
ഉത്കണ്ഠപ്പെടരുത് എന്നാഗ്രഹിച്ചാലും ചിലപ്പോള്‍ നമ്മളൊക്കെ ഉത്കണ്ഠപ്പെട്ടുപോകാറുണ്ട്. അമിതമായ ഉത്കണ്ഠ ആത്മാവിനെയും മനസിനെയും ശരീരത്തെയും തളര്‍ത്തിക്കളയുന്ന ഒരു ഭീകരാവസ്ഥയിലേക്ക് നമ്മെ നയിക്കും. അതുകൊണ്ടാണ് ‘ഉത്കണ്ഠപ്പെടരുത്’ എന്ന് ദൈവവചനം ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നത്.
യഥാര്‍ത്ഥത്തില്‍ എന്താണ് ഉത്കണ്ഠ? അത് ഭാവിയെക്കുറിച്ചുള്ള ഭയമാണ്. പരീക്ഷയ്ക്ക് തോറ്റുപോകുമോ എന്ന പേടി. ജോലി കിട്ടുമോ എന്ന ഭയം. മാരകരോഗം പിടിപെടുമോ, അപകടങ്ങള്‍ സംഭവിക്കുമോ എന്നൊക്കെയുള്ള തോന്നല്‍. വാര്‍ധക്യത്തില്‍ കിടപ്പിലാകുമോ, ആരെങ്കിലും എന്നെ നോക്കുമോ എന്ന ചിന്ത. ഞാന്‍ ചെയ്താല്‍ ശരിയാകുമോ, എന്നെ അംഗീകരിക്കുമോ, പിന്തള്ളപ്പെടുമോ, കുട്ടികള്‍ വഴിതെറ്റിപ്പോകുമോ ഇങ്ങനെ ഭാവിയുമായി ബന്ധപ്പെട്ടുള്ള ഭയമാണ് മിക്കപ്പോഴും നമ്മെ തളര്‍ത്തുന്ന ഉത്കണ്ഠകള്‍. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ഉത്കണ്ഠപ്പെടുന്നവരും ധാരാളം.
ഇതിനെ അതിജീവിക്കാന്‍ കര്‍ത്താവായ യേശു നമുക്ക് വെളിപ്പെടുത്തിയ മാര്‍ഗം വളരെ ലളിതമാണ്. ”ദൈവപരിപാലനയില്‍ ആശ്രയിക്കുക. നമ്മെ അത്യധികം സ്നേഹിക്കുന്ന സ്വര്‍ഗീയ പിതാവിന് നമ്മെക്കുറിച്ച് കരുതലുണ്ട്. ഭാവി എങ്ങനെയുള്ളതാണെങ്കിലും ജീവിതം അവിടുത്തെ കൈകളില്‍ സുരക്ഷിതമാണ്.” ഗിരിപ്രഭാഷണത്തിലെ മുഖ്യമായ ഒരു പ്രമേയംതന്നെ ആകുലപ്പെട്ട് ജീവിക്കരുത് എന്നാണ്. ”ഞാന്‍ നിങ്ങളോട് പറയുന്നു. എന്തു ഭക്ഷിക്കും, എന്തു പാനം ചെയ്യും എന്ന് ജീവനെക്കുറിച്ചോ എന്തു ധരിക്കും എന്ന് ശരീരത്തെക്കുറിച്ചോ നിങ്ങള്‍ ഉത്കണ്ഠാകുലരാകേണ്ട… നിങ്ങള്‍ക്കിവയെല്ലാം ആവശ്യമാണെന്ന് നിങ്ങളുടെ സ്വര്‍ഗീയ പിതാവ് അറിയുന്നു” (മത്തായി 6:25-32).
കര്‍ത്താവായ യേശുവിന്റെ ഈ വാക്കുകള്‍ പലപ്പോഴും നമുക്ക് പൂര്‍ണമായും വിശ്വസിക്കാന്‍ കഴിയാറില്ല. അതിനാല്‍ നാം ഉത്കണ്ഠയ്ക്ക് അടിമപ്പെട്ടുപോകുന്നു.
ഉത്കണ്ഠയുള്ളപ്പോള്‍ വിവേകപൂര്‍വം ചിന്തിക്കാന്‍ സാധിക്കില്ല, അതിനാല്‍ത്തന്നെ കൃത്യമായ തീരുമാനങ്ങളെടുക്കാനും കഴിയില്ല. അതുകൂടാതെ, ഉത്കണ്ഠ ശരീരത്തെയും ബാധിക്കും. സമ്മര്‍ദ്ദസമയത്ത്, ഹോര്‍മോണുകളായ അഡ്രിനാലിന്‍, നോര് എപിനെഫ്രിന് എന്നിവ കൂടുതലായി ഉത്പാദിപ്പിക്കപ്പെടും. ഈ ഹോര്‍മോണുകള്‍ ഒരു അടിയന്തിരാവസ്ഥയെ നേരിടാനായി ശരീരത്തെ ഒരുക്കാനുള്ളതാണ്.
അതിനാല്‍ ഹൃദയമിടിപ്പ് ഉയരും, രക്തസമ്മര്‍ദം വര്‍ധിക്കും, രക്തത്തിലെ ഷുഗര്‍ അളവും വര്‍ധിക്കും. അതിന്റെ ഫലമായി വിയര്‍ക്കുക, വിറയ്ക്കുക, ശ്വാസമെടുക്കാന്‍ വിഷമം അനുഭവപ്പെടുക തുടങ്ങിയ പെട്ടെന്നുള്ള അസ്വസ്ഥതകള്‍ വരും. താത്കാലികമായി ഒരു അടിയന്തിരാവസ്ഥയെ നേരിടാന്‍ ഇതെല്ലാം ആവശ്യമാണെങ്കിലും കൂടെക്കൂടെ ഇപ്രകാരം സംഭവിക്കുന്നത് നമ്മുടെ ശരീരത്തെ രോഗങ്ങളിലേക്ക് നയിക്കും. കാലക്രമത്തില്‍ ദഹനസംബന്ധവും പേശിസംബന്ധവും പ്രതിരോധസംബന്ധവുമായ പ്രശ്നങ്ങളും വന്നേക്കാം.
എന്നാല്‍ ഒരു ക്രൈസ്തവവിശ്വാസി ഒരിക്കലും ഉത്കണ്ഠയ്ക്ക് അടിമപ്പെട്ട് ജീവിക്കേണ്ട ആവശ്യമില്ല. ”നിന്നെ രക്ഷിക്കാനും മോചിപ്പിക്കാനുമായി ഞാന്‍ നിന്നോടുകൂടെയുണ്ട്” (ജറെമിയാ 15:20) എന്ന് അരുളിച്ചെയ്ത കര്‍ത്താവ് നമ്മോടൊപ്പമായിരിക്കുന്നു. അതിനാല്‍ ഓര്‍ക്കണം, എല്ലാ കാര്യങ്ങളും എപ്പോഴും നമ്മുടെ നിയന്ത്രണത്തിന്കീഴിലാകണമെന്നില്ല; പക്ഷേ എല്ലാം എപ്പോഴും ദൈവത്തിന്റെ നിയന്ത്രണത്തിന്കീഴിലാണ്.
ഉത്കണ്ഠയെ അതിജീവിക്കുന്നതിനായി ഒരു ആത്മീയമനുഷ്യന് അനുവര്‍ത്തിക്കാന്‍ സാധിക്കുന്ന ചില പ്രായോഗികമാര്ഗങ്ങളുണ്ട്.
നമ്മുടെ ഭയങ്ങളെക്കുറിച്ച് ദൈവത്തോട് പറയുക
ഇമ്മാനുവേല്‍ -ദൈവം നമ്മോടുകൂടെ- ആയ ദൈവം മനുഷ്യമക്കളോടുകൂടെ ആയിരിക്കാന്‍ വന്നവനാണ്. നമ്മുടെ ഹൃദയത്തില്‍ വസിക്കുന്ന അവിടുത്തോട് സത്യസന്ധമായി സംസാരിക്കുക, നിശ്ചയിക്കപ്പെട്ട പ്രാര്ഥനാസമയത്തുമാത്രമല്ല, അല്ലാതെയും. അസ്വസ്ഥതകളെക്കുറിച്ചെല്ലാം അവിടുത്തോട് പറയുക. അവിടുന്നിലും അവിടുത്തെ പദ്ധതിയിലും വിശ്വസിക്കാനാവുന്നില്ലെങ്കില്‍ അതും അവിടുത്തോട് സത്യസന്ധമായി പറയുക. ”നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏല്പിക്കുവിന്. അവിടുന്ന് നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്” (1 പത്രോസ് 5:6).
‘ഇന്നി’ല്‍ ശ്രദ്ധിക്കുക
ഭാവിയെക്കുറിച്ച് അധികമായി ചിന്തിക്കുമ്പോഴും കഴിഞ്ഞുപോയ ജീവിതത്തില്‍ സംഭവിച്ച തെറ്റുകളെക്കുറിച്ച് ആലോചിക്കുമ്പോഴുമൊക്കെയാണ് ഉത്കണ്ഠ ശക്തി പ്രാപിക്കുന്നത്. അതിനാല്‍ നാളെകളെയും ഇന്നലെകളെയും കുറിച്ച് അമിതമായി ചിന്തിക്കാതെ ഇന്നില്‍ ശ്രദ്ധിക്കുക. ”നാളെയെക്കുറിച്ച് നിങ്ങള്‍ ആകുലരാകരുത്. നാളത്തെ ദിനംതന്നെ അതിനെക്കുറിച്ച് ആകുലപ്പെട്ടുകൊള്ളും. ഓരോ ദിവസത്തിനും അതതിന്റെ ക്ലേശം മതി” (മത്തായി 6:34).
ദൈവവചനം വായിക്കുക
അനുദിനം വചനം ധ്യാനപൂര്‍വം വായിക്കുന്നത് പതിവാക്കുക. അങ്ങനെ അന്നന്നത്തേക്കുവേണ്ട വചനമാകുന്ന ആഹാരത്തിലൂടെ ഉത്കണ്ഠയെ അതിജീവിക്കാനുള്ള കരുത്ത് ലഭിക്കും. ”മനുഷ്യന് അപ്പംകൊണ്ടുമാത്രമല്ല, ദൈവത്തിന്റെ നാവില്‍നിന്ന് പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണ് ജീവിക്കുന്നത് എന്ന് എഴുതപ്പെട്ടിരിക്കുന്നു” (മത്തായി 4:4).
ദൈവാരാധന പതിവാക്കുക
ദൈവത്തെ സകലതിന്റെയും ഉടയവനും സര്‍വശക്തനുമായി ഏറ്റുപറഞ്ഞ് ആരാധിക്കുമ്പോള്‍ ഉള്ളില്‍ നിറയുന്ന ഭയവും ഉത്കണ്ഠകളും നീങ്ങിപ്പോകും. നമ്മുടെ കഴിവിനതീതമായ കാര്യങ്ങളും അവിടുന്ന് കൈകാര്യം ചെയ്തുകൊള്ളുമെന്ന ബോധ്യം നമ്മുടെ നിസഹായതകളെ അതിജീവിക്കാന്‍ നമ്മെ പ്രാപ്തരാക്കും. ”മനുഷ്യര്‍ക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്” (ലൂക്കാ 18:27).
പ്രാര്‍ഥന ശീലമാക്കുക
പ്രാര്‍ഥനക്ക് പ്രധാനമായ ഒരു സമയം നല്കുന്ന വിധത്തിലുള്ള ഒരു ചിട്ട ജീവിതത്തിന് ഉണ്ടാകണം. അല്ലാത്തപക്ഷം നിസാരകാര്യങ്ങള്‍പോലും നമ്മെ അസ്വസ്ഥരാക്കും. പ്രാര്‍ഥനയില്‍ ഊന്നിയ ജീവിതശൈലി രൂപപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഉത്കണ്ഠയുടെ നിമിഷങ്ങളിലും പ്രാര്‍ഥിക്കാന്‍ സാധിക്കും. അതുവഴി ഉത്കണ്ഠയെയും ഭയത്തെയും അതിജീവിക്കാനും കഴിയും. വിശുദ്ധ മദര്‍ തെരേസ പ്രയാസവേളകളില്‍ ഉരുവിട്ടിരുന്ന മരിയന്‍ പ്രാര്‍ഥന നമുക്കും ചൊല്ലാവുന്നതാണ്, ”മറിയമേ, ഈശോയുടെ അമ്മേ, ഇപ്പോള്‍ എന്റെ അമ്മയായിരിക്കണമേ.”
നന്ദിയും സ്തുതിയും അര്‍പ്പിക്കുക
ജീവിതത്തില്‍ ദൈവം നല്കിയ നന്മകളെപ്രതി നന്ദിയും സ്തുതിയും അര്‍പ്പിക്കുന്നത് ഉത്കണ്ഠയ്ക്ക് നല്ലൊരു മറുമരുന്നാണ്. പ്രതിസന്ധികളെ അതിജീവിക്കാന്‍ ദൈവം സഹായിച്ച കഴിഞ്ഞകാല അനുഭവങ്ങള്‍ ധ്യാനിക്കുന്നതും നല്ലതാണ്.
ആത്മീയവായന ഒരു ശീലമാക്കുക
നമ്മുടെ ആധ്യാത്മികജീവിതത്തെ പരിപോഷിപ്പിക്കുന്ന ഒരു പുസ്തകം/പ്രസിദ്ധീകരണം പ്രാര്‍ഥനയോടും ധ്യാനാത്മകമായും വായിക്കുന്നതിനെയാണ് ആത്മീയവായന എന്ന് പറയുന്നത്. ഓരോ കാലഘട്ടത്തിലും ഉടലെടുക്കുന്ന പുതിയ തരം ഉത്കണ്ഠകളെ അതിജീവിക്കാന്‍ അത് നമ്മെ സഹായിക്കും. 15-20 മിനിറ്റെങ്കിലും അതിനായി നീക്കിവയ്ക്കുന്നത് നല്ലതാണ്. ‘പരിശുദ്ധാത്മാവേ, എഴുന്നള്ളിവരിക…’ എന്ന പരമ്പരാഗതമായ പ്രാര്‍ഥനയോ അല്ലെങ്കില്‍ പരിശുദ്ധാത്മാവിനോടുള്ള ഏതെങ്കിലും ഒരു പ്രാര്‍ഥനയോ വായനക്കുമുമ്പ് ചൊല്ലുന്നെങ്കില് അത് ഏറെ അനുഗ്രഹകരമായിരിക്കും. വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം നമ്മെ ഓര്‍മ്മിപ്പിക്കുന്നു, ”നാം എപ്പോഴും ഒരു ആത്മീയയുദ്ധമുഖത്താണ്. അതിനാല്‍ ഉത്തമഗ്രന്ഥങ്ങളില്നിന്നുള്ള നല്ല ചിന്തകളാകുന്ന പരിചകളാല് നാം നമ്മെത്തന്നെ സജ്ജരാക്കണം.”
പ്രസന്നത തിരഞ്ഞെടുക്കുക
പ്രസന്നത കാത്തുസൂക്ഷിക്കുന്ന സ്വാഭാവികമായ ഒരു ശീലം നിങ്ങള്‍ക്കില്ലെങ്കിലും അപ്രകാരം വളരണമെന്ന് തീരുമാനിക്കുക. അതിനായി ബോധപൂര്‍വം പരിശ്രമിക്കുക. അത് നിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും ഉപകാരപ്രദമാകും. വിശുദ്ധ പൗലോസ് ശ്ലീഹാ ഓര്‍മിപ്പിക്കുന്നത് അതാണ്, ”നിങ്ങള്‍ എപ്പോഴും നമ്മുടെ കര്‍ത്താവില്‍ സന്തോഷിക്കുവിന്‍; ഞാന്‍ വീണ്ടും പറയുന്നു, നിങ്ങള്‍ സന്തോഷിക്കുവിന്‍” (ഫിലിപ്പി 4:4).
മറ്റുള്ളവര്‍ക്കായി ശുശ്രൂഷ ചെയ്യുക
ഉത്കണ്ഠകൊണ്ട് ഒരു ഉപകാരവുമില്ലെന്ന് ഈശോ നമ്മെ പഠിപ്പിക്കുന്നു. എന്നാല്‍ അലിവോടെ ചുറ്റുമുള്ളവരെ സഹായിക്കുമ്പോള്‍ നമ്മുടെ ഉത്കണ്ഠ നീങ്ങിപ്പോകുന്നത് അറിയാനാവും. ”മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അത് പോലെ നിങ്ങള്‍ അവരോടും പെരുമാറുവിന്‍” (ലൂക്കാ 6:31) എന്നാണ് തിരുവചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.
ജോണ്‍ മാറ്റ്