ക്രിസ്മസിന് പുതിയ പേര് – Shalom Times Shalom Times |
Welcome to Shalom Times

ക്രിസ്മസിന് പുതിയ പേര്

ഉത്തരേന്ത്യന്‍ സംസ്ഥാനമായ ത്രിപുരയിലേക്ക് മിഷനുവേണ്ടി ചെന്നിറങ്ങിയത് ഒരു സന്ധ്യാസമയത്താണ്. നാളുകളായി മനസില്‍ കൊണ്ടുനടന്ന ആഗ്രഹമായിരുന്നു മിഷന്‍. ഒടുവില്‍, പരിചയമുള്ള ഒരു വൈദികന്‍വഴിയാണ് ത്രിപുരയിലെ ആ മിഷന്‍പ്രദേശത്തേക്കുള്ള യാത്ര ക്രമീകരിക്കപ്പെട്ടത്. ഭാര്യയുമുണ്ട് ഒപ്പം. നാളുകളോളം പട്ടാളത്തില്‍ സേവനം ചെയ്തശേഷം ആരോഗ്യപ്രശ്‌നങ്ങള്‍നിമിത്തം സ്വയം വിരമിക്കുകയായിരുന്നു ഞാന്‍. ജോലിയുടെ ഭാഗമായി, ഉത്തരേന്ത്യയിലായിരുന്നു ഭാര്യാസമേതം ഏറെക്കാലവും ചെലവിട്ടത്. ഭാര്യയാകട്ടെ ഹിന്ദി അധ്യാപികയും. അതിനാല്‍ ഇരുവരും സാമാന്യം ഹിന്ദി കൈകാര്യം ചെയ്യും. ഞങ്ങളുടെ ഹിന്ദി പരിജ്ഞാനം മിഷനുവേണ്ടി ഉപയോഗിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷവും അതോടൊപ്പം അപരിചിതമായ സ്ഥലത്ത് എത്തിയതിന്റെ ആശങ്കയും സമ്മിശ്രമായ നിമിഷങ്ങള്‍.

മിഷനിലെ അത്ഭുതങ്ങള്‍
ഞങ്ങളെ സ്വീകരിച്ച് താമസിപ്പിക്കാന്‍ ഒരു കുടുംബം തയാറാണെന്ന് അറിയിച്ചിരുന്നു. അതനുസരിച്ച് ഞങ്ങളെ അവിടെെയത്തിച്ചവര്‍ വാഹനവുമായി മടങ്ങി. എന്നാല്‍ ഞങ്ങളെ സ്വീകരിക്കാമെന്ന് പറഞ്ഞ കുടുംബം അവര്‍ക്ക് വേണ്ടത്ര സൗകര്യങ്ങളില്ലെന്ന് പറഞ്ഞ് അവസാനനിമിഷത്തില്‍ പിന്‍മാറിയെന്ന് അറിയിപ്പ് ലഭിച്ചു. അവിടെ നിസ്സഹായരായി നില്‌ക്കേ ആ പ്രദേശത്തുള്ള ദരിദ്രരായ ഒരു ക്രൈസ്തവകുടുംബം ഞങ്ങളെ സ്വീകരിക്കാന്‍ തയാറായി മുന്നോട്ടുവന്നു. അവരുടെ ഉപജീവനമാര്‍ഗം ഒരു ചെറിയ തട്ടുകടയില്‍ ചായ ഉണ്ടാക്കി വില്‍ക്കലായിരുന്നു. സാധാരണയായി 250 ചായയോളം വില്‍ക്കും. ഞങ്ങളെ സ്വീകരിച്ചതിന്റെ പിറ്റേന്ന് ഒരു അത്ഭുതകരമായ ദൈവിക ഇടപെടല്‍ അവരുടെ ജീവിതത്തിലുണ്ടായി. പതിവുള്ള 250 ചായയ്ക്കുപകരം അന്ന് വിറ്റുപോയത് ഏതാണ്ട് 2000 ചായ!!
അത് അവരെ വളരെയധികം സ്വാധീനിച്ചു.

വിശ്വാസവര്‍ധനവിന് കാരണമാവുകയും ചെയ്തു. സാവധാനം അവരുടെകൂടെ സഹായത്തോടെ മറ്റ് ക്രൈസ്തവകുടുംബങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ തുടങ്ങി. ക്രൈസ്തവവിശ്വാസം സ്വീകരിച്ച ഏറെപ്പേരുണ്ടെങ്കിലും സജീവമായി വിശ്വാസത്തില്‍ നിലനില്‍ക്കുന്നവരും ദിവ്യബലിക്കായി വരുന്നവരും കുറവായിരുന്നു. അതിനാല്‍ത്തന്നെ അവരെ വിശ്വാസത്തോടും ദൈവാലയത്തോടും അടുപ്പിക്കാനായിട്ടാണ് ഞങ്ങളെ അയച്ച വൈദികന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നത്. അതിനായുള്ള പരിശ്രമങ്ങളില്‍ ഞങ്ങള്‍ മുഴുകി.
ഒരു സായാഹ്നത്തില്‍ സന്ദര്‍ശനത്തിനായി പോയത് ബൈക്ക് അപകടത്തില്‍ നടുവൊടിഞ്ഞ് കിടപ്പിലായ ഒരു സഹോദരിയുടെ വീട്ടിലാണ്. ഒരു കുന്നിന്‍മുകളിലായിരുന്നു അവരുടെ വീട്. ഞങ്ങള്‍ അവരുടെ വിശേഷങ്ങള്‍ ചോദിച്ച് ആ കുടുംബത്തിനായി പ്രാര്‍ത്ഥിച്ച് മടങ്ങി.
പിറ്റേന്ന്, സജീവവിശ്വാസികളുടെ സഹായത്തോടെ ദൈവാലയത്തില്‍ ഒരു പ്രാര്‍ത്ഥനാകൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. അതിലേക്ക് ഒരു സ്ത്രീ നടന്നുകയറിവന്നു. ശ്രദ്ധിച്ചപ്പോള്‍ അത് തലേന്ന് ഞങ്ങള്‍ സന്ദര്‍ശിച്ച വീട്ടിലെ കിടപ്പിലായിരുന്ന സഹോദരി!

മാസങ്ങളോളമായി അവര്‍ ദൈവാലയത്തില്‍ വന്നിട്ടില്ലെന്ന് അവിടെ എല്ലാവര്‍ക്കും അറിയാം. അവരെല്ലാം ആശ്ചര്യത്തോടെ നോക്കിനില്‍ക്കേ അവര്‍ വന്ന് തനിക്ക് സംഭവിച്ചതിനെക്കുറിച്ച് വിവരിച്ചു. തലേന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിച്ച് മടങ്ങിയതിനുശേഷം അര്‍ധരാത്രിയോടെ അവര്‍ ഈശോയെ സ്വപ്‌നത്തില്‍ കണ്ടു. എഴുന്നേറ്റുനില്‍ക്കാന്‍ സാധിക്കുമെന്ന് പറഞ്ഞ് ഈശോ അവരെ അനുഗ്രഹിച്ചു. അങ്ങനെ അവര്‍ ധരിച്ചിരുന്ന ബെല്‍റ്റ് ഊരിമാറ്റി എഴുന്നേറ്റുനിന്നു. അവര്‍ സൗഖ്യപ്പെട്ടുകഴിഞ്ഞിരുന്നു!!
ആനന്ദക്കണ്ണീരോടെ അവര്‍ അക്കാര്യം സാക്ഷ്യപ്പെടുത്തിയതോടെ അവിടെ കൂട്ടനിലവിളികളോടെ പ്രാര്‍ത്ഥനയുയര്‍ന്നു. അവരെല്ലാം ആഴമായ വിശ്വാസത്തിലേക്ക് വന്നു. ആ സ്ത്രീയുടെ നിരീശ്വരവാദിയായിരുന്ന ഭര്‍ത്താവും വിശ്വാസത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. പില്ക്കാലത്ത് അദ്ദേഹം അനേകം അവിശ്വാസികളെ വിശ്വാസത്തിലേക്ക് നയിക്കുന്ന ശുശ്രൂഷകനാകുകയും ചെയ്തു. പിന്നീടങ്ങോട്ട് ഇന്നോളം സുവിശേഷത്തിനായി ജീവിക്കാന്‍ ഈശോ കൃപ തരുന്നു. അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും അവിടുന്ന് വചനം സ്ഥിരീകരിക്കുന്നുമുണ്ട്.

പെട്രോള്‍ പമ്പില്‍ സംഭവിച്ചത്…
എനിക്കുമുണ്ടായിരുന്നു വേദന നിറഞ്ഞ ഒരു ഭൂതകാലം. കഷ്ടത നിറഞ്ഞ ആ കാലങ്ങളില്‍ ഒരു പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുകയായിരുന്ന ഞാന്‍. അമ്മയുടെ രോഗം, വിവാഹപ്രായമെത്തിയ സഹോദരിമാര്‍… എല്ലാം എന്നെ ഏറെ വിഷമിപ്പിച്ചു. ആ സമയത്ത് പരിചയമുള്ള ഒരു ചേട്ടനിലൂടെ എനിക്ക് ലഭിച്ച ശാലോം ടൈംസ് മാസികയാണ് എന്റെ ജീവിതം മാറ്റിമറിച്ചത്. മാസിക ഞാന്‍ സ്ഥിരമായി വാങ്ങിവായിക്കാന്‍ തുടങ്ങി. സാവധാനം സമീപത്തുള്ള ജീസസ് യൂത്ത് കൂട്ടായ്മയുമായി ബന്ധപ്പെടാന്‍ സാഹചര്യം ഒരുങ്ങി. മറ്റ് പ്രാര്‍ത്ഥനകളെക്കാളേറെ അവര്‍ എനിക്ക് ജപമാലപ്രാര്‍ത്ഥനയാണ് പഠിപ്പിച്ചുതന്നത്. അതിലൂടെ ഞാന്‍ മരിയഭക്തിയിലും അതുവഴി ഈശോയോടുള്ള ബന്ധത്തിലും വളര്‍ന്നു. പിന്നീട് ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ ധ്യാനത്തിലൂടെ ഈശോയെ കൂടുതല്‍ അറിയാന്‍ സാധിച്ചു. അമ്മയ്ക്ക് ധ്യാനത്തിലൂടെ സൗഖ്യം ലഭിച്ചു. സഹോദരിമാരെ വിവാഹം കഴിപ്പിച്ചയക്കാന്‍ വഴികളൊരുങ്ങി.

ഈശോയോട് പറഞ്ഞ വാശി
അന്നെല്ലാം മാമ്മോദീസ സ്വീകരിക്കാന്‍ ഞാനേറെ ആഗ്രഹിച്ചിരുന്നു. പക്ഷേ, വിശ്വാസത്തിലേക്ക് വന്ന് ഒരു സ്ഥിരതയായിട്ടേ മാമോദീസ സ്വീകരിക്കാവൂ എന്നാണ് വൈദികരിലൂടെ അറിഞ്ഞത്. അത് ശരിയാണെങ്കിലും എനിക്കത് ഉള്‍ക്കൊള്ളാന്‍ വിഷമമായിരുന്നു. അതിനാല്‍ ഞാനന്ന് കര്‍ത്താവിനോട് വാശിപിടിച്ച് ഒരു കാര്യം പറഞ്ഞു: ”ഇനി ഈശോ നേരിട്ട് എന്നോട് പറയാതെ ഞാന്‍ മാമോദീസ സ്വീകരിക്കുകയില്ല.” അല്പനാള്‍ കഴിഞ്ഞ് ദൈവാനുഗ്രഹത്താല്‍, എനിക്ക് പട്ടാളത്തില്‍ ജോലിയായി. പിന്നീട് ഉത്തരേന്ത്യയിലായിരുന്നു ജീവിതം.
പഞ്ചാബില്‍ സര്‍വീസിലിരിക്കുന്ന കാലം. ഇന്ത്യന്‍ പാര്‍ലമെന്റിനകത്ത് പാക്കിസ്ഥാനി തീവ്രവാദികള്‍ വന്ന് വെടിയുതിര്‍ത്തതിന്റെ അനന്തരഫലമായി ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധം പൊട്ടിപ്പുറപ്പെടുന്ന സാഹചര്യം വന്നു. ഞങ്ങള്‍ പട്ടാളക്കാര്‍ മുഴുവന്‍ അതിര്‍ത്തിയിലേക്ക് നീങ്ങി. സര്‍ക്കാര്‍ ഏതു സമത്ത് യുദ്ധം പ്രഖ്യാപിച്ചാലും യുദ്ധം ആരംഭിക്കാന്‍ തയാറെടുത്താണ് കഴിയുന്നത്. അല്പനാള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് യുദ്ധമുഖത്തേക്ക് സാധനങ്ങള്‍ കയറ്റിവിടുന്ന ഉത്തരവാദിത്വം നല്കപ്പെട്ടു. അതിനാല്‍ മറ്റ് തിരക്കുകള്‍ കുറഞ്ഞു. അതിനാല്‍ അവിടെയായിരിക്കുമ്പോള്‍ എല്ലാ ദിവസവും നല്ലവണ്ണം പ്രാര്‍ത്ഥിക്കുകയും ഞായറാഴ്ചകളില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

ഈശോ നേരിട്ട് പറഞ്ഞത്…
അക്കാലങ്ങളിലെല്ലാം ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ഒരു നിയോഗമുണ്ട്, മരിക്കുമ്പോള്‍ കൃപയിലായിരിക്കണമെന്ന്. കൃപയില്‍ ആയിരിക്കുക എന്നാല്‍, എല്ലാ ദിവസവും ജപമാല ചൊല്ലുക, ബൈബിള്‍ വായിക്കുക, പ്രാര്‍ത്ഥിക്കുക എന്നെല്ലാമാണ് ഞാന്‍ ധരിച്ചിരുന്നത്. അതിനാല്‍ ഒരു ദിവസം പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാനിങ്ങനെ ചിന്തിച്ചു, ”ഇപ്പോള്‍ മരിച്ചാല്‍ ഞാന്‍ സ്വര്‍ഗത്തില്‍ പോകും. പ്രാര്‍ത്ഥനയിലും ഒരുക്കത്തിലുമൊക്കെയാണല്ലോ.” പെട്ടെന്ന് ഉള്ളില്‍ പരിശുദ്ധാത്മാവിന്റെ ശക്തമായ സ്വരം: ”ഇപ്പോള്‍ മരിച്ചാല്‍ നീ സ്വര്‍ഗത്തില്‍ പോകുമെന്ന് ആരാണ് പറഞ്ഞത്?!”
ആ സ്വരം വീണ്ടും വീണ്ടും കേട്ടു. പെട്ടെന്ന് ഞാന്‍ ഭക്ഷണം കഴിക്കുന്നത് നിര്‍ത്തി എന്റെ സൈക്കിള്‍ എടുത്ത് റൂമിലേക്ക് പോയി. അവിടെച്ചെന്ന് കതകടച്ച് മെഴുകുതിരി കത്തിച്ചുവച്ച് മുട്ടിന്മേല്‍നിന്ന് പ്രാര്‍ത്ഥിച്ചു: ”കര്‍ത്താവേ, എന്നോട് സംസാരിക്കണം.”

പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ബൈബിള്‍ എടുത്ത് വായിക്കാനായി പ്രേരണ കിട്ടി. അങ്ങനെ ഒരു വചനഭാഗം തുറന്ന് വായിച്ചു: യോഹന്നാന്‍ 3/5- ”സത്യം സത്യമായി ഞാന്‍ നിന്നോട് പറയുന്നു, ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല.” അത് മാമ്മോദീസയെക്കുറിച്ചാണെന്ന് മനസിലായെങ്കിലും വീണ്ടും സംശയം. അതിനാല്‍ ബൈബിളിന്റെ അവസാനഭാഗം തുറന്ന് വായിച്ചു. തുറക്കുമ്പോള്‍ വിരല്‍ വയ്ക്കുന്ന ഭാഗം ഏതാണോ അതിലൂടെ കര്‍ത്താവ് സംസാരിക്കുമെന്ന ബോധ്യത്തിലാണ് അന്ന് വചനം വായിച്ചിരുന്നത്. അങ്ങനെ വീണ്ടും ലഭിച്ച വചനഭാഗം 1പത്രോസ് 3/19-21 ആയിരുന്നു: ”…പെട്ടകത്തിലുണ്ടായിരുന്ന എട്ടുപേര്‍മാത്രമേ ജലത്തിലൂടെ രക്ഷപ്രാപിച്ചുള്ളൂ. അതിന്റെ സാദൃശ്യമുള്ള ജ്ഞാനസ്‌നാനം ഇപ്പോള്‍ നിങ്ങളെ രക്ഷിക്കുന്നു. അത് നിങ്ങളുടെ ശരീരത്തിലെ മാലിന്യത്തിന്റെ നിര്‍മാര്‍ജനമല്ല; മറിച്ച്, ശുദ്ധമന:സാക്ഷിക്കായി യേശുക്രിസ്തുവിന്റെ ഉത്ഥാനംവഴി ദൈവത്തോട് നടത്തുന്ന പ്രാര്‍ത്ഥനയാണ്.”

‘മാമ്മോദീസ വേണം, ഇപ്പോള്‍ത്തന്നെ’
മാമോദീസ സ്വീകരിക്കുക എന്നത് നിര്‍ബന്ധമാണ് എന്നെനിക്ക് ഉറപ്പായി. ഉടനെ സൈക്കിള്‍ എടുത്ത് അഞ്ചുകിലോമീറ്റര്‍ ദൂരത്തുള്ള അബോഹര്‍ സേക്രഡ് ഹാര്‍ട്ട് ദൈവാലയത്തിലേക്ക് പോയി. അവിടെയാണ് ഏതാണ്ട് പത്ത് പട്ടാളക്കാര്‍ക്കൊപ്പം ഞായറാഴ്ചകളില്‍ ഞാന്‍ പോകാറുള്ളത്. ഈശോയെക്കുറിച്ച് പങ്കുവച്ചും പ്രാര്‍ത്ഥിച്ചുമൊക്കെ ചെറിയ അനുഭവങ്ങള്‍ ലഭിച്ചിട്ടുള്ള മറ്റ് പട്ടാളക്കാരാണ് എന്നോടൊപ്പം കുര്‍ബാനയ്ക്ക് വന്നിരുന്നത്. ക്രൈസ്തവനായിരുന്ന ഞങ്ങളുടെ മേധാവി എന്നെക്കുറിച്ച് പറയുകയും ചെയ്തിട്ടുള്ളതുകൊണ്ട് അവിടത്തെ വികാരിയായിരുന്ന ഫാ. സണ്ണി കുരിശുംമൂട്ടിലിന് എന്നെ കാര്യമായിരുന്നു. മാമോദീസ സ്വീകരിക്കണമെന്ന് അച്ചനോട് പറഞ്ഞപ്പോള്‍ ‘സഭയുടെ കുറച്ച് നിയമങ്ങളൊക്കെ പഠിക്കണം, വേദോപദേശം പഠിക്കണം, അതുകൊണ്ട് നീ കുറച്ച് കാത്തിരിക്കണം’ എന്നുമാത്രമേ പറഞ്ഞുള്ളൂ. തുടര്‍ന്ന് ചെറിയൊരു പുസ്തകം എനിക്കെടുത്തുതന്നു.

ഉടനെതന്നെ മാമ്മോദീസ സ്വീകരിക്കണമെന്നാണല്ലോ എന്റെ ആഗ്രഹം. അതിനാല്‍ ഞാന്‍ അവിടെയിരുന്നുതന്നെ അതെല്ലാം പഠിക്കുവാന്‍ ശ്രമിച്ചു. ജപമാലയുള്‍പ്പെടെ കുറെ പ്രാര്‍ത്ഥനകള്‍ എനിക്കറിയാമായിരുന്നു. പിന്നെ ചില പ്രാര്‍ത്ഥനകള്‍മാത്രമേ പഠിക്കാനുണ്ടായിരുന്നുള്ളൂ. അവയെല്ലാം പരിശുദ്ധാത്മാവിന്റെ പ്രത്യേകസഹായം ചോദിച്ച് അവിടെയിരുന്ന് തീവ്രമായി പഠിക്കുകയാണ് ചെയ്തത്. രണ്ടുമണിക്കൂര്‍ കഴിഞ്ഞ് അച്ചന്‍ പുറത്തേക്ക് വന്നപ്പോഴുണ്ട് ഞാന്‍ അവിടെത്തന്നെ ഇരിക്കുന്നു. എന്നെ കണ്ടപ്പോള്‍, ‘നീ ഇതുവരെ പോയില്ലേ’ എന്ന് ചോദിച്ചു.
ഞാന്‍ പറഞ്ഞു, ”എനിക്ക് ഇപ്പോള്‍ത്തന്നെ മാമോദീസ സ്വീകരിക്കണം. നാളെയെങ്ങാനും യുദ്ധം ഉണ്ടായി ഞാന്‍ മരിച്ചാല്‍ എനിക്ക് സ്വര്‍ഗത്തില്‍ പോകാന്‍ പറ്റില്ല.”

എന്റെ വാക്കുകള്‍ കേട്ട അച്ചന്‍, പെട്ടെന്ന് അതിലേ പോയൊരു സിസ്റ്ററിനെ വിളിച്ച് ഞാന്‍ വേദോപദേശമൊക്കെ പഠിച്ചോ എന്ന് പരിശോധിക്കാന്‍ പറഞ്ഞു. സിസ്റ്റര്‍ ചോദിച്ചതെല്ലാം ഞാന്‍ തെറ്റുകൂടാതെ പറഞ്ഞു കേള്‍പ്പിച്ചു. അതോടെ അച്ചന്‍ എന്നെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു, ”ഇപ്പോള്‍ ക്രിസ്മസിന്റെ ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇവിടെയുള്ള മലയാളി കുടുംബങ്ങളെ വിളിച്ച് ഉണ്ണിക്കുവേണ്ടി മലയാളത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് ക്രിസ്മസിന്റെ തലേദിവസം മാമോദീസ തരാം.”

അതുപ്രകാരം ഞാന്‍ മടങ്ങി ആ ദിവസത്തിനായി കാത്തിരുന്നു. അച്ചന്‍ പറഞ്ഞതുപോലെതന്നെ ക്രിസ്മസ് തലേന്ന് എനിക്ക് പുതുജനനം നല്കിക്കൊണ്ട് മാമ്മോദീസ തന്നു. അച്ചന്‍ മുന്‍കൈയെടുത്ത് ദൈവാലയത്തില്‍ ലഘുവിരുന്നും ഒരുക്കിയിരുന്നു. അങ്ങനെ സ്വന്തക്കാര്‍ ആരുമില്ലാതിരുന്നെങ്കിലും 2001 ഡിസംബര്‍ 24-ന് രാവിലെ എന്റെ മാമ്മോദീസ ആഘോഷമായിത്തന്നെ നടന്നു. ആ ക്രിസ്മസ് രാവിലേക്ക് ഞാന്‍ പ്രവേശിച്ചത് ഉണ്ണി ഫ്രാന്‍സിസ് എന്ന പുതിയ പേരിലാണ്.

പിന്നീട് എന്നെപ്പോലെതന്നെ ഹൈന്ദവപശ്ചാത്തലത്തില്‍നിന്ന് വന്ന അബീനയെ വധുവായി ലഭിച്ചു. വിവാഹശേഷമാണ് ആദ്യം സൂചിപ്പിച്ചതുപോലെ മിഷനായി പോകാന്‍ അവസരം ലഭിച്ചത്. മറ്റൊരു പ്രധാന ദൈവിക ഇടപെടല്‍ വിവാഹം കഴിഞ്ഞ് പതിനേഴു വര്‍ഷത്തിനുശേഷം 2022 ഏപ്രില്‍ 11-ന് ആദ്യത്തെ കുഞ്ഞായ ജോഷ്വായെ ലഭിച്ചതാണ്. അവന് അഞ്ചുമാസമായപ്പോഴേ മിഷന്‍ ശുശ്രൂഷയ്ക്കായി പോകാന്‍ ഈശോ അനുവാദവും അവസരവും തന്നു. പിന്നീട് 2024 ഏപ്രില്‍ 20-ന് രണ്ടാമത്തെ കുഞ്ഞ് നിര്‍മല തെരേസയും ജനിച്ചു. ദൈവപരിപാലനയാല്‍ ഇനിയും ദൈവശുശ്രൂഷ ചെയ്ത് ജീവിക്കണമെന്നാണ് ആഗ്രഹം.

ഉണ്ണി ഫ്രാന്‍സിസ്‌