പട്രീഷ്യയുടെ സൈക്കിള്‍സവാരി – Shalom Times Shalom Times |
Welcome to Shalom Times

പട്രീഷ്യയുടെ സൈക്കിള്‍സവാരി

ജൂണ്‍ രണ്ട് പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ദിനത്തില്‍ ദേശീയ ദിവ്യകാരുണ്യ തീര്‍ത്ഥാടനത്തിലെ പങ്കാളികള്‍ക്കൊപ്പം പട്രീഷ്യ ഗലിന്‍ഡോയും ഗാല്‍വെസ്റ്റണ്‍ ഐലന്‍ഡിലെത്തി. സെയ്ന്റ് മേരി കത്തീഡ്രലും സേക്രഡ് ഹാര്‍ട്ട് ദൈവാലയവും സന്ദര്‍ശിച്ചതോടെ പട്രീഷ്യയുടെ സവിശേഷയാത്ര പൂര്‍ത്തിയായി. സ്വദേശമായ ബ്രൗണ്‍സ്‌വില്ലെയില്‍നിന്ന് ദിവ്യകാരുണ്യതീര്‍ത്ഥാടകര്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്നു പട്രീഷ്യ. അവരുടെകൂടെ സൈക്കിളിലായിരുന്നു യാത്ര എന്നതായിരുന്നു വ്യത്യാസം. നടക്കുക എന്നത് അല്പം പ്രയാസകരമായതുകൊണ്ടാണ് തന്റെ ട്രൈസിക്കിളില്‍ തീര്‍ത്ഥാടനത്തോടൊപ്പം പങ്കുചേരാന്‍ പട്രീഷ്യ തീരുമാനിച്ചത്. സ്പാനിഷിലും ഇംഗ്ലീഷിലും ‘ദിവ്യകാരുണ്യം: എന്റെ ശക്തിസ്രോതസ്’ എന്ന് എഴുതിയ കാര്‍ഡുമേന്തിയായിരുന്നു പട്രീഷ്യയുടെ സൈക്കിള്‍യാത്ര.

തനിക്ക് സാധിക്കുന്നതുപോലെ തീര്‍ത്ഥാടകസംഘത്തെ പിന്തുടര്‍ന്ന അവള്‍ക്ക് പലപ്പോഴും അനുദിനദിവ്യബലിസമയത്തും ജാഗരണപ്രാര്‍ത്ഥനാവേളകളിലും മറ്റ് പരിപാടികളിലുമെല്ലാം വച്ചാണ് അവരോട് ഒന്നുചേരാനായത്. ദിവ്യകാരുണ്യ തീര്‍ത്ഥാടനത്തില്‍ ഈശോയെ പിഞ്ചെല്ലാന്‍ ബ്രൗണ്‍സ്‌വില്ലെ ബിഷപ് ഡാനിയേല്‍ ഇ. ഫ്‌ളോറസ് നല്കിയ ആഹ്വാനമാണ് പട്രീഷ്യക്ക് പ്രചോദനമായത്.

ഏതൊരു തീര്‍ത്ഥാടനവുംപോലെ ഈ തീര്‍ത്ഥാടനത്തിന്റെ പാതയും അത്ര സുഖകരമായിരുന്നില്ല പട്രീഷ്യക്ക്. സാമാന്യം ഭാരമുള്ള തന്റെ ട്രൈസിക്കിള്‍ ഒന്ന് ചാഞ്ഞുപോയാല്‍പ്പോലും ഉയര്‍ത്താന്‍ മറ്റൊരാളുടെ സഹായം വേണമായിരുന്നു. തീര്‍ത്ഥാടകസംഘത്തിലെ യുവാവായ ചാര്‍ലിയാണ് അക്കാര്യത്തില്‍ എപ്പോഴും സഹായമായി കൂടെ നിന്നത്.

അത്യന്തം ഉയര്‍ന്ന ചൂട് നിമിത്തം ബ്രൗണ്‍സ്‌വില്ലെയില്‍ സംഘാടകര്‍ ദിവ്യകാരുണ്യപ്രദക്ഷിണം വേണ്ടെന്നുവച്ചിരുന്നു. ചൂടിന്റേതായ കഠിനതകളിലൂടെ പട്രീഷ്യയും കടന്നുപോയി. പക്ഷേ ദിവ്യകാരുണ്യതീര്‍ത്ഥാടനത്തില്‍ പങ്കുചേരാനുള്ള ഉള്‍വിളി തീവ്രമായിരുന്നുവെന്നാണ് അവര്‍ പങ്കുവയ്ക്കുന്നത്. ആ ഉള്‍വിളി അനുസരിച്ച് ഈ യാത്ര നടത്തിയപ്പോള്‍ സന്തോഷവും തന്നില്‍ത്തന്നെയുള്ള ഒരു ശാന്തിയും അനുഭവിക്കാന്‍ സാധിച്ചു എന്നാണ് പട്രീഷ്യയുടെ സാക്ഷ്യം.

”യാത്രയ്ക്കിടെ കണ്ടുമുട്ടിയ എല്ലാവരുമായും അത് കത്തോലിക്കനോ അകത്തോലിക്കനോ ആരുമാകട്ടെ അവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന കാര്യം പറയുമായിരുന്നു. പറയുകമാത്രമല്ല, എല്ലാ കുടുംബങ്ങള്‍ക്കായും ഭവനങ്ങള്‍ക്കായും വഴിയില്‍ കണ്ടുമുട്ടുന്ന എല്ലാവര്‍ക്കുമായും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു,” പട്രീഷ്യ പറയുന്നു.

ദിവ്യകാരുണ്യത്തെക്കുറിച്ച് പ്രഘോഷിക്കാന്‍ പട്രീഷ്യ തിരഞ്ഞെടുത്തത് അവള്‍ക്ക് സാധ്യമായ ഒരു എളിയ മാര്‍ഗമാണ്. ഇതുപോലെ നിങ്ങള്‍ക്കും സ്വന്തമായ വ്യത്യസ്തമാര്‍ഗങ്ങളിലൂടെ ദൈവസ്‌നേഹത്തെക്കുറിച്ച് പ്രഘോഷിക്കാന്‍ സാധിക്കില്ലേ? അതോ നിങ്ങള്‍ അപ്രകാരം ചെയ്തിട്ടുണ്ടോ? എങ്കില്‍ നിങ്ങളുടെ അനുഭവങ്ങള്‍ ശാലോമിലേക്ക് എഴുതി അറിയിക്കാമോ? ദൈവമഹത്വത്തിനായി അത്തരം
നല്ല അനുഭവങ്ങള്‍ നമുക്ക് സാക്ഷ്യപ്പെടുത്താം.