വാഗ്ദാനം പ്രാപിക്കാന്‍ നാം എന്തു ചെയ്യണം? (Editorial) – Shalom Times Shalom Times |
Welcome to Shalom Times

വാഗ്ദാനം പ്രാപിക്കാന്‍ നാം എന്തു ചെയ്യണം? (Editorial)

അയര്‍ലണ്ടിലെ അര്‍മാഗ് അതിരൂപതയുടെ ആര്‍ച്ചുബിഷപ്പാകാന്‍ അവകാശം ഡൗണ്‍ & കൊണോറിന്റെ ബിഷപ്പായിരുന്ന വിശുദ്ധ മലാക്കിക്ക് ആയിരുന്നു. സ്വര്‍ഗം അദ്ദേഹത്തെയാണ് ആ സ്ഥാനത്തേക്ക് നിയോഗിച്ചിരിക്കുന്നതെന്ന് അദ്ദേഹത്തിന് അറിയുകയും ചെയ്യാമായിരുന്നു. കാരണം അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായിരുന്ന വിശുദ്ധ സെലസ് കാലംചെയ്ത സമയം ബിഷപ് മലാക്കിക്ക് ഒരു സ്വര്‍ഗീയ ദര്‍ശനം ലഭിക്കുകയുണ്ടായി. ഒരു ദൂതന്‍ മലാക്കിക്ക് പ്രത്യക്ഷപ്പെട്ട്, ആര്‍ച്ചുബിഷപ് സെലസിന്റെ അംശവടിയും മലാക്കിയെ അര്‍മാഗിലെ ആര്‍ച്ചുബിഷപ്പായി അവരോധിച്ചുകൊണ്ടുള്ള കല്പനയും മലാക്കിക്ക് കൈമാറുന്നതായിരുന്നു ആ ദര്‍ശനം. മലാക്കി ഇക്കാര്യം ആരോടും പറഞ്ഞില്ലെന്നു മാത്രമല്ല, ഈ സ്ഥാനക്കയറ്റം സ്വീകരിക്കാന്‍ വിമുഖനുമായിരുന്നു. എന്നാല്‍ വിശുദ്ധ സെലസിന്റെ സ്വന്തക്കാര്‍ അദ്ദേഹത്തിന്റെ ബന്ധുവായ മര്‍ട്ടഫിനെ അര്‍മാഗിലെ ആര്‍ച്ചുബിഷപ്പായി അവരോധിച്ചു. അന്നത്തെ മാര്‍പാപ്പ ഇന്നസെന്റ് 2-ാമന്റെ പ്രതിനിധി ബിഷപ് ഗില്‍ബര്‍ട്ട് ഓഫ് ലിംറിക്കും മറ്റ് മെത്രാന്മാരും മലാക്കിയെ നിര്‍ബന്ധിച്ചെങ്കിലും മലാക്കി അര്‍മാഗിലെ ആര്‍ച്ചുബിഷപ് സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറായില്ല. എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം, മര്‍ട്ടഫിന്റെ മരണത്തോടെ സാഹചര്യങ്ങള്‍ അനുകൂലമാക്കപ്പെട്ടു. തന്നെക്കുറിച്ചുള്ള ദൈവഹിതം അറിഞ്ഞിരുന്നതിനാല്‍ പേപ്പല്‍ പ്രതിനിധിയുടെയും മറ്റും നിരന്തര സമ്മര്‍ദ്ദത്തിന് വിധേയനായി മലാക്കി അര്‍മാഗിലെ ആര്‍ച്ചുബിഷപ് സ്ഥാനം ഏറ്റെടുത്തു.

വിശുദ്ധ മലാക്കിയെ സ്വര്‍ഗം ആര്‍ച്ചുബിഷപ്പായി നിയോഗിച്ചിരിക്കുന്നുവെന്ന് അദേഹം അറിഞ്ഞിരുന്നിട്ടും ആ സ്ഥാനം മറ്റൊരാള്‍ സ്വന്തമാക്കിയപ്പോള്‍ അദേഹം തന്റെ അവകാശവാദങ്ങള്‍ ഉന്നയിക്കാനോ, ആ സ്ഥാനം ദൈവം തനിക്ക് നല്കിയാതാണെന്ന് വാദിക്കാനോ ബോധ്യപ്പെടുത്താനോ ശ്രമിച്ചില്ല. മാത്രമല്ല, അര്‍മാഗില്‍ അദേഹം പ്രവേശിച്ചതുപോലുമില്ല. ഒടുവില്‍ യഥാസമയം ദൈവംതന്നെ മലാക്കിക്കുവേണ്ടി സാഹചര്യങ്ങള്‍ ക്രമീകരിച്ചു; അവിടുത്തെ വാഗ്ദാനം പാലിച്ചു.

നാളുകളായി പ്രാര്‍ത്ഥിച്ചിട്ടും ഉത്തരമൊന്നും ലഭിക്കാത്ത സാഹചര്യങ്ങള്‍ നമുക്കുണ്ടാകാം. ദൈവത്തില്‍നിന്നുതന്നെ വാഗ്ദാനങ്ങള്‍ ലഭിച്ചിട്ടും യാഥാര്‍ത്ഥ്യമാകാതെ കാത്തിരുന്ന് മടുത്തുപോകുന്നുമുണ്ടാകാം. എന്നാല്‍ ഈ പുതുവര്‍ഷത്തില്‍ കര്‍ത്താവിന്റെ വചനം നമ്മോടു പറയുന്നു: ”നിങ്ങള്‍ തിടുക്കം കൂട്ടേണ്ടാ; വേഗം ഓടുകയും വേണ്ടാ. കര്‍ത്താവ് നിങ്ങളുടെ മുമ്പില്‍ നടക്കും. ഇസ്രായേലിന്റെ ദൈവമായിരിക്കും നിങ്ങളുടെ പിന്‍കാവല്‍ക്കാരന്‍” (ഏശയ്യാ 52/12).

വിശുദ്ധ മലാക്കിയുടെ ജീവിതത്തില്‍ എന്നതുപോലെ നമുക്കുവേണ്ടിയും ദൈവം പ്രവര്‍ത്തിക്കും. എല്ലാം മനോഹരമായി ക്രമീകരിക്കും. നാം ശാന്തരായി അവിടുത്തേക്കുവേണ്ടി കാത്തിരുന്നാല്‍ മതി. പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്കുന്ന ഒരു ദൈവമാണ് അവിടുന്ന്; വാഗ്ദാനങ്ങള്‍ തക്കസമയത്ത് അവിടുന്ന് പാലിക്കുകതന്നെ ചെയ്യും. നമുക്കുവേണ്ടി എല്ലാം ചെയ്തുതരുന്ന (സങ്കീര്‍ത്തനങ്ങള്‍ 57/2) കര്‍ത്താവിലുള്ള പ്രത്യാശയുടെ പുതുവര്‍ഷം സ്‌നേഹത്തോടെ എല്ലാവര്‍ക്കും ആശംസിക്കുന്നു…!

ഞങ്ങള്‍ക്കുവേണ്ടി എല്ലാം ചെയ്തുതരുന്ന ദൈവമേ, അങ്ങയുടെ സമയത്തിനുവേണ്ടി പ്രാര്‍ത്ഥനയോടെ ശാന്തരായി കാത്തിരിക്കാന്‍ ഞങ്ങളെ സഹായിക്കണമേ, ആമ്മേന്‍.

 

OUR RELATED POSTS