വിഷാദത്തെ അതിജീവിച്ച വിശുദ്ധ – Shalom Times Shalom Times |
Welcome to Shalom Times

വിഷാദത്തെ അതിജീവിച്ച വിശുദ്ധ

വിഷാദരോഗം വളരെ പരിചിതമായി മാറിയിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. മനഃശാസ്ത്രത്തിനോ മരുന്നുകള്‍ക്കോ ഇതുവരെ വിഷാദത്തിന് തികച്ചും ഫലപ്രദമായ ഒരു പ്രതിവിധി നിര്‍ദേശിക്കാന്‍ കഴിഞ്ഞിട്ടുമില്ല. ദൈവവിശ്വാസവും പ്രാര്‍ത്ഥനയും കൂദാശകളോട് ചേര്‍ന്നുള്ള ജീവിതവും വിഷാദരോഗത്തില്‍നിന്ന് നല്ലൊരു പരിധിവരെ നമ്മെ അകറ്റിനിര്‍ത്തുമെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. എങ്കിലും വിഷാദരോഗത്തിലേക്ക് വഴുതിവീഴാനുള്ള അനേകം സാധ്യതകള്‍ ജീവിതത്തില്‍ ഉണ്ടായെന്ന് വരാം. ഈ പശ്ചാത്തലത്തിലാണ് വിശുദ്ധ ജെയ്ന്‍ ഡി ഷന്താള്‍ വിജയത്തിലേക്ക് വഴികാട്ടിയാകുന്നത്. 1572 മുതല്‍ 1641 വരെയായിരുന്നു ഈ ഫ്രഞ്ച് വനിതയുടെ ജീവിതകാലം.

പട്ടാളക്കാരനായ ഭര്‍ത്താവ് ക്രിസ്റ്റോഫെയെ തീവ്രമായി പ്രണയിച്ചിരുന്ന ഭാര്യ, തങ്ങളുടെ മക്കളുടെ വാത്സല്യനിധിയായ അമ്മ, വലിയൊരു കൃഷിയിടത്തിന്റെ മേല്‍നോട്ടക്കാരി- ഇതെല്ലാമായിരുന്നു ഷന്താള്‍. 1601-ല്‍ ഇരുപത്തിയൊമ്പതാം വയസിലാണ് അവളുടെ ജീവിതം പൊടുന്നനെ കീഴ്‌മേല്‍ മറിഞ്ഞത്. ക്രിസ്റ്റോഫെ ഒരു അപകടത്തില്‍ മരിച്ചു. പിന്നീടുള്ള ജീവിതകാലം മുഴുവന്‍ വിഷാദരോഗത്തിന്റെ അസ്വസ്ഥതകള്‍ സമ്മാനിച്ച വേദനാജനകമായ ഒരു സംഭവമായിരുന്നു അത്. പിന്നീട് അവള്‍ ഓര്‍ത്തെടുത്തത് ഇങ്ങനെയാണ്, ”വിധവയായി ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍, വ്യത്യസ്തവും വിഷാദജനകവുമായ പലതരം ചിന്തകള്‍ എന്നെ ആകമാനം സ്തബ്ധയാക്കി. ദൈവം അനന്തമായ കരുണയാല്‍ എന്നോട് ദയ കാണിച്ചില്ലായിരുന്നെങ്കില്‍ ആ കൊടുങ്കാറ്റില്‍ ഞാന്‍ തീര്‍ന്നുപോകുമായിരുന്നു എന്നെനിക്ക് ഉറപ്പാണ്. കാരണം ആകുലചിന്തകളില്‍നിന്ന് എനിക്ക് തെല്ലൊരാശ്വാസംപോലും ലഭിച്ചിരുന്നില്ല. ശരീരം വല്ലാതെ ശോഷിച്ചു. കണ്ടാല്‍ ആളറിയാത്തതുപോലെ എന്റെ രൂപംപോലും മാറിപ്പോയി.”

ഈ വിഷാദചിന്തകള്‍ ജീവിതകാലം മുഴുവന്‍ അവളെ വേട്ടയാടിക്കൊണ്ടിരുന്നു. ആ ചിന്തകള്‍ എന്തൊക്കെയാണെന്ന് ഷന്താള്‍ പൂര്‍ണമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും ദൈവദൂഷണത്തിനുള്ള പ്രലോഭനം, ദൈവത്തോട് അവിശ്വസ്തത കാണിക്കാനുള്ള സാധ്യത, അവിശ്വാസത്തിലേക്കുള്ള പ്രലോഭനം എന്നിവയെല്ലാമാണ് എന്ന് സൂചിപ്പിച്ചിട്ടുണ്ട്. തന്റെ വിശ്വാസത്തിലുള്ള നിരവധി സംശയങ്ങള്‍, താന്‍ ദൈവത്തെ അപ്രീതിപ്പെടുത്തിയോ എന്ന അപരാധചിന്ത എന്നിവയൊക്കെ അവളെ പീഡിപ്പിച്ചിരുന്നു.
എന്നാല്‍ വര്‍ഷങ്ങളോളം ഈ വേദനകളിലൂടെ കടന്നുപോകുമ്പോള്‍ അവള്‍ അതിജീവനത്തിനുള്ള വഴികളും കണ്ടത്തി. വിഷാദരോഗത്തെ സൗഖ്യപ്പെടുത്തുന്ന അത്ഭുത മരുന്നുകുറിപ്പടിയല്ലായിരുന്നു അതെങ്കിലും ക്രിയാത്മകമായി ജീവിക്കാനും ഫലങ്ങള്‍ പുറപ്പെടുവിക്കാനും അത് സഹായകമായി. ദൈവത്തില്‍ പൂര്‍ണമായി ശരണപ്പെടുക, സുഹൃത്തുക്കളില്‍നിന്ന് വിശ്വസ്തമായ താങ്ങ് സ്വീകരിക്കുക, തന്റെ നിഷേധാത്മകചിന്തകളെ നിലയ്ക്കുനിര്‍ത്തുക, മറ്റുള്ളവരെ സേവിക്കുക എന്നിവയായിരുന്നു ഈ പോരാട്ടത്തില്‍ പ്രായോഗികമായി മികച്ച വിജയം നേടിയെടുക്കാന്‍ ഷന്താളിനെ സഹായിച്ചത്.

ദൈവശരണം
വിഷാദത്തിലേക്ക് വീണ കാലത്തുതന്നെ ദൈവം നല്കിയ ഒരു പ്രകാശകിരണം അവളെ എഴുന്നേല്‍ക്കാന്‍ സഹായിച്ചു. സംശയത്തിലും ഭയത്തിലും ഞെരുങ്ങുമ്പോഴും ആ വേദനകളിലൂടെ കടന്നുപോകുന്നതിന് ദൈവത്തില്‍മാത്രം ശരണപ്പെടുന്നതിനുള്ള ഒരു ക്ഷണമായി അവള്‍ക്കത് അനുഭവപ്പെട്ടു. തനിക്ക് ഈ അനുഭവങ്ങളെല്ലാം അനുവദിക്കുന്നത് അവിടുന്നാണെന്നും അവിടുത്തെ ഇഷ്ടത്തെ ആലിംഗനം ചെയ്യണമെന്നുമുള്ള ഒരു ആന്തരികപ്രേരണ. അതിനാല്‍ ഹൃദയപൂര്‍വം അവള്‍ പ്രാര്‍ത്ഥിച്ചു,

ഈ ദൈവബന്ധം അവള്‍ക്ക് ആനന്ദം സമ്മാനിച്ചു. പക്ഷേ അത് അല്പസമയത്തേക്കേ ഉണ്ടാവുകയുള്ളൂ. വിഷാദചിന്തകള്‍ പ്രതികാരഭാവത്തോടെ തിരികെയെത്തും. പക്ഷേ അവള്‍ ഒരിക്കലും പിന്‍മാറിയില്ല. ഒന്നും രണ്ടുമൊന്നുമല്ല, നീണ്ട 41 വര്‍ഷങ്ങള്‍, അതായത് മരണംവരെ നിലനിന്ന പോരാട്ടം.
അന്ത്യകാലത്ത് ഷന്താള്‍ പറഞ്ഞ വാക്കുകള്‍തന്നെയാണ് അതിന് തെളിവ്. ”ഈ പ്രലോഭനങ്ങളെല്ലാം ഇക്കഴിഞ്ഞ 41 വര്‍ഷങ്ങളിലും എന്നോടൊപ്പമുണ്ടായിരുന്നു. ഇപ്പോള്‍ ഞാനിതിന് കീഴടങ്ങുമെന്ന് കരുതുന്നുണ്ടോ? ഒരിക്കലുമില്ല. ഞാന്‍ എപ്പോഴും ദൈവത്തില്‍ പ്രത്യാശവയ്ക്കും. ഇതിനെല്ലാം മധ്യത്തില്‍ അവിടുത്തെ എതിര്‍ക്കാതെ നില്‍ക്കാന്‍ സാധിച്ചാല്‍ അവിടുന്ന് ഞാന്‍ സഹിക്കാന്‍ മനസായ എല്ലാത്തിലും ഞാന്‍ സംതൃപ്തയാണ്; അത് ഞാന്‍ ഇനി ജീവിച്ചിരിക്കുന്നിടത്തോളം കാലം മുഴുവന്‍ നീണ്ടാലും. ഞാന്‍ ചെയ്യണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നതുമാത്രം ചെയ്യാനാണ് എന്റെ ആഗ്രഹം. സഹനത്തില്‍ എനിക്കവിടുത്തോട് വിശ്വസ്തയായിരിക്കണം.”

സുഹൃത്തുക്കളുടെ താങ്ങ്
തന്നെ വിവിധരീതികളില്‍ താങ്ങുന്ന സുഹൃത്തുക്കളുമായി ഷന്താള്‍ ആരോഗ്യകരമായ ബന്ധം വളര്‍ത്തിയെടുത്തു. അതില്‍ ഏറ്റവും പ്രധാനം വിശുദ്ധ ഫ്രാന്‍സിസ് ഡി സാലസുമായുള്ള ബന്ധമായിരുന്നു. 1604-ലെ നോമ്പുകാലത്ത് അനുദിനം വചനപ്രസംഗങ്ങള്‍ നടത്തിയിരുന്ന സമയത്താണ് ആദ്യമായി ഷന്താള്‍ വിശുദ്ധനെ കണ്ടത്. വിഭൂതിതിരുനാള്‍ ദിനത്തില്‍ അദ്ദേഹത്തിന്റെ പ്രഭാഷണം കേട്ടപ്പോള്‍ തന്റെ പരീക്ഷണങ്ങളില്‍ സഹായമാകാന്‍ ദൈവംതന്നെയാണ് അദ്ദേഹത്തെ അയച്ചതെന്ന തോന്നല്‍ അവള്‍ക്കുണ്ടായി. അദ്ദേഹത്തോട് ലഘുസംഭാഷണങ്ങള്‍ നടത്തുകയും ചെയ്തു.

പിന്നീട് വിശുദ്ധവാരത്തില്‍ തന്റെ ഹൃദയഭാരങ്ങള്‍ ഷന്താള്‍ തന്റെ ആത്മീയസുഹൃത്തെന്ന നിലയില്‍ ഫ്രാന്‍സിസ് ഡി സാലസിനോട് പങ്കുവച്ചു. സ്വയം ദൈവത്തിലേക്ക് പൂര്‍ണമായര്‍പ്പിക്കാന്‍ അവളെ വളരെ ലളിതമായി പ്രോത്സാഹിപ്പിക്കുകമാത്രമാണ് വിശുദ്ധന്‍ ചെയ്തത്. അവളുടെ ഭീകരമായ സംശയങ്ങളിലേക്ക് അദ്ദേഹം ശ്രദ്ധവച്ചതേയില്ല. ആ സമീപനം ഏറ്റവും മികച്ചതായിരുന്നുവെന്ന് പിന്നീട് ഷന്താള്‍തന്നെ തിരിച്ചറിഞ്ഞു. അവര്‍ പെട്ടെന്ന് ഗാഢസൗഹൃദത്തിലായി. 1622-ല്‍ മരിക്കുന്നതുവരെയും വലിയൊരളവില്‍ ആത്മീയസ്വാതന്ത്ര്യവും ആന്തരികസമാധാനവും അനുഭവിക്കാന്‍ വിശുദ്ധ സാലസിന്റെ സൗഹൃദം ഷന്താളിനെ സഹായിച്ചു.

നിഷേധചിന്തകളെ നിലയ്ക്കുനിര്‍ത്താന്‍
ആദ്യമൊക്കെ ഷന്താളിന് നിഷേധാത്മകചിന്തകളെ ഭയമായിരുന്നു. പിന്നീട് അവയെ അവഗണിക്കാന്‍ അവള്‍ പഠിച്ചു. അതേപ്പറ്റി ശ്രദ്ധേയമായ ഒരു ഉപദേശം അവള്‍ പങ്കുവച്ചിട്ടുണ്ട്. ഒരിക്കല്‍ അവള്‍ ഒരു തേനീച്ചക്കൂടിന് സമീപം നില്‍ക്കുകയായിരുന്നു. ചില തേനീച്ചകള്‍ മുഖത്ത് വന്നിരുന്നു. പെട്ടെന്ന് അവയെ തുടച്ചകറ്റാന്‍ ഒരുങ്ങിയപ്പോള്‍ അവിടെയുണ്ടായിരുന്നു കര്‍ഷകന്‍ പറഞ്ഞു, ”അരുത്, പേടിക്കേണ്ട. അവയെ തൊടുകയും വേണ്ട. അവയെ തൊടാതിരുന്നാല്‍ അവ നിങ്ങളെ ഉപദ്രവിക്കാതെ പൊയ്‌ക്കൊള്ളും.” അവളത് അനുസരിച്ചു. തേനീച്ചകള്‍ ഉപദ്രവിച്ചതുമില്ല. ഈ സംഭവം ഉദ്ധരിച്ചിട്ട് ഷന്താള്‍ പറഞ്ഞിരുന്നത് ഇങ്ങനെയാണ്, ”എന്നെ വിശ്വസിക്കൂ. ഈ പ്രലോഭനങ്ങളെ ഭയപ്പെടരുത്, അവയെ സ്പര്‍ശിക്കുകയും ചെയ്യരുത്. എങ്കില്‍ അവയ്ക്ക് നിങ്ങളെ ഒന്നും ചെയ്യാനാവില്ല.”

ഈ നിര്‍ദേശം അവളെ സഹായിച്ചെങ്കിലും പ്രലോഭനങ്ങളാകുന്ന തേനീച്ചകളുടെ മൂളല്‍ അവളെ ശല്യപ്പെടുത്തിയിരുന്നു. പക്ഷേ അവയെ അവഗണിക്കാന്‍ അവള്‍ ശ്രദ്ധിച്ചു. അവളുടെ ഈ ഉപദേശം പലര്‍ക്കും സഹായകമാവുകയും ചെയ്തു.

സേവനം ഔഷധം
ഫ്രാന്‍സിസ് സാലസിന്റെ ആത്മീയനേതൃത്വത്തിന്‍കീഴില്‍ ആവശ്യക്കാരെ വിവിധരീതികളില്‍ സേവിക്കാന്‍ ഷന്താളിന് സാധിച്ചു. അത് വിഷാദാവസ്ഥയ്ക്ക് നല്ലൊരു ഔഷധമായി മാറി. അതോടൊപ്പം, കുട്ടികളെ അവള്‍ മികച്ച രീതിയില്‍ വളര്‍ത്തി. തീര്‍ത്തും പരുക്കനും അവളെ തെല്ലും പരിഗണിക്കാത്തവനുമായിരുന്നു അമ്മായിയപ്പന്‍. എങ്കിലും അദ്ദേഹത്തിനുകീഴില്‍ വീട്ടുകാര്യങ്ങള്‍ ആവുംവിധം നന്നായി നിര്‍വഹിച്ചു.
പിന്നീട് 1610-ല്‍ വിശുദ്ധ ഫ്രാന്‍സിസ് ഡി സാലസിനോടുചേര്‍ന്ന് ഒരു സമര്‍പ്പിതസമൂഹം രൂപപ്പെടുത്തി. ആ വര്‍ഷംതന്നെ ഷന്താളും മറ്റ് രണ്ട് സ്ത്രീകളും ചേര്‍ന്ന് സിസ്റ്റേഴ്‌സ് ഓഫ് ദ വിസിറ്റേഷന്‍ ഓഫ് മേരി എന്ന സ്വന്തം സന്യാസസമൂഹത്തിന്റെ ആദ്യത്തെ മഠം തുറന്നു. പെട്ടെന്നുതന്നെ ആ സമൂഹം ഫ്രാന്‍സിലെങ്ങും വ്യാപിച്ചു. പക്ഷേ മുന്നോട്ടുള്ള യാത്ര അത്ര സുഖകരമായിരുന്നില്ല.

ദാരിദ്ര്യവും താമസസ്ഥലമില്ലായ്മയും രോഗവും ആന്തരികസംഘര്‍ഷങ്ങളും അപവാദങ്ങളും എതിര്‍പ്പുകളുമെല്ലാം ആവോളമുണ്ടായിരുന്നു. പക്ഷേ തന്റെ സമൂഹാംഗങ്ങള്‍ക്കെല്ലാം അവള്‍ പ്രിയപ്പെട്ട മദര്‍ ഷന്താള്‍ ആയി. അവരെ പരിഗണിക്കുന്നതിനിടെ തന്റെ സ്വന്തം പ്രശ്‌നങ്ങളെ മറക്കാന്‍ കഴിഞ്ഞു. 1641-ല്‍ മരിക്കുമ്പോള്‍ 87 മഠങ്ങളുണ്ടായിരുന്നു അവളുടെ സന്യാസസമൂഹത്തിന്. വിഷാദത്തില്‍ മുങ്ങി നിഷ്‌ക്രിയത്വത്തിലേക്ക് നീങ്ങാനുള്ള സാധ്യതയുണ്ടായിരുന്നു ഷന്താളിന് മുന്നില്‍. എന്നാല്‍ അതിനെ അതിജീവിച്ച് വിശുദ്ധയായി തീരാനുള്ള സാധ്യതയാണ് അവള്‍ തിരഞ്ഞെടുത്തത്. വിഷാദത്തിലൂടെ കടന്നുപോകുന്ന അനേകര്‍ക്ക് വിശുദ്ധയുടെ മാധ്യസ്ഥ്യവും മാതൃകയും സഹായമാകട്ടെ.