നിത്യരാധന ചാപ്പലില്‍, ഈശോയോട് സൗഖ്യത്തിനായി പ്രാര്‍ത്ഥിച്ചപ്പോഴൊക്കെ, ‘സമയമായില്ല’എന്ന തോന്നലായിരുന്നു ജൂലിയയുടെ ഉള്ളില്‍ ഉത്തരമായി ഉയര്‍ന്നുവന്നിരുന്നത്. നാഡീവ്യൂഹത്തെ ബാധിക്കുന്ന ജഛഠട (ജീേൌൃമഹ ഛൃവേീേെമശേര ഠമരവ്യരമൃറശമ ട്യിറൃീാല) എന്ന അസുഖമായിരുന്നു അവള്‍ക്ക്.
നല്ലൊരു കത്തോലിക്കാ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന അവളെയും ആറ് സഹോദരങ്ങളെയും, ഈശോക്ക് ഒന്നാം സ്ഥാനം നല്‍കാന്‍ അവരുടെ മാതാപിതാക്കള്‍ പഠിപ്പിച്ചിരുന്നു. ചിക്കാഗോ നഗരത്തിനടുത്തുള്ള അവളുടെ വീട് ഇടവക ദൈവാലയത്തിന് സമീപമായിരുന്നു. കൂട്ടുകാര്‍ക്കൊപ്പം വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുത്തിട്ടാണ് അവള്‍ സ്‌കൂളില്‍ പൊയ്‌ക്കൊണ്ടിരുന്നത്. നിത്യരാധന ചാപ്പല്‍ വന്നതില്‍പ്പിന്നെ സാധിക്കുമ്പോഴെല്ലാം അവിടെ പോയി ഈശോയോട് ‘ഹായ്’പറയുന്നത് ശീലമാക്കി. ദിവ്യകാരുണ്യത്തിന് മുന്നില്‍ മുട്ടുകുത്തുമ്പോഴെല്ലാം അവള്‍ സംസാരിക്കാന്‍ ശ്രമിച്ചത് അവള്‍ക്ക് ചിരപരിചയമുള്ള ഒരു വ്യക്തിയോടായിരുന്നു. എല്ലാ ശനിയാഴ്ചയും ഉച്ചകഴിഞ്ഞ് അവളുടെ കുടുംബാംഗങ്ങളെല്ലാവരും ഒന്നിച്ച് ദിവ്യകാരുണ്യ ആരാധന നടത്തിയിരുന്നു.
ചെറുപ്പം മുതലേ നല്ല ആരോഗ്യമുണ്ടായിരുന്ന ഒരു കുട്ടിയായിരുന്നില്ല ജൂലിയ. കൗമാരത്തിലേക്ക് കടന്നപ്പോള്‍ ആരോഗ്യം പിന്നെയും വഷളായി. ഹൃദയമിടിപ്പിനെയും രക്തസമ്മര്‍ദ്ദത്തിനെയും ബാധിക്കുന്ന ജഛഠട കാരണം, കിടക്കുകയോ ഇരിക്കുകയോ ചെയ്തിട്ട് എഴുന്നേല്‍ക്കുമ്പോഴും, അധികനേരം നിവര്‍ന്നിരിക്കുമ്പോഴും, അവള്‍ ബോധരഹിതയാകാന്‍ തുടങ്ങി. ആദ്യം വോക്കറിന്റെ സഹായത്തോടെ നടന്ന അവള്‍ പിന്നീട് വീല്‍ചെയറിലായി. കുറച്ചുനാള്‍കൂടി കഴിഞ്ഞപ്പോള്‍ ഡ്രിപ്പിട്ട് വീട്ടില്‍ത്തന്നെ കിടപ്പും ആയി. പരിചാരികയുടെ സഹായത്തോടെയായിരുന്നു ജീവിതം. അവളുടെ കൂട്ടുകാര്‍ കോളേജിലായപ്പോഴും ജീവിതാന്തസ്സുകള്‍ തിരഞ്ഞെടുത്തു തുടങ്ങിയപ്പോഴും ജൂലിയ, ഹോസ്പിറ്റല്‍ അപ്പോയ്ന്റ്‌മെന്റുകളുടെയും ട്രീറ്റ്‌മെന്റുകളുടെയും ലോകത്തായിരുന്നു. അവളും പക്ഷേ പഠിക്കുകയായിരുന്നു, കുരിശിന്റെ സ്‌കൂളില്‍!
2017 ഏപ്രില്‍ 1 ശനിയാഴ്ച. ജൂലിയ അവളുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം ആരാധനചാപ്പലില്‍ പോയി. ഇരിപ്പിടത്തില്‍ ഇരിക്കാന്‍ കഴിയാത്തതിനാല്‍ പിന്നില്‍, വ്യായാമത്തിന് ഉപയോഗിക്കുന്ന ഒരു മാറ്റിലാണ് കിടന്നത്.
ഇതുവരെ തന്റെ പ്രാര്‍ത്ഥനക്ക് ്യല െഎന്നുത്തരം തരാത്ത ഈശോയോട്, ആ മാറ്റില്‍ തന്റെ വീട്ടുകാര്‍ക്ക് പിന്നിലായി കിടന്നുകൊണ്ട് കുസൃതിയോടെ അവളിങ്ങനെ പറഞ്ഞു, ”ഈശോയേ, ഇന്ന് ഏപ്രില്‍ 1 അല്ലേ? നമുക്ക് ഇവരെയൊക്കെ ഒന്ന് പറ്റിച്ചാലോ? നീ എന്റെ കൂടെ നില്‍ക്കാമോ? എന്റെ അസുഖം മാറിയെന്ന് ഇവരെയൊക്കെ ഒന്ന് തോന്നിപ്പിക്കണം.”
ജൂലിയയെ അമ്പരപ്പിച്ചു കൊണ്ട് ഈശോ സമ്മതിച്ചു. അവള്‍ക്ക് പക്ഷേ വലിയ വ്യത്യാസമൊന്നും ശരീരത്തില്‍ തോന്നിയില്ല. വീണെങ്കിലോ എന്ന് വിചാരിച്ച് അവള്‍ തനിയെ നടക്കാന്‍ ശ്രമിച്ചില്ല. താന്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചത്, ഇപ്പോള്‍ പറഞ്ഞത് തന്റെ മനസ്സല്ല, ശരിക്കും ഈശോതന്നെയാണെന്ന് ഒരു സ്ഥിരീകരണം അവള്‍ക്ക് വേണമായിരുന്നു.
അതിനാല്‍ ഈശോയോട് പറഞ്ഞു, ”എനിക്ക് യഥാര്‍ത്ഥത്തില്‍ സൗഖ്യം ലഭിച്ചിട്ടുണ്ടെങ്കില്‍, എഴുന്നേല്‍ക്കാനും നടക്കാനുമായി എനിക്ക് കേള്‍ക്കാന്‍ കഴിയുന്ന വിധത്തില്‍ ഒന്ന് പറയാമോ?” വാസ്തവത്തില്‍ ഈശോ അത് പറഞ്ഞതാണ്, പക്ഷേ തന്റെ ഹൃദയത്തിന് പുറത്ത് താന്‍ ഒന്നും കേട്ടിരുന്നില്ല എന്നാണ് ജൂലിയ അതെക്കുറിച്ച് പറയുന്നത്.
അപ്പോഴേക്കും ചാപ്പലില്‍നിന്ന് പോകാന്‍ സമയമായിരുന്നു. അവളുടെ അമ്മ കളിയായി, മാറ്റില്‍ നിലത്തു കിടക്കുന്ന അവളോട് യോഹന്നാന്‍ 5/8ല്‍ പറയും പോലെ പറഞ്ഞു, ”എഴുന്നേറ്റ് നിന്റെ കിടക്കയുമെടുത്ത് നടക്കുക!” ഇതാണ് തനിക്കുള്ള അടയാളം എന്ന് ജൂലിയക്ക് മനസ്സിലായി. അവള്‍ എഴുന്നേറ്റ് തന്റെ മാറ്റ് ചുരുട്ടി, ദിവ്യകാരുണ്യത്തെ വണങ്ങി, അവളുടെ മാതാപിതാക്കളെ അതിശയിപ്പിച്ചു കൊണ്ട് വീട്ടിലേക്ക് നടക്കാന്‍ തുടങ്ങി. അധികം വഴി നടക്കാനില്ലായിരുന്നെങ്കിലും, ഒരു മുറിക്കുള്ളില്‍ നടക്കുന്നത് പോലും അവള്‍ക്ക് ബുദ്ധിമുട്ടായിരുന്ന സമയമായിരുന്നു അത്.
വീട്ടിലേക്ക് തനിയെ നടക്കുന്നത് അസാധ്യവുമായിരുന്നു. ആവശ്യമെങ്കില്‍ പിടിക്കാനായി അവളുടെ അമ്മ അവളുടെ കൂടെത്തന്നെ നടന്നു, എന്തെങ്കിലും പ്രശ്‌നം തോന്നിയാല്‍ കയറ്റാനായി കാറെടുത്തു ഡാഡി പിന്നിലും വന്നു. അതിന്റെ ഒന്നും ആവശ്യമില്ലെന്ന് അവള്‍ അവരോട് പറഞ്ഞു, അവള്‍ യഥാര്‍ത്ഥത്തില്‍ സുഖപ്പെട്ടിരുന്നു!
അവളുടെ രോഗസൗഖ്യം അവളെ ചികിത്സിക്കുന്ന ഡോക്ടര്‍മാരെയും തെറാപ്പിസ്റ്റുകളെയും ഞെട്ടിപ്പിച്ചു. തുടര്‍ന്നുള്ള കുറേ ദിവസങ്ങള്‍ എല്ലാവരുടെയും മുഖത്തെ അത്ഭുതം കാണാന്‍ രസമായിരുന്നുവെന്ന് ജൂലിയ പറയുന്നു. ജഛഠട അങ്ങനെ എളുപ്പം മാറിപ്പോകുന്ന ഒരസുഖമല്ല, അതുകൊണ്ട് തീര്‍ച്ചയായും അതൊരു അത്ഭുതം തന്നെയായിരുന്നു. അവള്‍ക്ക് അസുഖം കാരണം തുടരാന്‍ കഴിയാതിരുന്ന ഡാന്‍സ് സ്റ്റുഡിയോയിലേക്ക് ഉടന്‍തന്നെ അവള്‍ തിരിച്ചു വന്നു. ശാരീരിക വൈകല്യങ്ങളുള്ളവര്‍ക്കായി ഒരു ക്ലാസ് ആരംഭിച്ചു, സുഖമില്ലാതിരുന്നപ്പോള്‍ അവള്‍ ഏറെ ആഗ്രഹിച്ച ഒന്ന്.
ഏഴ് കൊല്ലങ്ങള്‍ക്കിപ്പുറവും ജൂലിയ സന്തോഷവതിയായി ജീവിതം നയിക്കുന്നു. നമുക്കായി അവള്‍ക്കൊരു സന്ദേശമുണ്ട്,”’ബൈബിള്‍ കാലങ്ങളിലേക്ക് മാത്രമായി ഒതുങ്ങുന്നതല്ല അത്ഭുതങ്ങള്‍. യോഹന്നാന്‍ 5/8-ലെ തളര്‍വാതരോഗിയെ സുഖപ്പെടുത്തിയ അതേ ഈശോ, വിശുദ്ധ കുര്‍ബ്ബാനയിലെ അവന്റെ യഥാര്‍ത്ഥമായ സാന്നിധ്യത്തിലൂടെ, കാലങ്ങള്‍ക്കിപ്പുറം അതേ അനുഗ്രഹം എന്നില്‍ ചൊരിഞ്ഞു. എന്നെ കിടപ്പിലാക്കിയ അസുഖത്തില്‍നിന്ന് സൗഖ്യം നല്‍കിയതില്‍ ഞാന്‍ അളവറ്റ നന്ദിയുള്ളവളാണ്. ദൈവം എത്ര നല്ലവന്‍!”
ഒരു കുഞ്ഞിനെപ്പോലെ പ്രത്യാശിച്ച, വിശ്വസിച്ച, പ്രാര്‍ത്ഥിച്ച, ജൂലിയയുടെ അനുഭവം നമ്മുടെയും കണ്ണ് തുറപ്പിക്കട്ടെ. നമ്മുടെ കൂടെയുള്ള നിറസാന്നിധ്യമായി, നമ്മുടെ ബാലിശചിന്തകള്‍ പോലും എപ്പോഴും കേള്‍ക്കുന്ന കൂട്ടുകാരനായി നമുക്കവനെ സ്‌നേഹിക്കാം.
ജില്‍സ ജോയ്