ദൂതന്മാരുടെമേലും അധികാരം ലഭിക്കും – Shalom Times Shalom Times |
Welcome to Shalom Times

ദൂതന്മാരുടെമേലും അധികാരം ലഭിക്കും

വാഷിങ്ടണ്‍ ഡി.സി.യിലുള്ള പ്രമുഖ ധ്യാനഗുരുവും എഴുത്തുകാരനുമാണ് മോണ്‍സിഞ്ഞോര്‍ ചാള്‍സ് പോപ്. അദ്ദേഹത്തിന്റെ വ്യക്തിപരമായ അനുഭവം അച്ചന്റെതന്നെ വാക്കുകളില്‍:
15 വര്‍ഷം മുമ്പ് ഞാന്‍ വാഷിങ്ടണ്‍ ഡി.സി.യിലെ ഓള്‍ഡ് സെന്റ്‌മേരീസില്‍ ദിവ്യബലി അര്‍പ്പിക്കുകയായിരുന്നു. കൂദാശ പരികര്‍മസമയം. തിരുവോസ്തി കരങ്ങളിലെടുത്ത് ആദരവോടെ ശിരസുനമിച്ചു പാവനമായ കൂദാശാവചനങ്ങള്‍ ഉരുവിട്ടു: ‘ഇത് എന്റെ ശരീരമാകുന്നു.’ അപ്പോള്‍ വിശ്വാസികള്‍ക്കിടയില്‍, വലതുഭാഗത്തെ നിരയില്‍നിന്ന്, ആരോ തീവ്രവേദനയാല്‍ ഞെളിപിരികൊള്ളുന്നതുപോലെ ഒരു ശബ്ദവും വന്യമൃഗങ്ങളുടെതുപോലൊരു മുരളലും. അത് മനുഷ്യന്റെ ശബ്ദമല്ല, കരടിയോ കാട്ടുപന്നിയോ മുരളുന്നതുപോലെ, ഒപ്പം വേദനിച്ചിട്ടെന്നപോലെ ഒരു ഞരക്കവും. അതെന്തായിരിക്കും? അറിയണമെന്ന ആഗ്രഹം ഉണ്ടായെങ്കിലും ദിവ്യബലിമധ്യേ അന്വേഷിക്കാന്‍ കഴിയില്ലല്ലോ.

വീണ്ടും, പാനപാത്രമുയര്‍ത്തി കൂദാശാവചനം ഞാന്‍ ഉച്ചരിച്ചു: ”ഇത് എന്റെ രക്തമാകുന്നു.”
അപ്പോള്‍ ദയനീയമൊരു ഞരക്കവും വലിയനിലവിളിയും: ”എന്നെ വെറുതെവിടൂ യേശുവേ… അങ്ങ് എന്തിനാണ് എന്നെ പീഡിപ്പിക്കുന്നത്?” ഉടന്‍, അപകടത്തില്‍പ്പെട്ട് മുറിവേറ്റതുപോലെ ഞരങ്ങിക്കൊണ്ട് ആരോ ദൈവാലയത്തില്‍നിന്ന് ഇറങ്ങിയോടി… പിന്‍വാതിലുകള്‍ ശക്തിയോടെ തുറന്നടഞ്ഞു.
എന്ത് സംഭവിക്കുന്നെന്ന് നോക്കാന്‍ കഴിഞ്ഞില്ലെങ്കിലും, പിശാച് ബാധിച്ച ഏതോ സാധുമനുഷ്യന്‍ വിശുദ്ധ കുര്‍ബാനയില്‍ ക്രിസ്തുവിനെ കണ്ട്, നില്ക്കക്കള്ളിയില്ലാതെ ഓടിരക്ഷപ്പെട്ടതാണെന്ന് വ്യക്തമായി. ‘പിശാചുക്കള്‍പോലും ഏകദൈവത്തില്‍ വിശ്വസിക്കുകയും അവ ഭയന്നുവിറയ്ക്കുകയും ചെയ്യുന്നു’ (യാക്കോബ് 2/19)
എന്ന തിരുവചനം ഓര്‍മയിലെത്തി.

ദിവ്യബലിയില്‍ ക്രിസ്തുവിന്റെ യഥാര്‍ത്ഥ സാന്നിധ്യം തിരിച്ചറിഞ്ഞ പിശാചുബാധിതന്‍ ഭയന്ന് നിലവിളിച്ച് ഓടിരക്ഷപ്പെട്ടു. ക്രൈസ്തവരായ നാം എല്ലാം അറിഞ്ഞിരുന്നിട്ടും തെല്ലും ആദരവോ ബഹുമാനമോ സ്‌നേഹമോ ഇല്ലാതെ, മന്ദോഷ്ണരാകുന്നു. പരിശുദ്ധ കുര്‍ബാനയിലൂടെ നമുക്ക് ഏറ്റവുമടുത്ത് ലഭ്യമായ അത്ഭുതകരവും അനുഗ്രഹദായകവുമായ ദൈവസാന്നിധ്യത്തെ നാം പലപ്പോഴും അവഗണിക്കുന്നു. ദിവ്യകാരുണ്യത്തിലൂടെ സംലഭ്യമാകുന്ന എണ്ണമറ്റ അനുഗ്രഹങ്ങളും നന്മകളും സ്വന്തമാക്കാതെ നിസംഗരായി കടന്നുപോകുന്നു. ദിവ്യസ്‌നേഹത്താല്‍ മാധുര്യമേറിയതെങ്കിലും അപരിമേയമായ മഹത്വത്തിന്റെ ശക്തിയാല്‍ മാലാഖമാര്‍പോലും ഞെട്ടിവിറയ്ക്കുന്ന ഭീതികരമായ ദൈവസാന്നിധ്യത്തെ മറന്ന് നാം ഉറക്കം തൂങ്ങുകപോലും ചെയ്യുന്നുവെന്ന് മോണ്‍. ചാള്‍സ് പരിതപിക്കുന്നു.

സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും സര്‍വാധിപതിയും സകലരുടെയും ന്യായാധിപനും ഭരണാധികാരിയുമായ മഹത്വത്തിന്റെ കര്‍ത്താവ്, നാം ആരുടെ മുമ്പില്‍ വിധികാത്ത് നില്‌ക്കേണ്ടിവരുമോ, ആ സര്‍വശക്തനായ ദൈവമാണ് ദിവ്യകാരുണ്യത്തില്‍ സന്നിഹിതനായിരിക്കുന്നത്. അവിടുത്തെ സ്‌നേഹിച്ച്, വിശ്വസിച്ച് ആദരിക്കാം. അല്ലെങ്കില്‍, ദിവ്യകാരുണ്യ നാഥനുമുമ്പില്‍ ഭയന്ന് വിറച്ച് ഓടിയൊളിക്കുന്ന, ദൈവത്താല്‍ ശപിക്കപ്പെട്ട പിശാചുക്കള്‍പോലും (യാക്കോബ് 2/19), ദൈവമക്കളായ നമ്മെ കുറ്റം വിധിക്കാന്‍ ധൈര്യപ്പെടും.
”ദൂതന്മാരെ വിധിക്കേണ്ടവരാണ് നാം എന്ന് നിങ്ങള്‍ക്ക് അറിവില്ലേ?” (1 കോറിന്തോസ് 6/3) എന്നത് നമുക്ക് മറക്കാതിരിക്കാം.

ആന്‍സിമോള്‍ ജോസഫ്