സന്യാസതുല്യനായ ഒരു ഭക്തകവിയെക്കുറിച്ചുള്ള കഥ ഇപ്രകാരമാണ്. അദ്ദേഹത്തിന് അല്പം വിലയുള്ളതെന്ന് പറയാന്‍ രണ്ട് ചെമ്പുപാത്രങ്ങള്‍മാത്രമാണ് ഉണ്ടായിരുന്നത്. മറ്റെല്ലാം പരിത്യജിച്ചിരുന്നു. ഒരു രാത്രിയില്‍, തന്റെ കൊച്ചുകുടിലിനുമുന്നില്‍ തേജസ്വിയായ ഒരു പുരുഷനെ അദ്ദേഹം കണ്ടു. ആരാണ്, എന്തുചെയ്യുന്നു എന്ന് കവി അന്വേഷിച്ചു. ആ തേജസ്വി മറുപടി നല്കി, ”ഞാനൊരു കാവല്‍ക്കാരന്‍. ഈ കുടിലില്‍ കഴിയുന്ന എന്റെ സുഹൃത്തിന്റെ ചെമ്പുപാത്രങ്ങള്‍ ആരും മോഷ്ടിക്കാതിരിക്കാന്‍ കാവല്‍നില്‍ക്കുകയാണ്!”
കവിക്ക് കാര്യം മനസിലായി. തന്റെ മനസില്‍ ആ ചെമ്പുപാത്രങ്ങളോടുള്ള താത്പര്യം ഒരു ബന്ധനമായി കിടക്കുന്നുണ്ട്. അതും ഉപേക്ഷിച്ച് ദൈവത്തെ ഉപാസിക്കണം.
പിറ്റേന്നുതന്നെ ആ ചെമ്പുപാത്രങ്ങള്‍ ദാനം ചെയ്ത് അദ്ദേഹം സ്വാതന്ത്ര്യത്തോടെ ദൈവവഴിയില്‍ സഞ്ചരിച്ചു.
”സ്വര്‍ണത്തെ പൊടിയിലും, ഓഫീര്‍പ്പൊന്നിനെ നദീതടത്തിലെ കല്ലുകള്‍ക്കിടയിലും എറിയുമെങ്കില്‍, സര്‍വശക്തന്‍ നിനക്ക് സ്വര്‍ണവും വിലപിടിച്ച വെള്ളിയും ആകുമെങ്കില്‍, നീ സര്‍വശക്തനില്‍ ആനന്ദിക്കുകയും ദൈവത്തിന്റെനേരെ മുഖമുയര്‍ത്തുകയും ചെയ്യും” (ജോബ് 22/24-26)