മൂറുകള്‍ സ്‌പെയിനിലെ ക്രൈസ്തവരെ അടിമകളായി പിടിച്ച് ആഫ്രിക്കയിലെ തടവറകളിലേക്ക് കൊണ്ടുപോകുന്ന കാലം. ക്രൂരമായി പീഡിപ്പിച്ച് ക്രിസ്തുവിലുള്ള വിശ്വാസം തള്ളിപ്പറയാനും അവരെ മര്‍ദകര്‍ നിര്‍ബന്ധിച്ചിരുന്നു. അക്കാലത്താണ് വിശുദ്ധ പീറ്റര്‍ നൊളാസ്‌കോ, പിനഫോര്‍ട്ടിലെ വിശുദ്ധ റെയ്മണ്ട്, അരഗോണിലെ ജയിംസ് ഒന്നാമന്‍ രാജാവ് എന്നിവര്‍ക്ക് പരിശുദ്ധ ദൈവമാതാവ് ദര്‍ശനം നല്കിയത്. മൂന്ന് പേര്‍ക്കും വ്യത്യസ്തമായാണ് ദര്‍ശനം നല്കിയതെങ്കിലും അവര്‍ക്ക് നല്കപ്പെട്ട സന്ദേശം ഒന്നായിരുന്നു, മൂറുകള്‍ തട്ടിക്കൊണ്ടുപോകുന്ന ക്രൈസ്തവരെ രക്ഷപ്പെടുത്താനായി ഒരു സന്യാസസമൂഹം രൂപപ്പെടുത്തുക.
പ്രാര്‍ത്ഥനയിലൂടെയും മോചനദ്രവ്യം സമ്പാദിച്ചും വേണമെങ്കില്‍ സ്വയം മോചനദ്രവ്യമായി മാറിയും തടവിലാകുന്ന ക്രൈസ്തവരെ രക്ഷിക്കുക എന്നതായിരുന്നു ഈ സന്യാസസമൂഹത്തിലെ അംഗങ്ങളുടെ ദൗത്യം. ഓര്‍ഡര്‍ ഓഫ് മേഴ്‌സഡേറിയന്‍സ് എന്നായിരുന്നു ഈ സമൂഹത്തിന്റെ പേര്. മാതാവിന്റെ പ്രത്യേകസംരക്ഷണത്തിന്‍കീഴില്‍ ഈ സന്യാസസമൂഹം അതിവേഗം രൂപപ്പെട്ട് വളര്‍ന്നു. അടിമകളാക്കപ്പെട്ട ക്രൈസ്തവര്‍ക്കായി ജീവന്‍ ബലികഴിക്കുന്ന സന്യസ്തരുടെ എണ്ണം പതിനായിരങ്ങളായി വര്‍ധിക്കുകയും ചെയ്തു.
വിശുദ്ധ പീറ്റര്‍ നൊളാസ്‌കയ്ക്കു ള്‍പ്പെടെ ലഭിച്ച മരിയന്‍ ദര്‍ശനത്തിലെ മാതാവ് മോചനദ്രവ്യമാതാവ് Our Lady of Ransom എന്ന് അറിയപ്പെടുന്നു. കരുണയുടെ മാതാവ് എന്നും വിളിക്കപ്പെടാറുണ്ട്. അനേകം പേരെ തന്റെ മേലങ്കിക്കുകീഴില്‍ സംരക്ഷിക്കുന്നതായിട്ടാണ് മോചനദ്രവ്യമാതാവ് ചിത്രീകരിക്കപ്പെടുന്നത്. കേരളത്തില്‍ വല്ലാര്‍പാടം ബസിലിക്ക മോചനദ്രവ്യമാതാവിന്റെ നാമത്തിലുള്ള പ്രശസ്ത ദൈവാലയമാണ്.
എല്ലാ പ്രതിസന്ധികളിലും സഹായമരുളുന്ന മാതാവിന്റെ മാധ്യസ്ഥ്യം നമുക്ക് ചോദിക്കാം.