2020 കോവിഡ് -19 രൂക്ഷമായിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭം. കുറവിലങ്ങാട് മുത്തിയമ്മ പള്ളിയിലെ കാല്‍വിളക്കിനു ചുറ്റും ഒമ്പതു വെള്ളിയാഴ്ച എണ്ണയൊഴിക്കാന്‍ നേര്‍ച്ചനേര്‍ന്നു. ഒന്നാം വെള്ളിയാഴ്ച പള്ളിയില്‍നിന്ന് വരുന്നവഴി മഠത്തിന്റെ ഭിത്തിയില്‍ പരിശുദ്ധ വചനങ്ങള്‍ എഴുതിവച്ചതു വായിച്ചു നടക്കുകയായിരുന്നു. അപ്പോള്‍ ഒരു വചനം ഉണങ്ങിയ വാഴയിലകള്‍കൊണ്ട് മറഞ്ഞു കിടക്കുന്നത് കണ്ടു. അന്ന് എന്റെ മുന്നില്‍ മറഞ്ഞുകിടന്ന വചനമായിരുന്നു ”ഞാന്‍ എന്നെ സ്നേഹിക്കുന്നവരെ സമ്പന്നരാക്കി അവരുടെ ഭണ്ഡാരം നിറയ്ക്കുന്നു” (സുഭാഷിതങ്ങള്‍ 8/21) എന്നത്. ഒരുപാടു സന്തോഷവും സമാശ്വാസവും നല്കിയ വചനം.
സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലായിരുന്നു. പ്രത്യേകിച്ച് കോവിഡ് കാലഘട്ടം. തന്നെയുമല്ല കുടുംബസ്വത്ത് കുറച്ച് പണമായി ലഭിക്കാനും വീടുപണി തുടങ്ങാനുമായിരുന്നു ഞാന്‍ നേര്‍ച്ച നേര്‍ന്നത്. ഒപ്പം ആയിരം തവണ ഈ വചനം ഒരു ബുക്കില്‍ എഴുതി ക്ഷമയോടെ കാത്തിരുന്നു. ചേട്ടനോട് ചോദിച്ചപ്പോള്‍ ഉടനെയൊന്നും ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു. കൃഷിപ്പണി ചെയ്യുന്ന അദ്ദേഹത്തിന് പെട്ടെന്നൊന്നും പണം തരാന്‍ പറ്റുന്ന ഒരു അവസരം അല്ലായിരുന്നു. പ്രത്യാശയോടെ ഓരോ ആഴ്ചയിലും തിരി കത്തിച്ചു പ്രാര്‍ത്ഥിച്ചു. ഒന്‍പതാമത്തെ വെള്ളിയാഴ്ച തിരി കത്തിച്ചു പ്രാര്‍ത്ഥനാനിര്‍ഭരമായ മനസോടെ പള്ളിയുടെ താഴെയെത്തി ആ വചനം കണ്ണീരോടെ ഒന്നുകൂടി വായിച്ചു.
വചനത്തിലൂടെ കണ്ണോടിക്കവേ പെട്ടെന്ന് എന്റെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു. നോക്കുമ്പോള്‍ ചേട്ടന്റെ മകന് വിളിക്കുന്നു. ഏറെ സങ്കോചത്തോടെ ഞാന്‍ ആ മൊബൈല്‍ ചെവിയില്‍ വച്ചപ്പോള്‍ അവന് എന്നോട് പറയുന്നു, ”പാപ്പന് വിഷമിക്കേണ്ട, ലോണ്‍ എടുത്ത് കുറച്ചു പണം സംഘടിപ്പിക്കാം!” ഞാന്‍ ആവശ്യപ്പെട്ട തുക നല്കി തക്കസമയത്ത് അവന് എന്നെ സഹായിച്ചു. ”എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും. നമ്മുടെ പിതാവായ ദൈവത്തിന് എന്നും എന്നേക്കും മഹത്വമുണ്ടാകട്ടെ, ആമേന്‍” (ഫിലിപ്പി 4/19-20).
ജോണ്സണ് തോമസ്