പറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടിയാണ് ഈ ലേഖനം. വിമാനത്തില്‍ ആകാശവിതാനങ്ങളിലൂടെ പറന്നുയരുന്നതിനെക്കുറിച്ചോ മറ്റ് കൃത്രിമ വിദ്യകളിലൂടെ വായുവില്‍ തെന്നിനീങ്ങുന്നതിനെപ്പറ്റിയോ അല്ല. പക്ഷിയെപ്പോലെ ആകാശത്ത് പറന്നുയരുന്നതിനെപ്പറ്റിയാണ് പറയുന്നത്. സര്‍വശക്തനായ ദൈവത്തില്‍ ആഴമായി വിശ്വസിക്കുകയും ശരണപ്പെടുകയും ചെയ്യുന്നവര്‍ക്ക് അസാധ്യമായി എന്തെങ്കിലുമുണ്ടോ? ‘പറക്കും വിശുദ്ധന്’ എന്നറിയപ്പെടുന്ന ഒരു വിശുദ്ധന് ജീവിച്ചിരുന്നു. പേര് ജോസഫ് കുപ്പര്‍ത്തീനോ. അദ്ദേഹത്തിന്റെ ജീവിതത്തില്‍ പറക്കല്‍ ഒരു സാധാരണ സംഭവമായിരുന്നു. ”ഒരിക്കല്‍ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ തിരുനാള്‍ ദിവസം ആശ്രമവാസികളും കുപ്പര്‍ത്തീനോയിലെ ജനങ്ങളും കണ്ടുനില്ക്കെ, ജോസഫ് പതിനഞ്ച് അടിയോളം ഉയരമുണ്ടായിരുന്ന പ്രസംഗപീഠത്തിലേക്ക് പറക്കുകയും കൈകള്‍ വിരിച്ചുപിടിച്ച് മുട്ടുകുത്തിയ നിലയില്‍ ദൈവസ്നേഹത്തില്‍ മുഴുകി വളരെ സമയം അന്തരീക്ഷത്തില്‍ നിലകൊള്ളുകയും ചെയ്തു” (തിരുസഭാരാമത്തിലെ പുണ്യപുഷ്പങ്ങള്‍, പേജ് 216).
മറ്റൊരിക്കല്‍ അദ്ദേഹം നല്ല ഇടയനെക്കുറിച്ചുള്ള സുവിശേഷഭാഗം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. നല്ല ഇടയനായ ഈശോയുടെ സ്വര്ഗീയാനന്ദത്താല് പൂരിതനായ വിശുദ്ധ ജോസഫ് തന്റെ മുന്നില്‍കണ്ട ഒരു ആടിനെയും എടുത്ത് പറന്നുയര്‍ന്നു. ഒരു പക്ഷിയെപ്പോലെ ഒരു മരക്കൊമ്പത്ത് ചെന്നിരുന്നു. അവിടെ എല്ലാം മറന്ന് കൈകള്‍ വിരിച്ച് പിടിച്ച് രണ്ടു മണിക്കൂറിലധികം അദ്ദേഹം പ്രാര്‍ത്ഥനയില്‍ മുഴുകി.
ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഈ പറക്കല്‍ പ്രദര്‍ശനാത്മകമായ ഒന്നല്ല എന്നാണ്. മറ്റുള്ളവരെ കാണിക്കുവാനോ അവരുടെ ശ്രദ്ധ ആകര്‍ഷിക്കുവാനോ ചെയ്തിരുന്നതല്ല എന്നര്‍ത്ഥം. വിളിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്ത കര്‍ത്താവിനോടുള്ള നിര്‍മലമായ സ്നേഹത്താല്‍ നിറഞ്ഞ വിശുദ്ധന്മാര്ക്ക് ഇത്തരം പ്രവൃത്തികള്‍ തികച്ചും സ്വാഭാവികമായിരുന്നു.
പറക്കലിന്റെ രഹസ്യം
എന്തായിരിക്കും ഈ പറക്കലിന്റെ പിന്നിലെ രഹസ്യം? പറക്കുവാനുള്ള തടസം കനമാണ്. കനം കുറയുന്നതനുസരിച്ച് ഉയര്‍ന്നുപോകുവാനുള്ള കഴിവ് വര്‍ധിക്കും. മനസിന്റെ കനമാണ്, ശരീരത്തിന്റെ അല്ല ഇവിടെ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാണല്ലോ. ‘ഞാന്‍ഭാവം’ നിറഞ്ഞുനില്ക്കുന്ന അഹങ്കാരിയുടെ മനസിനാണ് ഏറ്റവും കൂടുതല്‍ ഭാരമുള്ളത്. എന്നാല്‍ അഹങ്കാരം കുറയുകയും എളിമ വര്‍ധിക്കുകയും ചെയ്യുന്നതിന് ആനുപാതികമായി മനസിന്റെ ഭാരവും കുറയും. അവസാനം ഒരു പഞ്ഞിപോലെ തികച്ചും ഭാരരഹിതമാകുമ്പോള്‍ പറന്നു നടക്കുക എന്നത് ഒട്ടും ബുദ്ധിമുട്ടില്ലാത്ത ഒരു കാര്യമാകുമല്ലോ. ഈ എളിമയുടെ പരമോന്നത കാഷ്ഠയില് എത്തുമ്പോള്‍ നമുക്ക് ദൈവസ്വഭാവത്തില്‍ പങ്കുചേരുവാന്‍ സാധിക്കുന്നു.
ഒന്നാലോചിച്ചാല്‍ ഒരു കാര്യം സുവ്യക്തമാകും. എളിമയുടെ മൂര്‍ത്തീഭാവമാണ്, കാണപ്പെടുന്ന രൂപമാണ് ദൈവമായ പരിശുദ്ധാത്മാവ്. പറന്നിറങ്ങുന്ന പ്രാവാണല്ലോ പരിശുദ്ധാത്മാവിന്റെ ഏറ്റവും സവിശേഷമായ പ്രതീകം. എന്തുകൊണ്ടാണ് ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ എളിമയുടെ ആള്‍രൂപമായി ചിത്രീകരിക്കുന്നത്? ഒരു ഉള്‍ക്കാഴ്ച നിങ്ങളുമായി പങ്കുവയ്ക്കട്ടെ. തന്നെക്കാള്‍ പദവിയിലും അധികാരത്തിലും താഴ്ന്നവരുടെ അടുക്കലേക്ക് കടന്നുവരാന്‍, ഇറങ്ങിവരാന്‍ സാധിക്കുന്നത് എളിമയുടെ ഏറ്റവും ശ്രേഷ്ഠമായ ഭാവമാണ്. സാധാരണ ഗതിയില്‍ നേരേ തിരിച്ചാണ് സംഭവിക്കുന്നത്: താഴ്ന്ന പദവിയുള്ളവര്‍ ഉയര്‍ന്ന പദവിയുള്ളവരുടെ അടുത്തേക്ക് പോവുക, അവരുടെ സമയത്തിനായി കാത്തിരിക്കുക. ഉദാഹരണമായി പ്രധാനമന്ത്രിയെ കാണണമെങ്കില്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് പോകണം. അദ്ദേഹം ഇങ്ങോട്ട് വന്ന് കാണുകയില്ല. എന്നാല്‍ ദൈവാത്മാവ് ചെയ്യുന്നത് എന്താണ്? ഏത് സാധാരണക്കാരന്, അവര്‍ എത്ര പാപിയായിക്കൊള്ളട്ടെ, നിലവിളിച്ച് പ്രാര്‍ത്ഥിച്ചാലും അവന്റെ അടുത്തേക്ക് ഉന്നതത്തില്‍നിന്ന് പറന്ന് താഴ്ന്നിറങ്ങുന്നു. എളിമയുള്ളവര്‍ക്ക് ഉയരുവാനും താഴുവാനും ഒരു പ്രയാസവുമില്ല. ദൈവമായിരിക്കേ, ദൈവവുമായുള്ള സമാനത കൈവെടിഞ്ഞ് മനുഷ്യനായി അവതരിക്കുകയും മക്കള്‍ക്ക് ജീവന് നല്കുവാന് ജീവന് വെടിഞ്ഞ് ജീവന്റെ അപ്പമായിത്തീരുകയും ചെയ്ത ദൈവപുത്രന് നല്കുന്ന സന്ദേശവും മറ്റൊന്നല്ലല്ലോ.
ദൈവത്തിന്റെ ഈ എളിമയുടെ സ്വഭാവം അനിതര സാധാരണമായ വിധത്തില്‍ സ്വന്തമാക്കിയ വിശുദ്ധനായിരുന്നു വിശുദ്ധ ജോസഫ്. തനിക്കുള്ളതെല്ലാം നല്‍കിയത് ദൈവമാണെന്നും താനൊരു വിവരമില്ലാത്തവനും വലിയ പാപിയുമാണെന്ന വിചാരവും അദ്ദേഹം സദാ മനസില്‍ സൂക്ഷിച്ചിരുന്നു. ഉന്നതരായ വ്യക്തികള്‍ വിശുദ്ധ ജോസഫിനെ കാണാനെത്തിയിരുന്നു. അവര്‍ പോയിക്കഴിയുമ്പോള്‍ ‘ഞങ്ങള്‍ക്കല്ല കര്‍ത്താവേ, ഞങ്ങള്‍ക്കല്ല നിന്റെ നാമത്തിന് മഹത്വമുണ്ടാകട്ടെ’ എന്ന് ആവര്‍ത്തിച്ച് നെഞ്ചിലടിച്ച് കരഞ്ഞിരുന്ന ഒരു വിശുദ്ധനായിരുന്നു അദ്ദേഹം.
പരിശോധിക്കപ്പെടുന്ന സമയം ഏത്?
ആത്മാഭിമാനത്തെ താഴ്ത്തിക്കെട്ടുന്ന രീതിയില്‍ പരിഹസിക്കപ്പെടുമ്പോഴാണ് എളിമ ശരിക്കും പരിശോധിക്കപ്പെടുന്നത്. ഉള്ളില്‍ അഹങ്കാരം സൂക്ഷിക്കുന്ന വ്യക്തിക്ക് ഇത് ഒരിക്കലും സഹിക്കുകയില്ല. അയാള്‍ പെട്ടെന്ന് പ്രതികരിക്കും. എന്നാല്‍ യഥാര്‍ത്ഥ എളിമയുള്ള വ്യക്തി ഈ സമയത്തും അക്ഷോഭ്യനായി, ശാന്തനായി കാണപ്പെടും. ഒരിക്കല്‍ ജോസഫിന്റെ കുമ്പസാരക്കാരന് അപ്രതീക്ഷിതമായി കയറിവന്ന് അദ്ദേഹത്തെ പരീക്ഷിക്കുവാനായി ചോദിച്ചു: ‘കപടനാട്യക്കാരാ, നീ ഇവിടെ എന്തെടുക്കുകയാണ്?’ ജോസഫ് വളരെ ശാന്തനായി പറഞ്ഞു: അങ്ങ് പറഞ്ഞത് തികച്ചും ശരിയാണ്.
അനുസരിക്കുക എന്നത് അഹങ്കാരിക്ക് ഒരു മല കയറുന്നതുപോലെ ക്ലേശകരമാണ്. എന്നാല്‍ യഥാര്‍ത്ഥ എളിമയുള്ള ഒരു വ്യക്തിക്ക് അധികാരികളുടെ കല്പന അമൃതംതന്നെ. ഒരിക്കല്‍ ജോസഫ് റൊട്ടിയും വെള്ളവും മാത്രം കഴിച്ച് ഉപവസിക്കുകയായിരുന്നു. അപ്പോള്‍ മധുരപലഹാരം കഴിക്കുവാന്‍ അദ്ദേഹത്തിന്റെ അധികാരി ആവശ്യപ്പെട്ടു. യാതൊരു വൈമനസ്യവുമില്ലാതെ അദ്ദേഹം അധികാരിയെ അനുസരിച്ചു.
കുരിശിന്റെ വഴിയിലെ ഒന്നാംസ്ഥലത്ത് നില്ക്കുവാന് സാധിക്കുന്നത് ആര്‍ക്കാണ്? എളിമയുള്ള വ്യക്തിക്കുതന്നെ. യാതൊരു കുറ്റവും ചെയ്യാത്തപ്പോഴും കുറ്റക്കാരനായി മുദ്ര കുത്തപ്പെടുക. അഹങ്കാരികള്‍ ഈ സമയം സ്വയം ന്യായീകരിക്കുവാന്‍ ശ്രമിക്കും. എന്നാല്‍ യഥാര്‍ത്ഥ എളിമ ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരു വ്യക്തി ഇവിടെ തന്റെ നാഥനോടൊപ്പം തികച്ചും നിശബ്ദനായി നില്ക്കും. ‘ഇത് ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമാണ്’ എന്നായിരിക്കും അവരുടെ മനോനില. ഒരു കുറ്റവും ചെയ്യാതെ വ്യാജമായ കുറ്റങ്ങള്‍ ചുമത്തി ആഴ്ചകളോളം തടവറയിലാക്കപ്പെട്ടു ജോസഫ്. പക്ഷേ അദ്ദേഹം സ്വയം വാദിച്ചില്ല. ദൈവം അദ്ദേഹത്തിനുവേണ്ടി ഇറങ്ങി. അധികാരികള്‍ക്ക് അദ്ദേഹത്തിന്റെ നിഷ്കളങ്കത ബോധ്യമായി.
ഇത്രയും വായിച്ചുകഴിഞ്ഞപ്പോള്‍ ഒരു കാര്യം നിങ്ങള്‍ക്ക് ബോധ്യമായിക്കാണും. പറക്കുക എന്നത് മറ്റുള്ളവരുടെ ദൃഷ്ടിയില് വളരെ മനോഹരമായ ഒരു കാര്യമാണെങ്കിലും അതിന്റെ പിന്നില്‍ ഒരു ഗത്സമനിയും ഒരു ഗാഗുല്ത്തായുമുണ്ട്. സ്വയം ശൂന്യമാക്കി, സ്വയം ഇല്ലാതായിത്തീരുന്ന ഒരു വ്യക്തിക്കുമാത്രമേ ഉയര്‍ന്ന് പറക്കുവാനുള്ള കൃപ ലഭിക്കുകയുള്ളൂ. ആ കൃപ നമുക്കും ലഭിക്കുവാന്‍ ഇപ്പോള്‍ത്തന്നെ പ്രാര്‍ത്ഥിക്കാം.
ഓ എന്റെ കര്‍ത്താവേ, താഴുന്നതിന്റെ മാഹാത്മ്യം അവിടുന്ന് എന്നെ പഠിപ്പിച്ചുവല്ലോ. അവിടുന്ന് ഭൂമിയോളം താഴ്ന്നശേഷമാണല്ലോ വീണ്ടും ഉയര്‍ന്ന് സ്വര്‍ഗത്തിലേക്ക് ആരോഹണം ചെയ്തത്. ദൈവമായിരുന്നിട്ടും ഞങ്ങളിലേക്ക് താഴ്ന്ന് പറന്നിറങ്ങുന്ന ദൈവാത്മാവിന്റെ സ്വഭാവം ഞങ്ങള്‍ക്കും സ്വന്തമാക്കിത്തന്നാലും. പരിശുദ്ധാത്മാവായ ദൈവമേ, എളിമ ഒരു വരമായി, കൃപയായി എന്നിലേക്ക് വര്‍ഷിക്കണമേ. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, എളിമയുടെ പാതയില്‍ നിങ്ങളെ പിഞ്ചെല്ലുവാന്‍ ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണമേ, ആമ്മേന്‍.
കെ.ജെ. മാത്യു