ജനുവരി 2022-ലെ ഒരു പ്രഭാതം. ഞാന്‍ ഇടവക ദൈവാലയത്തിലേക്ക് പോവുകയാണ്. തലേ രാത്രി പ്രാര്‍ത്ഥിക്കുമ്പോള്‍, വിശുദ്ധ കുര്‍ബാനയ്ക്ക് മുന്‍പ് കുമ്പസാരിക്കണം എന്ന ഒരു ആന്തരിക പ്രേരണ ലഭിച്ചിരുന്നു. അതിനാല്‍ ദൈവാലയത്തിലെത്തിയശേഷം പടിഞ്ഞാറുവശത്തുള്ള കുമ്പസാരചാപ്പലിലേക്ക് പോയി. അവിടെ കുമ്പസാരത്തിനായി ഒരുങ്ങി പ്രാര്‍ത്ഥിക്കുമ്പോഴാണ് ആ കാഴ്ച കാണുന്നത്!
ഒരു വലിയ ചരക്കുലോറി പള്ളിയുടെ പിന്‍വശത്തുള്ള തിരക്കുള്ള റോഡിലൂടെ നിയന്ത്രണം നഷ്ടപ്പെട്ട് പിന്നിലേക്ക് ഇറങ്ങി വരികയാണ്. ആ ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണെന്ന് മനസ്സിലായി. തൃശൂര്‍ പുതുക്കാട് റെയില്‍വേ സ്റ്റേഷനിലേക്കും ഇരിഞ്ഞാലക്കുടയിലേക്കും പോകുന്ന അല്പം കയറ്റം ഉള്ള റോഡ് ആണ് അത്. ലോറിയിലെ സഹായി ചാടി ഇറങ്ങി ഉറക്കെ അലറി വിളിക്കുന്നുണ്ട്. റോഡിന്റെ ഇറക്കവും തിരിവും കണക്കാക്കുമ്പോള്‍ വലിയ അപകടമാണ് മുന്നില്‍.
ഈ ലോറി സാധാരണ ലോറിയെക്കാളും വലിപ്പമുള്ളതാണ്, മാത്രമല്ല വലിയ രീതിയില്‍ ചരക്കുകള്‍ കയറ്റിയിട്ടുമുണ്ട്. എനിക്ക് അപകടം മനസ്സിലായി, ധാരാളം പേര് ജോലിക്കും സ്കൂളിലേക്കും പോകുന്ന തിരക്കുള്ള സമയം. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ ആ വഴിയിലൂടെയും ജനങ്ങള്‍ വരുന്നുണ്ട്. എന്റെ ഉള്ളില്‍നിന്ന് ഒരു കരച്ചില് ഉയര്‍ന്നു. ആഴങ്ങളില്‍ മുങ്ങിക്കൊണ്ടിരിക്കുമ്പോള്‍ പത്രോസിന്റെ അധരങ്ങളില്‍നിന്ന് വന്ന നിലവിളി പോലെ, ”കര്‍ത്താവേ രക്ഷിക്കണേ!” (മത്തായി 14/30).
ഇതേ സമയംതന്നെ വിശുദ്ധബലിക്കുള്ള മണി ദൈവാലയത്തില്‍ മുഴങ്ങി. വിശുദ്ധ കുര്‍ബാന തുടങ്ങിയ അതേ സമയത്ത് ഈ ലോറി ധാരാളം വീടുകള്‍ ഉള്ള ആ റോഡിന്റെ അരികില്‍ ഒരു വീട്ടിലേക്ക് വലിയ ശബ്ദത്തോടെ ഇടിച്ചു കയറി. നിമിഷനേരംകൊണ്ട് എല്ലാം കഴിഞ്ഞു. വലിയ പൊടിപടലം, ജനങ്ങള്‍ ഓടിക്കൂടുന്നു… ഞാന്‍ ഓടിച്ചെന്ന് എനിക്ക് പരിചയമുള്ള ഒരു വ്യക്തിയോട് ചോദിച്ചു, അവിടെ ആരെങ്കിലും ഇപ്പോള്‍ ഉണ്ടായിരിക്കുമോ. ആ വ്യക്തി ഒരു നെടുവീര്‍പ്പോടെ പറഞ്ഞു ആ വീട്ടില്‍ മാത്രം ആരും താമസിക്കുന്നില്ല.
ആ വീടിന്റെ മുന്പില് ഒരു മെഡിക്കല്‍ ഷോപ്പ് ആയിരുന്നു. അത് അടഞ്ഞു കിടക്കുകയുമായിരുന്നു. ലോറി ആ ഷോപ്പും തകര്‍ത്ത് ഉള്ളിലേക്ക് പോയി. ആരെങ്കിലും അവിടെ താമസം ഉണ്ടായിരുന്നെങ്കില്‍ നിശ്ചയമായും വലിയ അപകടം സംഭവിക്കുമായിരുന്നു. മാത്രമല്ല ഈ ലോറി നിയന്ത്രണം വിട്ട് പിന്നോട്ട് വരുന്ന സമയത്ത് ഒരു കാറോ കുട്ടികളെ കയറ്റിയ ഒരു ഓട്ടോറിക്ഷയോ വന്നിരുന്നെങ്കില്‍ ഈ ലോറിയുടെ അടിയില്‍ പോകുമായിരുന്നു. എന്നാല്‍ ആര്‍ക്കും ഒരു പോറല്‍പോലും ഏല്ക്കാതെ കര്‍ത്താവ് എല്ലാവരെയും രക്ഷിച്ചു.
അന്നത്തെ വിശുദ്ധ കുര്‍ബാനയില്‍ ഞാന്‍ കര്‍ത്താവിന്റെ സ്നേഹത്തെയും പരിപാലനയെയും ഓര്‍ത്തു നന്ദി പറഞ്ഞു. ആ ലോറി നിയന്ത്രണം വിട്ട് പിന്നിലേക്ക് ഇറങ്ങിവരുന്ന അതേസമയത്ത് അവിടെയുള്ള ദൈവാലയത്തില്‍ വിശുദ്ധ കുര്‍ബാനയില്‍ ദിവ്യകാരുണ്യ യേശു തന്റെ ജനത്തിനുവേണ്ടി മുറിയപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ”നമ്മുടെ അതിക്രമങ്ങഃള്ക്കുവേണ്ടി അവന് മുറിവേല്‍പ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി ക്ഷതമേല്‍പ്പിക്കപ്പെട്ടു. അവന്റെമേലുള്ള ശിക്ഷ നമുക്ക് രക്ഷ നല്കി, അവന്റെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു” (ഏശയ്യാ 53/5).
വിശുദ്ധ ലോറന്‍സ് ജസ്റ്റീനിയന്‍ ഇപ്രകാരം പറയുന്നു:
”അള്‍ത്താരയില്‍ യേശുക്രിസ്തു ആത്മീയമായി അറുക്കപ്പെടുമ്പോള്‍ അവിടുന്ന് സ്വര്‍ഗസ്ഥനായ പിതാവിനെ വിളിക്കുകയും തിരുമുറിവുകള്‍ കാണിക്കുകയും അവയുടെ യോഗ്യതയാല്‍ മനുഷ്യന് നിത്യനാശത്തില്‍നിന്നും മോചിതനാവാനായി കേണപേക്ഷിക്കുകയും ചെയ്യുന്നു.”
നിയന്ത്രണം വിട്ടുവന്ന ആ ലോറിയുടെ ഗതി നിയന്ത്രിച്ചത് ദിവ്യകാരുണ്യ യേശുവാണെന്ന് എനിക്ക് ബോധ്യമായി. എന്റെ ജീവിതത്തിലും ഓരോ വിശുദ്ധ കുര്‍ബാനയിലൂടെയും ദിവ്യകാരുണ്യ യേശു നല്കിയ അനുഗ്രഹങ്ങളെ ഓര്‍ത്തു. ഓരോ വിശുദ്ധ കുര്‍ബാനയിലും നമ്മള് അറിയാതെ ദിവ്യകാരുണ്യ യേശു ധാരാളം അത്ഭുതങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നു. പിശാചിന്റെ പദ്ധതികളെ തകര്‍ക്കുന്നു, അപകടങ്ങള്‍ മാറിപ്പോകുന്നു, രോഗികള്‍ സൗഖ്യം പ്രാപിക്കുന്നു, തന്റെ ജനത്തിന് ആനന്ദവും സമാധാനവും ഉന്നതിയും നല്കി കര്‍ത്താവ് അനുഗ്രഹിക്കുന്നു. ഓരോ വിശുദ്ധ കുര്‍ബാനയിലൂടെയും യേശു നമ്മെ നിത്യജീവനിലേക്ക് നയിക്കുന്നു. ”ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്റെ ശരീരമാണ്” (യോഹന്നാന് 6/51). വലിയ സ്നേഹത്തോടെ, അനുതാപത്തോടെ, ദാഹത്തോടെ, വിശുദ്ധ കുര്‍ബാനയ്ക്കായി നമുക്ക് അണയാം.
ജസ്റ്റിന് പുളിക്കന്‍