പ്ലസ്ടു പൂര്‍ത്തിയാക്കിയശേഷം മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ഡിഗ്രിക്ക് ചേര്‍ന്നെങ്കിലും പഠനം അത്ര എളുപ്പമായിരുന്നില്ല. പല പരീക്ഷകളിലും തോല്‍വി രുചിക്കേണ്ടിവന്നതിനാല്‍ വീണ്ടും ‘സപ്ലി’ എഴുതി പഠനം പൂര്‍ത്തിയാക്കി. പഠനം കഴിഞ്ഞപ്പോഴാകട്ടെ ജോലി ലഭിച്ചതുമില്ല. ആ അവസ്ഥ എനിക്കും കുടുംബാംഗങ്ങള്‍ക്കും ഏറെ അസ്വസ്ഥത സമ്മാനിച്ചു.
അങ്ങനെയിരിക്കേയാണ് ഇടുക്കി സ്വദേശിയായ എനിക്ക് പോണ്ടിച്ചേരിയില്‍ ഒരു ജോലി ശരിയായത്. എന്നാല്‍ അവിടത്തെ കാലാവസ്ഥയോടും സാഹചര്യങ്ങളോടും ഒത്തുപോകാന്‍ കഴിയാതെ അല്പനാളുകള്‍ക്കകം ആ ജോലി ഉപേക്ഷിച്ച് പോരേണ്ടിവന്നു. പിന്നീട് വന്നത് പ്രളയകാലം. അന്ന് ജീസസ് യൂത്തിനോടും സഭാകൂട്ടായ്മയോടുമൊപ്പം ഈശോയ്ക്കായി പ്രവര്‍ത്തിക്കാന്‍ സാഹചര്യങ്ങള്‍ ലഭിച്ചിരുന്നു. സന്നദ്ധസേവനങ്ങളില്‍ സജീവമായി. പക്ഷേ ജോലിയില്ലാത്തത് വലിയ പ്രശ്‌നമായി അവശേഷിച്ചു.
അന്നാളുകളിലെല്ലാം പ്രാര്‍ത്ഥന എന്നാല്‍ ഈശോയോട് ‘വഴക്ക്’ ആയിരുന്നു. ‘നീ എന്നെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നതെന്തിനാണ്? ശരിക്കും ഈശോ, നീയുണ്ടോ?’ എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍. പക്ഷേ വഴക്ക് കൂടാനായിട്ടാണെങ്കിലും ഓടിയണയാന്‍ ഉണ്ടായിരുന്നത് ആ സന്നിധിതന്നെ. പിന്നീട് കൊവിഡ് കാലത്തും ഇടുക്കി രൂപത യുവജനകൂട്ടായ്മയോടുചേര്‍ന്ന് സജീവമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചു. അന്നാളുകളില്‍ നേരില്‍ കണ്ടറിഞ്ഞ, കൊവിഡ് രോഗികളുടെയും പ്രിയപ്പെട്ടവര്‍ മരിച്ചവരുടെയുമെല്ലാം ദൈവാനുഭവങ്ങള്‍ എന്നെയും ഏറെ സ്വാധീനിച്ചു. എങ്കിലും ഒരു ജോലി ലഭിക്കാത്തതിനാല്‍ ആകെ മടുപ്പ് അനുഭവപ്പെട്ടിരുന്നു.
കുറച്ചുനാളുകള്‍ക്കകം കാനഡയിലേക്ക് വരാന്‍ അവസരം ഒരുങ്ങി. ഇവിടെയെത്തിയപ്പോഴും പ്രതിസന്ധികള്‍ ഏറെയായിരുന്നു. കൂട്ടുകാരോ പ്രിയപ്പെട്ടവരോ ഒന്നുമില്ലാത്ത ഏകാന്തതയായിരുന്നു ഏറ്റം വിഷമകരം. നാട്ടിലും ഇവിടെയും ഒരുപോലെയുള്ളത് ക്രൂശിതനായ ഈശോയും മാതാവും മാത്രമാണെന്നാണ് എനിക്ക് തോന്നിയത്. അതിനാല്‍ എല്ലാം പറയാന്‍ അവര്‍മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഏറെ സങ്കടപ്പെട്ട് ഏതെങ്കിലും പള്ളിയില്‍ ഇരിക്കുമ്പോള്‍ ആരിലൂടെയെങ്കിലും അവിടുന്ന് ഇടപെടും. ഉദാഹരണത്തിന്, പലപ്പോഴും, ഒരു പരിചയവുമില്ലാത്തവര്‍ വന്ന് തോളില്‍ത്തട്ടി പേര് ചോദിച്ച് പരിചയപ്പെടും. എന്നിട്ട് പറയും, ”ടോമിന്‍, എവെരിതിംഗ് വില്‍ ബി ആള്‍റൈറ്റ്-എല്ലാം ശരിയാകും!”
അങ്ങനെയൊക്കെ ഈശോ എന്നോട് സംസാരിക്കുന്ന അനുഭവമുണ്ടായപ്പോള്‍ ഈശോ യഥാര്‍ത്ഥത്തില്‍ ആ കുരിശില്‍ കിടക്കുകയല്ല പലരുടെയും രൂപത്തില്‍ ഇറങ്ങിനടക്കുകയാണ് എന്നെനിക്ക് തോന്നി. അതുകൊണ്ട് ‘നീ ശരിക്കും ആ ക്രൂശില്‍ത്തന്നെയാണോ ഉള്ളത്?’ എന്ന് അതിശയത്തോടെയും സ്‌നേഹത്തോടെയും ചോദിച്ചിട്ടുണ്ട്.
കാനഡയില്‍ നില്‍ക്കാനുള്ള സ്റ്റേ ബാക്ക് അനുമതി തീരാറായ സമയം. പ്രാര്‍ത്ഥിക്കുകയും പലരോടും പ്രാര്‍ത്ഥനാസഹായം ചോദിക്കുകയും ചെയ്തുകഴിഞ്ഞ് അതെപ്പറ്റിയുള്ള ആകുലത ഞാന്‍ ഉപേക്ഷിച്ചു. ഒടുവില്‍, രണ്ടുദിവസംമാത്രം അവശേഷിക്കേ അവിടെനില്ക്കാനുള്ള സമയം നീട്ടിക്കൊണ്ട് ‘എക്സ്റ്റന്‍ഷന്‍’ ലഭിച്ചു! ഇങ്ങനെയുള്ള അനുഭവങ്ങള്‍ എന്നെ ദൈവവിശ്വാസത്തില്‍ ഉറപ്പിച്ചുനിര്‍ത്തുന്നു. ഇത്രമാത്രം ഈശോയുടെ സ്‌നേഹം അനുഭവിക്കുമ്പോള്‍ വചനം സത്യമാണെന്ന് എനിക്കുറപ്പ്, ”നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്- നിങ്ങള്‍ക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി” (ജറെമിയ 29/11). ‘
ടോമിന്‍ അഗസ്റ്റിന്‍, കാനഡ