ഞാനും കുടുംബവും ദൈവാലയത്തില്‍ പോവുകയും കൂദാശകള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. എങ്കിലും സഭയോടും ഇടവകയോടും വലിയ അടുപ്പം കാണിച്ചിരുന്നില്ല. ധ്യാനവും കൂടി കൂദാശകളും സ്വീകരിച്ച് ജീവിച്ചാല്‍ മതിയെന്നായിരുന്നു എന്റെ തീരുമാനം. കരിസ്മാറ്റിക് അനുഭാവിയാണെങ്കിലും ദൈവാലയത്തോടോ സഭയോടോ വൈദികരോടോ ഒന്നും വലിയ അടുപ്പമില്ല. ‘പള്ളിയോടും പട്ടക്കാരോടും കൂടുതല്‍ അടുത്താല്‍ ഉള്ള വിശ്വാസവും കൂടി പോവുകയേയുള്ളൂ’ എന്ന ഉപദേശം തലയ്ക്ക് പിടിച്ചിരിക്കുന്ന സമയം.
ചില എതിര്‍സാക്ഷ്യങ്ങള്‍, വിശുദ്ധ കുര്‍ബ്ബാനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍, ഇടവകയിലുണ്ടായ ചില ചേരിതിരിവുകള്‍… അങ്ങനെ പലതും കൂടിയായപ്പോള്‍ എന്റെ നിലപാടാണ് ശരിയെന്ന് കരുതി. സഭയിലെയോ ഇടവകയിലെയോ പ്രശ്നങ്ങള്‍ കണ്ട് ഉള്ള വിശ്വാസം കളയാതെ, ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധത്തില്‍ ആ പ്രശ്നങ്ങളില്‍ ഇടപെടാതെ നമ്മള് ജീവിച്ചാല്‍ മതി എന്ന് മക്കളോട് പറയുമായിരുന്നു.
തര്‍ക്കങ്ങളില്‍ ഉള്‍പ്പെട്ടവരെയെല്ലാം ശത്രുക്കളായി കണ്ട് അവരെ ഞങ്ങള്‍ വിമര്‍ശിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തു. ദൈവത്തിന് ഇഷ്ടപ്പെട്ടവനാണ് ഞാന്‍ എന്ന തോന്നലായിരുന്നു എനിക്ക്. പ്രശ്നങ്ങള്‍ ഉണ്ടാക്കാത്തതുകൊണ്ട് എന്നോട് ഈശോയ്ക്ക് വലിയ ഇഷ്ടമാണ് എന്ന് സ്വയം ധരിച്ചു. എന്തായാലും ഈശോ എന്റെ പ്രാര്‍ത്ഥന കേള്‍ക്കും, ഒരു പ്രശ്നങ്ങളിലും വീഴാതിരുന്നാല്മതി എന്നായിരുന്നു എന്റെ ചിന്ത. ഇടവകയിലെ ഒരു പരിപാടിയിലും പങ്കെടുക്കാതിരിക്കാനും ഞാന്‍ ശ്രദ്ധിച്ചിരുന്നു.
ഇടവകയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരുന്ന സമയം. അതുമായി ബന്ധപ്പെട്ട് ചില അസ്വസ്ഥതകളുണ്ടായിരുന്നു. അതിനാല്‍ ഇടവകയില്‍ സമാധാനമുണ്ടാകുവാനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സം കൂടാതെ നടക്കാനുംവേണ്ടി വികാരിയച്ചന് വെള്ളിയാഴ്ചദിവസങ്ങളില് ദിവ്യകാരുണ്യ ആരാധന നടത്താന്‍ തുടങ്ങി. കുടുംബസമേതം വെള്ളിയാഴ്ച ദിവസങ്ങളിലെ വൈകുന്നേരത്തെ കുര്‍ബ്ബാനക്കും ദിവ്യ കാര്യണ്യ ആരാധനക്കും ഞങ്ങള്‍ പോയിരുന്നു. എന്നാല്‍ ഞങ്ങളുടെ ഉദ്ദേശ്യം ഞങ്ങളുടെ വ്യക്തിപരമായ പ്രാര്ത്ഥനാവശ്യങ്ങള് അര്‍പ്പിക്കുക എന്നതുമാത്രമായിരുന്നു. ഭാര്യയോടും മക്കളോടും പറഞ്ഞിരുന്നത് നമ്മുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം എന്നാണ്.
അങ്ങനെ ഒരു വെള്ളിയാഴ്ച പതിവുപോലെ ഞങ്ങള്‍ കുടുംബസമേതം ദൈവാലയത്തില്‍ പോയി. എന്റെ സ്ഥിരം ഇരിപ്പിടമായ ഏറ്റവും പുറകില്‍ ത്തന്നെയാണ് ഇരുന്നത്. ആരാധന തുടങ്ങിയ നേരത്ത് ദിവ്യകാര്യണ്യത്തെ നോക്കി. ഞങ്ങളുടെ വ്യക്തിപരമായ ആവശ്യം പറഞ്ഞു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ അതാ, ദിവ്യകാരുണ്യ ഈശോ കുറുകേ മുറിഞ്ഞു കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഞാന്‍ കാണുന്നത്!! കണ്ണ് ഒന്ന് തുടച്ചിട്ട് നോക്കി. അപ്പോഴും ദിവ്യകാരുണ്യ ഈശോയുടെ മുറിവ് വലുതായി കൊണ്ടിരിക്കുന്നു. വെറും തോന്നലാണെന്നു കരുതിയെങ്കിലും വീണ്ടും ശ്രദ്ധിച്ചപ്പോള്‍ മുറിവ് വലുതായി പുറത്തേക്ക് നീളുന്നതാണ് കണ്ടത്. ആ മുറിവ് നീണ്ട് അള്‍ത്താരയും കഴിഞ്ഞ് ജനങ്ങളുടെ ഇടയിലേക്ക് വന്നു…. നനഞ്ഞ ശരീരത്തില്‍ മുള്ളുകൊണ്ട് കോറി രക്തം പടര്‍ന്നു വരുന്നതു പോലെ അന്തരീക്ഷത്തിലേക്ക് രക്തം പടര്‍ന്നു…
ഇതുകണ്ട് എന്റെ ഉള്ളൊന്നു കാളി. ദിവ്യകാരുണ്യ ഈശോ അപ്പോഴേക്കും രണ്ടായി മുറിഞ്ഞ് വേര്‍പെട്ടു. അപ്പോള്‍ ഈശോയോട് സംസാരിക്കാന്‍ തോന്നി, ”ഇതെന്താണ്?!”
ഈശോ തിരിച്ച് ചോദിച്ചു, ”എന്താണെന്ന് നീ പറയുക.”
പെട്ടെന്ന് മനസില്‍ വന്നത് ഞാന്‍ പറഞ്ഞു, ”ഇത് ഇടവകയിലെ ഭിന്നിപ്പാണ്. ഇടവക രണ്ടായി മുറിഞ്ഞപ്പോള്‍ നിന്റെ ശരീരം രണ്ടായി ഭാഗിക്കപ്പെട്ടിരിക്കുകയാണ്!”
ഈശോ വീണ്ടും ചോദിച്ചു, ”നീ ഇതില്‍ എതു ഭാഗത്താണ്?”
ഞാന്‍ പറഞ്ഞു, ”രണ്ടു ഭാഗത്തിന്റെ കൂടെയും ഇല്ല. ഞാന്‍ നിന്റെ ഭാഗത്താണ്!!”
ഈ മറുപടി ഈശോക്ക് ഇഷ്ടമായിക്കാണും എന്ന് വിചാരിച്ചുകൊണ്ടിരിക്കേ ഈശോയുടെ മറുപടി വന്നു, ”നീയാണ് എന്റെ ഏറ്റവും വലിയ ശത്രു. നീയാണ് എന്റെ സഭയുടെ ഏറ്റവും വലിയ ശത്രു.”
ഞാന്‍ ഈശോയോട് തിരിച്ച് ചോദിച്ചു, ”ഞാനെങ്ങനെയാണ് നിന്റെ ശത്രുവാകുന്നത്?”
ഈശോ പറഞ്ഞു, ”നിന്റെ സ്വാര്‍ത്ഥമായ പ്രാര്‍ത്ഥന വഴി. നിന്റെ കാര്യങ്ങള്‍ക്ക് വേണ്ടിമാത്രമേ നീ പ്രാര്‍ത്ഥിക്കുന്നുള്ളൂ. ഇടവകയ്ക്കുവേണ്ടിയോ സഭയില്‍നിന്ന് അകന്ന് വഴിതെറ്റി പോകുന്നവര്‍ക്കു വേണ്ടിയോ പ്രാര്‍ത്ഥിക്കാറില്ല, പ്രവര്‍ത്തിക്കാറില്ല. നിന്റെ സ്വാര്‍ത്ഥമായ കാര്യങ്ങള്‍ സാധിക്കാന്‍ വേണ്ടി എന്നെ നിന്റെ പക്ഷക്കാരനാക്കിയിരിക്കുന്നു. ചുരുണ്ടുകൂടി കിടക്കാതെ എനിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും സഭയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവനാകുക.”
പിന്നെ ദിവ്യകാര്യണ്യത്തിലെ മുറിവോ രക്തമോ കണ്ടില്ല. ഈശോയുടെ സ്വരം കേള്‍ക്കാനുമില്ല.. ദിവ്യകാരുണ്യ ആശീര്‍വാദത്തിന്റെ സമയമായി. ആശീര്‍വാദത്തിന് മുമ്പ് ഞാന്‍ ഈശോക്ക് വാക്കു കൊടുത്തു.. സഭയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യും. അന്നുമുതല്‍ ഞങ്ങള്‍ എല്ലാവരും ഇടവകയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. എന്റെ സ്വാര്‍ത്ഥമായ പ്രാര്‍ത്ഥനകള്‍ കുറഞ്ഞു വന്നു.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഒരു ചേട്ടന് എന്നെ ഇടവകയിലെ പ്രാര്‍ത്ഥനാകൂട്ടായ്മയിലേക്ക് ക്ഷണിച്ചു. ആ ക്ഷണം സ്വീകരിച്ച്, ഇടവക പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ പങ്കുചേര്‍ന്നു. അങ്ങനെ ആ കൂട്ടായ്മയിലൂടെ ഇടവകയ്ക്കും സഭയ്ക്കുംവേണ്ടി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. വ്യക്തിപരമായും ഇടവകക്കൂട്ടായ്മയോടുചേര്ന്നും പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങിയപ്പോള്‍ ഇടവകയില്‍ മാറ്റങ്ങളും കാണാന്‍ സാധിക്കുന്നു. അന്ന് ദിവ്യകാര്യണ്യ സന്നിധിയില്‍ ഈശോയ്ക്ക് വാക്ക് കൊടുത്തപ്പോള്‍ ഈശോ ഞാനറിയാതെ ഓരോ പരിപാടികളിലൂടെ എന്നെ വളര്‍ത്തി.
ഒരു ദിവസം രാവിലത്തെ വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുമ്പോള്‍ എന്റെ തൊട്ടുമുമ്പിലായി ശാലോമില്‍നിന്ന് എനിക്ക് പരിചയമുള്ള മൂന്ന് പേര് നില്ക്കുന്നു. വിശുദ്ധ കുര്‍ബ്ബാന കഴിഞ്ഞ് അവരോട് പരിചയം പുതുക്കി പോകാം എന്ന് കരുതി അടുത്ത് ചെന്നു കാര്യങ്ങള്‍ തിരക്കി. അപ്പോള്‍ അവര്‍ പറഞ്ഞു, ‘ഈ ഇടവകയില്‍ ശാലോം ഫെസ്റ്റിവല്‍ ക്രമീകരിക്കുന്നതിന്റെ കാര്യങ്ങള്‍ വികാരിയച്ചനെ കണ്ട് തീരുമാനിക്കാന്‍ വന്നതാണ്.”
അപ്പോഴേക്കും ചുറ്റിലും നിന്നിരുന്നവര്‍ അവിടെനിന്ന് പോയിക്കഴിഞ്ഞിരുന്നു. ശാലോമില്നിന്നുള്ളവരെ വികാരിയച്ചന്റെ അടുക്കലേക്ക് പറഞ്ഞയച്ചിട്ട് അവിടെനിന്നും തടിതപ്പാന്‍ നില്ക്കുമ്പോള് അതിലെ ലീഡര്‍ പറഞ്ഞു, ”എങ്കില്‍ വാ, നമുക്ക് അച്ചനെ ഒന്ന് പോയിക്കാണാം.”
അങ്ങനെ എനിക്ക് അവരുടെ കൂടെ വികാരിയച്ചന്റെ അടുത്ത് പോകേണ്ടിവന്നു. അച്ചന് ഫെസ്റ്റിവല്‍ നടത്തുന്നതിന് തീയതി നിശ്ചയിക്കുകയും ചെയ്തു. ശേഷം അവരോട് യാത്ര പറയാന്‍ നില്ക്കുമ്പോള് വെറുതെ ചോദിച്ചു, ”എന്റെ വീട്ടില്‍ പോരുന്നോ?”
എന്റെ വിളി സ്വീകരിച്ച് വീട്ടില്‍ വന്ന് പ്രാര്‍ത്ഥിച്ച് ചായയും കുടിച്ച് അവര്‍ മടങ്ങി. ആ വരവിലൂടെ, ഒഴിഞ്ഞുമാറാന്‍ നിന്ന എന്നെ ഈശോ അനുഗൃഹീതമായ ആ ശാലോം ഫെസ്റ്റിവലിന്റെ ആദ്യാവസാനമുള്ള എല്ലാ കാര്യങ്ങളിലും പങ്കാളിയാക്കി. എല്ലാവരോടുമൊപ്പം പ്രവര്‍ത്തിച്ച് അത് വിജയത്തിലെത്തിക്കാനും സാധിച്ചു.
ഇടവകയിലെ ആത്മീയപരിപാടികളില്മാത്രം പങ്കെടുത്താല്‍ മതി എന്ന് ചിന്തിച്ചിരുന്ന അവസരത്തില്‍ ഒരു ശാലോം വചനാഗ്നി പ്രോഗാമിനിടെ ടീം ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിനിടെ പരിശുദ്ധാത്മാവ് ഞങ്ങളുടെ ജീവിതത്തിലെ അനേകം കാര്യങ്ങള്‍ ഞങ്ങളോട് പറഞ്ഞു. ആ കൂട്ടത്തില്‍ ഒരു കാര്യം പ്രത്യേകം പറഞ്ഞു, ”നിങ്ങള്‍ക്ക് ചെറുപ്പത്തില്‍ വേണ്ടവിധം ഉപയോഗിക്കാന്‍ സാധിക്കാതെ പോയ ഒരു കഴിവ് ഉപയോഗിക്കാന്‍ ഈശോ കുടുംബസമേതം തരുന്നുണ്ട്. അതിനുവേണ്ടി പ്രാര്‍ത്ഥിക്കണം.”
അങ്ങനെയിരിക്കെ, കുറച്ച് നാളുകള്‍ക്ക് ശേഷം ഇടവക പള്ളിയില്‍ തിരുനാള്‍ വന്നു. തിരുനാളിന്റെ ഭാഗമായി ഒരു മെഗാ സ്റ്റേജ് പ്രോഗ്രാം നടത്തപ്പെടുന്നുണ്ട്. അഭിനയത്തിനായി ഇടവകയില്നിന്നുതന്നെ ആളുകളെ തെരഞ്ഞെടുക്കുകയാണ് ചെയ്തത്. ദൈവാലയത്തില്‍ വൈദികന് ഇക്കാര്യം അറിയിച്ചപ്പോള്‍ ഞങ്ങള്‍ അത് വലിയ കാര്യമാക്കിയില്ല. കഴിവുള്ള ആരെങ്കിലുമൊക്കെ പങ്കെടുത്തുകൊള്ളുമെന്ന് കരുതിയിരുന്ന ഞങ്ങളെ ഒരു ദിവസം അസിസ്റ്റന്റ് വികാരിയച്ചന് ഫോണ്‍ വിളിച്ചു പറഞ്ഞു, ”തിരുനാളിന്റെ സ്റ്റേജ്പ്രോഗ്രാമിന്റെ സെലക്ഷന് നിങ്ങള്‍ വരണം. ഒരു സിനിമാസംവിധായകനാണ് സെലക്ഷന് വരുന്നത്.”
ഞങ്ങള്‍ ഒഴികഴിവ് പറഞ്ഞെങ്കിലും അച്ചന് നിര്‍ബന്ധിച്ചതുകൊണ്ട് പോയി. ആളുകള്‍ കുറവായതിനാല്‍ എന്നെയും ഭാര്യയെയും തെരഞ്ഞെടുത്തു. അങ്ങനെ ആ മെഗാപ്രോഗ്രമിന്റെ അടുക്കള മുതല്‍ അരങ്ങത്തു വരെ പ്രവര്‍ത്തിച്ചും അഭിനയിച്ചും എല്ലാവരോടുമൊപ്പം ആ പ്രോഗ്രാം വലിയ വിജയത്തിലെത്തിക്കാന്‍ സാധിച്ചു. ഇതിലൂടെ ഇടവകയ്ക്ക് ഒരു ഐക്യവും പുതുജീവനും കിട്ടി. ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍, ഇടവകയില്‍ പ്രവര്‍ത്തിച്ച് ഈശോക്ക് സാക്ഷ്യം വഹിച്ച്, ലോകസുവിശേഷവത്കരണത്തില്‍ പങ്കാളിയാകുമ്പോള്‍ കഴിഞ്ഞ കാലങ്ങളില്‍ ലഭിച്ച അവസരങ്ങളും സാധ്യതകളും നഷ്ടപ്പെടുത്തിയതിനേയോര്ത്ത് ഈശോയേ മാപ്പ്.
”നിങ്ങള്‍ എന്നെ തെരഞ്ഞെടുക്കുകയല്ല. ഞാന്‍ നിങ്ങളെ തെരഞ്ഞെടുക്കുകയാണ് ചെയ്തത്. നിങ്ങള്‍ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനില്ക്കുന്നതിനും വേണ്ടി ഞാന്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നു” (യോഹന്നാന് 15/16).
ജോബി ജോര്‍ജ്