കടുത്ത ലോക്ക്ഡൗണില്‍ ഈശോ വന്ന വഴി – Shalom Times Shalom Times |
Welcome to Shalom Times

കടുത്ത ലോക്ക്ഡൗണില്‍ ഈശോ വന്ന വഴി

ആദ്യത്തെ കടുത്ത ലോക്ക്ഡൗണ്‍ സമയം. കുമ്പസാരിക്കാനോ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനോ ഒരു വഴിയുമില്ലാതായി. അതിനുമുമ്പ് അനുദിനം ദിവ്യബലിയര്‍പ്പിക്കാനും ഇടയ്ക്കിടെ കുമ്പസാരിക്കാനുമുള്ള ഭാഗ്യം എനിക്കുണ്ടായിരുന്നു. കൂദാശകളില്ലാതെ ജീവിക്കുക പ്രയാസമായിരുന്നു.
ആ ദിവസങ്ങളില്‍ ജോലിക്കും പോകേണ്ടാത്തതുകൊണ്ട് ഫിസ്റ്റുലയ്ക്കുള്ള ആയുര്‍വേദ സര്‍ജറി ചെയ്തു. ആ സര്‍ജറി കഴിഞ്ഞ് നിശ്ചിത ദിവസത്തേക്ക് ഇരിക്കാന്‍ പാടില്ല. നടക്കാം കിടക്കാം, അത്രമാത്രം. ചികിത്സയുടെ ഭാഗമായി വേദന സഹിച്ചാണെങ്കിലും 10 കിലോമീറ്റര്‍ എന്നും നടക്കണം. ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ ഡ്രസ് ചെയ്യാനായി ചാലക്കുടിയിലുള്ള എന്റെ വീട്ടില്‍നിന്ന് 30 കിലോമീറ്ററോളം ദൂരെയുള്ള മണ്ണുത്തിയിലെ ആശുപത്രിയില്‍ ചെല്ലുകയും വേണം.
കുറച്ച് ദിവസങ്ങള്‍ക്കുശേഷം ഒരു രാത്രി. ഉറക്കത്തിനിടെ ഒരു പ്രത്യേക നിറത്തിലുള്ള ളോഹ ധരിച്ച അച്ചനെ സ്വപ്‌നം കണ്ടു. ഞാന്‍ അദ്ദേഹത്തോട് എന്നെ കുമ്പസാരിപ്പിക്കാമോ എന്നു ചോദിക്കുന്നതും കണ്ടു. നേരം പുലര്‍ന്നു. ആ സ്വപ്നം അപ്പോഴും എന്റെ മനസിലുണ്ടായിരുന്നു.
പിന്നീട് അന്ന് നടക്കാനിറങ്ങിയപ്പോഴാണ് അത്ഭുതം! സ്വപ്‌നത്തില്‍ കണ്ട വൈദികന്‍ അതേ വേഷത്തില്‍ എന്റെ മുന്നില്‍! ഞങ്ങള്‍ക്ക് പരസ്പരം അറിയില്ല. പക്ഷേ ഇടവകപ്പള്ളിയില്‍ ധ്യാനത്തിനിടെ കുമ്പസാരിപ്പിക്കാന്‍ വന്നപ്പോള്‍ ഞാന്‍ അച്ചനെ കണ്ടിട്ടുണ്ട്. അതിനാല്‍ ഞാന്‍ വേഗം അച്ചനോട് ചോദിച്ചു ”അച്ചാ ഒന്ന് കുമ്പസാരിക്കാന്‍ പറ്റുമോ?” ആ ചോദ്യം കേട്ടപ്പോള്‍ അച്ചന്‍ അദ്ദേഹത്തിന്റെ ആശ്രമത്തിലേക്ക് ചെല്ലാന്‍ പറഞ്ഞു. എനിക്ക് യാത്ര ചെയ്യാനാവില്ല എന്ന് ഞാന്‍ പറഞ്ഞു. അവിടെയുള്ള ഒരു കാറിലിരുന്ന് എന്നെ കുമ്പസാരിപ്പിക്കാമോ എന്നുപോലും ചോദിച്ചു.
അപ്പോള്‍ അദ്ദേഹം പറഞ്ഞു, ”മോനേ ഞാന്‍ നിന്റെ വീട്ടിലേക്കു വരാം.” ഒരു ഫോണ്‍ നമ്പര്‍ തന്നു. ”നീ എന്നെ ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് വിളിക്ക്.” വിളിച്ചപ്പോള്‍ അച്ചന്‍ പറഞ്ഞു, ”നാലുമണിക്ക് വരാം.” എന്നാല്‍ മൂന്നരമണി കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ പ്രദേശത്ത് ഇടിവെട്ടും കനത്ത മഴയും. കറന്റും പോയി. ഞാന്‍ വീണ്ടും അച്ചനെ വിളിച്ചു, ”ഇവിടെയും കറന്റ് പോയി. കനത്ത ഇടി ഇവിടെയുമുണ്ട്,” അച്ചന്റെ മറുപടി. അതിനാല്‍ ഏഴ് മണി കഴിഞ്ഞ് വരാം എന്ന് അച്ചന്‍ പറഞ്ഞു. ഏഴര ആയപ്പോള്‍ മഴ കുറഞ്ഞു. അച്ചന് വീണ്ടും ഫോണ്‍ ചെയ്തപ്പോള്‍ എന്റെ വീട് എവിടെ എന്ന് ചോദിച്ചു. ഗവണ്‍മെന്റ് ആശുപത്രിയുടെ സമീപത്താണെന്ന് ഞാന്‍ പറഞ്ഞുകൊടുത്തു. ”ഞാന്‍ അങ്ങോട്ട് വരാം. ആശുപത്രിക്കടുത്തെത്തുമ്പോള്‍ വിളിക്കാം, അവിടെ ആരെയെങ്കിലും നിര്‍ത്തിയാല്‍ മതി” അച്ചന്‍ നിര്‍ദേശിച്ചു. മുക്കാല്‍ മണിക്കൂര്‍ കഴിയുമ്പോള്‍ എത്തുമെന്നും ഓര്‍മിപ്പിച്ചു. അതനുസരിച്ച് ഞാന്‍ കാത്തിരുന്നു.
രാത്രി ഏഴേ മുക്കാലായി അച്ചന്‍ വിളിക്കുന്നില്ല… എട്ടുമണി ആയി, ഞാന്‍ അച്ചനെ വിളിച്ചു, ഫോണ്‍ സ്വിച്ച്ഡ് ഓഫ്. വീണ്ടും വീണ്ടും വിളിച്ചു സ്വിച്ച്ഡ് ഓഫ് എന്നുതന്നെയാണ് കേള്‍ക്കുന്നത്. കാത്തിരിപ്പ് തുടര്‍ന്നതല്ലാതെ 10 മണിയായിട്ടും അച്ചനെയും കാണുന്നില്ല, ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നുമില്ല. വീട്ടുകാര്‍ കളിയാക്കി, ”പിന്നേയ് നിന്നെ കുമ്പസാരിപ്പിക്കാന്‍ നിന്നെ അറിയാത്ത അച്ചന്‍ വീട്ടിലേക്ക് വരികയല്ലേ.”
എന്റെ മനസില്‍ വേറെ ചിന്തയാണ് വന്നത്, ഈ രാത്രിയില്‍ വരുന്ന വഴിക്ക് അച്ചനെന്തെങ്കിലും പറ്റിയോ? മകനെയും അടുത്ത വീട്ടിലെ കൂട്ടുകാരനെയും കൂട്ടി ജംഗ്ഷനില്‍ പോയി നോക്കാന്‍ പറഞ്ഞു. അവര്‍ അവിടെയെല്ലാം പോയി നോക്കി ആരെയും കണാതെ 10.30-ന് തിരിച്ചു വന്നു. വിഷമത്തോടെ ഞാന്‍ കിടന്നുറങ്ങി.
ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ മുറിവ് ഡ്രസ് ചെയ്യേണ്ടതുള്ളതിനാല്‍ പിറ്റേന്ന് കാലത്ത് അതിനായി പോയി. തിരികെവരുമ്പോള്‍ അച്ചന്റെ നമ്പറില്‍ വീണ്ടും വിളിച്ചു. അതാ ഫോണ്‍ റിംഗ് ചെയ്യുന്നു. അച്ചന്‍ എടുത്തു. എനിക്ക് സമാധാനമായി. ”അച്ചാ ഞാന്‍ ഇന്നലെ വിളിച്ച ആളാണ്.”
ഉടനെ അച്ചന്‍ പറഞ്ഞു, ”മോനേ, ഞാന്‍ ഇന്നലെ വന്നിരുന്നു. എന്റെ ഫോണ്‍ ചാര്‍ജില്ലാതെ ഓഫായിപ്പോയി. നിന്റെ പേരോ വീടോ ഞാന്‍ ചോദിക്കാതിരുന്നതിനാല്‍ എനിക്ക് നിന്നെ കണ്ടുപിടിക്കാനും കഴിഞ്ഞില്ല. ഞാന്‍ ആശുപത്രിയുടെ അടുത്തു വന്നിട്ട് അങ്ങോട്ടും ഇങ്ങോട്ടും കുറെ വണ്ടിയോടിച്ചു. രാത്രി 11 വരെ പല വഴിക്കും ഓടിച്ചിട്ടും വീട് മനസിലാക്കാന്‍ സാധിക്കാതെ തിരിച്ചു പോന്നു. ഞാന്‍ നിനക്ക് പരിശുദ്ധ കുര്‍ബാനയും കൊണ്ടുവന്നിരുന്നു.”
എനിക്ക് അത്ഭുതവും സങ്കടവുമായി. തുടര്‍ന്ന് എന്റെ എല്ലാ വിവരങ്ങളും അച്ചന്‍ ചോദിച്ചറിഞ്ഞു. വീട്ടില്‍ എത്ര പേരുണ്ട് എന്നും ചോദിച്ചു. ”നീ ചാലക്കുടിയില്‍ എത്തിക്കഴിഞ്ഞ് എന്നെ വിളിക്ക് ഞാന്‍ വരാം” എന്നും അച്ചന്‍ കൂട്ടിച്ചേര്‍ത്തു. അതനുസരിച്ച് വീട്ടിലെത്തിക്കഴിഞ്ഞ് അച്ചനെ വിളിച്ചു. ഉച്ചയോടുകൂടി അച്ചന്‍ വീട്ടിലെത്തി. എന്നെയും വീട്ടിലുള്ള അപ്പന്‍, അമ്മ, ഭാര്യ, മൂന്ന് മക്കള്‍- എല്ലാവരെയും കുമ്പസാരിപ്പിച്ചു. വിശുദ്ധ കുര്‍ബാന തന്നു… അന്നത്തെ എന്റെ സന്തോഷം എങ്ങനെ വര്‍ണിക്കണമെന്ന് അറിയില്ല. അയോഗ്യനും പാപിയുമായിരുന്നിട്ടും എന്റെ വീട്ടില്‍ 2020 ഏപ്രില്‍ 11-ന് ഈശോ വന്നു. എന്റെ നാവില്‍ ഈശോ അലിഞ്ഞു ചേര്‍ന്നു.
എന്നെ ഇതിനായി സഹായിച്ചതില്‍ ഒരു യുട്യൂബ് വീഡിയോയ്ക്കും പങ്കുണ്ട്. ദൈവാലയത്തില്‍ പോകാന്‍ കഴിഞ്ഞില്ലെങ്കിലും ആയിരിക്കുന്ന സ്ഥലത്ത് ആഗ്രഹിച്ചു പ്രാര്‍ത്ഥിച്ചാല്‍ ഈശോ അവിടെ വരും, നിങ്ങള്‍ പങ്കെടുക്കുന്ന ബലികളില്‍ ദൈവാനുഭവം ഉണ്ടാകും എന്നതായിരുന്നു ആ വീഡിയോയുടെ സന്ദേശം. 2020 മാര്‍ച്ചില്‍ കടുത്ത ലോക്ഡൗണ്‍ സമയത്ത് ചെയ്ത ആ വീഡിയോയ്ക്ക് ശബ്ദം നല്കാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. അതിലൂടെ വിശുദ്ധ കുര്‍ബാനസ്വീകരണത്തിന്റെ വിശുദ്ധനായ പാസ്‌ക്കല്‍ ബൈലോണിനെക്കുറിച്ച് അറിഞ്ഞു. വിശുദ്ധ കുര്‍ബാനയ്ക്കായി തീവ്രമായി ആഗ്രഹിക്കാനും പ്രാര്‍ത്ഥിക്കാനും അതെനിക്ക് സഹായകമാവുകയും ചെയ്തു.
ആഗ്രഹിക്കുക, ഒരുങ്ങുക, കാത്തിരിക്കുക… വീണ്ടും വീണ്ടും ആഗ്രഹിക്കുക. മറ്റെന്തിനെക്കാളും ഈശോയെ സ്‌നേഹിക്കുക. ”തന്നെ കാത്തിരിക്കുന്നവര്‍ക്കും തന്നെ തേടുന്നവര്‍ക്കും കര്‍ത്താവ് നല്ലവനാണ്” (വിലാപങ്ങള്‍ 3/25). അവിടുന്ന് നമ്മുടെ അരികിലേക്ക് വരും. പങ്കെടുക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ വലിയ ദൈവാനുഭവം നിങ്ങള്‍ക്കും അവിടുന്ന് നല്‍കട്ടെ.

ലിജോ ചുമ്മാര്‍