ജീവിതയാത്രയില്‍ ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ നാം ദൈവത്തോടു ചോദിച്ചുപോയിട്ടുള്ള ഒരു ചോദ്യമാണിത്. ‘എന്റെ പൊന്നുദൈവമേ, എന്തുകൊണ്ടാണ് എന്റെ ജീവിതത്തില്‍ ഇങ്ങനെയൊക്കെ സംഭവിക്കുന്നത്?’ എന്റെ ചെറുപ്രായത്തില്‍ ഒരിക്കല്‍ ഒരു വല്യമ്മച്ചി ഇപ്രകാരം വിലപിക്കുന്നത് ഞാന്‍ കേള്‍ക്കാനിടയായി. ‘എന്റെ ഒടേതമ്പുരാനേ, എന്റെ ശത്രുക്കാരുടെ (ശത്രുക്കളുടെ) ജീവിതത്തില്‍പോലും എനിക്കു വന്നതുപോലൊരു ദുര്‍വിധി ഉണ്ടാകാതിരിക്കട്ടെ. ഞാന്‍ എന്തു തെറ്റു ചെയ്തിട്ടാണ് ഒടേതമ്പുരാന്‍ കര്‍ത്താവ് എന്നെയിട്ടിങ്ങനെ കണ്ണുനീരു കുടിപ്പിക്കുന്നത്. ഓര്‍മവച്ച കാലംമുതല്‍ ദൈവപ്രമാണങ്ങളെല്ലാം കാത്തുപാലിച്ച് ദൈവത്തോട് ചേര്‍ന്നു ജീവിച്ചവളാണ് ഞാന്‍. എന്നിട്ടും…. എന്നിട്ടുമെന്റെയപ്പാ എന്തുകൊണ്ടാണ് എന്റെ ജീവിതത്തില്‍ ഇങ്ങനെയൊക്കെ?’
മനുഷ്യന്റെ പാപംമൂലം രോഗവും അനര്‍ത്ഥങ്ങളും മറ്റു ദുരിതങ്ങളും അവന്റെ ജീവിതത്തില്‍ ഉണ്ടാകാം എന്നത് ഒരു തുറന്ന സത്യമാണ്. എന്നാ ല്‍ മനുഷ്യന്‍ അനുഭവിക്കേണ്ടിവരുന്ന എല്ലാവിധ ദുരിതങ്ങളുടെയും കഷ്ടപ്പാടുകളുടെയും പിന്നില്‍ അവന്റെതന്നെ പാപമല്ല കാരണമായിട്ടുള്ളത്.
സങ്കീര്‍ത്തകനിലൂടെ ഒരു നിഷ്‌കളങ്കന്റെ രക്ഷക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന: ”കര്‍ത്താവേ, ഇത് എന്റെ അതിക്രമമോ പാപമോ നിമിത്തമല്ല. എന്റെ തെറ്റുകള്‍കൊണ്ടല്ല അവര്‍ ഓടിയടുക്കുന്നത്. ഉണര്‍ന്നെഴുന്നേറ്റ് എന്റെ സഹായത്തിന് വരേണമേ” (സങ്കീര്‍ത്തനങ്ങള്‍ 59/4).
ജോബിന്റെ ജീവിതത്തിലും
ജോബെന്ന നീതിമാനും ഇതുതന്നെയായിരുന്നു കര്‍ത്താവിനോട് പറയാനുണ്ടായിരുന്നത്. ജോബ് പാപം ചെയ്യാതെ ജീവിച്ച നീതിമാന്‍ മാത്രമായിരുന്നില്ല. അത്യുദാരനായ ഒരു ജീവകാരുണ്യ പ്രവര്‍ത്തകന്‍കൂടിയായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ദൈവത്തോട് ഇപ്രകാരം വാദിക്കുന്നത്. ”ഞാന്‍ നിഷ്‌കളങ്കനാണ്. ദൈവം എന്റെ അവകാശം നിഷേധിച്ചിരിക്കുന്നു. ഞാന്‍ നീതിമാനായിരുന്നിട്ടും നുണയനായി എണ്ണപ്പെടുന്നു. ഞാന്‍ പാപരഹിതനായിരുന്നിട്ടും പൊറുക്കാത്ത മുറിവുകളാണ് എന്റേത്” (ജോബ് 34/5-6).
നാം തിരുവചനങ്ങളില്‍ വായിക്കുന്നു: ”ചെയ്യേണ്ട നന്മ എന്താണെന്നറിഞ്ഞിട്ടും അതു ചെയ്യാത്തവന്‍ പാപം ചെയ്യുന്നു” (യാക്കോബ് 4/17). എന്ന്. എന്നാല്‍ ചെയ്യേണ്ട നന്മ ഏതാണെന്നറിഞ്ഞ് അത് പത്തിരട്ടിയായി ചെയ്തിരുന്നവനായിരുന്നു നീതിമാനായിരുന്ന ജോബ്.
വീണ്ടും ജോബ് തുടരുന്നു: ”അവന്‍ നല്‍കിയ മാംസം മതിയാവോളം കഴിക്കാത്ത ആരുണ്ട് എന്ന് എന്റെ കൂടാരത്തിലെ ആളുകള്‍ ചോദിച്ചില്ലെങ്കില്‍, പരദേശി തെരുവില്‍ പാര്‍ക്കേണ്ടി വന്നിട്ടുണ്ടെങ്കില്‍, വഴിപോക്കന് എന്റെ വാതില്‍ തുറന്നു കൊടുത്തിട്ടില്ലെങ്കില്‍, എന്റെ അകൃത്യങ്ങളെ ഹൃദയത്തിലൊളിച്ച് എന്റെ അതിക്രമങ്ങളെ മനുഷ്യരുടെ മുമ്പില്‍നിന്നും മറച്ചുവച്ചിട്ടുണ്ടെങ്കില്‍…. ആരെങ്കിലും എന്നെ ശ്രവിക്കാനുണ്ടായിരുന്നെങ്കില്‍… ഇതാ എന്റെ കയ്യൊപ്പ്.
ഇങ്ങനെ നൂറുകൂട്ടം നീതിയുക്തമായ ന്യായവാദങ്ങള്‍ തന്നെ പാപിയായും കാരുണ്യരഹിതനായും മുദ്രകുത്തിയ തന്റെ സ്‌നേഹിതന്മാരുടെ മുമ്പിലും തന്നെ പൈശാചികപരീക്ഷണങ്ങള്‍ക്ക് വിട്ടുകൊടുത്ത ദൈവത്തിന്റെ മുമ്പിലും അദ്ദേഹം നിരത്തുന്നു. ജോബിന്റെ പുസ്തകം 31-ാം അധ്യായം മുഴുവന്‍ നിഷ്‌കളങ്കനും നീതിമാനും മഹാകാരുണ്യവാനുമായ ജോബിന്റെ ന്യായവാദങ്ങളാണ് (വായിച്ചു നോക്കുന്നത് നന്നായിരിക്കും). എന്നിട്ടും ജോബിന്റെ ജീവിതത്തില്‍ സംഭവിക്കാവുന്നതിന്റെ പരമാവധി തിന്മ സംഭവിച്ചു. ജീവന്‍ നഷ്ടമായില്ല എന്നുമാത്രം!
എന്നിട്ടുമപ്പാ എന്തുകൊണ്ടിങ്ങനെ?
ഇതാണ് നമ്മുടെ മുമ്പിലുള്ള ചോദ്യം. 1 യോഹന്നാന്‍ 5/19-ല്‍ നാം ഇപ്രകാരം വായിക്കുന്നു. ”നാം ദൈവത്തില്‍നിന്നും ഉള്ളവരാണെന്നും ലോകം മുഴുവന്‍ ദുഷ്ടന്റെ ശക്തിവലയത്തിലാണെന്നും നാം അറിയുന്നു.” ദുഷ്ടന്റെ ശക്തിവലയത്തിലായിരിക്കുന്ന ഈ ലോകത്തില്‍ ജീവിതംകൊണ്ടും വാക്കുകൊണ്ടും ദൈവരാജ്യത്തിന്റെ പോരാളിയായിരിക്കുന്ന ഒരു ദൈവപൈതലിനെ പരമാവധി ഞെരുക്കുക എന്നത് ദുഷ്ടന്റെ വലിയ ലക്ഷ്യമാണ്. അതുകൊണ്ടാണ് ദൈവമക്കള്‍ക്ക് ഈ ഭൂമിയില്‍ പലവിധത്തിലുള്ള ഞെരുക്കങ്ങളുണ്ടാകുന്നത്. ഈ ലോകംവിട്ട് പിതൃസന്നിധിയിലേക്കു പോകാനുള്ള സമയമടുത്തപ്പോള്‍ ഈ രഹസ്യം തന്റെ ശിഷ്യഗണത്തിന് അവിടുന്ന് വെളിപ്പെടുത്തി. ”ലോകത്തില്‍ നിങ്ങള്‍ക്കു ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിന്‍. ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു” (യോഹന്നാന്‍ 16/33).
വീണ്ടും വിശുദ്ധ യോഹന്നാന്‍ തന്റെ വചനങ്ങളിലൂടെ നമ്മെ ഉദ്‌ബോധിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്യുന്നു. ”നിങ്ങളുടെ ഉള്ളിലുള്ളവന്‍ ലോകത്തില്‍ ഉള്ളവനെക്കാള്‍ വലിയവനാണ്” (1 യോഹന്നാന്‍ 4/4).
എന്നാല്‍ ലോകത്തെ കീഴടക്കി ജയിച്ചവന്റെ (യേശുവിന്റെ) അധികാരമുള്ള നാമത്തിലാണ് ലോകത്തിന്റെമേലും നമ്മെ നിരന്തരം ദ്രോഹിച്ചുകൊണ്ടിരിക്കുന്ന ദുഷ്ടന്റെമേലുമുള്ള വിജയം നമുക്ക് ലഭിക്കുന്നത്. 1 യോഹന്നാന്‍ 3/8-ല്‍ ഇപ്രകാരം പറയുന്നു: ”പിശാചിന്റെ പ്രവൃത്തികളെ നശിപ്പിക്കുവാന്‍വേണ്ടിയിട്ടാണ് ദൈവപുത്രനായ യേശു പ്രത്യക്ഷനായിരിക്കുന്നത്.” എന്നാല്‍ നമുക്ക് സ്വന്തമായി അവന്‍ ദാനമായി നല്‍കിയിരിക്കുന്ന അവിടുത്തെ അധികാരമുള്ള നാമം നാം വിശ്വാസപൂര്‍വം എടുത്തുപയോഗിക്കുമ്പോള്‍ മാത്രമാണ് ലോകത്തിന്റെമേലും പിശാചിന്റെമേലുമുള്ള വിജയം നമുക്ക് ലഭിക്കുന്നത്. എന്നാല്‍ നമ്മളില്‍ മിക്കവരും ഇങ്ങനെയൊരു സംരക്ഷണപ്രാര്‍ത്ഥന (ബന്ധനപ്രാര്‍ത്ഥന) നടത്തുന്നതേയില്ല. മിക്കവര്‍ക്കും അതിന്റെ അനിവാര്യതയെക്കുറിച്ച് അറിയുകപോലുമില്ല.
യേശു ശിഷ്യന്മാരെ പഠിപ്പിച്ച സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനയില്‍ ഏറ്റവും ഒടുവിലത്തേതും എന്നാല്‍ ഏറ്റവും ശ്രദ്ധാര്‍ഹവുമായ യാചന ”ദുഷ്ടാരൂപിയില്‍നിന്നും ഞങ്ങളെ രക്ഷിക്കണമേ” എന്നുള്ളതാണ്. തന്റെ പീഡാസഹനത്തിനുമുമ്പ് ശിഷ്യന്മാര്‍ക്കുവേണ്ടി യേശു പിതാവിന്റെ സന്നിധിയില്‍ മാധ്യസ്ഥ്യം വഹിച്ചു പ്രാര്‍ത്ഥിക്കുമ്പോള്‍ അവിടുന്നിപ്രകാരം പ്രാര്‍ത്ഥിക്കുന്നു. പിതാവേ, ഈ ലോകത്തില്‍നിന്നും അവരെ എടുക്കണമേയെന്നല്ല, ദുഷ്ടനില്‍നിന്നും അവരെ കാത്തുകൊള്ള ണമേയെന്നാണ് ഞാനങ്ങയോട് പ്രാര്‍ത്ഥിക്കുന്നത് (യോഹന്നാന്‍ 17/15) എന്ന്. കാരണം ദുഷ്ടനില്‍നിന്നും (പിശാചില്‍നിന്നും) ഉള്ള സംരക്ഷണം തന്റെ ശിഷ്യന്മാര്‍ക്കും അവരുടെ വാക്കുകള്‍ മൂലം തന്നില്‍ വിശ്വസിക്കാനിരിക്കുന്ന ദൈവമക്കള്‍ക്കും എത്രമേല്‍ ആവശ്യമായിരുന്നു എന്ന് അവിടുന്ന് നന്നായറിഞ്ഞിരുന്നു.
യേശു അറിഞ്ഞു, പക്ഷേ നാം
അറിയുന്നില്ല!
ഇതാണ് വലിയ പ്രശ്‌നം. യേശു അറി ഞ്ഞ ആ സത്യം നമ്മളില്‍ മിക്കവരും അറിയുന്നില്ല. അതിനായി പ്രാര്‍ത്ഥിക്കുന്നില്ല. നാം ഒരുപക്ഷേ വളരെയേറെ പ്രാര്‍ത്ഥിക്കുന്നവരും ഒറ്റ ദിവസംപോലും ദിവ്യബലി മുടക്കാത്തവരും അനേകം ജപമാലകള്‍ ചൊല്ലിക്കൂട്ടുന്നവരും വലിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരും വലിയ ദൈവശുശ്രൂഷകരും ഒക്കെ ആയിരിക്കാം. പക്ഷേ ക്രിസ്തീയ ജീവിതത്തിന്റെ വിജയത്തിന് സംരക്ഷണപ്രാര്‍ത്ഥന എത്രകണ്ട് അനിവാര്യമെന്ന് തിരിച്ചറിയാത്തവരും അങ്ങനെയൊരു പ്രാര്‍ത്ഥന കൂടെക്കൂടെ നടത്താത്തവരും ഒക്കെ ആയിരിക്കാം. ഫലമോ നമ്മുടെ അനുദിന ജീവിതവും ശുശ്രൂഷാജീവിതവും ദുഷ്ടന്റെ ആക്രമണങ്ങള്‍ നിമിത്തം വലയാന്‍ ഇടവരുന്നു. നന്മയോടെ ജീവിക്കുന്ന ദൈവമക്കളുടെ നേരെയുള്ള ദുഷ്ടന്റെ ഈ ആക്രമണം മനുഷ്യചരിത്രത്തിന്റെ ആരംഭംമുതലേയുണ്ട്. ഇപ്പോള്‍ സമീപകാലത്ത് അത് കൂടുതലാണെന്നുമാത്രം…
അനേകം വര്‍ഷങ്ങള്‍ക്കുമുമ്പേ എഴുതപ്പെട്ട സങ്കീര്‍ത്തനങ്ങളുടെ വരികളിലൂടെ നാം കണ്ണോടിക്കുമ്പോള്‍ നമുക്ക് കാണാന്‍ കഴിയും സങ്കീര്‍ത്തനങ്ങള്‍ എഴുതിയവര്‍ ശത്രുവിന്റെ ആക്രമണത്തില്‍നിന്നും തങ്ങളെ രക്ഷിക്കണമേ എന്ന് മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നത്. എന്നാല്‍ വലിയ വലിയ ശുശ്രൂഷകള്‍ ചെയ്യുന്ന ചില ദൈവശുശ്രൂഷകര്‍പോലും സംരക്ഷണപ്രാര്‍ത്ഥനയുടെ അനിവാര്യതയും പ്രാധാന്യവും തിരിച്ചറിയുകയോ ആ വിധത്തില്‍ കൂടെക്കൂടെ പ്രാര്‍ത്ഥിക്കുകയോ പ്രാര്‍ത്ഥിക്കുവാന്‍ തങ്ങളുടെ കീഴിലുള്ളവരെ ഉദ്‌ബോധിപ്പിക്കുകയോ ചെയ്യുന്നില്ല എന്നതാണ് സത്യം. അതുകൊണ്ട് അവര്‍ക്ക് പിശാചൊരുക്കുന്ന ഒരുപാട് പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും നേരിടേണ്ടതായി വരുന്നു.
ഏല്‍റൂഹാ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായ ഫാ. റാഫേല്‍ കോ ക്കാടന്‍ സിഎം.ഐ ഇതേക്കുറിച്ച് വ്യക്തമായ പഠനം അവിടത്തെ ശുശ്രൂഷയില്‍ പങ്കുചേരുന്നവര്‍ക്കും ഓണ്‍ലൈന്‍ ശുശ്രൂഷയില്‍ പങ്കെടുക്കുന്നവര്‍ക്കും നല്‍കുന്നുണ്ട്. 31-8-2021-ല്‍ നടത്തിയ അത്ഭുതങ്ങളുടെ ജപമാല എന്ന ഓണ്‍ലൈന്‍ ശുശ്രൂഷയില്‍ അദ്ദേഹം രണ്ടു കുടുംബങ്ങളുടെ അനുഭവം വിവരിക്കുന്നുണ്ട്. രണ്ടു കുടുംബങ്ങളും അതീവ ഭക്തര്‍. വിശുദ്ധ ജീവിതം നയിക്കുന്നവര്‍. ധാരാളം പ്രാര്‍ത്ഥിക്കുന്നവര്‍. ഒരിക്കലും ദിവ്യബലി മുടക്കാത്തവര്‍. ഉദാരമായി ദാനധര്‍മം ചെയ്യുന്നവര്‍. കൂടെക്കൂടെ ധ്യാനങ്ങള്‍ കൂടുന്നവരും വചനം ഉരുവിട്ടു പ്രാര്‍ത്ഥിക്കുന്നവരും. പക്ഷേ കുടുംബത്തില്‍ എന്നും കാരണമറിയാത്ത പ്രശ്‌നങ്ങളാണ്. ഒരിക്കലും സമാധാനമില്ലാത്ത അവസ്ഥ. കൂടെക്കൂടെ രോഗങ്ങള്‍, പരാജയങ്ങള്‍.
എല്ലാത്തരം പ്രാര്‍ത്ഥനകളും എല്ലാ ദിവസവും ചൊല്ലുന്ന ഈ രണ്ടുകുടുംബങ്ങള്‍ ഒരിക്കലും ചൊല്ലാത്ത ഒരു പ്രാര്‍ത്ഥനയുണ്ടായിരുന്നു. അത് സംരക്ഷണപ്രാര്‍ത്ഥന (ബന്ധനപ്രാര്‍ത്ഥന)യാണ്. അച്ചന് പരിശുദ്ധാത്മാവ് അത് സന്ദേശമായി വെളിപ്പെടുത്തി. അച്ചന്‍ ആ കുടുംബങ്ങളോട് ആ പ്രാര്‍ത്ഥന കൂടെക്കൂടെ ചൊല്ലി കര്‍ത്താവായ യേശുവിന്റെ നാമത്തിലുള്ള സംരക്ഷണം യാചിക്കുവാന്‍ ആവശ്യപ്പെട്ടു. അവര്‍ അതനുസരിച്ച് പ്രാര്‍ത്ഥിച്ചപ്പോള്‍ അവരുടെ കുടുംബത്തില്‍ മലപോലെ ഉയര്‍ന്നുനിന്ന പ്രശ്‌നങ്ങള്‍ പുഴപോലെ ഒഴുകിപ്പോയി. രണ്ടു കുടുംബങ്ങളും സമാധാനത്തിന്റെ തീരത്തേക്ക് നടന്നടുക്കുവാന്‍ ഇടയായി. (പ്രസ്തുത അത്ഭുതങ്ങളുടെ ജപമാല Elrooha Retreat യുട്യൂബ് ചാനലില്‍ ലഭ്യമാണ്).
ഈ വിധത്തിലുള്ള പലതരം പ്രശ്‌നങ്ങളിലൂടെ കടന്നുപോയി വഴിമുട്ടി നില്‍ക്കുകയാണോ നിങ്ങളുടെ കുടുംബജീവിതവും ശുശ്രൂഷാജീവിതവും? ലോകത്തെ ജയിച്ച, ദുഷ്ടനെ പരാജയപ്പെടുത്തിയ യേശുവിന്റെ നാമത്തിലുള്ള വിജയം, നമ്മെ തകര്‍ക്കുന്ന നമ്മുടെ ജീവിതപ്രശ്‌നങ്ങളുടെമേല്‍ നാം അവകാശപ്പെട്ടു പ്രാര്‍ത്ഥിച്ചാല്‍ നമുക്കും മുന്‍പറഞ്ഞ ആ കുടുംബങ്ങളെപ്പോലെ സ്വസ്ഥമായ ഒരു ജീവിതത്തിലേക്ക് മടങ്ങാന്‍ കഴിയും. അതിനുവേണ്ട ഉള്‍ക്കാഴ്ചയും സന്നദ്ധതയും പരിശുദ്ധാത്മാവായ ദൈവം നമുക്ക് നല്‍കട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.
ഇതുകൂടാതെ മുഖ്യദൂതനായ വിശുദ്ധ മിഖായേലിനോടുള്ള ജപം, വിശ്വാസപ്രമാണം, എത്രയും ദയയുള്ള മാതാവേ എന്ന പ്രാര്‍ത്ഥന എന്നിവ പലവട്ടം ആവര്‍ത്തിച്ചുചൊല്ലുന്നതും വെഞ്ചരിച്ച ഉപ്പ്, ഹന്നാന്‍ വെള്ളം എന്നിവ ഭക്തിയോടും വിശ്വാസത്തോടുംകൂടി ഉപയോഗിക്കുന്നതും ദുഷ്ടശക്തികളുടെമേല്‍ വലിയ സംരക്ഷണം ലഭിക്കുന്നതിന് നമ്മെ സഹായിക്കും.
പ്രയ്‌സ് ദ ലോര്‍ഡ് ‘ആവേ മരിയ’
സ്റ്റെല്ല ബെന്നി