മഴക്കോളും വിനോദയാത്രയും – Shalom Times Shalom Times |
Welcome to Shalom Times

മഴക്കോളും വിനോദയാത്രയും

കേരളത്തിലെ അതിപ്രശസ്തനായ ധ്യാനഗുരുവായ ഒരു വൈദികന്‍, കണ്‍വെന്‍ഷന്‍ ഗ്രൗണ്ടുകളില്‍നിന്ന് മഴയെ അകറ്റിനിര്‍ത്തിയ അനുഭവം വിവരിക്കുന്നത് കേട്ടത് ഇപ്രകാരമാണ്. കണ്‍വെന്‍ഷന്‍ തുടങ്ങുന്നതിന് തൊട്ടുമുന്‍പ് ശക്തമായ മഴക്കോള് ഉണ്ടായപ്പോള്‍ അദ്ദേഹം വെളിപാട് 11:6 വചനം ഉച്ചത്തില്‍ പറഞ്ഞു പ്രാര്‍ത്ഥിച്ചു. ”തങ്ങളുടെ പ്രവചനദിവസങ്ങളില്‍ മഴ പെയ്യാതിരിക്കാന്‍വേണ്ടി ആകാശം അടയ്ക്കാനുള്ള അധികാരം അവര്‍ക്കുണ്ട്.”
സമീപപ്രദേശങ്ങളിലെല്ലാം മഴ പെയ്‌തെങ്കിലും കണ്‍വെന്‍ഷന്‍ ഗ്രൗണ്ടില്‍ മഴ പെയ്തില്ല. അതുകേട്ട ദിവസം മുതല്‍ ഈ വചനം എന്റെ ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞു.

കുറച്ചു നാളുകള്‍ കഴിഞ്ഞ് ഒരു ദിവസം ഓഫീസിലേക്ക് പോകാന്‍ ബൈക്ക് സ്റ്റാര്‍ട്ടാക്കിയപ്പോഴാണ് മനസിലാക്കിയത്, മഴക്കോട്ട് കാണുന്നില്ല. കുറച്ചു പരതിനോക്കിയെങ്കിലും കാണാന്‍ കഴിഞ്ഞില്ല. സമയവും വൈകി. ഓഫീസില്‍ കൃത്യസമയത്ത് എത്താന്‍ കഴിയില്ല. മഴക്കാലമായതിനാല്‍ ശക്തമായി മഴ വീണ്ടും പെയ്യാന്‍ തയാറെടുക്കുന്നു.
നനഞ്ഞു കുളിച്ചതുതന്നെ. രണ്ടും കല്‍പിച്ച് ബൈക്ക് ഓടിച്ച് റോഡില്‍ കയറിയപ്പോഴേക്കും മഴ ഒന്നും രണ്ടും തുള്ളികളായി വീഴാന്‍ തുടങ്ങി. ആവുന്നത്ര വേഗത്തില്‍ ബൈക്ക് ഓടിക്കാന്‍ തുടങ്ങിയപ്പോഴാണ് വെളിപാട് 11:6 മനസിലേക്ക് വന്നത്. ഉച്ചസ്വരത്തില്‍ വിശ്വാസത്തോടെ വചനം ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. റോഡില്‍ പെയ്തുകൊണ്ടിരുന്ന മഴ എന്റെ ബൈക്ക് പോകുന്നതിനനുസരിച്ച് മാറിമാറി പോകുന്നതായി എനിക്ക് അനുഭവപ്പെട്ടു. ഓഫീസിനെ സമീപിക്കാറായപ്പോഴേക്കും മഴ ശക്തി പ്രാപിക്കാനുള്ള സാധ്യതകള്‍ പ്രകടമായി. എന്റെ ബൈക്ക് ഓഫീസിന്റെ പാര്‍ക്കിംഗ് ഷെഡില്‍ കയറിയതും കല്ലുകള്‍ പെറുക്കി എറിയുന്നതുപോലെ അതിശക്തമായ മഴ പെയ്യുകയും ചെയ്തു.

മറ്റൊരു സംഭവം ഇങ്ങനെയാണ്. അല്‍പം സാമ്പത്തികബുദ്ധിമുട്ട് നേരിട്ടുകൊണ്ടിരിക്കുന്ന നാളുകളിലാണ് ഒരു ദിവസം മക്കളുടെ സംസാരം ശ്രദ്ധിച്ചത്, ”എല്ലാവരും ടൂര്‍ പോകുന്നു. നമ്മള്‍മാത്രം എവിടെയും പോകുന്നില്ല.”
ഞാന്‍ കടന്നുചെന്നതറിഞ്ഞ് രണ്ടാമത്തെ മകള്‍ എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു, ”നമുക്കും പോയാലോ പപ്പേ?” ചോദ്യം അല്‍പം സങ്കടം കലര്‍ന്ന ഭാഷയിലായിരുന്നതുകൊണ്ട് ചാട്ടുളിപോലെ അത് എന്റെ ഹൃദയത്തില്‍ തറഞ്ഞുകയറി. പക്ഷേ അതൊന്നും മുഖത്ത് പ്രകടമാകാതിരിക്കാന്‍ പരമാവധി ശ്രമിച്ചു. പല ചിന്തകളും കണക്കുകൂട്ടലുകളും നിമിഷനേരംകൊണ്ട് എന്റെ തലച്ചോറിലൂടെ കടന്നുപോയി.

അവസാന ഫലം നിരാശയായിരുന്നു. കുട്ടികളെ വിനോദയാത്ര കൊണ്ടുപോകാന്‍ ഒരു തരത്തിലും സാധിക്കില്ല. അതിനുള്ള പണമില്ല. പക്ഷേ വചനത്തിലൂടെ മറ്റുള്ളവര്‍ക്ക് പ്രത്യാശ പകര്‍ന്നുകൊടുക്കാന്‍ ശ്രമിക്കുന്ന ഞാന്‍തന്നെ നിരാശനാകുന്നത് ശരിയല്ല എന്ന ചിന്ത എന്റെ ഉള്ളില്‍ നിറഞ്ഞു. ദൈവം നമ്മുടെ കാര്യത്തില്‍ ഇടപെടും എന്ന ഉറപ്പ് മക്കളില്‍ ഉണ്ടാകുന്നവിധത്തില്‍ ഞാന്‍ അവരോടു സംസാരിച്ചു. ”അവന്‍ സമ്പന്നനായിരുന്നിട്ടും നിങ്ങളെപ്രതി ദരിദ്രനായി- തന്റെ ദാരിദ്ര്യത്താല്‍ നിങ്ങള്‍ സമ്പന്നരാകാന്‍വേണ്ടിത്തന്നെ” (2 കോറിന്തോസ് 8:9) എന്ന വചനം ആവര്‍ത്തിച്ചുചൊല്ലി പ്രാര്‍ത്ഥിക്കാനും പറഞ്ഞു. അവര്‍ വിശ്വാസത്തോടും പ്രതീക്ഷയോടുംകൂടെ അങ്ങനെ ചെയ്യാന്‍ തുടങ്ങി. ഞാന്‍ വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ ടൗണിലേക്കും പോയി.

തിരികെ വീട്ടിലെത്തിയപ്പോള്‍, സങ്കടപ്പെട്ടിരുന്ന കുഞ്ഞുങ്ങളുടെ മുഖത്ത് സന്തോഷഭാവം! ഞാന്‍ കാരണം തിരക്കി.
ഞാന്‍ ടൗണില്‍ പോയ സമയത്ത് എന്റെ ഒരു സുഹൃത്തും ജീവിതപങ്കാളിയും വീട്ടില്‍ വന്നു. എന്റെ ഇളയകുഞ്ഞ് ഉണ്ടായതിനുശേഷം അവര്‍ കുഞ്ഞിനെ കണ്ടിരുന്നില്ല. അവര്‍ക്കു സമയവും സൗകര്യവും ഒത്തുവന്നപ്പോള്‍ അവര്‍ വന്നുവെന്നുമാത്രം. തിരക്കുള്ളതുകൊണ്ട്, മറ്റൊരു ദിവസം വരാമെന്നുപറഞ്ഞ് ഞാന്‍ വരുന്നതിനുമുന്‍പ് അവര്‍ മടങ്ങിപ്പോയി. പോയ സമയത്ത് കുഞ്ഞിന് സമ്മാനം കൊടുക്കാന്‍ ഒന്നും വാങ്ങാന്‍ കഴിഞ്ഞില്ലെന്നുപറഞ്ഞ് ഒരു കവര്‍ ഇളയകുഞ്ഞിന്റെ കൈയില്‍ വച്ചുകൊടുത്ത് അവര്‍ പോയി. കുട്ടികള്‍ അതു തുറന്നു നോക്കിയപ്പോള്‍ അവരുടെ ആഗ്രഹം നിറവേറ്റാനുള്ള പണം അതില്‍ ഉണ്ടായിരുന്നു.

അനുദിന ജീവിതത്തില്‍ നാം വചനം ഉപയോഗിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു എന്ന് എനിക്ക് വ്യക്തമായി. ”വചനം നിനക്കു സമീപസ്ഥമാണ്; അതു നിന്റെ അധരത്തിലും ഹൃദയത്തിലും ഉണ്ട്. അതു പ്രാവര്‍ത്തികമാക്കാന്‍ നിനക്കു കഴിയും” (നിയമാവര്‍ത്തനം 30:14).

ബിജു ഇ.എസ്.