ചൈനയിലെ മിയാന്‍യാങ്ങില്‍ 1815 ഡിസംബര്‍ ഒന്‍പതിനാണ് ലൂസി യി ഷെന്‍മെയി ജനിച്ചത്. ചെറുപ്പം മുതല്‍തന്നെ ദൈവത്തോട് അഗാധബന്ധം പുലര്‍ത്തിയ ലൂസി 12-ാമത്തെ വയസില്‍ തന്റെ ജീവിതം ദൈവത്തിനായി സമര്‍പ്പിച്ചു. പഠനത്തിലും വായനയിലും തത്പരയായാണ് അവള്‍ വളര്‍ന്നുവന്നത്. വീടുകള്‍ തോറും കയറിയിറങ്ങി സുവിശേഷപ്രഘോഷണം നടത്താന്‍ അവള്‍ക്ക് വലിയ ഇഷ്ടമായിരുന്നു. എന്നാല്‍ 20-ാമത്തെ വയസില്‍ ഉന്നതപഠനം നടത്തിയിരുന്ന സമയത്ത് ലൂസി രോഗബാധിതയായി. ആ രോഗത്തില്‍നിന്ന് മോചിതയായ ലൂസി തന്റെ ആത്മീയജീവിതത്തെ കൂടുതല്‍ ഗൗരവത്തോടെ സമീപിക്കാന്‍ തുടങ്ങി.
സന്യസ്തരുടെ ജീവിതരീതി പിന്തുടര്‍ന്ന ലൂസി അതേസമയം തന്നെ കുടുംബത്തിന് വേണ്ടി ജോലി ചെയ്ത് പണം സമ്പാദിക്കുകയും ചെയ്തു. പിതാവിന്റെ മരണശേഷം അമ്മയോടും സഹോദരനോടുമൊപ്പം ജീവിച്ച ലൂസി കുട്ടികള്‍ക്ക് മതബോധനം നല്കാനാണ് ഒഴിവുസമയം ഉപയോഗിച്ചത്. പിന്നീട് സഹോദരന്‍ മെഡിസിന്‍ പഠനത്തിനായി ചോംഗ്വിംഗിലേക്ക് പോയപ്പോള്‍ ലൂസിയും അമ്മയും അവിടേക്ക് മാറി താമസിച്ചു. അവിടത്തെ ഇടവക വൈദികന്റെ നിര്‍ദേശപ്രകാരം ഇടവകയിലെ സ്ത്രീകള്‍ക്ക് മതബോധനക്ലാസുകള്‍ നടത്തി. അതിന് പ്രതിഫലം നല്കാനൊരുങ്ങിയപ്പോള്‍ വേണ്ടെന്നായിരുന്നു ലൂസിയുടെ
മറുപടി. താന്‍ ദൈവത്തിനായി നല്കുന്ന കാഴ്ചയാണ് അധ്യാപനമെന്നായിരുന്നു അവളുടെ വിശദീകരണം.
അമ്മയുടെ മരണശേഷം ലൂസി മിഷനറി പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ വ്യാപൃതയായി. അല്‍മായരായ കന്യകമാര്‍ താമസിച്ചിരുന്ന കോണ്‍വെന്റിലാണ് ലൂസി അക്കാലത്ത് താമസിച്ചിരുന്നത്. അനാരോഗ്യം മൂലം അവിടെ നിന്ന് മടങ്ങിപ്പോന്നുവെങ്കിലും 1861-ല്‍ ബിഷപ് ഹൂവിന്റെ പ്രത്യേക അഭ്യര്‍ത്ഥനപ്രകാരം ലൂസി കോണ്‍വെന്റില്‍ മടങ്ങിയെത്തി. അധികം വൈകാതെ 1862-ല്‍ വൈദികനായ ഫാ. വെന്‍ നായിറിനൊപ്പം ജിയാഷാന്‍ലോംഗ് എന്ന പ്രദേശത്ത് മിഷന്‍ ആരംഭിക്കാന്‍ ലൂസി യാത്രയായി. അതിനിടയിലെപ്പോഴോ ജാന്‍ എന്ന പെണ്‍കുട്ടിക്ക് തന്റെ ക്രൂശിതരൂപവും ജപമാലയും നല്കിയിട്ട് അവള്‍ പറഞ്ഞു, ”എന്റെ പ്രാര്‍ത്ഥനകളെല്ലാം ഞാന്‍ ചൊല്ലിക്കഴിഞ്ഞു. ഇനി നീയിത് എന്റെ ഓര്‍മയ്ക്കായി എന്റെ സഹോദരന് നല്കുക!” വരാന്‍ പോകുന്ന തന്റെ രക്തസാക്ഷിത്വത്തെക്കുറിച്ച് പരിശുദ്ധാത്മാവ് അവള്‍ക്ക് ബോധ്യം നല്കിയെന്നോണമായിരുന്നു ആ വാക്കുകള്‍.
കാരണം ഈ സമയത്താണ് ആ പ്രദേശത്തെ ഭരണാധികാരി അവിടത്തെ പ്രാദേശിക മജിസ്‌ട്രേറ്റിന്റെ സഹായത്തോടെ ക്രിസ്ത്യാനികളെ പീഡിപ്പിക്കാന്‍ ആരംഭിച്ചത്. വൈദികനായ വെന്‍ ഉള്‍പ്പെടെ നാലുപേരെ തടവിലാക്കി വരുന്നതിനിടെ അദ്ദേഹം വഴിയില്‍ ലൂസിയെയും കണ്ടു. അവളെയും വിചാരണ കൂടാതെ തടവിലടച്ചു. പിറ്റേ ദിവസം അതായത്, 1862 ഫെബ്രുവരി 19-ന് ലൂസിയെ ശിരച്ഛേദം ചെയ്തുവെന്നാണ് രേഖകള്‍ സാക്ഷിക്കുന്നത്. അടുത്ത ദിവസം രക്തസാക്ഷിത്വം വരിച്ച അഞ്ച് പേരുടെയും മൃതശരീരങ്ങള്‍ വിശ്വാസികള്‍ ലിയോച്ചൊഗ്വാന്‍ സെമിനാരിയോടനുബന്ധിച്ച് സംസ്‌കരിച്ചു. അങ്ങനെ ദൈവസന്നിധിയില്‍ സ്വയം നല്കിയ ഒരു ചുവന്ന പൂവായി ലൂസി മാറി. രണ്ടായിരാമാണ്ട് ഒക്ടോബര്‍ ഒന്നാം തിയതി ലൂസി യി ഷെന്‍മെയിയെയും സുഹൃത്തുക്കളെയും ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു.
രഞ്ജിത് ലോറന്‍സ്