ഈസ്റ്റര്‍ കണ്ണുകള്‍ ഉണ്ടോ? – Shalom Times Shalom Times |
Welcome to Shalom Times

ഈസ്റ്റര്‍ കണ്ണുകള്‍ ഉണ്ടോ?

കുറെക്കാലം മുമ്പ് റഷ്യയില്‍ സംഭവിച്ച ഒരു കാര്യം ഈയിടെ വായിച്ചു. റഷ്യയിലെ വലിയ ഒരു നിരീശ്വരവാദി നിരീശ്വരത്വം പ്രസംഗിച്ചുകൊണ്ട് ഓടി നടക്കുമായിരുന്നു. ഒരിക്കല്‍ വലിയൊരു ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് ദൈവം ഇല്ല എന്ന് അയാള്‍ സമര്‍ത്ഥിക്കുകയുണ്ടായി. തന്റെ പ്രസംഗം കഴിഞ്ഞയുടന്‍ ജനക്കൂട്ടത്തോടായി നിങ്ങള്‍ക്കെന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചു. ഭയങ്കര നിശബ്ദതയായിരുന്നു. കാരണം, അദ്ദേഹത്തെ അവര്‍ക്കെല്ലാം ഭയമായിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അവരില്‍നിന്നും ഒരാള്‍ എഴുന്നേറ്റ് സ്‌റ്റേജില്‍ വന്നു. ജനക്കൂട്ടത്തെ നോക്കി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു, ”ക്രിസ്തു ഉയിര്‍ത്തേഴുന്നേറ്റിരിക്കുന്നു!”

ഇതുകേട്ട ജനക്കൂട്ടം മുഴുവന്‍ ചാടിയെഴുന്നേറ്റ് ഉച്ചത്തില്‍ പറഞ്ഞു, ”അവന്‍ സത്യമായും ഉയിര്‍ത്തെഴുന്നേറ്റു!” ഈ രണ്ടു കൊച്ചു വാചകങ്ങള്‍ ഈസ്റ്റര്‍ദിനത്തില്‍ റഷ്യന്‍ ജനം പരസ്പരം കണ്ടുമുട്ടുമ്പോള്‍ പറയുന്നതാണ്. നിരീശ്വരവാദം പ്രസംഗിക്കാന്‍ വന്നയാള്‍ നിശബ്ദനായി വേദി വിട്ടുപോയി എന്ന് പറയുന്നു.
ഇതില്‍നിന്നും ഒരു സത്യം അയാള്‍ക്ക് മനസിലായി. ജനങ്ങളുടെ വിശ്വാസം എത്രമാത്രം അടിച്ചമര്‍ത്തിയാലും അതൊരിക്കല്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന്. നാമും ഈ ഈസ്റ്റര്‍ ദിനത്തില്‍ വിളിച്ചുപറയുന്നു, ”ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു!” ഇനി മനുഷ്യന്‍ മരണത്തിന്റെ നിഴലിലല്ല. പാപത്തിന്റെ അടിമയുമല്ല. ക്രിസ്തു ഇവ രണ്ടിനെയും അതിജീവിച്ചുകൊണ്ട് നമ്മളെ വിമോചിപ്പിച്ചിരിക്കുന്നു. അവന്‍ ഇരുട്ടിനെ വെളിച്ചമാക്കി. മരണത്തെ ജീവനാക്കി. പാപം അകറ്റി പുണ്യം കൊണ്ടുവന്നു.

കര്‍ത്താവിന്റെ ഉയിര്‍പ്പോടുകുടി കാലം നിത്യതയായി. ചരിത്രം യുഗാന്ത്യോന്മുഖമായി; മരണം ജീവനായി. അവന്റെമേല്‍ ഇനി മരണത്തിന് ആധിപത്യമില്ല. നമുക്കിന്ന് വേണ്ടത് ഈസ്റ്റര്‍ കണ്ണുകളാണ്. എന്നുവച്ചാല്‍ മരണത്തില്‍ ജീവന്‍ കാണുക; കോഴിമുട്ടയില്‍ കോഴിക്കുഞ്ഞിനെ കാണുക. പട്ടുനൂല്‍പ്പുഴുവില്‍ വര്‍ണ്ണശബളമായ പൂമ്പാറ്റയെ കാണുക. ‘ഈസ്റ്റര്‍ കണ്ണുകളാ’ണ് നമ്മെ ദര്‍ശനമുള്ളവരാക്കുന്നത്. ദര്‍ശനങ്ങള്‍ ഇല്ലാത്തവര്‍ നിര്‍ഭാഗ്യരാണ്. കാരണം കാണുന്നതിനുമപ്പുറം അവര്‍ ഒന്നും ‘കാണുന്നില്ല.’

ഈജിപ്ത് യവനപുരാണങ്ങളില്‍ ഒരു പക്ഷിയുടെ കഥയുണ്ട്. അതനുസരിച്ച് ഫീനിക്‌സ് പക്ഷി നൂറ്റാണ്ടുകളോളം ജീവിക്കുന്നു. കാലം പിന്നിടുമ്പോള്‍ തന്റെ വംശത്തിലുണ്ടായിരുന്ന മറ്റ് പക്ഷികളൊക്കെ മരിച്ചുവീഴുന്നതുകണ്ട് ജീവിക്കാന്‍ ആഗ്രഹമില്ലാതെ ഫീനിക്‌സ് ആത്മാഹുതി നടത്തുവാന്‍ തീരുമാനിക്കുന്നു. മരുഭൂമിയില്‍ ചിതയൊരുക്കപ്പെട്ടു. ഫീനിക്‌സ് അതിലേക്ക് ചാടുകയാണ്. ഏതാനും നിമിഷങ്ങള്‍കൊണ്ട് ഐതിഹാസികമായ ആ ജീവിതം ഒരു പിടി ചാരം മാത്രമായിത്തീരുന്നു. എല്ലാം അവിടെ അവസാനിച്ചുവെന്ന് തോന്നിയേക്കാം.
പക്ഷേ കുറച്ചുകഴിയുമ്പോള്‍ ഇരുണ്ട ചാരത്തില്‍നിന്ന്, നിതാന്തശൂന്യതയില്‍നിന്ന് ഒരു കൊച്ചു ഫീനിക്‌സ് പക്ഷി ആകാശത്തേക്ക് പറന്നുയരുകയാണ്.

ഫീനിക്‌സ് വീണ്ടും ജീവിക്കുന്നു. ഈ ഫീനിക്‌സ് പക്ഷിയില്‍ ആദിമസഭയിലെ പിതാക്കന്മാര്‍ വലിയൊരു പ്രതീക്ഷ കണ്ടെത്തി, മരണത്തെ തോല്‍പ്പിച്ചുകൊണ്ട് ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റതാണെന്ന്. ഫീനിക്‌സ് ജീവിക്കുന്നു, പുനരുത്ഥാനത്തിന്റെ പ്രതീകമായി. ‘ഞാന്‍ മൃതനായിരുന്നു, ഇന്ന് ഞാന്‍ ജീവിക്കുന്നവനാണ്’ എന്ന് ക്രിസ്തുവും വിളിച്ചു പറയുന്നു. നിതാന്തശൂന്യതയ്ക്കുമപ്പുറം നമ്മെ കാത്തിരിക്കുന്നത് ജീവന്റെ തുടിപ്പുകളാണെന്ന്, ഉയിര്‍പ്പാണെന്ന് പഠിപ്പിക്കുന്നു.
‘അവന്‍ ഇവിടെയില്ല’മാലാഖമാര്‍ സ്ത്രീകളോട് പറഞ്ഞത് അതാണ്. കാരണം അവനെ അടക്കം ചെയ്ത കല്ലറ ശൂന്യമായിരുന്നു. ഒന്നോര്‍ക്കണം ആ കല്ലറ മാത്രമേ ശൂന്യമായിട്ടുള്ളൂ- അവന്‍ ഇവിടെയില്ല; ഉയിര്‍ത്തെഴുന്നേറ്റുവന്ന് വിളിച്ചു പറഞ്ഞുകൊണ്ട്. എന്നാല്‍ ആ കല്ലറയൊഴികെ എല്ലായിടവും അവന്റെ സാന്നിധ്യംകൊണ്ട് നിറഞ്ഞിരിക്കുന്നു.

പുനരുത്ഥാനത്തോടുകൂടി ക്രിസ്തു പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ചൈതന്യമായി. ദൈവം എവിടെ എന്ന് ചോദിക്കുന്ന മനുഷ്യനുള്ള ഉത്തരം ദൈവം ഇല്ലാത്തത് എവിടെയാണ് എന്ന മറുചോദ്യമാണ്. ക്രിസ്തു എവിടെ എന്ന ചോദ്യത്തിന് ക്രിസ്തു ഇല്ലാത്തത് എവിടെയാണ് എന്ന് ചോദിക്കുവാന്‍ നമ്മള്‍ പ്രേരിതരാകുന്നു. ഇന്ന് ക്രിസ്തുവില്ലാത്ത ഒരിടവും ഈ പ്രപഞ്ചത്തിലില്ല. അവനെ തളച്ചിട്ട കല്ലറ ശൂന്യമാണ് എന്നുപറയുമ്പോള്‍ ആ കല്ലറ അവന്റെ ഉയിര്‍പ്പിനുള്ള ഒരു സാക്ഷ്യമായിത്തീരുകയാണ്. അവന്‍ എവിടെയൊക്കെയാണ് ഉളളത്?

കരയുന്നവനോടുകൂടെ…
കരഞ്ഞുകൊണ്ട് നില്‍ക്കുന്ന മറിയത്തിനോട് യേശു ചോദിക്കുന്നു, ‘എന്തിനാണ് കരയുന്നത്?’ അവളെ അവന്‍ ഒരു വിളി വിളിക്കുന്നുണ്ട്. അവളുടെ ഹൃദയത്തെ ഉണര്‍ത്തുന്ന വിളി-മേരി- ആ വിളിയില്‍ പൂത്തുലഞ്ഞ അവള്‍ വിളിക്കുന്നു റബ്ബോനി എന്ന്. ചരിത്രത്തില്‍ കേട്ട വിളിയാണത്. ചരിത്രം സാക്ഷിയാണ്. ചുരുക്കത്തില്‍ ഉത്ഥിതനായ ക്രിസ്തു കരയുന്നവരോടൊപ്പമാണ്.

ഭയപ്പെട്ടിരിക്കുന്നവരുടെകൂടെ…
യഹൂദരെ ഭയന്ന് അടച്ചിട്ടിരിക്കുന്ന മുറിയില്‍ ഇരിക്കുന്ന ശിഷ്യന്മാരുടെ അടുത്തേക്ക് കതക് തുറക്കാതെതന്നെ ഉത്ഥിതന്‍ കയറിവരുന്നു. അവരെ സമാധാനം പറഞ്ഞ് ആശ്വസിപ്പിക്കുന്നു. അടച്ചിട്ടിരിക്കുന്ന ഇടങ്ങളില്‍പ്പോലും അവന്റെ സാന്നിധ്യമുണ്ട് എന്ന് നമ്മള്‍ അറിയണം.

പരാജയങ്ങളുടെ നടുവില്‍…
ഉത്ഥിതനായ യേശു വീണ്ടും എത്തുന്നത് തിബേരിയൂസ് കടല്‍ത്തീരത്താണ്. ഒരു ചെറുമീന്‍പോലും കിട്ടാതെ വിഷമിച്ചിരിക്കുന്നവര്‍. കുഞ്ഞുങ്ങളേ എന്ന് വിളിച്ചുകൊണ്ട് അവരുടെ അടുത്തെത്തുന്നു. നീ വിജയിക്കുമ്പോള്‍ നിന്റെകൂടെ ധാരാളം പേര്‍ ഉണ്ടാകും. എന്നാല്‍ വലകള്‍ ശൂന്യമായ, ഒന്നും ആര്‍ക്കും കൊടുക്കാനില്ലാത്ത, നാണക്കേടിന്റെ വേളയിലും നമ്മെ വിടാതെ പിന്തുടരുന്ന സാന്നിധ്യമാണ് ഉത്ഥിതന്‍. പരാജിതര്‍ക്ക് ഒരു സുവിശേഷമായി മാറുന്നു ഉത്ഥിതന്‍. അമ്മയെപ്പോലെ ഭക്ഷണം വിളമ്പിവച്ച് അവന്‍ നമുക്കുവേണ്ടി കാത്തിരിക്കുന്നു.

ആകുലതകളുടെ നടുവില്‍…
എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാരെ ഓര്‍ക്കുന്നില്ലേ? നിരാശപ്പൈട്ട്, സംശയിച്ച്, തര്‍ക്കിച്ച്, ആകുലപ്പെട്ട്, യാത്ര ചെയ്ത അവര്‍ക്കൊപ്പം മൂന്നാമതൊരു സാന്നിധ്യമായി ഉത്ഥിതന്‍ എത്തുന്നുണ്ട്. നമ്മള്‍ തനിയെയാണെന്ന് തോന്നുമ്പോള്‍, ജീവിതം അവസാനിപ്പിച്ചുകളയാം എന്ന് തോന്നുന്ന നിമിഷങ്ങളില്‍ അവന്‍ സ്‌നേഹമായി, അപ്പമായി, വ്യാഖ്യാനങ്ങളായി, സാന്ത്വനമായി നമ്മുടെ ചാരെ എത്തുന്നു. തകരുന്ന, തളരുന്ന ഏതൊരു ഹൃദയത്തിനും ജ്വലനം നല്‍കുന്നത് ഉത്ഥിതന്റെ സാന്നിധ്യം തന്നെയാണ്.

പ്രിയപെട്ടവരേ, അവനെ അടക്കിയ കല്ലറ മാത്രമാണ് ശൂന്യമായിരിക്കുന്നത്. ബാക്കി എല്ലായിടത്തും എപ്പോഴും ഉത്ഥിതന്റെ സാന്നിധ്യമുണ്ടെന്ന് ഓര്‍മ്മിക്കണം. അവന്‍ മുറിവുകളൊക്കെ തിരുമുറിവുകളാക്കുന്നു. ആകാശം പിളര്‍ക്കുന്ന നിലവിളികള്‍ക്കൊക്കെ മൂന്നാം നാള്‍ ഉത്തരം നല്‍കുന്നു. തിന്മയുടെ അട്ടഹാസങ്ങളെല്ലാം മൂന്നാം നാള്‍ മുഴങ്ങുന്ന ഉയിര്‍പ്പിന്റെ വിജയഭേരിക്കു മുമ്പില്‍ നിഷ്പ്രഭമാകുന്നു. അതെ, അവന്‍ ഇവിടെയില്ല, അവന്‍ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. നമുക്ക് ജീവന്‍ നല്‍കാന്‍, വെളിച്ചം സല്‍കാന്‍, പ്രത്യാശ നല്‍കാന്‍!
എല്ലാവര്‍ക്കും എന്റെ ഈസ്റ്റര്‍ ആശംസകള്‍!! വിളിച്ചു പറയാം നമുക്ക്: ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു; സത്യമായും അവന്‍ ഉയിര്‍ത്തെഴുന്നേറ്റു.

ബിഷപ് വര്‍ഗീസ് ചക്കാലക്കല്‍
കോഴിക്കോട് രൂപതാധ്യക്ഷന്‍