മിക്കി ഒന്നാം ക്ലാസില്‍ പഠിക്കുന്ന സമയം. സ്‌കൂളിലെ ഒരു പരിപാടിയോടനുബന്ധിച്ച് നാടകത്തില്‍ അഭിനയിക്കാന്‍ കുട്ടികളെ തെരഞ്ഞെടുക്കാന്‍ ഒരുങ്ങുകയായിരുന്നു. അതിനെക്കുറിച്ച് അവന്‍ വീട്ടില്‍ എപ്പോഴും പറയും. അവന്റെ അമിതാവേശം കണ്ടപ്പോള്‍ അമ്മക്ക് അല്പം പേടിയായി, ‘അവന്‍ നാടകത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കിലോ?’ അതിനാല്‍ അമ്മ അവന്റെ ആവേശം കുറയ്ക്കാന്‍ ശ്രമിച്ചിരുന്നു.
വൈകാതെതന്നെ നാടകത്തിലേക്ക് അഭിനേതാക്കളെ തെരഞ്ഞെടുക്കുന്ന ദിവസം വന്നു. അന്ന് വൈകിട്ട് സ്‌കൂളില്‍നിന്ന് തിരികെയെത്തിയ അവന്റെ തിളങ്ങുന്ന കണ്ണുകള്‍ കണ്ടപ്പോള്‍ അവന് പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ കിട്ടിയെന്ന് അമ്മ ഊഹിച്ചു. ‘നല്ല സന്തോഷത്തിലാണല്ലോ’ എന്ന അമ്മയുടെ വാക്കുകള്‍ക്ക് മറുപടിയായി അവന്‍ പറഞ്ഞു, ”അതെ അമ്മേ, എന്താണെന്നറിയാമോ, കൈയടിച്ച് എല്ലാവരെയും രസിപ്പിക്കാനാണ് എന്നെ തെരഞ്ഞെടുത്തിരിക്കുന്നത്!”
‘ഒന്നും ചെയ്യാനില്ലല്ലോ’ എന്ന ശൂന്യത തോന്നുമ്പോഴെല്ലാം കുഞ്ഞുമിക്കിക്ക് ലഭിച്ച ഉള്‍വെളിച്ചം നമുക്ക് പ്രചോദനമാകും.
”ദൈവത്തിന്റെ നിയോഗവും വിളിയും അനുസരിച്ച് ഓരോരുത്തരും ജീവിതം നയിക്കട്ടെ” (1 കോറിന്തോസ് 7/17)