എല്ലാക്കാര്യങ്ങളും സാധിക്കുന്നവര്‍! – Shalom Times Shalom Times |
Welcome to Shalom Times

എല്ലാക്കാര്യങ്ങളും സാധിക്കുന്നവര്‍!

ദൈവത്തിന് ഒന്നും അസാധ്യമല്ല എന്നത് ഒരു പുതിയ അറിവല്ല. എന്നാല്‍ മനുഷ്യന് ഒന്നും അസാധ്യമല്ല എന്ന വാര്‍ത്ത
തികച്ചും നൂതനമാണ്. എല്ലാ മനുഷ്യരെക്കുറിച്ചുമല്ല ഇത് പറയുന്നത്. ഒരു പ്രത്യേക വിഭാഗത്തിന്, ദൈവത്തിന്റെ പരിധിയില്‍ വരുന്ന മനുഷ്യര്‍ക്ക് ഈ വരം സംലഭ്യമാണ്. അത് ആരാണെന്ന് അറിയുവാന്‍ നിങ്ങള്‍ക്ക് കൗതുകമുണ്ടായിരിക്കും. നിങ്ങളുടെ ശ്രദ്ധയെ യേശുവിന്റെ വാക്കുകളിലേക്ക് ക്ഷണിക്കട്ടെ. ”വിശ്വസിക്കുന്നവന് എല്ലാക്കാര്യങ്ങളും സാധിക്കും” (മര്‍ക്കോസ് 9:23).

ആരാണ് വിശ്വസിക്കുന്നവന്‍? ദൈവത്തോട് പൂര്‍ണമായി ഒട്ടിനില്‍ക്കുന്നവന്‍. ഒരു ഉദാഹരണം പറയാം. ഫലം തരാത്ത ഒരു കാട്ടുചെടിയുടെ മുകുളം ശ്രേഷ്ഠമായ വിധത്തില്‍ ഫലം നല്‍കുന്ന ചെടിയോട് ഒട്ടിച്ചുവച്ചാല്‍ അത് ആ ചെടിയുടെ ഭാഗമായിത്തീരും. അതിന്റെ ശാഖ ശ്രേഷ്ഠമായ ഫലങ്ങള്‍ പുറപ്പെടുവിക്കും. ഇപ്രകാരം ദൈവികസത്തയോട് പൂര്‍ണമായും ചേര്‍ന്നുനില്‍ക്കുന്ന ഒരു മനുഷ്യന് ദൈവം ചെയ്യുന്ന പ്രവൃത്തികള്‍ ചെയ്യുവാന്‍ സാധിക്കും.
ഈ ഒട്ടിച്ചേരല്‍ സാധ്യമാക്കുന്നത് നിഷ്‌ക്കളങ്കമായ വിശ്വാസമാണ്. സര്‍വ്വശക്തനായ ദൈവം ഇന്ന്, ഇപ്പോള്‍, ഇവിടെ എനിക്കായി പ്രവര്‍ത്തിക്കും, എന്നിലൂടെ പ്രവര്‍ത്തിക്കും എന്ന ഒരു അചഞ്ചലമായ വിശ്വാസമാണ് അസാധ്യകാര്യങ്ങള്‍ സാധ്യമാക്കുന്നത്. സുദൃഢമായ ഈ വിശ്വാസത്തിന്റെ ചിറകുകളാണ് ഒരുവനെ ദൈവമേഖലയിലേക്ക് ഉയരുവാന്‍ സാധിക്കുന്നത്.

എന്നാല്‍ ഈ വിശ്വാസത്തെ ദുര്‍ബലപ്പെടുത്തുന്ന ഒന്നുണ്ട്. അത് മനുഷ്യന് സഹജമായ സംശയപ്രകൃതിയാണ്. ‘ഇതു സംഭവിക്കുമോ?’ എന്നത് ഒരു രണ്ടാം ചിന്തയായി ഒരുവന്റെ മനസിലേക്ക് കടന്നുവരുന്നു. അത് ഒന്നാമതായി നില്‍ക്കുന്ന, മുകളില്‍ വര്‍ത്തിക്കുന്ന വിശ്വാസചിന്തയെ ശോഷിപ്പിക്കുന്നു. വിശ്വാസവും അവിശ്വാസവും ഒരേസമയത്ത് ഒരു വ്യക്തിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അത്ഭുതം നടക്കുവാനുള്ള അന്തരീക്ഷം ഇല്ലാതാവുകയാണ്. സംശയവും വിശ്വാസവും ഒരിക്കലും ചേര്‍ന്നുപോവുകയില്ല എന്ന് വിശുദ്ധ യാക്കോബ്ശ്ലീഹ നമ്മെ ഓര്‍മിപ്പിക്കുന്നുണ്ടല്ലോ. ശ്ലീഹാ ഇപ്രകാരം നമ്മെ ഉദ്‌ബോധിപ്പിക്കുന്നു: ”സംശയിക്കാതെ വിശ്വാസത്തോടെ വേണം ചോദിക്കാന്‍” (യാക്കോബ് 1:6).

അദ്ദേഹം ഉപയോഗിക്കുന്ന ഒരു സാദൃശ്യം ഈ ആശയത്തിന്റെ അര്‍ത്ഥതലങ്ങളെ കൂടുതല്‍ വിശാലമാക്കുന്നുണ്ട്. സംശയിക്കുന്നവന്‍ കാറ്റില്‍ ഇളകിമറിയുന്ന കടല്‍ത്തിരയ്ക്ക് തുല്യനാണ്. കടല്‍ത്തിരപോലെ ചാഞ്ചാടുന്നവന്റെ പ്രാര്‍ത്ഥന ഒരിക്കലും ഫലമണിയുകയില്ല. ”സംശയമനസ്‌കനും എല്ലാ കാര്യങ്ങളിലും ചഞ്ചലപ്രകൃതിയുമായ ഒരുവന് എന്തെങ്കിലും കര്‍ത്താവില്‍നിന്ന് ലഭിക്കുമെന്നു കരുതരുത്” (യാക്കോബ് 1:7-8). എന്നുപറഞ്ഞാല്‍ ഒന്നും ലഭിക്കുകയില്ല എന്നുതന്നെയല്ലേ അര്‍ത്ഥം.

എന്തുകൊണ്ടാണ് സംശയപ്രകൃതി ഇത്രമാത്രം ഉപദ്രവകരമാകുന്നത്? അത് ദൈവത്തിലുള്ള, ദൈവത്തിന്റെ സര്‍വ്വശക്തിയിലുള്ള അവിശ്വാസംതന്നെയായതുകൊണ്ടാണ്. ഈ മനോഭാവം കര്‍ത്താവിനെ വേദനിപ്പിക്കുന്നു. കാരണം മക്കള്‍ അപ്പനെ സംശയിക്കുമ്പോള്‍ അത് ഏത് അപ്പനാണ് താങ്ങാനാകുന്നത്? ‘വിശ്വസിക്കുന്നവന് എല്ലാക്കാര്യങ്ങളും സാധിക്കും’ എന്ന കര്‍ത്താവിന്റെ വാക്കുകള്‍ ഒരു സംശയപ്രകൃതിയായ മനുഷ്യനോടാണ് പറയുന്നത് എന്നോര്‍ക്കുക. പിശാചുബാധിതനായ തന്റെ കുട്ടിയെ സുഖപ്പെടുത്തുവാന്‍ ഒരു പിതാവ് കടന്നുവരുന്നു. ആദ്യം ശിഷ്യന്മാരെയാണ് അദ്ദേഹം സമീപിച്ചത്. അവര്‍ക്ക് അതിനെ ബഹിഷ്‌ക്കരിക്കുവാന്‍ സാധിച്ചില്ല.

ഇക്കാര്യം ആ പിതാവിന്റെ മനസില്‍ സംശയത്തിന്റെ വിത്തുകള്‍ വിതച്ചിട്ടുണ്ടാകാം. അതിനാല്‍ അര്‍ദ്ധമനസോടെയാണ് അദ്ദേഹം യേശുകര്‍ത്താവിനെ സമീപിക്കുന്നത്. ആ മനുഷ്യന്റെ വാക്കുകള്‍ അവന്റെ ഉള്ള് വെളിപ്പെടുത്തുന്നുണ്ട്. ”എന്തെങ്കിലും ചെയ്യാന്‍ നിനക്ക് കഴിയുമെങ്കില്‍ ഞങ്ങളുടെമേല്‍ കരുണ തോന്നി ഞങ്ങളെ സഹായിക്കണമേ.” യേശുവിന്റെ ഉടനെയുള്ള പ്രതികരണം ‘കഴിയുമെങ്കിലെന്നോ!’ തുടര്‍ന്നാണ് മേലുദ്ധരിച്ച വിശ്വാസത്തിന്റെ ശക്തി വെളിപ്പെടുത്തുന്ന വാക്യം യേശു ഉച്ചരിച്ചത്. തന്റെ തെറ്റ് മനസിലാക്കിയ പിതാവ് അത് തിരുത്തുകയും അത്ഭുതം കാണുവാന്‍ സാധിക്കുന്ന വിശ്വാസതലത്തിലേക്ക് ഉയരുകയും ചെയ്യുന്നു. അദ്ദേഹം വിളിച്ചുപറഞ്ഞു: ‘ഞാന്‍ വിശ്വസിക്കുന്നു. എന്റെ അവിശ്വാസം പരിഹരിച്ച് എന്നെ സഹായിക്കണമേ.’ തുടര്‍ന്ന് യേശു ആ ബാലനെ സുഖപ്പെടുത്തുന്നതാണ് നാം കാണുന്നത്.

സംശയപ്രകൃതി ദൈവത്തിന്റെ ഹൃദയത്തെ വേദനിപ്പിക്കുന്നുവെങ്കില്‍ നിഷ്‌ക്കളങ്കമായ, ശിശുസഹജമായ വിശ്വാസം ഈ പിതൃഹൃദയത്തെ അത്യധികം ആഹ്ലാദിപ്പിക്കുന്നു. യേശു പരിശുദ്ധാത്മാവില്‍ ആനന്ദിക്കുന്നത് വിശുദ്ധ ഗ്രന്ഥം വിവരിക്കുന്ന പശ്ചാത്തലം ശ്രദ്ധിക്കുക. ”ആ സമയംതന്നെ പരിശുദ്ധാത്മാവില്‍ ആനന്ദിച്ച്, അവന്‍ പറഞ്ഞു: സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും കര്‍ത്താവായ പിതാവേ, അവിടുത്തെ ഞാന്‍ സ്തുതിക്കുന്നു. എന്തെന്നാല്‍, അങ്ങ് ഇവ ജ്ഞാനികളില്‍നിന്നും ബുദ്ധിമാന്മാരില്‍നിന്നും മറച്ചുവയ്ക്കുകയും ശിശുക്കള്‍ക്കു വെളിപ്പെടുത്തുകയും ചെയ്തു” (ലൂക്കാ 10:21).

ദൈവത്തിലുള്ള മാറ്റമില്ലാത്ത വിശ്വാസം ഈ ലോകത്തില്‍ അനുഗ്രഹങ്ങള്‍ സ്വീകരിക്കാന്‍ മാത്രമല്ല, നിത്യരക്ഷ പ്രാപിക്കുവാനും ഒരു മനുഷ്യനെ ഒരുക്കുന്നുണ്ട്. യേശുവിന്റെ നാമത്തിന്റെ ശക്തിയില്‍ പൂര്‍ണമായി വിശ്വസിച്ച്, ആ നാമത്തില്‍ അനേക അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച ശിഷ്യന്മാര്‍ മടങ്ങിയെത്തി അവരുടെ സന്തോഷം പങ്കുവയ്ക്കുന്നു. അപ്പോള്‍ യേശു പറയുന്നത് ശ്രദ്ധേയമാണ്. ”നിങ്ങളുടെ പേരുകള്‍ സ്വര്‍ഗത്തില്‍ എഴുതപ്പെട്ടിരിക്കുന്നു എന്നതില്‍ സന്തോഷിക്കുവിന്‍” (ലൂക്കാ 10:20). യേശുവിനെ സ്പര്‍ശിച്ചില്ലെങ്കിലും വേണ്ട, അവിടുത്തെ വസ്ത്രത്തില്‍ ഒന്ന് സ്പര്‍ശിച്ചാല്‍ മാത്രം മതി എനിക്ക് സൗഖ്യം കിട്ടും എന്നു വിശ്വസിച്ച രക്തസ്രാവക്കാരി വിശ്വാസത്തിന്റെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ നില്‍ക്കുന്ന വ്യക്തിയാണ്. യേശു അവള്‍ക്ക് നല്‍കുന്നത് വെറും ശാരീരികസൗഖ്യം മാത്രമല്ല എന്നോര്‍ക്കാം, പ്രത്യുത ആത്മാവിന്റെ രക്ഷകൂടിയാണ്. ”മകളേ, ധൈര്യമായിരിക്കുക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു” (മത്തായി 9:22).

ഈ സുവര്‍ണാവസരം – ഈ ലോകത്തില്‍ എല്ലാക്കാര്യങ്ങളും സാധിക്കുവാനും പരലോകത്തില്‍ നിത്യജീവന്‍ സ്വന്തമാക്കുവാനും ഉള്ള അവസരം – നഷ്ടപ്പെടുത്തുന്നത് മൗഡ്യമല്ലേ? അത് സാധ്യമാക്കുന്ന നിഷ്‌ക്കളങ്കവിശ്വാസം ദൈവത്തിന്റെ സൗജന്യദാനമാകയാല്‍ അതിനായി ഇപ്പോള്‍ത്തന്നെ നമുക്ക് പ്രാര്‍ത്ഥിക്കാം.
പിതാവേ, അങ്ങയെ സന്തോഷിപ്പിക്കുന്ന ഒരു പൈതലായി എന്നെ മാറ്റണമേ. അങ്ങിലുള്ള മാറ്റമില്ലാത്ത വിശ്വാസത്താല്‍ എന്നെ നിറച്ചാലും. സാഹചര്യങ്ങള്‍ മാറിമറിയുമ്പോഴും അങ്ങയില്‍മാത്രം ദൃഷ്ടിയുറപ്പിക്കുവാന്‍ എന്നെ അനുഗ്രഹിക്കണമേ. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, നിങ്ങള്‍ക്കു കൈമുതലായുണ്ടായിരുന്ന വിശ്വാസത്തിന്റെ കൃപ എനിക്കും ലഭിക്കുവാന്‍ പ്രാര്‍ത്ഥിക്കണമേ ആമ്മേന്‍.

കെ.ജെ.മാത്യു