എല്ലാ മാസവും മുത്തശ്ശിയെ കാണാന്‍ അപ്പായുടെയും അമ്മയുടെയുമൊപ്പം പോകാറുണ്ട് മാര്ട്ടിന്. ട്രെയിനിലുള്ള ആ പതിവുയാത്ര ഏറെനാള്‍ തുടര്‍ന്നപ്പോള്‍ മാര്ട്ടിന് പറഞ്ഞു, ”ഞാന്‍ വലുതായി, എനിക്കിപ്പോള്‍ മുത്തശ്ശിക്കടുത്തേക്ക് തനിയെ പോകാനറിയാം. അടുത്ത തവണ എന്നെ തനിയെ അയക്കണം.” മാര്‍ട്ടിന്റെ ആഗ്രഹവും ധൈര്യവും കണ്ടപ്പോള്‍ അമ്മയും അപ്പയും സമ്മതിച്ചു. അടുത്ത തവണത്തെ അവധിദിവസം തനിയെ യാത്രയ്ക്കൊരുങ്ങിയ അവനെ യാത്രയാക്കാന്‍ അപ്പയും അമ്മയും കൂടെച്ചെന്നു. അവരുടെ നിര്‍ദേശങ്ങള്‍ കേട്ടുമടുത്തപ്പോള്‍ മാര്ട്ടിന് പറഞ്ഞു, ”ഇതെന്നോട് ആയിരം വട്ടം പറഞ്ഞിട്ടുള്ളതല്ലേ, ഞാന്‍ ശ്രദ്ധിച്ചോളാം.”
എങ്കിലും ട്രെയിന്‍ പുറപ്പെടുംമുമ്പ് അപ്പ അവന്റെ പോക്കറ്റില്‍ ഒരു തുണ്ട് പേപ്പര്‍ തിരുകിവച്ചു. എന്നിട്ട് പറഞ്ഞു, ”എന്തെങ്കിലും പ്രശ്നം തോന്നുകയാണെങ്കില്‍ ഇതെടുത്ത് നോക്കണം.” ശരിയെന്ന് പറഞ്ഞപ്പോഴേക്കും ട്രെയിന്‍ പുറപ്പെട്ടു. സീറ്റില്‍ മാര്ട്ടിന് നിവര്‍ന്നിരുന്നു. ആദ്യമായി തനിയെയുള്ള യാത്ര. അവന് ഏറെ സന്തോഷവും അഭിമാനവും തോന്നി. അങ്ങനെ ഒന്ന് മയങ്ങാന്‍ തുടങ്ങിയപ്പോഴാണ് കുറച്ചുപേര്‍ കംപാര്‍ട്ട്മെന്റിലേക്ക് ഓടിക്കയറിയത്. അവര്‍ വല്ലാതെ ബഹളമുണ്ടാക്കിക്കൊണ്ടിരുന്നു. മാര്ട്ടിന് അല്പം അസ്വസ്ഥത തോന്നി.
അങ്ങനെയിരിക്കുമ്പോള്‍ അവരില്‍ ചിലര്‍ മാര്‍ട്ടിനെ ശ്രദ്ധിക്കുന്നത് അവന് കണ്ടു. ആ കുട്ടിയുടെകൂടെ ആരുമില്ല എന്നെല്ലാമാണ് അവര്‍ പറഞ്ഞുകൊണ്ടിരുന്നത്, മാര്ട്ടിന് വളരെ ഭയത്തിലായി. തനിയെ യാത്ര പോരേണ്ടിയിരുന്നില്ലെന്ന് പെട്ടെന്ന് അവന് തോന്നി. അപ്പോഴാണ് അപ്പ തന്ന തുണ്ടുപേപ്പറിന്റെ കാര്യം അവന് ഓര്‍മ്മവന്നത്. അവന് വേഗം പോക്കറ്റില്‍നിന്ന് അതെടുത്ത് വായിച്ചു, ”അപ്പ പിന്നിലെ കംപാര്‍ട്ട്മെന്റിലുണ്ട്!” മാര്ട്ടിന് എന്തെന്നില്ലാത്ത ആശ്വാസം തോന്നി. വേഗംതന്നെ അവന് അപ്പായുടെ അരികിലേക്ക് പോയി.
അദൃശ്യനായി അനുഭവപ്പെട്ടേക്കാമെങ്കിലും ജീവിതയാത്രയില്‍ ഏതുനേരത്തും സഹായമരുളാനായി കര്‍ത്താവ് നമ്മുടെകൂടെയുണ്ട്.
”പിതാവിന് മക്കളോടെന്നപോലെ കര്ത്താവിന് തന്റെ ഭക്തരോട് അലിവുതോന്നുന്നു” (സങ്കീര്‍ത്തനങ്ങള്‍ 103/13).