ക്രിസ്മസ് ആഗതമാകുകയാണ്. ലോകമെങ്ങുമുള്ള ആളുകള്‍ ഒരുപോലെ സന്തോഷിക്കുന്ന തിരുനാളാണ് ക്രിസ്മസ്. ഇപ്രകാരം ജാതിമതഭേമെന്യേ എല്ലാവര്ക്കും സന്തോഷം പകരുന്ന മറ്റൊരു ദിവസം ഇല്ലെന്നുതന്നെ പറയാം. എന്തുകൊണ്ടാണ് ക്രിസ്മസ് സന്തോഷത്തിന്റെ ദിവസമായത്? ആദ്യത്തെ ക്രിസ്മസില്‍ ദൈവദൂതന് ഉദ്ഘോഷിച്ചത് ഇക്കാര്യമാണ്, ”ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്ത്ത നിങ്ങളെ ഞാന്‍ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്, കര്‍ത്താവായ ക്രിസ്തു, ഇന്ന് ജനിച്ചിരിക്കുന്നു” (ലൂക്കാ 2/10-11).
രക്ഷകന് ജനിക്കുന്നു എന്നതാണ് എല്ലാവര്‍ക്കുമുള്ള ഏറ്റവും വലിയ സന്തോഷത്തിന്റെ സദ്വാര്ത്ത. കാരണം, മനുഷ്യന്റെ സന്തോഷം കവര്‍ന്നെടുക്കുന്നത് പാപമാണ്. ഏദന്തോട്ടത്തില് ആദവും ഹവ്വായും എത്രയേറെ സന്തോഷത്തോടെയാണ് വസിച്ചിരുന്നതെന്ന് നാം ഉത്പത്തിയുടെ പുസ്തകത്തില്‍ വായിക്കുന്നു. എന്നാല്‍ ദൈവകല്പന ലംഘിച്ച് പാപം ചെയ്ത നിമിഷം മുതല്‍ ആ സന്തോഷം അവര്‍ക്ക് നഷ്ടമാകുന്നു. ഭയവും സ്വാതന്ത്ര്യനഷ്ടവും അവര്‍ക്ക് അനുഭവപ്പെടുന്നു.
എന്നാല്‍ പാപം ചെയ്യുന്നതിനുമുമ്പ് പിശാച് അവരോട് പറഞ്ഞത് ദൈവകല്പന ലംഘിച്ചാല്‍ അവര്‍ ദൈവത്തെപ്പോലെ ആയിക്കൊള്ളുമെന്നാണ്. പക്ഷേ അവന് നുണയനും നുണയുടെ പിതാവുമാണെന്ന് അതില്‍നിന്നുതന്നെ വെളിവാകുന്നു. പാപം ചെയ്ത നിമിഷംമുതല്‍ അവര്‍ക്ക് സര്‍വസൗഭാഗ്യങ്ങളും നഷ്ടമാകുകയാണുണ്ടായത്. എന്നാല്‍ ദൈവപിതാവ് അപ്പോഴും മനുഷ്യനോട് കാരുണ്യം കാണിക്കുന്നു. പാപത്തില്‍നിന്ന് രക്ഷ നല്കാന് ദൈവപുത്രനെത്തന്നെ രക്ഷകനായി അയക്കുന്നു.
മനുഷ്യനെ സൃഷ്ടിച്ച അനന്തജ്ഞാനിയായ സ്രഷ്ടാവിനറിയാം അവന് ഏറ്റവും ആവശ്യം പാപത്തില്‍നിന്നുള്ള രക്ഷ നല്‍കുക എന്നതാണെന്ന്. മനുഷ്യന്റെ യഥാര്‍ത്ഥ ആവശ്യം മറ്റൊന്നായിരുന്നെങ്കില്‍ തീര്‍ച്ചയായും സ്നേഹനിധിയായ പിതാവ് അത് നിറവേറ്റുമായിരുന്നല്ലോ. ചുരുക്കത്തില്‍, സര്‍വശക്തനായ ദൈവം മനുഷ്യരോട് അനന്തമായ കാരുണ്യം കാണിച്ച് കുഞ്ഞായി പിറക്കുന്നു എന്നതാണ് ക്രിസ്മസിന്റെ സന്തോഷത്തിന്റെ കാരണം.
അതിനാല്‍ത്തന്നെ ഉണ്ണീശോയെ കാണുന്നത് ഭാഗ്യമാണ്, എല്ലാവര്ക്കും സന്തോഷമാണ്. ഈശോയുടെ ആഗമനം നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന്റെ ഫലമാണ്. ക്രിസ്മസ് നാളിലെ സന്തോഷത്തിന്റെ തിരതല്ലല്‍ നാമെല്ലാവര്‍ക്കും ഓര്‍ക്കാനുണ്ടാവും.
ദൈവം തന്റെ പുത്രനിലൂടെ അവിടുത്തെ കൃപയും അനുഗ്രഹങ്ങളും നമ്മുടെമേല്‍ ചൊരിയുകയാണ്. എന്നാല്‍ ഈ കൃപയും അനുഗ്രഹങ്ങളും സ്വന്തമാക്കണമെങ്കില്‍, നാം ഈശോയില്‍ വിശ്വസിക്കണം. അവിടുത്തെ സ്വീകരിക്കണം. അവിടുത്തെ സ്നേഹിക്കണം. അവിടുത്തെ സ്നേഹിക്കുക എന്നാല്‍ അവിടുത്തെ കല്പനകള് അനുസരിക്കുക എന്നാണര്‍ത്ഥം. അപ്പോള്‍ പിതാവും പുത്രനും പരിശുദ്ധാത്മാവും നമ്മില്‍ വന്ന് വസിക്കും. നാം സന്തോഷത്താലും ആനന്ദത്താലും നിറയും.
ദൈവവചനം ഇപ്രകാരം പറയുന്നുണ്ടല്ലോ, ”തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന് കഴിവ് നല്കി” (യോഹന്നാന് 1/12). ഈ തിരുവചനമനുസരിച്ച് നമുക്കെല്ലാം ദൈവമക്കളായിത്തീരാനുള്ള കഴിവ് സ്വന്തമാക്കാം. അതിനായി ഈ ഭൂമിയില്‍ നമ്മെ വശീകരിക്കുന്ന തിന്മയില്നിന്ന് വിട്ടുമാറി ഈശോയുടെ പക്ഷം ചേരണം. ഈശോ ഈ ഭൂമിയില്‍ പിറന്നപ്പോള്‍ അത് ഹെറോദേസിന് ഇഷ്ടപ്പെട്ടില്ല. തനിക്കുപകരം ആ കുഞ്ഞ് രാജാവാകുമെന്ന് ഹെറോദേസ് ഭയപ്പെട്ടു.
ഇത്തരത്തില്‍, മനഃപൂര്‍വം തിന്മയില് ജീവിക്കുന്നവര്‍ക്ക് ഈശോയുടെ ആഗമനം ഭയവും അസ്വസ്ഥതതയും ഉണ്ടാക്കും. എന്നാല്‍ തിന്മയില്നിന്ന് രക്ഷ നേടണമെന്ന് ആഗ്രഹിക്കുന്ന ഏവനും രക്ഷകന്റെ വരവ് സന്തോഷമായി മാറും. രക്ഷകന്റെ ആഗമനത്തിന്റെ സന്തോഷം ആസ്വദിക്കാനാവാത്ത വിധത്തില്‍ പാപത്തില്‍ തുടരുന്ന അവസ്ഥ നമ്മിലുണ്ടോ എന്ന് പരിശോധിക്കുന്ന സമയംകൂടിയായി ഈ ആഗമനകാലത്തെ നമുക്ക് മാറ്റാം.
മറ്റൊരു പ്രധാനകാര്യം, ക്രിസ്മസ് അതില്‍ത്തന്നെ അവസാനിക്കുന്നില്ല എന്നതാണ്. ഓരോ ക്രിസ്മസ് അനുഭവവും നമ്മെ കുരിശിലേക്കും സര്‍വോപരി, മരണത്തില്‍നിന്നുള്ള ഉയിര്‍പ്പിലേക്കും നയിക്കുന്നു. കാരണം രക്ഷകന് ജനിക്കുന്നത് തന്റെ പീഡാസഹനത്തിലൂടെയും കുരിശുമരണത്തിലൂടെയും മനുഷ്യകുലത്തിന്റെ രക്ഷ സാധിച്ചുകൊണ്ട് ഒടുവില്‍ മരണത്തെ ജയിച്ച് ഉയിര്ത്തെഴുന്നേല്ക്കാന് വേണ്ടിയാണ്. നാം പലപ്പോഴും ക്രിസ്മസുകള്‍ അതില്‍ത്തന്നെ അവസാനിച്ചുവെന്ന് കരുതുന്നു. എന്നാല്‍ പീഡാസഹനവും മരണവും ഉയിര്‍പ്പും ചേരുമ്പോഴാണ് ക്രിസ്മസ് പൂര്‍ണമാകുന്നത്.
ഈ ക്രിസ്മസിന്റെ സന്തോഷം യഥാര്‍ത്ഥത്തില്‍ ആസ്വദിക്കാന്‍ സാധിക്കണമെങ്കില്‍ സുപ്രധാനമായ ഒരു കാര്യംകൂടി ഓര്‍ക്കണം. ക്രിസ്മസില്‍നിന്ന് ക്രിസ്തു അപ്രത്യക്ഷനാകരുത്. ക്രിസ്മസിന്റെ ശ്രദ്ധാകേന്ദ്രം ക്രിസ്തുമസ് ട്രീയോ കരോളോ പുല്‍ക്കൂടോ സമ്മാനങ്ങളോ അല്ല, ക്രിസ്തുതന്നെയാണ്. ”എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന് പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്കാന് തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു” (യോഹന്നാന് 3/16).
മാര്‍ ലോറന്‍സ് മുക്കുഴി
ബല്‍ത്തങ്ങാടി രൂപതാധ്യക്ഷന്‍