
മുട്ടവും പട്ടവും രണ്ടു സ്ഥലപ്പേരുകളാണ്. പരസ്പര ബന്ധമില്ലാത്ത രണ്ടു വിദൂരസ്ഥലങ്ങള്‍! ഒരുവന്‍ മുട്ടത്ത് ഒരു വീട്ടില്‍നിന്നും അമ്പതുപവന്‍ മോഷ്ടിച്ചിട്ട് പട്ടത്തുപോയി വേറൊരു വീട്ടില്‍ ദാനം ചെയ്താല്‍ മുട്ടത്തു കട്ടതിന്റെ പാപപരിഹാരമാകുമോ? ഒരിക്കലുമില്ല! പിന്നെ എന്തുചെയ്താല്‍ ഈ കടം വീടും? മുട്ടത്തുനിന്നു മോഷ്ടിച്ചത് പലിശയും ചേര്‍ത്ത് മുട്ടത്തെ വീട്ടില്‍ത്തന്നെ തിരികെ കൊടുത്ത് ക്ഷമയും ചോദിച്ചാല്‍ ചെയ്ത തെറ്റിന് പരിഹാരമാകും!
ഇത്തരത്തില്‍ ധീരമായ കാല്‍വയ്പ് നടത്തിയ ഒരു വ്യക്തിയെ സുവിശേഷത്തില്‍ നമുക്ക് കാണാന്‍ കഴിയും. അത് മറ്റാരുമല്ല, സക്കേവൂസ് എന്ന ചുങ്കക്കാരന്‍തന്നെ.
യേശുവിനെ ഒരു നോക്കു കാണുവാനായി അവന്‍ ജനക്കൂട്ടത്തിനുമുമ്പേ ഓടി സിക്കമൂര്‍ വൃക്ഷത്തില്‍ പാടുപെട്ട് വലിഞ്ഞുകയറി. അതിന്റെ കൊമ്പുകളില്‍ അള്ളിപ്പിടിച്ച് താഴേക്കു കണ്ണുംനട്ടിരിക്കുമ്പോള്‍ അവന്റെ മനസില്‍ ഒരൊറ്റ ആശയേ ഉണ്ടായിരുന്നുള്ളൂ. ചുങ്കക്കാരുടെയും വേശ്യകളുടെയുമെല്ലാം ഉറ്റസ്‌നേഹിതനായ യേശുവെന്ന ആ മഹാപുരുഷനെ ഒരുനോക്കു കാണണം. അവനെ ഒന്നു കണ്ടാല്‍മാത്രം മതി എന്റെയീ ജന്മം സഫലമായി എന്നാണ് അവന്‍ മനസില്‍ കരുതിയത്.
പക്ഷേ യേശു അവനെ ഒറ്റവാക്കുകൊണ്ട് താഴേയിറക്കി. ‘സക്കേവൂസ് ഇറങ്ങിവരൂ. എനിക്ക് ഇന്ന് നിന്റെ വീട്ടില്‍ താമസിക്കേണ്ടിയിരിക്കുന്നു.’ ഒരു പൂ ചോദിച്ചപ്പോള്‍ ഒരു പൂന്തോട്ടം മുഴുവന്‍ തീറെഴുതിക്കൊടുക്കുന്ന ദൈവസ്‌നേഹം മാംസം ധരിച്ച ആള്‍രൂപമായി അവന്റെ ഭവനത്തിലേക്ക് കടന്നുചെന്നപ്പോള്‍ അവനിലെ പാപം നിറഞ്ഞ പഴയ മനുഷ്യന്‍ എവിടെയോ ഓടിയൊളിച്ചു. ചുങ്കക്കാരെയും പാപികളെയും നെഞ്ചോടുചേര്‍ത്ത് സ്‌നേഹിക്കുന്ന യേശുവിന്റെ കരുണാര്‍ദ്ര സ്‌നേഹം അനുഭവിച്ചറിഞ്ഞപ്പോള്‍ അവന്‍ യേശുവിനെ താണുവണങ്ങി അവന്റെ ഹൃദയംകൊണ്ട് ആ പാദങ്ങള്‍ മുത്തിക്കൊണ്ടുപറഞ്ഞു. ”മതി ഗുരോ, മതി. എന്റെ പാപജീവിതം എനിക്കു മതിയായി. ഞാന്‍ ഇന്നലെവരെ നയിച്ച പാപജീവിതം എനിക്കുവേണ്ട. എനിക്കു നിന്നെ മതി. നിന്നെമാത്രം മതി.
ഇതാ എന്റെ സ്വത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുന്നു. തട്ടിപ്പും വെട്ടിപ്പും ചതിയും ചെയ്ത് ഞാന്‍ ഏറെ സമ്പത്ത് സമ്പാദിച്ചു ഗുരോ. അവയൊന്നും ഇനിമേല്‍ എനിക്കുവേണ്ട. അന്യായമായി ഞാനാരുടെയൊക്കെ സമ്പത്ത് കയ്യടക്കിയോ അവയെല്ലാം അവയുടെ ഉടമസ്ഥര്‍ക്ക് നാലുമടങ്ങായി തിരികെ കൊടുക്കുന്നു!”
വിപ്ലവകരമായ ഒരു മാനസാന്തരം അവിടെ നടക്കുന്നു. കണ്ടുനിന്നവര്‍ ഞെട്ടി. അപ്പോള്‍ യേശു പുഞ്ചിരിയോടെ സക്കേവൂസിനെ നോക്കിപ്പറഞ്ഞു ”ഇപ്പോള്‍ ഈ ഭവനത്തിന് രക്ഷ കൈവന്നിരിക്കുന്നു” (ലൂക്കാ 19:9).
സക്കേവൂസ് നമ്മെ വെല്ലുവിളിക്കുന്നു
അത്ഭുതകരമായ മാനസാന്തരത്താല്‍ ഗുരുവിനെയും കണ്ടുകേട്ടു നിന്നവരെയും ഞെട്ടിപ്പിച്ച ആ ചുങ്കക്കാരന്‍ ഒരു വെല്ലുവിളി നമ്മുടെ നേര്‍ക്കും വയ്ക്കുന്നുണ്ട്. ഇതുപോലൊരു ഫലം പുറപ്പെടുവിക്കുന്ന മാനസാന്തരത്തിന് ഉടമയാകാന്‍.
സക്കേവൂസ് കാണിച്ച വിപ്ലവകരമായ തിരികെക്കൊടുക്കല്‍ നമ്മളെല്ലാവരും അടിവരയിട്ടു ഹൃദിസ്ഥമാക്കേണ്ട ഒരു സംഗതിയാണ്. ആരുടെയെല്ലാം വക വഞ്ചിച്ചെടുത്തിട്ടുണ്ടോ അത് നാലിരട്ടിയായി തിരികെ കൊടുക്കണം.
സ്വന്തം അനുജന്റെ സ്വത്ത് അന്യായമായി കയ്യേറി സ്വന്തമായിവച്ച് അനുഭവിച്ച് അവനെ വഴിയാധാരമാക്കിത്തീര്‍ത്ത ഒരുവന്‍ ധ്യാനം കൂടി മാനസാന്തരപ്പെട്ടതിനുശേഷം ആ സ്വത്ത് വിറ്റ് കുറെയേറെ അനാഥാലയങ്ങള്‍ക്കും സുവിശേഷവേലക്കും ദാനം ചെയ്താല്‍ ദൈവം അവനില്‍ പ്രസാദിക്കുമെന്ന മിഥ്യാധാരണക്കുനേരെ സക്കേവൂസ് വിരല്‍ചൂണ്ടുന്നത് കാണുന്നില്ലേ? കര്‍ത്താവേ, ഞാന്‍ ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കില്‍ അവര്‍ക്ക് അത് നാലിരട്ടിയായി തിരികെ കൊടുക്കുന്നു എന്ന സക്കേവൂസിന്റെ വാക്കുകള്‍ പരിഹാരക്കടത്തിന്റെ മേഖലയില്‍ നിര്‍ണായകമായ ഒരു വഴിത്തിരിവ് നമുക്ക് നല്‍കുന്നു. അനേകരുടെ കണ്ണുനീരിന് ആധാരമായ രീതിയില്‍ ധനസമ്പാദനം നടത്തിയിട്ട് അതിലൊരു വലിയ ഭാഗം സുവിശേഷവേലയ്ക്കും ജീവകാരുണ്യത്തിനുമൊക്കെ കൊടുത്താല്‍ പരിഹാരമായി എന്നു ചിന്തിക്കുന്നവരുണ്ടാകാം. എന്നാല്‍ ദൈവവചനം നമ്മെ തിരുത്തുന്നു. ”ദരിദ്രന്റെ സമ്പത്ത് തട്ടിയെടുത്ത് ബലിയര്‍പ്പിക്കുന്നവന്‍ പിതാവിന്റെ മുമ്പില്‍വച്ച് പുത്രനെ കൊല്ലുന്നവനെപ്പോലെയാണ്” (പ്രഭാഷകന്‍ 34:24).
നിര്‍ണായകമായ ഒരു തിരുത്തല്‍കുറിപ്പ്
ഒരിക്കല്‍ ഒരു ധനികനായ മനുഷ്യന്‍ കുറെയേറെ നോട്ടുകെട്ടുകളുടെ പെട്ടിയുമായി ഒരു വലിയ അനാഥാലയത്തില്‍ ചെന്നു. ആ അനാഥാലയം അനേക നാളത്തേക്ക് ഓടിച്ചുകൊണ്ടുപോകാന്‍ വേണ്ട ധനത്തിന്റെ ഓഫറുമായിട്ടാണ് അയാള്‍ ആ സ്ഥാപനത്തിന്റെ അധികാരിയായ പ്രായംചെന്ന ആ വൈദികനെ കണ്ടത്. ആ വൈദികന്‍ അയാളോടു ചോദിച്ചു, ഇത്രയും വലിയ ഒരു സമ്പത്ത് ദാനം ചെയ്യാന്‍ തക്കവിധം എന്താണ് നിങ്ങള്‍ക്ക് പ്രചോദനമായിത്തീര്‍ന്നത്? അയാള്‍ വളരെ സ്വരംതാഴ്ത്തി ഒരു കുമ്പസാര രഹസ്യംപോലെ അച്ചനോട് തുറന്നു പറഞ്ഞു. അച്ചാ, ഈ പണം എന്റേതല്ല. എന്റെ ബിസിനസ് പാര്‍ട്ണറെ വഞ്ചിച്ച് തട്ടിപ്പിലൂടെ ഞാന്‍ കയ്യടക്കിയതാണ് ഈ പണവും ഇനിയും ഞാന്‍ തരാമെന്ന് ഏറ്റ പണവും. സത്യത്തില്‍ എന്റേതല്ല അങ്ങേരുടേതാണ്. അന്നെനിക്ക് തീരെ അറിവില്ലായിരുന്നച്ചാ. അതുകൊണ്ടാണ് അങ്ങനെയൊക്കെ ചെയ്തുപോയത്.
അയാളുടെ കണ്ണുനീരുകൊണ്ടാണോ എന്നറിയില്ലച്ചാ, ഞങ്ങളുടെ കുടുംബത്തില്‍ നിരവധിയായ പ്രശ്‌നങ്ങള്‍ ഉടലെടുത്തു. അപകടമരണങ്ങള്‍ ഉണ്ടായി. ഇതെല്ലാം കണ്ടിട്ട് നല്ലവരായ പലരും എന്നോടുപോയി ധ്യാനം കൂടാന്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ഞാനവരുടെ സമ്മര്‍ദത്തിനു വഴങ്ങി ധ്യാനം കൂടി. ദൈവവചനം കേട്ടപ്പോഴാണ് ഞാന്‍ തിരിച്ചറിഞ്ഞത് ഞാനിതുവരെ സമ്പാദിച്ചതു മുഴുവന്‍ പാപവഴികളിലൂടെയാണെന്നും ഞാന്‍ അന്യായമായി സമ്പാദിച്ചത് എന്റെ കൈയില്‍ വച്ചുകൊണ്ടിരിക്കാന്‍ പാടില്ലെന്നും. ഇനിയും ഇതെന്റെ കൈയില്‍ വച്ചാല്‍ എന്റെ കൈപൊള്ളും അച്ചാ. അതുകൊണ്ട് ഇതുപോലുള്ള സ്ഥാപനങ്ങള്‍ക്കു നല്‍കി ഇതെന്റെ കൈയില്‍നിന്നും ഒഴിവാക്കാന്‍ നോക്കുകയാണ് ഞാനിപ്പോള്‍.
അപ്പോള്‍ അച്ചന്‍ ആ മനുഷ്യനോട് പറഞ്ഞു. മകനേ, നീ ധ്യാനം കൂടിയതും മാനസാന്തരം വന്നതും പരിഹാരം ചെയ്യാന്‍ ഉറച്ചതുമെല്ലാം വളരെ നല്ല കാര്യം. പക്ഷേ നീയീ പണംകൊണ്ട് ഇങ്ങോട്ടല്ല വരേണ്ടത്. നീ ചതിച്ച നിന്റെ പാര്‍ട്ണറുടെ അടുത്തേക്കാണ്. നീ ചെന്ന് അവന്റെ കാലില്‍ വീണ് മാപ്പുപറയണം. തട്ടിച്ച തുകയും പലിശയും ചേര്‍ത്ത് തിരികെ നല്‍കണം. ഈ പണം ഞങ്ങള്‍ സ്വീകരിച്ചാല്‍ ഞങ്ങളുടെ കൈയും പൊള്ളും മോനേ. നീയിത് കയ്യേല്‍ക്കാന്‍ അര്‍ഹതപ്പെട്ടവരുടെയടുത്ത് തിരിച്ചേല്‍പിക്കുക. അപ്പോള്‍ നിന്നെയും നിന്റെ കുടുംബത്തെയും ദൈവം രക്ഷിക്കും. സക്കേവൂസ് അതാണ് ചെയ്തത്. സക്കേവൂസ് ദാനമായി നല്‍കിയത് തനിക്കര്‍ഹതപ്പെട്ട സമ്പത്താണ്. വഞ്ചിച്ചെടുത്തത് തിരികെ നല്‍കുന്നത് ദാനമല്ല. അത് അനിവാര്യമായ ഒരു പരിഹാരപ്രവൃത്തിയാണ്.
സക്കേവൂസില്‍ ഇതു രണ്ടും ഉണ്ടായിരുന്നു. നീയും പോയി അതുപോലെ ചെയ്യുക. അപ്പോള്‍ ദൈവം നിന്നെയും നിന്റെ കുടുംബത്തെയും രക്ഷിക്കും. ”ഇന്നീ ഭവനത്തിന് രക്ഷ കൈവന്നിരിക്കുന്നു” എന്ന് സക്കേവൂസിനോടു പറഞ്ഞ വാക്കുകള്‍ യേശു നിന്നോടും പറയും. ഏതെങ്കിലും കാരണവശാല്‍ അര്‍ഹതപ്പെട്ടവരോ അവരുടെ മക്കളോ മറ്റവകാശികളോ ജീവിച്ചിരിക്കുന്നില്ലെങ്കില്‍ മാത്രമേ വഞ്ചിച്ചെടുത്ത സമ്പത്ത് ദാനം ചെയ്ത് പരിഹാരം ചെയ്യാവൂ.
വഞ്ചിച്ചെടുത്തത് കൊടുക്കേണ്ടവര്‍ക്ക് വിട്ടുകൊടുക്കാതെ ലോകത്തിന്റെ മുമ്പില്‍ നമ്മളില്‍ പലരും വലിയ ദാനധര്‍മികളായി പ്രത്യക്ഷപ്പെടാറുണ്ട്. അവരുടെ ജീവിതങ്ങളെയും കുടുംബങ്ങളെയും സ്ഥാപനങ്ങളെയും നോക്കി ഇന്നീ ഭവനത്തിന് രക്ഷ കൈവന്നിരിക്കുന്നു എന്നു പറയാന്‍ യേശുവിനൊരിക്കലും കഴിയുകയില്ല. ”രക്ഷിക്കാന്‍ കഴിയാത്തവിധം കര്‍ത്താവിന്റെ കരം കുറുകിപ്പോയിട്ടില്ല. കേള്‍ക്കാനാവാത്തവിധം അവിടുത്തെ കാതുകള്‍ക്ക് മാന്ദ്യം സംഭവിച്ചിട്ടില്ല. നിന്റെ അകൃത്യങ്ങള്‍ നിന്നെയും ദൈവത്തെയും തമ്മില്‍ അകറ്റിയിരിക്കുന്നു. നിന്റെ പാപങ്ങള്‍ അവിടുത്തെ മുഖം നിന്നില്‍നിന്നും മറച്ചിരിക്കുന്നു” (ഏശയ്യാ 59:1-2).
തിരുവചനങ്ങള്‍ നമ്മെ ഉദ്‌ബോധിപ്പിക്കുന്ന ഒരു കാര്യമുണ്ട്. അത് ഇതാണ് – ”നീതിയുടെ ഫലം സമാധാനമായിരിക്കും” (ഏശയ്യാ 32:17). സകല അസമാധാനങ്ങളുടെയും അടിയില്‍ അനീതിയുടെ ഒരു തലമുണ്ട്. എന്താണ് യഥാര്‍ത്ഥമായ നീതിയെന്ന് തിരുവചനങ്ങള്‍ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. ഓരോരുത്തനും അര്‍ഹിക്കുന്നത് കൊടുക്കുന്നതാണ് യഥാര്‍ത്ഥമായ നീതി. ”സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക” (മര്‍ക്കോസ് 12:17). കുറെക്കൂടി വിശദമായി പൗലോസ്ശ്ലീഹാ യഥാര്‍ത്ഥ നീതിയെക്കുറിച്ച് റോമാക്കാര്‍ക്കെഴുതിയ ലേഖനത്തില്‍ പറയുന്നുണ്ട്. ”ഓരോരുത്തര്‍ക്കും അവകാശപ്പെട്ടിരിക്കുന്നത് കൊടുക്കുവിന്‍. നികുതി അവകാശപ്പെട്ടവന് നികുതി. ചുങ്കം അവകാശപ്പെട്ടവനു ചുങ്കം. ആദരം അര്‍ഹിക്കുന്നവന് ആദരം. ബഹുമാനം നല്‍കേണ്ടവന് ബഹുമാനം” (റോമാ 13:7).
ഈ ഒരു മാനദണ്ഡം നമ്മുടെ പരിഹാരക്കടങ്ങളുടെ മേഖലയിലും ഫലം പുറപ്പെടുവിച്ചാല്‍ സമാധാനത്തിന്റെ തുറമുഖത്തേക്ക് നമ്മുടെ വ്യക്തിജീവിതവും കുടുംബജീവിതവും സമൂഹജീവിതവും
നയിക്കപ്പെടും.
സ്റ്റെല്ല ബെന്നി