ഇങ്ങനെ വളര്‍ത്താം എളിമ – Shalom Times Shalom Times |
Welcome to Shalom Times

ഇങ്ങനെ വളര്‍ത്താം എളിമ

എളിമ എന്നാല്‍ നാം സൃഷ്ടികളാണെന്ന അവസ്ഥയെക്കുറിച്ചുള്ള അവബോധവും ദൈവവുമായുള്ള ബന്ധത്തില്‍ നമ്മെക്കുറിച്ചുള്ള ശരിയായ അറിവുമാണ്. എല്ലാ നല്ല ആഗ്രഹങ്ങളും പ്രവൃത്തികളും ദൈവത്തില്‍നിന്നാണ് ഉത്ഭവിക്കുന്നത്. ഈ യാഥാര്‍ത്ഥ്യങ്ങളുടെ പ്രായോഗികമായ അംഗീകാരമാണ് എളിമ. നമ്മുടെ ശൂന്യതയെക്കുറിച്ചുള്ള ശരിയായ അവബോധത്തിന്റെ ഫലമായി, ദൈവസന്നിധിയില്‍ ആരാധനാത്മകമായ ഒരു മനോഭാവമുണ്ടാകുന്നതിനെ എളിമ എന്ന് വിളിക്കാം. മനസിന്റെയും ഇച്ഛാശക്തിയുടെയും സ്വഭാവേനയുള്ള ഒരു ആഭിമുഖ്യമാണത്.

അത് ദൈവത്തെ അപരിമേയമാംവിധമുള്ള ആരാധനക്ക് അര്‍ഹനായി വീക്ഷിക്കുന്നു. മനുഷ്യന്റെ ദൈവവിധേയത്വത്തിനാണ് എളിമ പ്രത്യേക പരിഗണന നല്കുന്നത്. ദൈവത്തോടുള്ള ആദരവില്‍ അത് വേരിറക്കി നില്‍ക്കുകയും ചെയ്യുന്നു. ദൈവത്തോടും മനുഷ്യരോടുമുള്ള ശരിയായ ബന്ധത്തില്‍ നമ്മെ ഉറപ്പിച്ച് നിര്‍ത്തുകയെന്നതാണ് എളിമയുടെ ധര്‍മം. എളിമയിലൂടെ ദൈവത്തോട് കാണിക്കുന്ന ആദരവായിരിക്കണം നമ്മുടെ ആധ്യാത്മികജീവിതത്തിന്റെ അടിത്തറ.

ദൈവം നമ്മുടെ സ്രഷ്ടാവും നമ്മെ സ്‌നേഹിക്കുന്ന പിതാവുമാണ്. അവിടുത്തെ യഥാര്‍ത്ഥ നിലയില്‍ ദൈവത്തെ കണ്ട വിശുദ്ധര്‍ തങ്ങളുടെ ശൂന്യതയും മനസിലാക്കി. തന്‍മൂലം അവര്‍ സ്വന്തം നിസാരത അറിയുകയും തങ്ങള്‍ സ്വയം കാണുന്നതുപോലെ മറ്റുള്ളവരും തങ്ങളെ വീക്ഷിക്കുന്നതില്‍ സന്തുഷ്ടിയനുഭവിക്കുകയും ചെയ്തു.

‘ദരിദ്രര്‍ അനുഗൃഹീതരാണ്; എന്തെന്നാല്‍ ദൈവരാജ്യം അവരുടേതാണ്;’ എളിമയെക്കുറിച്ച് സുവിശേഷത്തിലുള്ള ഏറ്റം പ്രധാനപ്പെട്ട പാഠമാണിത്. ഭൗതികദാരിദ്ര്യം അനുഭവിക്കുന്നവര്‍ എന്നല്ല ദരിദ്രര്‍ എന്നതിനര്‍ത്ഥം. പ്രത്യുത, ദൈവഭയമുള്ളവരും പരീക്ഷണഘട്ടങ്ങളിലും ദൈവത്തോട് വിശ്വസ്തത പുലര്‍ത്തുന്നവരുമായ വ്യക്തികളെന്നാണ്. നമ്മില്‍ത്തന്നെയോ മറ്റേതെങ്കിലും സൃഷ്ടികളിലോ വിശ്വാസമര്‍പ്പിക്കുന്നതില്‍നിന്ന് പൂര്‍ണമായും ഒഴിഞ്ഞിരിക്കുന്നതാണ് എളിമയുടെ പൂര്‍ണത. വിശുദ്ധ അഗസ്റ്റിന്‍ എളിമയെയും ആധ്യാത്മികാര്‍ത്ഥത്തിലുള്ള ദാരിദ്ര്യത്തെയും ഒന്നായിട്ടാണ് കാണുന്നത്. പൂര്‍ണമായ ദാരിദ്ര്യം പരിശീലിച്ചവന്‍ തനിക്ക് ഒന്നുമില്ലെന്ന് മാത്രമല്ല. താന്‍ ഒന്നുമില്ലായ്മയാണ് എന്നുകൂടി സമ്മതിക്കുന്നു.

എളിമ സ്വഭാവാതീതമായ ഒരു സുകൃതമാണ്. യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കുന്നതിലാണ് അത് അടങ്ങിയിരിക്കുന്നത്. ദൈവം, ദൈവവുമായി ബന്ധപ്പെടുത്തി നമുക്കുള്ള സ്ഥാനം എന്നിവയാണ് ആ വലിയ യാഥാര്‍ത്ഥ്യം. നാം ആയിരിക്കുന്ന അവസ്ഥയില്‍ നമ്മെത്തന്നെ അംഗീകരിക്കുക എന്നത് ഒരു വലിയ കാര്യമാണ്. അത് സന്തുഷ്ടിയും മാനസിക ആരോഗ്യവും വളര്‍ത്തുന്നു. സ്വാഭാവികവും സ്വഭാവാതീതവുമായവ തമ്മില്‍ വേര്‍തിരിച്ചറിയാന്‍ നാം പ്രത്യേകം ശ്രദ്ധിക്കണം. സ്വാഭാവികമായ സവിശേഷതകളോ വൈകല്യങ്ങളോ ഒക്കെ എളിമയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടെന്നിരിക്കും. ഉള്‍വലിഞ്ഞ സ്വഭാവത്തോടുകൂടിയ ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം താന്‍ മറ്റുള്ളവരെക്കാള്‍ മികച്ചവനാണെന്ന ചിന്തതന്നെ പേടിപ്പെടുത്തുന്നതായിരിക്കും. എന്നാല്‍ ഇത് സുകൃതമല്ല. നാം സ്വാഭാവികമായി ലജ്ജാശീലരാണെങ്കില്‍, മറ്റുള്ളവര്‍ക്കുവേണ്ടി എളുപ്പം വഴിമാറിക്കൊടുത്തെന്നിരിക്കും. ഒതുങ്ങിക്കൂടാനും സ്വയംനിര്‍മാര്‍ജനത്തിനുമുള്ള സ്വാഭാവികവാസനയും എളിമയാണെന്ന് പറഞ്ഞുകൂടാ.

ദാവീദിന്റെ മകന്‍ അയാള്‍ക്കെതിരെ കലാപം കൂട്ടി. സ്വന്തം ജനം അയാളെ പരിത്യജിച്ചു. ശത്രുക്കള്‍ അയാളെ ശപിക്കുകയും കല്ലെറിയുകയും ചെയ്തു. എന്നാല്‍ ഇവയ്‌ക്കെല്ലാം പിന്നില്‍ ദൈവത്തിന്റെ കരങ്ങളാണ് ദാവീദ് ദര്‍ശിച്ചത്. ഇതാണ് എളിമ. ദൈവത്തെ മഹത്വപ്പെടുത്തുകയും നാം ചെയ്യുന്നവയിലെല്ലാം അവിടുത്തേക്ക് വണക്കം നല്‍കുകയുമാണ് എളിമയുടെ സത്താപരമായ പ്രവൃത്തി. മനുഷ്യന്റെ ദൈവവിധേയത്വത്തോടാണ് അത് കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നതെന്ന് വിശുദ്ധ തോമസ് പറയുന്നു. നമുക്ക് സംഭവിക്കുന്നതെന്തും അവിടുത്തെ പരിപാലനത്തിന്റെ ഫലമാണ്. ജീവന്‍, സ്‌നേഹം, പ്രസാദവരം എന്നിവയൊന്നും നാം അല്പംപോലും അര്‍ഹിക്കുന്നില്ല. എങ്കിലും, നാം അര്‍ഹിക്കുന്നതില്‍നിന്ന് അപരിമേയമാംവിധം മെച്ചമായിട്ടാണ് ദൈവം നമ്മോട് പെരുമാറുക. എല്ലാം ദൈവത്തില്‍നിന്നാണ് വരുന്നതെന്ന ബോധ്യം നമ്മില്‍ ഉറയ്ക്കത്തക്കവിധം ദൈവാശ്രയബോധം വളര്‍ത്തിയെടുക്കുക.

(ഫാ. ചാക്കോ ബര്‍ണാഡ് രചിച്ച ഏറ്റം പ്രയാസകരമായ സുകൃതം എന്ന ഗ്രന്ഥത്തില്‍നിന്ന്)