വികാരിയച്ചന്‍ തന്റെ ഇടവകയില്‍നിന്ന് മരണപ്പെട്ട ആ വ്യക്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കുക പതിവായിരുന്നു. ഒരു ദിവസം ഒരാത്മാവ് ആ വൈദികന് പ്രത്യക്ഷപ്പെട്ടു. ആരാണെന്ന് ചോദിച്ചപ്പോള്‍ ‘വൈദികന്‍ ആര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവോ അയാളുടെ ആത്മാവാണ് ഞാന്‍’ എന്ന് ആ രൂപം പറഞ്ഞു. മരണാനന്തരജീവിതം എങ്ങനെയുണ്ട് എന്ന് ചോദിച്ചപ്പോള്‍ ദൈവകൃപയാല്‍ താന്‍ നിത്യജീവിതത്തിന് അര്‍ഹനായിത്തീര്‍ന്ന കാര്യം അറിയിച്ചു.
തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചതിന് വൈദികനോട് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ദൈവത്തിന്റെ പ്രീതിക്കും കൃപയ്ക്കും പാത്രമാകാന്‍ മാത്രം എന്ത് നന്മയാണ് ജീവിച്ചിരുന്നപ്പോള്‍ ചെയ്തത് എന്നായിരുന്നു അപ്പോള്‍ വൈദികന്റെ ചോദ്യം. ”പ്രതിദിനം ഭക്തിയോടെ പരിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുക എന്നതാണ് ഞാന്‍ ചെയ്ത മുഖ്യമായ നന്മപ്രവൃത്തി. അതുമൂലം എനിക്ക് സന്തോഷകരമായ മരണവും കാരുണ്യപൂര്‍വമായ വിധിയും ലഭിച്ചു,” ആ ആത്മാവ് മറുപടി പറഞ്ഞു.
പരിശുദ്ധ കുര്‍ബാനയില്‍ എപ്രകാരമാണ് പങ്കെടുത്തിരുന്നത് എന്ന് വൈദികന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, ”ഞാന്‍ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ കുരിശ് വരയ്ക്കുകയും തക്കതായ ഒരുക്കത്തോടെ ബലിയര്‍പ്പിക്കാനുള്ള കൃപയ്ക്കുവേണ്ടി വഴിയില്‍വച്ച് ഒരു സ്വര്‍ഗസ്ഥനായ പിതാവേ ചൊല്ലുകയും ചെയ്തിരുന്നു. പള്ളിയില്‍ പ്രവേശിച്ചാലുടന്‍ ക്രൂശിതരൂപത്തിനു മുന്നില്‍ മുട്ടു കുത്തി അഞ്ച് തിരുമുറിവുകളെ ധ്യാനിച്ചുകൊണ്ട് അഞ്ച് ‘സ്വര്‍ഗസ്ഥനായ പിതാവേ’യും അഞ്ച് ‘നന്മനിറഞ്ഞ മറിയമേ’യും ചൊല്ലുന്നതും പതിവ്.
കൂടാതെ പരിശുദ്ധ കുര്‍ബാനയുടെ സമയം മുഴുവനും ക്രൂശിതനായ രക്ഷകനെ നോക്കിക്കൊണ്ട് ഞാന്‍ കാല്‍വരിയില്‍ത്തന്നെ നില്‍ക്കുന്നതായി ഭാവന ചെയ്യാറുണ്ട്. അപ്പവും വീഞ്ഞും ഉയര്‍ത്തുമ്പോള്‍ താണുവണങ്ങി ആരാധിക്കുകയും എന്റെ ആത്മാവും ശരീരവും ദൈവത്തിനു സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നും ഇങ്ങനെ ചെയ്തിരുന്നതുകൊണ്ട് ക്രിസ്തുവിന്റെ തിരുരക്തത്തിന്റെയും തിരുമുറിവുകളുടെയും യോഗ്യതയാല്‍ പറഞ്ഞറിയിക്കാനാവാത്തത്ര വലിയ സമ്മാനം എനിക്ക് ലഭിക്കുകയും ചെയ്തു.” ഇത്രയും പറഞ്ഞുകൊണ്ട് ആ ആത്മാവ് നിഷ്‌ക്രമിക്കുകയും വൈദികന് ആത്മീയോന്നതിയും ആശ്വാസവും ലഭിക്കുകയും ചെയ്തു.
ക്രിസ്തുവിന്റെ പീഡാസഹനത്തിന്റെയും കുരിശുമരണത്തിന്റെയും യോഗ്യതകളല്ലാതെ മറ്റൊന്നും നമുക്ക് ദൃഢമായി പ്രത്യാശിക്കാനും പൂര്‍ണ്ണമായി ആശ്രയിക്കാനും കഴിയില്ല എന്ന് സഭ നമ്മെ പഠിപ്പിക്കുന്നുണ്ട്. ഇവ പരിശുദ്ധകുര്‍ബാനയില്‍ സന്നിഹിതമാണല്ലോ. ഭക്തിപൂര്‍വം ബലിയില്‍ പങ്കെടുക്കുന്ന എല്ലാവരും അവയെ വിളിച്ചപേക്ഷിക്കുകയും ആരാധിക്കുകയും കാഴ്ചവയ്ക്കുകയും ചെയ്യുന്നു. എന്നു മാത്രമല്ല, മാരകപാപാവസ്ഥയില്‍ അല്ലാത്ത എല്ലാവര്‍ക്കും അതിന്റെ യോഗ്യതകള്‍ വിതരണം ചെയ്യപ്പെടുകയും എല്ലാവരും അത് സ്വന്തമാക്കുകയും ചെയ്യുന്നു. അങ്ങനെ പരിശുദ്ധ കുര്‍ബാനയില്‍ ആശ്രയിക്കുന്ന ഏതൊരുവനും ക്രിസ്തുവിന്റെ യോഗ്യതകളിലും അവിടുത്തെ പുണ്യപ്പെട്ട പീഡാസഹനത്തിലും അമൂല്യമായ തിരുരക്തത്തിലുമാണ് ശരണപ്പെടുന്നതെന്ന് പറയാം.
മാരകപാപാവസ്ഥയില്‍ അല്ലെങ്കില്‍ത്തന്നെ, തീക്ഷ്ണത കൂടാതെ പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന ആള്‍ പാപമൊന്നും ചെയ്യുന്നില്ല എന്നുമാത്രമല്ല ക്രിസ്തുവിന്റെ ശരീരവും രക്തവും യാഗമായി അര്‍പ്പിക്കുന്നതുവഴി തനിക്ക് ദൈവവരപ്രസാദത്തിലുള്ള വര്‍ദ്ധനവും പാപകടങ്ങളില്‍ ഒരു പങ്കിന്റെ ഇളവും ലഭിക്കും എന്ന ആത്മവിശ്വാസവും ശരണവും നേടുകയും ചെയ്യുന്നു.
പരിശുദ്ധ കുര്‍ബാനയില്‍ സ്ഥിരമായി, സന്തോഷപൂര്‍വം, ആദരവോടെ പങ്കെടുക്കുന്ന ഏതൊരുവനും ദൈവത്തിന് ഉല്‍കൃഷ്ടവും സ്വീകാര്യവുമായ ശുശ്രൂഷയും അമൂല്യമായ ബലിയും സമര്‍പ്പിച്ചു എന്ന ദൃഢബോദ്ധ്യത്തില്‍ ആശ്വസിക്കാന്‍ കഴിയും. അവന്‍ നിത്യേന എളിമയോടെ പാപപ്പൊറുതി യാചിക്കുകയും രക്ഷകന്റെ അനന്തയോഗ്യതകള്‍ പാപപരിഹാരത്തിനായി സമര്‍പ്പിക്കുകയും ചെയ്തുവല്ലോ. അതിലുപരി അവിടുത്തെ വിലയേറിയ തിരുരക്തം അവന്റെ വീണ്ടെടുപ്പിന്റെ വിലയായി കൊടുത്തുകൊണ്ട് ദൈവപുത്രന്‍ തന്നെ അവനുവേണ്ടി ഓരോ ദിവ്യബലിയിലും മദ്ധ്യസ്ഥത വഹിക്കുകയും ചെയ്യുന്നു.
(സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച പരിശുദ്ധ കുര്‍ബാന അനുഭവമാക്കാം എന്ന ഗ്രന്ഥത്തില്‍നിന്ന്)