുക, രണ്ടോ അതിലധികമോ ആക്കി ചിതറിക്കുക. അവന്റെ നാമം അവന്‍ അര്‍ത്ഥവത്താക്കുന്നത് അവന്റെ പ്രവൃത്തിയിലൂടെതന്നെ. ദൈവവും മനുഷ്യനും ചേര്‍ന്ന് ഒന്നായി ജീവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു ഉല്‍പത്തിയില്‍. അന്ന് മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തിലും വിള്ളലുണ്ടായിരുന്നില്ല.

അവിടെയാണ്, ദൈവം പറഞ്ഞതൊക്കെ കള്ളമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട്, സാത്താന്‍ രംഗപ്രവേശം ചെയ്യുന്നത്. ആദ്യമേ സ്ത്രീയെ സമീപിച്ച അവന്‍, അവളും ദൈവപിതാവുമായുണ്ടായിരുന്ന ഐക്യം – ദൈവത്തില്‍ ഹവ്വയ്ക്ക് ഉണ്ടായിരുന്ന വിശ്വാസവും – തകര്‍ത്ത് അവളുടെമേല്‍ അധീശത്വം സ്ഥാപിച്ച് ദൈവത്തില്‍നിന്ന് വേര്‍പിരിക്കുന്നു. തുടര്‍ന്ന് ദൈവം കൂട്ടിച്ചേര്‍ത്ത സുപ്രധാന ബന്ധമായ പുരുഷനും സ്ത്രീയും തമ്മില്‍ വിള്ളലുണ്ടാക്കുന്നു. എന്റെ അസ്ഥിയുടെ അസ്ഥിയും മാംസത്തിന്റെ മാംസവും എന്ന ഒറ്റ ആലോചനയില്‍നിന്ന് ‘നീ എനിക്ക് തന്ന ഇവള്‍’ എന്ന അന്യത്വത്തിലേക്ക് ആദം താഴുന്നു. അടുത്ത തലമുറയിലേക്ക് കാലം ക്രമേണ കടന്നപ്പോള്‍ ഒന്നായിരിക്കേണ്ട മനുഷ്യര്‍ തമ്മില്‍ കലഹങ്ങള്‍ തുടങ്ങുന്നതും സഹോദരന്‍ സഹോദരനെ കൊല്ലുന്നതും നാം കാണുന്നു.

‘പാപം നിന്നില്‍ താത്പര്യം വച്ചിരിക്കുന്നു. നീ അതിനെ കീഴടക്കണം’ എന്ന പിതാവായ ദൈവത്തിന്റെ സ്‌നേഹ ഉപദേശം സ്വീകരിക്കുവാന്‍പോലും സാത്താന്റെ കുടില തന്ത്രങ്ങള്‍ കായേന് തടസമായി നിന്നു. വിഭജിക്കുക, ആത്മാവിന്റെ നാശം ഉറപ്പാക്കുക, ദൈവത്തിന്റെ മനുഷ്യനുവേണ്ടിയുള്ള രക്ഷാകരപദ്ധതിയെ തകര്‍ക്കുക എന്ന ഡയബോളോസ് തന്ത്രം തിരിച്ചറിയുവാന്‍ സാധിക്കാതിരുന്ന മനുഷ്യര്‍ പിന്നീടങ്ങോട്ട് സ്വയം സാത്താന് വിട്ടുകൊടുക്കുകയായിരുന്നു.

എങ്കിലും നോഹ, അബ്രഹാം, മോശ തുടങ്ങി ദൈവഹിതം തിരിച്ചറിയുവാന്‍മാത്രം എളിമപ്പെട്ടിരുന്ന കുറെപ്പേര്‍ എല്ലാ കാലഘട്ടങ്ങളിലും ദൈവികപദ്ധതിക്കായി സ്വയം സമര്‍പ്പിച്ചിരുന്നു. അവരുടെ വിശ്വാസംമൂലമായിരിക്കണം, അവരെപ്പോലെയുള്ളവരുടെ ത്യാഗോജ്വലവും സ്‌നേഹപൂര്‍ണവുമായ ജീവിതം കാരണമായിരിക്കണം മനുഷ്യകുലം നിലനിന്നതും അതിന്റെ ചരിത്രത്തെത്തന്നെ വിഭജിച്ചുകൊണ്ട് മനുഷ്യപുത്രന്‍ കടന്നുവന്നതും. ദൈവപിതാവുമായി ഒന്നാകുവാനുള്ള വഴി തുറന്നത് ആ കടന്നുവരവിലൂടെയാണ്. ഒരു ശിശുവായി ഭൂമിയിലേക്ക് ജനിച്ചുവീണ ആ മനുഷ്യപുത്രനെ സ്വീകരിച്ചുകൊണ്ട് നമുക്ക് ദൈവബന്ധത്തില്‍ വന്ന വിള്ളലുകള്‍ തീര്‍ക്കാം, ദൈവത്തോട് ഒന്നായിച്ചേരാം.

പോള്‍ മാത്യു