എളിമയിലേക്ക് ഒരു ചുവട് – Shalom Times Shalom Times |
Welcome to Shalom Times

എളിമയിലേക്ക് ഒരു ചുവട്

എളിമയെക്കുറിച്ചുള്ള വായനകള്‍ക്കും ധ്യാനത്തിനുമൊക്കെ ശേഷം എളിമ നേടാന്‍ എനിക്കും ആഗ്രഹം. അതിനാല്‍ വലിയ തോതില്‍ എളിമ അഭ്യസിക്കാന്‍ തീരുമാനിച്ചു. ശരീരഭാഷയിലും സംസാരത്തിലും എപ്പോഴും എളിമ അഭ്യസിക്കാന്‍ ശ്രദ്ധിച്ചു. അങ്ങനെ മുന്നോട്ട് പോകുന്ന ദിവസങ്ങള്‍….
തിരുവനന്തപുരത്തുള്ള എയര്‍പോര്‍ട്ടില്‍ ഫയര്‍ സര്‍വ്വീസിലാണ് എനിക്ക് ജോലി. കൈയില്‍ ഒരു പരിക്ക് പറ്റിയതുമൂലം ഷിഫ്റ്റ് ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കി ഓഫീസ് ഡ്യൂട്ടിയാണ് നല്കിയിരുന്നത്. ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഒരു ദിവസംതന്നെ നാലും അഞ്ചും തവണ അഡ്മിന്‍ ബ്ലോക്കില്‍ പോകണമായിരുന്നു. ഓരോ തവണ പുറത്ത് പോയി തിരികെ വരുമ്പോഴും CIS എന്റെ ദേഹപരിശോധന ഉണ്ടാകും.

ഒരു ദിവസം മെറ്റല്‍ ഡിറ്റക്ടര്‍ വച്ച് ദേഹത്ത് ഉരസിയും തട്ടിയും ഉള്ള പരിശോധനയില്‍ എന്റെ നിയന്ത്രണം പോയി. എളിമയും ശാന്തതയുമെല്ലാം തള്ളിമാറ്റിക്കൊണ്ട് എന്നിലെ അഹം പുറത്തേയ്ക്ക് എടുത്ത് ചാടി.
ഞാന്‍ വല്ലാതെ അസസ്ഥനാകാനും ആ ഉദ്യോഗസ്ഥനോട് കയര്‍ത്ത് സംസാരിക്കാനും തുടങ്ങി. ”എത്ര നാളായി നിങ്ങള്‍ സര്‍വീസില്‍ കയറിയിട്ട്. ഇതുവരെ നേരെ ചൊവ്വേ ദേഹപരിശോധന നടത്താന്‍ അറിയില്ലേ” എന്ന് തുടങ്ങി വാക്കാല്‍ അദ്ദേഹത്തെ അപമാനിച്ചുകൊണ്ട് എനിക്കറിയാവുന്ന മുറി ഹിന്ദിയും ഇംഗ്ലീഷും ഉപയോഗിച്ച് തകര്‍ത്ത് വഴക്കുപറഞ്ഞു. വഴക്ക് പറയുന്നത് കേട്ടാല്‍ ആ എയര്‍പോര്‍ട്ടിന്റെ ചുമതല മൊത്തമായി എന്റെ ചുമലില്‍ താങ്ങിക്കൊണ്ടു നടക്കുകയാണ് എന്ന് തോന്നുമായിരുന്നു. ഒരു ഓഫീസ് ബോയ്മാത്രമായ ഞാന്‍ അല്പസമയം എയര്‍പോര്‍ട്ടിന്റെ ഡയറക്ടറായി സ്വയം മാറി എന്നുപറയാം. പിന്നീട് ഓര്‍ത്തപ്പോള്‍ ആ ഓഫീസറിന് ഉണ്ടായിരുന്ന ക്ഷമയെയും ശാന്തതയെയും കുറിച്ച് ചിന്തിച്ചു.

ഇത്രയേ ഉള്ളൂ നമ്മുടെ ശക്തിയില്‍ ആശ്രയിച്ച് പുറമേ എളിമ അഭ്യസിച്ചാലുള്ള മെച്ചം എന്ന് ഈ സംഭവത്തിലൂടെ, കര്‍ത്താവ് ബോധ്യപ്പെടുത്തുകയായിരുന്നു. സുരക്ഷിതമായും എന്നെ മുറിപ്പെടുത്താതെയും ബോധ്യപ്പെടുത്തി എന്ന് പറയുന്നതാണ് കുറച്ചുകൂടി ശരി. എന്നിലെ എളിമയുടെ നിലവാരം ആ സംഭവത്തിലൂടെ കര്‍ത്താവ് കാണിച്ച് തന്നു.
എങ്കിലും തുടര്‍ന്ന് എന്നെ ആശ്വസിപ്പിച്ചുകൊണ്ട് വചനത്തിലൂടെ അവിടുന്ന് പറയുകയാണ്, ”നമ്മുടെ ഹൃദയം നമ്മെ കുറ്റപ്പെടുത്തുന്നെങ്കില്‍ത്തന്നെ, ദൈവം നമ്മുടെ ഹൃദയത്തെക്കാള്‍ വലിയവനും എല്ലാം അറിയുന്നവനുമാകയാല്‍, അവിടുത്തെ സന്നിധിയില്‍ നാം സമാധാനം കണ്ടെത്തും” (1 യോഹന്നാന്‍ 3/20). എന്തായാലും ഈ സംഭവത്തിനുശേഷം ഭൗതിക അഹന്തയില്‍നിന്ന് മോചനം നേടാന്‍ ദൈവത്തില്‍ത്തന്നെ ആശ്രയിക്കണം എന്ന ബോധ്യം എന്നില്‍ ഉറച്ചു.

അടുത്ത സംഭവം എന്റെ ആത്മീയ അഹന്തയെക്കുറിച്ച് തിരിച്ചറിവ് നല്കുന്നതായിരുന്നു. സ്വര്‍ഗസ്ഥനായ പിതാവേ എന്ന ജപം ശ്രദ്ധിച്ച് ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയിട്ട് അല്പനാളുകളേ ആയിരുന്നുള്ളൂ. ‘ഞങ്ങളോട് തെറ്റു ചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കണമേ’ എന്ന ഭാഗം എന്റെ മനസിനെ വളരെ ഭാരപ്പെടുത്തി. വടി കൊടുത്ത് അടി വാങ്ങിക്കുന്ന കാര്യമാണല്ലോ അത്. കര്‍ത്താവിനോട് നാംതന്നെ സമ്മതിക്കുകയാണ് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ക്ഷമിച്ചാല്‍ മതിയെന്ന്.
അതിനെക്കുറിച്ചുള്ള ചിന്ത ശക്തമായപ്പോള്‍ ആര്‍ജിച്ചെടുത്ത കൗശലം ഉള്ളില്‍നിന്ന് മറനീക്കി പുറത്ത് വന്നു. അതുകൊണ്ട് ഞാന്‍ പ്രാര്‍ത്ഥനയില്‍ ചെറിയൊരു വ്യത്യാസം വരുത്തി. ‘ഞങ്ങളോട് തെറ്റുചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതിലും കൂടുതലായി ഞങ്ങളുടെ തെറ്റുകള്‍ അങ്ങ് ഞങ്ങളോടും ക്ഷമിക്കണമേ.’ അങ്ങനെ സ്വന്തം ‘പ്രാര്‍ത്ഥനാപരിഷ്‌കരണം’ കഴിഞ്ഞ് ഞാന്‍ സ്വയം വിലയിരുത്തി, ‘ഹോ! ഭയങ്കരന്‍തന്നെ ഞാന്‍.’ മനസ്സില്‍ ഒരു ചില്ലുകൂട് തെളിഞ്ഞു വരുന്നതുപോലെ…

പക്ഷേ കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മനസ്സില്‍ ആദ്യത്തേതിനെക്കാള്‍ ഭാരം നിറയാന്‍ തുടങ്ങി. കാരണം ‘അന്നന്നുവേണ്ട ആഹാരം എന്നും ഞങ്ങള്‍ക്കു തരണമേ’ എന്ന് തൊട്ടുമുമ്പിലായി പ്രാര്‍ത്ഥിക്കുന്നുണ്ട്. ആഹാരമെന്നതില്‍ ശരീരത്തിനുള്ളതുമാത്രമല്ല, ആത്മാവിനുള്ള ആഹാരംകൂടിയാണ് ഉദ്ദേശിക്കുന്നത്. ക്ഷമിക്കുന്നതിനുള്ള കൃപ, സ്‌നേഹിക്കാനുള്ള കൃപ, വിശുദ്ധിയില്‍ ജീവിക്കാനുള്ള കൃപ അങ്ങനെ ആ ദിവസം നമുക്ക് ആവശ്യമായതെല്ലാം തരണമേ എന്നാണ് അതിനര്‍ത്ഥം. പിന്നെ കൂടുതലായി ഒന്നും കൂട്ടിച്ചേര്‍ക്കേണ്ടതില്ല എന്ന ബോധ്യം ലഭിച്ചു. അതോടെ കര്‍ത്താവിന്റെ മുമ്പില്‍ മുട്ട് മടക്കി പ്രാര്‍ത്ഥിച്ചു, ”ഞങ്ങളോട് തെറ്റ് ചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കണമേ.”
ഭൗതികമായും ആത്മീയമായും നമ്മില്‍ അഹന്തയുണ്ടെന്നും കര്‍ത്താവില്‍ ആശ്രയിച്ച് അതില്‍നിന്ന് മോചനം നേടാന്‍ ശ്രമിക്കണമെന്നും എനിക്ക് വ്യക്തമാവുകയായിരുന്നു ഈ സംഭവങ്ങളിലൂടെ.

എല്ലാ കാലത്തും മനുഷ്യനെ ദൈവത്തില്‍നിന്ന് അകറ്റിയിട്ടുള്ള പാപമാണ് അഹങ്കാരം. സ്വയം അവഹേളിച്ചാല്‍ അഹം ഇല്ലാതാകുമെന്ന് ഒരു കാലത്ത് ഞാന്‍ കരുതിയിരുന്നു. പക്ഷേ അത് എന്നെ കൂടുതല്‍ അഹങ്കാരിയാക്കി മാറ്റിയതേയുള്ളൂ. പലപ്പോഴും നമ്മുടെ അഹം ആരാലും തൊട്ട് ഉണര്‍ത്തപ്പെടാത്തതുകൊണ്ട് ചുരുണ്ടുകൂടി കിടക്കുകയാണ്. ആരെങ്കിലും ഒന്ന് തൊട്ടാല്‍ ചാടി എഴുന്നേല്‍ക്കും. മേല്‍പ്പറഞ്ഞ സംഭവങ്ങളിലെന്നതുപോലെ…
പക്ഷേ എളിമ നമുക്ക് സ്വയം അഭ്യസിച്ച് നേടിയെടുക്കാനാവില്ല. ബലഹീനതകളുള്ള നാം ആയിരിക്കുന്ന അവസ്ഥയെ അംഗീകരിച്ചുകൊണ്ട് അവിടുന്നില്‍ ആശ്രയിച്ച് മുന്നോട്ടുപോകുമ്പോള്‍ എളിമയില്‍ വളര്‍ന്നുകൊള്ളും. നമ്മില്‍ അഹന്തയുണ്ടെന്ന് തിരിച്ചറിയാനും അത് അംഗീകരിക്കാനും കഴിയുന്നത് ആന്തരിക എളിമ നേടാനുള്ള ആദ്യത്തെ പടിയാണെന്നും എനിക്ക് മനസിലായി. അതിനുപകരം പുറമേമാത്രം എളിമ അഭ്യസിക്കുന്നത് കാര്യമായ ഫലം ചെയ്യുകയില്ലെന്ന് കര്‍ത്താവ് എന്നെ ബോധ്യപ്പെടുത്തി.

ഇത്തരത്തില്‍ വിവിധ പ്രലോഭനങ്ങളില്‍ വീണുപോകാനിടയുള്ള ബലഹീനരാണ് നാം. അക്കാര്യം ഈശോക്ക് അറിയാവുന്നതു കൊണ്ടാണ് ഇങ്ങനെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചത്, ‘പ്രലോഭനത്തില്‍ ഉള്‍പ്പെടുത്താതെ തിന്മയില്‍നിന്നും ഞങ്ങളെ കാത്തുരക്ഷിക്കേണമേ, ആമ്മേന്‍.’

ജോസഫ് ഗബ്രിയേല്‍