
പുതിയ കാലത്തിലെ വാഹനങ്ങള്‍ക്കൊക്കെ ട്രാക്ക് മാറിയാല്‍ മുന്നറിയിപ്പ് നല്കുന്ന സെന്‍സറുകള്‍ ഉണ്ടല്ലോ. നമ്മുടെ വാഹനം ട്രാക്ക് തെറ്റുന്നു എന്ന് കണ്ടാല്‍ അലാം വരുന്നതോടൊപ്പം സ്റ്റിയറിംഗില്‍ ഒരു വൈബ്രേഷനും വരും. ട്രാക്ക് മാറിപ്പോകാതിരിക്കാന്‍ നമ്മെ സഹായിക്കുന്ന ‘അസിസ്റ്റന്റ്.’
ജീവിതത്തില്‍ വരുന്ന സഹനങ്ങളും ഇങ്ങനെയൊക്കെത്തന്നെയാണ്. ശരിയായ വഴിയിലേക്ക് വരാന്‍ നമ്മെ സഹായിക്കുന്ന ‘അസിസ്റ്റന്റ്.’ പുരോഹിതനായ സഖറിയായെ ശ്രദ്ധിക്കുക. ഗബ്രിയേല്‍ മാലാഖയുടെ സന്ദര്‍ശനത്തിനുശേഷം, സഹനമായി വന്ന മൂകത സഖറിയായെ ശരിയായ വഴിയിലേക്ക് തിരികെ കൊണ്ടുവരുന്നത് കാണാം. വിശുദ്ധ ലിഖിതങ്ങള്‍ കൂടുതല്‍ ധ്യാനിക്കാനും ദൈവത്തിന്റെ പദ്ധതി ആഴത്തില്‍ മനസിലാക്കാനും സഖറിയായ്ക്ക് കഴിഞ്ഞു.
മാലാഖ പറഞ്ഞുകൊടുത്തതുപോലെ കുഞ്ഞിന്റെ പേര് യോഹന്നാന്‍ എന്ന് പലകയില്‍ എഴുതിക്കാണിച്ച സഖറിയാ നമുക്കൊരു നല്ല മാതൃകയാണ്. ”തത്ക്ഷണം അവന്റെ വായ് തുറക്കപ്പെട്ടു. നാവ് സ്വതന്ത്രമായി. അവന്‍ ദൈവത്തെ വാഴ്ത്തിക്കൊണ്ട് സംസാരിക്കാന്‍ തുടങ്ങി” (ലൂക്കാ 1:64). സഹനനേരങ്ങളെ ദൈവപദ്ധതിയുടെ വഴിയില്‍ വരാന്‍ സഹായിക്കുന്ന വേളയായി അദ്ദേഹം ഉപയോഗിച്ചു.
രക്ഷയുടെ ദിനങ്ങള്‍ ആഗതമാകുന്നുവെന്ന് ഓരോ സഹനവും നമ്മെ പഠിപ്പിക്കട്ടെ. അപ്രകാരം ദൈവപദ്ധതിയുടെ വഴിയേ സഞ്ചരിച്ചുകൊണ്ട് രക്ഷകനായ ഉണ്ണിമിശിഹായ്ക്ക് വഴിയൊരുക്കാം, അവിടുത്തെ വരവേല്‍ക്കാം.
ഫാ. ജോസഫ് അലക്‌സ്