സമയം വൈകിട്ട് നാലുമണിയായിക്കാണും. 1989-ലെ ഡിസംബര്‍മാസം. എനിക്ക് പെട്ടെന്ന് കടുത്ത വയറുവേദന തുടങ്ങി. അസഹനീയമായ വേദനകാരണം എന്തുചെയ്യണമെന്നറിഞ്ഞുകൂടാ. കാറുണ്ടെങ്കിലും അതെടുത്തുപോകാന്‍ വയ്യാത്തതുകൊണ്ട് എങ്ങനെയോ ഒരു ഓട്ടോ വിളിച്ച് അടുത്തുള്ള ആശുപത്രിയിലേക്ക് പോയി. ‘ഒന്ന് വേഗം പോ’ എന്ന് ഓട്ടോ ഡ്രൈവറോട് വിളിച്ചുപറയുന്നുണ്ടായിരുന്നു. കാഞ്ഞങ്ങാട് ഡോ.ബേബി ജോണ്‍ നടത്തുന്ന ആശുപത്രിയാണ് അത്. ഡോ.ബേബി എന്റെ സുഹൃത്തുമാണ്. അദ്ദേഹം പരിശോധിച്ചിട്ട് പറഞ്ഞു, ”കിഡ്‌നി സ്റ്റോണ്‍ ആണ്, അതാണ് ഇത്രയും വേദന!”
അന്ധാളിച്ചുനിന്ന എന്നെ ആശ്വസിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, ”സാരമില്ല, നാല് ദിവസത്തെ മരുന്നുകൊണ്ട് ശരിയാകുന്നതേയുള്ളൂ.”
അവിടെ എന്നെ അഡ്മിറ്റ് ചെയ്തു. മരുന്നുകള്‍ നല്കിത്തുടങ്ങി. പക്ഷേ വേദന കുറയാന്‍ അല്പസമയം എങ്കിലും എടുക്കുമല്ലോ. അതിനാല്‍ അസ്വസ്ഥതയും വേദനയും സഹിച്ച് ജനലഴികളില്‍ പിടിച്ച് ആയാസപ്പെട്ട് ചിന്തയിലാണ്ട് നില്‍ക്കുകയാണ് ഞാന്‍. നാലുദിവസം പോയിട്ട് നാലുമിനിറ്റ് പോലും ആ വേദന താങ്ങാന്‍ കഴിയില്ലെന്ന് തോന്നി. ആശുപത്രിയുടെ നാലാം നിലയിലുള്ള ആ മുറിയില്‍നിന്ന് താഴേക്ക് ചാടി മരിച്ചാലോ എന്ന ചിന്ത പെട്ടെന്ന് എന്റെ മനസില്‍ നിറഞ്ഞു. ഈ അസുഖം അത്ര മാരകമൊന്നുമല്ല എന്ന് അറിയാം, പക്ഷേ മരിക്കണം എന്ന തോന്നല്‍. അങ്ങനെ താഴേക്ക് ചാടാന്‍ മുറിയില്‍ തനിയെ ആകുന്നതിനായി തക്കം പാര്‍ത്ത് നില്‍ക്കുകയാണ്. പക്ഷേ ഒരിക്കലും അങ്ങനെ സംഭവിച്ചില്ല. എപ്പോഴും ഓരോ കാരണങ്ങള്‍കൊണ്ട് മുറിയില്‍ ആരെങ്കിലും കാണും. നഴ്‌സുമാര്‍, പരിചയമുള്ളവര്‍… അങ്ങനെ ആരെങ്കിലും… സമയം കടന്നുപോയി.
കട്ടിലില്‍ കിടന്ന ഞാന്‍ മയക്കത്തിലേക്ക് നീങ്ങി. പന്ത്രണ്ടുമണിക്കകം ഗാഢമായ ഉറക്കമായി. പിറ്റേന്ന് ആറുമണിക്കാണ് എഴുന്നേറ്റത്. അപ്പോഴേക്കും വേദന മാറിയിരുന്നു. ആത്മഹത്യാചിന്തയും പോയി. അതോടെ മനസില്‍ ചില വീണ്ടുവിചാരങ്ങള്‍… രാവും പകലുമില്ലാതെ മദ്യവ്യവസായത്തിലൂടെ ലഭിക്കുന്ന പണത്തിനുപിന്നാലെ ഓടുന്ന എനിക്ക് വയറുവേദനയുടെ മുമ്പില്‍ പിടിച്ചുനില്‍ക്കാനായില്ലല്ലോ. ആത്മഹത്യയിലേക്ക് വീഴാതെ സംരക്ഷിച്ചത് ദൈവംതന്നെയല്ലേ…
എന്റെ നന്മ ആഗ്രഹിച്ച കുടുംബാംഗങ്ങളെക്കുറിച്ചുള്ള ചിന്ത മനസില്‍ നിറഞ്ഞു. ഗവണ്‍മെന്റ് സിവില്‍ സര്‍ജനായ ഇച്ചാച്ചന്‍, ഭക്തയും വീട്ടമ്മയുമായ അമ്മച്ചി, മികച്ച നിലയില്‍ പഠിച്ചവരും സന്യാസജീവിതത്തിലേക്ക് കടന്നവരും ഉള്‍പ്പെടെയുള്ള പതിനൊന്ന് സഹോദരങ്ങള്‍, എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ഭാര്യ… എന്നിട്ടും എനിക്ക് കാലിടറിയല്ലോ…
ബിരുദപഠനം കഴിഞ്ഞ് കാസര്‍ഗോഡ് വന്നതും ബിസിനസിലും കൃഷിയിലും വ്യാപൃതനായതും സാവധാനം പണത്തോടുള്ള താത്പര്യത്താല്‍ 1985-ല്‍ മദ്യവ്യവസായം ആരംഭിച്ചതുമെല്ലാം മനസില്‍ തെളിഞ്ഞു. ഒടുവിലായി കഴിഞ്ഞ വര്‍ഷം ആരംഭിച്ച കാവേരി ബാര്‍… ഇനി ഈ പോക്ക് അപകടമാണെന്ന് മനസ് മന്ത്രിച്ചു. ആശുപത്രിയില്‍നിന്ന് മടങ്ങിയിട്ടും ഉറക്കമില്ലാത്ത രാവുകള്‍. നാളുകളായി പ്രിയപ്പെട്ടവര്‍ പറയാറുള്ളത് അനുസരിക്കാന്‍ തീരുമാനിച്ചു. ഡിസംബര്‍ മൂന്നാം ആഴ്ചയില്‍ പാലായ്ക്കടുത്തുള്ള താബോര്‍ ധ്യാനകേന്ദ്രത്തില്‍ ധ്യാനത്തിനായി പോയി. എന്നോടൊപ്പം ഇച്ചാച്ചനും അമ്മച്ചിയും ധ്യാനത്തിന് വന്നു.
അഞ്ചുദിവസത്തെ ധ്യാനമാണ്. ഒന്നരദിവസവും അരോചകമായി തോന്നി. തുടര്‍ന്ന് ഫാ. ജെയിംസ് മഞ്ഞാക്കല്‍ ക്ലാസെടുക്കാനെത്തി. ”മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്ക് മറക്കാനാവുമോ? പുത്രനോട് പെറ്റമ്മ കരുണ കാണിക്കാതിരിക്കുമോ? അവള്‍ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല” എന്ന ഏശയ്യാ 49/15 വചനം ഉദ്ധരിച്ചുകൊണ്ട് ദൈവസ്‌നേഹത്തെക്കുറിച്ചുള്ള ക്ലാസ്. ദൈവം ആപത്തുകളില്‍നിന്ന കാത്തുരക്ഷിച്ച സമയങ്ങള്‍ ഓര്‍ത്തെടുക്കാന്‍ അച്ചന്‍ ആവശ്യപ്പെട്ടു. കൗതുകം തോന്നിയ ഒരു ടോര്‍ച്ച് സ്വന്തമാക്കി അതുപയോഗിച്ച് നടന്ന രാത്രിയെക്കുറിച്ച് ഞാനോര്‍ത്തു. ആ ടോര്‍ച്ചുനിമിത്തം പാമ്പുകടിയേല്‍ക്കാതെ രക്ഷപ്പെട്ട സംഭവത്തെ ‘ഭാഗ്യം’ എന്നാണ് ഞാന്‍ വിളിച്ചത്. ദൈവപരിപാലനയെന്ന് മനസിലാക്കിയില്ല. പക്ഷേ, അന്നത്തെ പാപാവസ്ഥയില്‍ മരണത്തിലൂടെ നിത്യനാശത്തിലേക്ക് പോകാതെ കര്‍ത്താവ് കാക്കുകയായിരുന്നു എന്ന് അന്ന് ഞാന്‍ മനസിലാക്കി.
പിന്നീട് ദൈവപ്രമാണങ്ങളെക്കുറിച്ച് കേട്ടു. അതിന്റെ വെളിച്ചത്തില്‍ ഞാന്‍ വേദനിപ്പിച്ചവരോട് മനസാ മാപ്പുചോദിച്ചും എന്നെ വേദനിപ്പിച്ചവരോട് ക്ഷമിച്ചും നല്ലൊരു കുമ്പസാരം നടത്താന്‍ സാധിച്ചു. ദൈവവചനത്തെക്കുറിച്ച് മനസിലാക്കി. ആത്മാവില്‍ സന്തോഷം കണ്ടെത്താന്‍ ദൈവവചനങ്ങള്‍ കൂട്ടാകുമെന്ന് തിരിച്ചറിഞ്ഞു. ധ്യാനത്തിന്റെ രണ്ടാം ദിവസം രാത്രി കൗണ്‍സലിംഗിനായി ഫാ. ജയിംസ് മഞ്ഞാക്കലിന്റെയരികില്‍ പോയി.
പരിചയപ്പെട്ട് താമസിയാതെതന്നെ ബൈബിള്‍ എടുത്ത് പ്രാര്‍ത്ഥിച്ചിട്ട് അച്ചന്റെ ചോദ്യം, ”ഔസേപ്പച്ചന് എന്താണ് ജോലി?”
ബാര്‍ നടത്തുന്നു എന്ന് പറയാന്‍ മടി. അതിനാല്‍ ഞാന്‍ പറഞ്ഞു, ”കാസര്‍ഗോഡ് ഒരു ഹോട്ടലും ലോഡ്ജും നടത്തുകയാണച്ചാ.”
അതങ്ങോട്ട് മുഴുവനായി വിശ്വസിക്കാന്‍ അച്ചന് സാധിക്കാത്തതുപോലെ… വീണ്ടും ചോദിച്ചു, ”വേറെ എന്തെങ്കിലും വരുമാനമാര്‍ഗമുണ്ടോ?”
ദര്‍ശനവരമുള്ള ആളല്ലേ, എല്ലാം മനസിലായിക്കാണുമോ എന്ന ഭയത്തോടെ ഞാന്‍ ബാറിന്റെ കാര്യം തുറന്നുപറഞ്ഞു. അതുകേട്ടതേ അച്ചന്‍ കസേരയില്‍നിന്നെഴുന്നേറ്റ് എന്റെ തലയില്‍ കൈവച്ച് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ”എന്റെ ഈശോയേ, അങ്ങ് കുരിശില്‍ മരിച്ചത് ഈ മകനുവേണ്ടിക്കൂടിയാണല്ലോ. അങ്ങ് ഈ മകന് പാപബോധം കൊടുക്കണമേ. ബാര്‍ അടച്ചുപൂട്ടാനുള്ള കൃപ കൊടുക്കണമേ.”
തുടര്‍ന്ന് കുറെനേരം സ്തുതിച്ച് പ്രാര്‍ത്ഥിച്ചതിനുശേഷം ബൈബിള്‍ തുറന്ന് വചനമെടുത്തു. മര്‍ക്കോസ് 9/42 ആണ് ലഭിച്ചത്- ”വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവന് ഇടര്‍ച്ച വരുത്തുന്നവന്‍ ആരായാലും അവന് കൂടുതല്‍ നല്ലത് കഴുത്തില്‍ ഒരു വലിയ തിരികല്ല് കെട്ടി കടലില്‍ എറിയപ്പെടുന്നതാണ്.”
വചനത്തിന്റെ വെളിച്ചത്തില്‍ ബാര്‍ അടച്ചേതീരൂ എന്ന മട്ടില്‍ അച്ചന്‍ സംസാരിക്കാന്‍ തുടങ്ങി, ”മദ്യവ്യവസായം ഒരു വലിയ പാപമാണ്. പതിനായിരങ്ങളെ നിരാശയിലേക്കും കുടുംബത്തകര്‍ച്ചയിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടുന്ന ഈ പാപത്തിന്റെ ഭാരം ഔസേപ്പച്ചന്‍ ഇനി ചുമക്കരുത്.”
”ബാറില്‍നിന്നുള്ള വരുമാനത്തെ കേന്ദ്രീകരിച്ചാണ് ജീവിതം മുഴുവന്‍ ഓടുന്നത്. വീടുപണിയുന്നതിന് കുറ്റിയടിച്ചുകഴിഞ്ഞു. ലക്ഷങ്ങള്‍ ഉടനെതന്നെ കൊടുത്തുതീര്‍ക്കാനുമുണ്ട്,” ഞാന്‍ എന്റെ ന്യായങ്ങള്‍ നിരത്തി.
ആ വിഷമതകളൊന്നും അച്ചനില്‍ അയവ് വരുത്തിയില്ല. തുടര്‍ന്ന് നിയമപരമായി ലൈസന്‍സോടെയാണ് ബാര്‍ നടത്തുന്നതെന്നും വ്യാജമദ്യം വില്ക്കുന്നില്ലെന്നും ഞാന്‍ ന്യായീകരിച്ചു.
കര്‍ക്കശമായ മറുപടിയാണ് വന്നത്, ”ലോകനിയമങ്ങള്‍ക്കനുസരിച്ചാണെങ്കില്‍ ലോകത്തിന്റെ വഴിക്കുതന്നെ പോകാം. പ്രശ്‌നങ്ങളുമായി ദൈവത്തിന്റെ പക്കല്‍ അണയേണ്ടതില്ലല്ലോ.”
വീണ്ടും, മുഖം രക്ഷിക്കാനായി ഞാന്‍ പറഞ്ഞു, ”അച്ചാ, ഈ ബാര്‍ കാസര്‍ഗോഡാണ്. അവിടെയാണെങ്കില്‍ മദ്യപിക്കാനെത്തുന്നത് മുഴുവന്‍ മറ്റ് മതസ്ഥരാണ്, ക്രിസ്ത്യാനികളല്ല. പിന്നെന്താ കുഴപ്പം?”
അതുകേട്ട് അച്ചന്‍ ക്ഷോഭിച്ചു, ”നീ അങ്ങനെയാണോ കരുതിയത്? എല്ലാ മനുഷ്യരും ദൈവത്തിന്റെ മക്കളാണ്. യേശുക്രിസ്തു എല്ലാവര്‍ക്കുംവേണ്ടിയാണ് കുരിശില്‍ മരിച്ചത്. ആരുടെയും നാശത്തിന് നീ കാരണമാകരുത്!”
ഞാന്‍ വീണ്ടും ചിന്തിച്ചു, ‘മകളെ കെട്ടിക്കാനില്ലേ? വീടുപണിയണ്ടേ? സമൂഹത്തില്‍ അംഗീകാരം വേണ്ടേ?’ എന്നെല്ലാമുള്ള ഒരു പ്രലോഭനസ്വരമാണ് അപ്പോള്‍ കേട്ടത്. ആശയക്കുഴപ്പത്തിലായ ഞാന്‍ പറഞ്ഞു, ”ബാര്‍ അടയ്ക്കാനൊന്നും പോകുന്നില്ല. എനിക്കും ജീവിക്കണം!”
എന്റെ സംഘര്‍ഷം മനസിലാക്കിയ അച്ചന്‍ പറഞ്ഞു, ”ടെന്‍ഷനടിക്കണ്ട. ഇപ്പോള്‍ പോയി കിടന്നുറങ്ങുക. രാവിലെ അഞ്ചുമണിക്കെഴുന്നേറ്റ് ഇവിടത്തെ ചാപ്പലില്‍ പോയി ക്രൂശിതനായ യേശുവിന്റെ മുഖത്ത് നോക്കി പ്രാര്‍ത്ഥിക്കുക. അവിടുന്ന് നിനക്ക് ബോധ്യങ്ങള്‍ തരും.”
അത്താഴം കഴിഞ്ഞ് കിടന്നുറങ്ങിയ ഞാന്‍ രാവിലെ അഞ്ചുമണിക്ക് ഉറക്കം തെളിഞ്ഞെങ്കിലും എഴുന്നേറ്റ് പോയി പ്രാര്‍ത്ഥിച്ചില്ല. പിന്നീട് എഴുന്നേറ്റപ്പോള്‍ പശ്ചാത്താപം തോന്നി. കൈയില്‍ കെട്ടിയിരുന്ന നല്ല റാഡോ വാച്ച് അഞ്ചുമണിക്ക് നിന്നുപോയതും എന്നെ ചിന്തിപ്പിച്ചു. എന്നാല്‍ പശ്ചാത്തപിച്ചപ്പോള്‍മുതല്‍ വാച്ച് വീണ്ടും ശരിയായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. തുടര്‍ന്ന് അന്ന്, ധ്യാനത്തിന്റെ മൂന്നാം ദിവസം, മാനസാന്തരാനുഭവത്തിലേക്ക് ഞാന്‍ കടന്നുവന്നു. മരണാനന്തരജീവിതത്തെക്കുറിച്ചുള്ള പ്രത്യാശ മനസില്‍ നിറഞ്ഞു. ആത്മാഭിഷേകത്തിന്റെ ലഹരിയെക്കുറിച്ച് മനസിലായി.
ഒടുവില്‍ മദ്യപാനത്തില്‍നിന്നും പിന്തിരിയാനും ബാര്‍ അടയ്ക്കാനുമുള്ള ഉറച്ച തീരുമാനമെടുത്തു. അതോടെ കാര്യങ്ങളെല്ലാം മാറിമറിയുകയായിരുന്നു. പോലീസും രാഷ്ട്രീയക്കാരും സുഹൃത്തുക്കളുംവരെ എതിരായി. ഭീഷണികള്‍പോലും വന്നു. എന്നാല്‍ എന്റെ തീരുമാനത്തില്‍നിന്ന് പിന്നിലേക്കില്ല എന്ന് ഞാനും ഉറപ്പിച്ചു. ശത്രുപക്ഷത്ത് നിലയുറപ്പിച്ചവരോട് ക്ഷമിക്കാനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിച്ചു. ആ പ്രാര്‍ത്ഥന ഫലം തന്നു. എതിര്‍ത്തുനിന്നിരുന്ന ചില തൊഴിലാളിനേതാക്കള്‍ അനുനയത്തിലായി. തൊഴിലാളികള്‍ക്ക് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്കി തിരികെ വിടാന്‍ തീരുമാനവുമായി. അങ്ങനെ 1989-ല്‍ തുടങ്ങിയ ബാര്‍ 1990 മാര്‍ച്ച് 31-ന് പൂട്ടിയതോടെ ജീവിതത്തില്‍ വലിയൊരു വഴിത്തിരിവ്… എന്നിലെ മാറ്റം സുഹൃത്തുക്കളുള്‍പ്പെടെ മറ്റ് ചിലരുടെയും മാനസാന്തരത്തിന് വഴിയൊരുക്കുകയും ചെയ്തു.
പിന്നീട് വചനം പ്രഘോഷിക്കാനുള്ള കൃപ നല്കി ദൈവം എന്നെ അനുഗ്രഹിച്ചു. തെരുവില്‍ സുവിശേഷം പറയാനും കൃപ നല്കി. പലയിടത്തും എന്റെ സാക്ഷ്യം പങ്കുവയ്ക്കാറുമുണ്ട്. ദൈവത്തോടൊത്തുള്ള ജീവിതം എത്രയോ അര്‍ത്ഥപൂര്‍ണമാണെന്ന് ഇന്ന് ഞാന്‍ നന്നായി അറിയുന്നു. മദ്യലോകത്തെക്കാള്‍ ലഹരി ആത്മാവ് നമുക്ക് തരും.
കോതമംഗലം രൂപതയിലെ തലയനാട് ഇടവകാംഗമാണ് ഔസേപ്പച്ചന്‍. ദൈവശുശ്രൂഷയില്‍ സജീവമാണ്. തന്റെ മാനസാന്തരകഥ വിവരിക്കുന്ന ‘മദ്യലോകത്തില്‍നിന്ന് ആത്മലഹരിയിലേക്ക്’ എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം കോഴിക്കോട് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ സാലിയും വിവാഹിതരായ ടീന, ജോര്‍ജ് എന്നീ രണ്ട് മക്കളും ഉള്‍പ്പെടുന്നതാണ് കുടുംബം. മൂത്ത മകനായ സോണി അസുഖത്തെത്തുടര്‍ന്ന് നിര്യാതനായി.
ഔസേപ്പച്ചന്‍ പുതുമന