
കഴിഞ്ഞ അവധിക്കാലത്ത് കുടുംബത്തോടൊപ്പം മലയാറ്റൂര്‍ പോകാന്‍ കൃപ ലഭിച്ചു. മലയടിവാരം എത്തിയപ്പോള്‍ മുതല്‍ മല കയറി ഇറങ്ങുന്നതിനെക്കുറിച്ചുള്ള ആശങ്കാജനകമായ ചിന്തകള്‍ ഞങ്ങളുടെ എല്ലാവരുടെയും മനസില്‍ ഉണ്ടായിരുന്നു. അതിനാല്‍ ഇതിന് പരിഹാരമെന്നവണ്ണം രണ്ടാമത്തെ മോള്‍ മുന്‍പ് ആരോ ഉപയോഗിച്ച് മരത്തില്‍ ചാരി വച്ചിരുന്ന ഒരു വടി സഹായത്തിനെടുത്തു. പിന്നീടുള്ള യാത്രയിലുടനീളം ആ വടി അവളോടൊപ്പമുണ്ടായിരുന്നു. മടക്കയാത്രയില്‍ നിരപ്പായ പാതയില്‍ എത്തിയപ്പോള്‍ വടി മരത്തില്‍ ചാരിവച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു. അപ്പോള്‍ ജീവിതപങ്കാളി ഇങ്ങനെ കൂട്ടിച്ചേര്‍ത്തു; ”ഇത്രയും നേരം അവളുടെകൂടെ അവളെ സഹായിച്ച വടി അവിടെ ഉപേക്ഷിച്ചു. ഇനി അത് മറ്റൊരാളുടെ സ്വന്തമായി മാറും. ഇത് ഈ മലയാറ്റൂര്‍ യാത്രയുടെ കാര്യം മാത്രമല്ല, നമ്മുടെ ജീവിതയാത്രയിലും അങ്ങനെതന്നെയാണ്. ഒരു കാലഘട്ടം മുഴുവന്‍ നമ്മള്‍ സ്വന്തമായി കരുതിയതും അനുഭവിച്ചതും സമ്പാദിച്ചതും എല്ലാം ഇവിടെ ഉപേക്ഷിച്ച് സ്വര്‍ഗത്തിലേക്ക് പോകേണ്ടവരല്ലേ നമ്മള്‍. ഈ ഒരു ബോധ്യം ജീവിക്കുന്ന സമയത്ത് ഉണ്ടെങ്കില്‍ നമ്മുടെ പല ടെന്‍ഷനുകളും ഓട്ടവും ഇല്ലാതാകുമല്ലോ.”
ഈ വാക്കുകള്‍ എന്നെ കൂടുതല്‍ ബോധ്യങ്ങളിലേക്ക് കൊണ്ടുപോയി. ഈ ലോകത്തില്‍ നമ്മുടെ ജീവിതത്തിലേക്ക് കൂട്ടിച്ചേര്‍ക്കുന്നതൊന്നും സ്ഥിരകാലത്തേക്ക് ഉപയോഗിക്കാനല്ല. സമയാസമയങ്ങളില്‍ പലതും വിട്ടുകൊടുക്കേണ്ടിവരും. അതിനാല്‍തന്നെ ഇവിടെ നമുക്ക് അഹങ്കരിക്കാന്‍ ഒന്നുമില്ല. 1 കോറിന്തോസ് 4:7 ല്‍ പറയുന്നതുപോലെ ”നിനക്ക് എന്തു പ്രത്യേക മാഹാത്മ്യമാണുള്ളത്. ദാനമായി ലഭിച്ചതല്ലാതെ നിനക്കെന്തുണ്ട്? എല്ലാം ദാനമായിരിക്കെ ദാനമല്ല എന്ന മട്ടില്‍ എന്തിനു നീ അഹങ്കരിക്കുന്നു?”
യാത്രയിലുടനീളം സഹായിച്ച വടി അവിടെ ഉപേക്ഷിക്കാതെ അവള്‍ കൈയില്‍ കരുതിയിരുന്നെങ്കില്‍ അത് പിന്നീടുള്ള യാത്രയില്‍ ബുദ്ധിമുട്ടാകുമായിരുന്നു. കാറില്‍ കയറുമ്പോള്‍ വയ്ക്കാന്‍ സ്ഥലമില്ല. അത് ഒടിക്കേണ്ടിവരും. അല്ലെങ്കില്‍ പിന്നീട് കളയേണ്ടിവരും. അതിന്റെ പേരില്‍ അവളോട് വഴക്കുണ്ടാക്കേണ്ടിവരും, ആകെ അസ്വസ്ഥതയാകും. എന്നാല്‍ അത് അവിടെത്തന്നെ ഉപേക്ഷിച്ചതിനാല്‍ പിന്നീടുള്ള യാത്രയില്‍ വടി ഞങ്ങള്‍ക്കൊരു ഭാരമായില്ല. നമ്മുടെ ജീവിതയാത്രയിലും ഉപേക്ഷിക്കേണ്ടവ യഥാസമയം ഉപേക്ഷിക്കണം. അല്ലെങ്കില്‍ പിന്നീടുള്ള യാത്രയില്‍ അതുമൂലം ബുദ്ധിമുട്ടുണ്ടാകും. അതിനാ ല്‍ നാം ചുമന്നുകൊണ്ടു നടക്കുന്ന ആവശ്യമില്ലാത്ത ആകുലതകള്‍, ഉത്കണ്ഠകള്‍, നിരാശകള്‍, ഭയങ്ങള്‍ എല്ലാം നമുക്ക് ഉപേക്ഷിക്കാം. ”ഓരോ ദിവസത്തിനും അതതിന്റെ ക്ലേശം മതി” (മത്തായി 6:34).
മറ്റൊരാള്‍ ഉപയോഗിച്ച വടിയാണ് പിന്നീട് മോള്‍ ഉപയോഗിച്ചത്. അത് വീണ്ടും മറ്റൊരാള്‍ക്ക് സഹായകമായി മാറി. ആദ്യം ഉപയോഗിച്ചവര്‍ നശിപ്പിക്കാതെയും കൂടെ കൊണ്ടുപോകാതെയും അവിടെത്തന്നെ വച്ചതുകൊണ്ടാണ് അടുത്ത ആള്‍ക്ക് അത് ഉപകാരമായി മാറിയത്. അതിനാല്‍ നമ്മള്‍ ഉപേക്ഷിക്കുന്ന കാര്യങ്ങള്‍ പിന്നീട് നമുക്ക് ഉപയോഗമില്ലെങ്കിലും അത് മറ്റുപലര്‍ക്കും ഉപയോഗമായി മാറാം. അതിനാല്‍ ഉപേക്ഷിക്കുന്ന എല്ലാ കാര്യങ്ങളും നശിപ്പിച്ചുകളയരുത്, അത് കൈമാറണം. ”നിനക്ക് ചെയ്യാന്‍ കഴിവുള്ള നന്മ അത് ലഭിക്കാന്‍ അവകാശമുള്ളവര്‍ക്ക് നിഷേധിക്കരുത്” (സുഭാഷിതങ്ങള്‍ 3:27).
മലയാറ്റൂര്‍ മല കയറി ഇറങ്ങിയപ്പോള്‍ നമ്മുടെ യാത്രയിലെ ആ വടിയുടെ ദൗത്യം അവസാനിക്കുകയും അടുത്ത ഒരാള്‍ക്കുവേണ്ടിയുള്ള ദൗത്യം ആ വടി ഏറ്റെടുക്കുകയും ചെയ്യുന്നു. ഇതുപോലെ നിശ്ചിത സമയത്തേക്കുള്ള ചില ദൗത്യങ്ങള്‍ ഈശോ നമ്മെ ഏല്‍പിക്കും. ആ സമയം കഴിഞ്ഞതിനുശേഷവും അതേ സാഹചര്യത്തില്‍, അതേ വ്യക്തികളോടൊപ്പംതന്നെ നമ്മുടെ ദൗത്യം തുടരണമെന്ന് നാം വാശി പിടിക്കരുത്. കാലത്തിനനുസരിച്ച്, സാഹചര്യത്തിനനുസരിച്ച് നമ്മുടെ ദൗത്യങ്ങളും മാറ്റപ്പെടാം. അത് മനസിലാക്കുവാനും ദൈവഹിതപ്രകാരം ഓരോ നിമിഷവും നയിക്കപ്പെടാനും ദൈവകൃപ ലഭിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. ”മനുഷ്യന്‍ തന്റെ മാര്‍ഗം ആലോചിച്ചുവയ്ക്കുന്നു. അവന്റെ കാലടികളെ നിയന്ത്രിക്കുന്നത് കര്‍ത്താവാണ്” (സുഭാഷിതങ്ങള്‍16:9).
ഇതിനെല്ലാമുപരി അനേകരെ മലയാറ്റൂര്‍ മല കയറാന്‍ സഹായിച്ച വടിപോലെ സ്വര്‍ഗത്തിലേക്കുള്ള യാത്രയില്‍ അനേകര്‍ക്ക് താങ്ങാകാനുള്ള ഒരു വടിയായി മാറുവാന്‍ ഈശോ എന്നെയും വിളിക്കുന്നുണ്ടോയെന്ന് നമുക്ക് ചിന്തിക്കാം. നമ്മോടൊപ്പം യാത്ര ചെയ്യുന്നവരെയെല്ലാം സുരക്ഷിതമായി സ്വര്‍ഗത്തിലേക്ക് നയിക്കുവാനുള്ള കൃപ സര്‍വശക്തനായ ദൈവം നല്‍കുവാനായി പ്രാര്‍ത്ഥിക്കുകയും ചെയ്യാം.
ബിന്ദു ജോബി