വെന്റിലേറ്ററില്‍നിന്ന് ടു വീലറിലേക്ക്… – Shalom Times Shalom Times |
Welcome to Shalom Times

വെന്റിലേറ്ററില്‍നിന്ന് ടു വീലറിലേക്ക്…


എന്റെ മകന്‍ നോബിള്‍ 2019 ഡിസംബര്‍ 6-ന് ഒരു കാറപകടത്തില്‍പ്പെട്ടു. നട്ടെല്ലിനും കുടലിനും ക്ഷതമേറ്റിരുന്നു. കുടലിന് പൊട്ടലുണ്ടായതിനെത്തുടര്‍ന്ന് രക്തത്തില്‍ അണുബാധയുണ്ടായി. ജീവന്‍ അപകടത്തിലാകുന്ന അവസ്ഥയായിരുന്നു. രണ്ട് സര്‍ജറി ചെയ്ത് 26 ദിവസം അവന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ.സിയുവില്‍ വെന്റിലേറ്ററില്‍ കിടന്നു. ”സ്ഥിതി ഗുരുതരമാണ്; ഒന്നും പറയാന്‍ പറ്റില്ല” എന്നാണ് ഡോക്ടര്‍ പറഞ്ഞത്.

മകനെ തിരിച്ച് കിട്ടുമോ ഇല്ലയോ എന്നറിയാതെ ഐ.സി.യുവിനുമുന്നില്‍ പ്രാര്‍ത്ഥനയുമായി ഇരുന്ന ദിനങ്ങള്‍. ഞങ്ങളുടെ ഇടവകവികാരി ഫാ. ഇഗ്നാസി രാജശേഖര്‍ അനുദിനദിവ്യബലികളില്‍ മകനെ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും മൂന്നാം ദിവസം അവന്റെ ആശുപത്രിക്കിടക്കയ്ക്ക് ചുറ്റും നടന്ന് ബന്ധിച്ച് പ്രാര്‍ത്ഥിക്കുകയും വിശുദ്ധജലം തളിക്കുകയും ചെയ്തു. പല കൂട്ടായ്മകളിലും വിളിച്ച് പ്രാര്‍ത്ഥനാസഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

”മരണത്തിന്റെ നിഴല്‍വീണ താഴ്‌വരയിലൂടെയാണ് നടക്കുന്നതെങ്കിലും, അവിടുന്ന് കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല” (സങ്കീര്‍ത്തനങ്ങള്‍ 23/4) എന്ന വചനം ധൈര്യമേകി. പ്രാര്‍ത്ഥനകളുടെ ഫലമായി ഐ.സി.യുവില്‍നിന്ന് ഹൈ കെയര്‍ യൂണിറ്റിലേക്ക് മാറ്റി. അപ്പോള്‍ ഇടതുകാല്‍ ചലനരഹിതമായിക്കഴിഞ്ഞിരുന്നു. ഇന്‍ഫെക്ഷനാകാതെ ശ്രദ്ധിക്കണമെന്ന് നിര്‍ദേശിച്ചാണ് ഡോക്ടര്‍ ഐ.സി.യുവില്‍നിന്ന് മാറ്റിയത്. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും 103 ഡിഗ്രിക്കുമുകളിലായി പനി.

തുടര്‍ന്ന് ഇടവകയിലെ സഹവികാരി വന്ന് അവന് രോഗീലേപനം നല്കി. തുടര്‍ന്ന് മൂന്നാം ദിവസം ഒരത്ഭുതമെന്നോണം അവന്റെ ഇടതുകാല്‍ ചലിപ്പിക്കാന്‍ തുടങ്ങി. അന്ന് വൈദികന്‍ പറഞ്ഞത് ‘മകന്റെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് ഒരു ശതമാനംമാത്രമേ ആയിട്ടുള്ളൂ. നിരന്തരം കുരുക്കഴിക്കുന്ന മാതാവിന്റെ നൊവേന ചൊല്ലി പ്രാര്‍ത്ഥിക്കണം’ എന്നാണ്. എന്തായാലും രോഗീലേപനം എന്ന കൂദാശയിലൂടെ ലഭിച്ച സൗഖ്യം വിശ്വാസത്തില്‍ ആഴപ്പെടുവാന്‍ സഹായിച്ചു.

ജലപാനമില്ലാതെ 42 ദിവസം ഡ്രിപ്പ്മാത്രം ഇട്ടാണ് അവന്‍ കഴിഞ്ഞത്. അതുകഴിഞ്ഞപ്പോള്‍ അല്പം വെള്ളം കൊടുക്കാന്‍ തുടങ്ങി. സര്‍ജറി ചെയ്ത ഭാഗം സ്റ്റിച്ചിടാതെ തുറന്നുകിടന്നിരുന്നതിനാല്‍ നട്ടെല്ലിന്റെ ചികിത്സ തുടങ്ങാന്‍ കഴിയുമായിരുന്നില്ല. അത് ശരിയായിക്കഴിഞ്ഞ് മാത്രമേ നട്ടെല്ലിന് എന്തെങ്കിലും ചികിത്സ ചെയ്യാനാവൂ എന്ന് പറഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ അയച്ചു. സ്ട്രക്ചറിലാണ് എടുത്ത് കൊണ്ടുപോവുകയും വരുകയും ചെയ്തിരുന്നത്. പലപ്പോഴും പല ബുദ്ധിമുട്ടുകളും ഉണ്ടാവാറുണ്ട്. അപ്പോഴൊക്കെ മെഡിക്കല്‍ കോളേജില്‍ എമര്‍ജന്‍സി യൂണിറ്റിലെത്തിച്ച് വേണ്ട ചികിത്സകള്‍ നല്കും.

അങ്ങനെയിരിക്കേ ഞങ്ങളുടെ ഇടവകയിലെ കരിസ്മാറ്റിക് പ്രാര്‍ത്ഥനാഗ്രൂപ്പും സലേഷ്യന്‍ സിസ്റ്റേഴ്‌സും വീട്ടില്‍ വന്ന് പ്രാര്‍ത്ഥിച്ചു. ആ സമയത്ത് സിസ്റ്റര്‍ കോണ്‍സ്റ്റന്‍ സന്ദേശമായി ഇങ്ങനെ പറഞ്ഞു, ”മകന്റെ രോഗസൗഖ്യം ശാലോമിലേക്ക് സാക്ഷ്യമായി അറിയിച്ചാല്‍ മകന്റെ നട്ടെല്ലിന് ഓപ്പറേഷന്‍ കൂടാതെ സൗഖ്യപ്പെടുന്നതായി കാണുന്നു.” അപ്രകാരം ചെയ്യാമെന്ന് ഞങ്ങള്‍ സിസ്റ്ററിന് വാക്കുകൊടുത്തു. സങ്കീര്‍ത്തനങ്ങള്‍ 18/46: ”കര്‍ത്താവു ജീവിക്കുന്നു; എന്റെ രക്ഷാശില വാഴ്ത്തപ്പെടട്ടെ; എന്റെ രക്ഷയുടെ ദൈവം സ്തുതിക്കപ്പെടട്ടെ.”

പിറ്റേന്ന് ഓര്‍ത്തോ സ്‌പെഷ്യലിസ്റ്റിനെ കാണേണ്ട ദിവസമായിരുന്നു. ഡോക്ടര്‍ സ്‌കാനിംഗ് റിപ്പോര്‍ട്ടും എക്‌സ് റേ റിപ്പോര്‍ട്ടും പരിശോധിച്ചു. അത് കണ്ടിട്ട് എന്തോ അദ്ദേഹത്തിന് തൃപ്തിയാവാത്തതുപോലെ… അതിനാല്‍ വീണ്ടും സ്‌കാനിംഗും എക്‌സ്‌റേ പരിശോധനയും നടത്താന്‍ നിര്‍ദേശിച്ച് വിട്ടു. രണ്ടാമതും എടുത്ത റിപ്പോര്‍ട്ടുകളുമായി ചെന്നപ്പോഴാണ് സംഭവിച്ച അത്ഭുതം മനസിലായത്. ഡോക്ടര്‍ പറഞ്ഞു, ”പൊട്ടലുണ്ടായ ഭാഗം നന്നായി പൊരുത്തപ്പെട്ടുവരുന്നുണ്ട്. അതുകൊണ്ട് സര്‍ജറി വേണ്ട. മരുന്ന് കഴിച്ചാല്‍ മതി!”

അതുകേട്ട് ഞങ്ങള്‍ നിറഞ്ഞ മനസോടെ യേശുവിന് നന്ദിയും സ്തുതിയും ആരാധനയും അര്‍പ്പിച്ചു. ഇപ്പോള്‍ മകന് സ്വന്തമായി ടൂവീലര്‍ ഓടിക്കാനും സ്വന്തം കാര്യങ്ങള്‍ ചെയ്യാനുമുള്ള ആരോഗ്യമുണ്ട്. സങ്കീര്‍ത്തനങ്ങള്‍ 116/12-13 : ”കര്‍ത്താവ് എന്റെമേല്‍ ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ക്ക് ഞാന്‍ എന്ത് പകരംകൊടുക്കും? ഞാന്‍ രക്ഷയുടെ പാനപാത്രമുയര്‍ത്തി കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കും.”

ജനറ്റ് നിക്കോളാസ് പുതിയതുറ, തിരുവനന്തപുരം