ദൈവകരങ്ങളെ ചലിപ്പിക്കാം! – Shalom Times Shalom Times |
Welcome to Shalom Times

ദൈവകരങ്ങളെ ചലിപ്പിക്കാം!

നിനക്ക് മെസ്സ് നടത്തുന്ന ആരുടെയെങ്കിലും നമ്പര്‍ വേണോ? കൂടെ ജോലി ചെയ്യുന്ന ചേച്ചിയുടെ വാട്‌സാപ്പ് സന്ദേശം. ‘അയച്ചിട്ടോളൂ ചേച്ചി’ എന്ന് പറഞ്ഞ ഉടനെ ഒരു മെന്യു കാര്‍ഡിന്റെ ചിത്രം വാട്‌സാപ്പില്‍ ലഭിച്ചു. സ്വന്തമായി പാചകം ചെയ്യാന്‍ സാധിക്കാതെ ആയിട്ട് അഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് സുഹൃത്തുക്കളോ ഏതെങ്കിലും മെസ്സ് സര്‍വീസുകളോ ഒക്കെ ആണ് ആശ്രയം.

അവരെ വിളിച്ചു നോക്കാന്‍ ചേച്ചി പറഞ്ഞെങ്കിലും പിന്നെയും 15 ദിവസങ്ങള്‍ കടന്നുപോയി. ഒരു ശനിയാഴ്ച വിശുദ്ധ കുര്‍ബ്ബാനക്ക് ശേഷം മുറിയില്‍ തിരിച്ചെത്തിയപ്പോള്‍ രണ്ടും കല്പിച്ചു ആ നമ്പറിലേക്കു മെസ്സേജ് അയച്ചു. കേരളീയ ഭക്ഷണം ആണ്. എനിക്കു ചില നിയന്ത്രണങ്ങള്‍ ഭക്ഷണത്തില്‍ ഉള്ളത് കൊണ്ട് അതെല്ലാം വിശദീകരിച്ചു. മെസ്സ് നടത്തുമ്പോള്‍ പ്രത്യേകഭക്ഷണം തയാറാക്കാന്‍ വിഷമമാണ് എങ്കിലും എന്റെ ശാരീരിക അസുഖം പരിഗണിച്ച് പരമാവധി ശ്രമിക്കാമെന്ന് ഉറപ്പ് നല്‍കി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഭക്ഷണം പാര്‍സല്‍ ആയി കൊണ്ട് വരാന്‍ തുടങ്ങി. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഭക്ഷണം കൊണ്ട് വരുന്ന വ്യക്തി അസുഖം മൂലം ആശുപത്രിയില്‍ അഡ്മിറ്റ് ആയി. ഒരു ദിവസം ജോലി കഴിഞ്ഞു അദ്ദേഹത്തെ കാണാന്‍ പോയി. അക്രൈസ്തവനാണെങ്കിലും അദ്ദേഹത്തിന് നല്കാന്‍ ഒരു ജപമാലയും മാതാവിന്റെ ഒരു ചെറിയ ഫോട്ടോയും ബാഗില്‍ കരുതി. അദ്ദേഹത്തിന് ധൈര്യം കൊടുക്കാന്‍ പരിശുദ്ധ അമ്മയെ സോപ്പിട്ടു കൂടെ കൂട്ടി.

അല്‍പനേരം അദ്ദേഹവുമായി സംസാരിച്ചു. അദ്ദേഹത്തിന്റെ ജീവിത കഥകള്‍ കുറച്ചൊക്കെ കേട്ടു. കുറച്ച് നേരം ഈശോയെക്കുറിച്ച് ഞാനും പറഞ്ഞു. ഒരിക്കല്‍ അദ്ദേഹം ക്രിസ്ത്യാനി ആയിരുന്നു. സാഹചര്യങ്ങള്‍ കൊണ്ട് ജീവിതം വേറെ വഴികളിലൂടെ കടന്നു പോയി.
ഇറങ്ങാന്‍ നേരം കയ്യിലേക്ക് ജപമാലയും മാതാവിന്റെ ചെറിയ ഫോട്ടോയും നല്‍കി. ഒരാഴ്ചക്കുള്ളില്‍ അദ്ദേഹം ഡിസ്ചാര്‍ജ് ആയി തിരിച്ചെത്തി.

സെപ്റ്റംബര്‍ മാസത്തില്‍ ഒരു ദിവസം അദ്ദേഹം എന്നെ ഫോണ്‍ വിളിച്ചു. എന്നെ സഹായിക്കാമോ എന്ന് ചോദിച്ചു. അപ്പോഴാണ് മറ്റു പല ഗൗരവമേറിയ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന് ഉണ്ടെന്നു മനസ്സിലാക്കിയത്. ഏകദേശം ഒരു വര്‍ഷത്തോളമായി അദ്ദേഹം വിസ ഇല്ലാതെ താമസിക്കുന്നു. നാട്ടില്‍ പോകണമെങ്കില്‍ ഓവര്‍ സ്റ്റേയുടെ പിഴ മുഴുവന്‍ അടക്കണം. വലിയൊരു തുകയാണ് പിഴ ഉള്ളത്. എങ്ങനെ സഹായിക്കണം എന്ന് എനിക്ക് അറിയില്ല എങ്കിലും അദ്ദേഹത്തോട് പറയാന്‍ തോന്നിയത് ‘ഈശോയും മാതാവും കൂടെ ഉണ്ടല്ലോ’ എന്നാണ്.
‘സിസ്റ്റര്‍ തന്ന ജപമാല ഞാന്‍ കഴുത്തില്‍ ഇട്ടിട്ടുണ്ട് ‘ എന്ന് സന്തോഷത്തോടെ അദ്ദേഹം പ്രതികരിച്ചു.

സെപ്റ്റംബര്‍ 20-ന് സഹായം ചോദിച്ചു വിളിച്ച ആ വ്യക്തിയുടെ ജീവിതത്തില്‍ സ്വര്‍ഗം ഇടപെടുന്നതാണ് പിന്നീട് കണ്ടത്. ലീഗല്‍ അഡൈ്വസര്‍ ആയി സേവനം ചെയ്യുന്ന ചില വ്യക്തികളുമായി സംസാരിച്ചപ്പോള്‍ പിഴ അടയ്‌ക്കേണ്ട തുക എത്രയാണെന്നും പ്രതികൂലങ്ങള്‍ എന്തെല്ലാമാണെന്നും മനസിലായി. തൊട്ടടുത്ത ദിവസം നിയമങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു ഗ്രൂപ്പിനെ കണ്ടുമുട്ടി. അവര്‍ ചില നിര്‍ദേശങ്ങള്‍ നല്‍കി. ആ ദിവസങ്ങളില്‍ ഈശോയോട് വിശ്വാസത്തോടെ തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു…

അദ്ദേഹത്തിന്റെ വിശ്വാസം മൂലം വലിയൊരു തുക പിഴയായി അടയ്‌ക്കേണ്ടിടത്ത് ചെറിയൊരു തുകയായി ഈശോ ക്രമീകരിച്ചു. അദ്ദേഹത്തിന് നാട്ടിലേക്കുള്ള ടിക്കറ്റുതുകയും വളരെ ചെറിയൊരു പിഴ അടയ്ക്കാനുള്ള തുകയും നല്‍കി. ഒമ്പതാം ദിവസം അദ്ദേഹം നാട്ടിലേക്ക് യാത്രയായി. കൂടുതല്‍ അറിവുകള്‍ ഇല്ലെങ്കിലും അടിയുറച്ച വിശ്വാസത്തില്‍ ആണ് അദ്ദേഹം ആ ജപമാല ധരിച്ചതെന്നു തോന്നുന്നു.
ഒരു വിധത്തിലും നാട്ടില്‍ എത്തിച്ചേരാന്‍ സാധ്യത ഇല്ലാതിരുന്നിടത്ത് ദൈവത്തിന്റെ കരം അദ്ദേഹത്തിന് വേണ്ടി പ്രവര്‍ത്തിച്ചു. നാട്ടില്‍ വന്നു അദ്ദേഹം ഒരു ധ്യാനത്തില്‍ സംബന്ധിച്ചു. ഈശോയെ തിരിച്ചു കിട്ടിയതില്‍ സന്തോഷിക്കുന്നു എന്നാണ് അതെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.

വിശ്വാസം എന്നത് ദൈവകരങ്ങളെ എല്ലായ്‌പോഴും ചലിപ്പിച്ചു കൊണ്ടിരിക്കും. ദാവീദ് ഗോലിയാത്തിനെ തോല്പിച്ച സംഭവം നല്ലൊരു ഉദാഹരണമാണ്. ബൈബിളിലെ വിവരങ്ങള്‍പ്രകാരം ഏകദേശം 9 അടി 9 ഇഞ്ച് ഉയരമുള്ള മല്ലനായിരുന്നു ഗോലിയാത്ത്. ധരിച്ചിരുന്ന പിച്ചളകവചത്തിന് ഏകദേശം 57 കിലോഗ്രാം തൂക്കം വരും. കയ്യിലെ ദണ്ഡിന് 10 അടി നീളവും നാലര കിലോഗ്രാം തൂക്കവും ഉണ്ടായിരുന്നു.
ദാവീദാകട്ടെ, സാവൂള്‍ നല്‍കിയ പോര്‍ച്ചട്ടയും വാളും കവചവും ഊരിവച്ചു. കവിണ അവന്റെ കയ്യില്‍ ഉണ്ടായിരുന്നു എന്ന് വചനത്തില്‍ നാം വായിക്കുന്നു. തന്റെ വടിയോടൊപ്പം തോട്ടില്‍നിന്ന് മിനുസമുള്ള അഞ്ച് കല്ലുകളും അവന്‍ എടുത്തു. ഇവിടെ കവിണ എന്നത് ദൈവത്തില്‍ നമുക്ക് ഉണ്ടായിരിക്കേണ്ട വിശ്വാസത്തെ സൂചിപ്പിക്കുന്നു.

പ്രതികൂലങ്ങള്‍ എത്ര വലുതാണെങ്കിലും യേശുവിലുള്ള വിശ്വാസം ആണ് നമ്മെ മുന്നോട്ട് നയിക്കേണ്ടത്.
ദിവസവും ആടുകളെ മേയ്ക്കാന്‍ ഉപയോഗിച്ചിരുന്ന വടി നമ്മുടെ അനുദിന പ്രാര്‍ത്ഥനയെ സൂചിപ്പിക്കുന്നു. വെള്ളം ഒഴുകി മിനുസപ്പെട്ട കല്ലുകള്‍ വിശ്വാസത്തില്‍ സ്ഥിരത ആര്‍ജ്ജിച്ച പ്രത്യാശയോടെ ഉള്ള നമ്മുടെ തുടര്‍ച്ചയായ പ്രാര്‍ത്ഥനയെ പ്രതിഫലിപ്പിക്കുന്നു. നമ്മുടെ കവിണയും വടിയും കല്ലുകളും ഫലവത്താകുന്നത് യേശുനാമത്തിന്റെ ശക്തിയില്‍ ആണ്. പ്രതിസന്ധി എത്ര തീവ്രമാണെങ്കിലും ദൈവവുമൊത്തു പ്രതിസന്ധിക്കുനേരെ കയറി ചെല്ലുക. നീ അതിനെ തോല്പ്പിക്കും. പരിഹരിക്കാന്‍ കഴിയാത്ത വിധം പ്രബലമായതിനെ നീ ദൈവശക്തിയാല്‍ മറിച്ചിടും. ”ദാവീദ് പ്രതിവചിച്ചു: വാളും കുന്തവും ചാട്ടുളിയുമായി നീ എന്നെ നേരിടാന്‍ വരുന്നു. ഞാനാകട്ടെ നീ നിന്ദിച്ച ഇസ്രായേല്‍ സേനകളുടെ ദൈവമായ സൈന്യങ്ങളുടെ കര്‍ത്താവിന്റെ നാമത്തിലാണ് വരുന്നത്” (1 സാമുവല്‍ 17:45).

ആന്‍ മരിയ ക്രിസ്റ്റീന