ഷെസ്റ്റോക്കോവയും ഹാമാനും മൊര്‍ദെക്കായ്‌യും – Shalom Times Shalom Times |
Welcome to Shalom Times

ഷെസ്റ്റോക്കോവയും ഹാമാനും മൊര്‍ദെക്കായ്‌യും

2015ലെ വസന്തകാലത്ത് കാനഡയില്‍ സ്വഭവനത്തിലായിരിക്കേ സ്വീഡനിലെ സ്റ്റോക്ക്‌ഹോമില്‍ ഒരു ബിസിനസ് കോണ്‍ഫറന്‍സില്‍ പ്രഭാഷണം നടത്തുന്നതിനായി എന്റെ ഭര്‍ത്താവിന് ക്ഷണം ലഭിച്ചു. ആ യൂറോപ്പ്യന്‍ ടൂറിനിടെ ദൈവകരുണയുടെ തിരുനാള്‍ദിനം, ആ തിരുനാളിന്റെ പ്രഭവകേന്ദ്രമായ പോളണ്ടിലെ ക്രാക്കോവിലെ ദൈവാലയവും ശേഷം ഈശോയുടെയും നമ്മുടെയും അമ്മവീടായ ഷെസ്റ്റോക്കോവാ മാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രവും സന്ദര്‍ശിക്കാനായിരുന്നു ഞങ്ങളിരുവരുടെയും ആഗ്രഹം. ഷെസ്റ്റോക്കോവാ മാതാവിന്റെ അത്ഭുതചിത്രത്തെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള ആഗ്രഹവും ഞങ്ങള്‍ക്കുണ്ടായിരുന്നു.

പ്രൊട്ടസ്റ്റന്റുകാരിയെ കരയിപ്പിച്ച മരിയന്‍ചിത്രം
പ്രൊട്ടസ്റ്റന്റ് ഇവാഞ്ചലിക്കല്‍ സഭാംഗമായിരുന്നു കാനഡാസ്വദേശിയായ ഞാന്‍. ഇവാഞ്ചലിക്കലുകള്‍ മറിയത്തിന്, ക്രിസ്മസ് സമയത്തൊഴികെ യാതൊരു പ്രാധാന്യവും നല്കിയിരുന്നില്ല. മാത്രമല്ല, കത്തോലിക്കര്‍ മറിയത്തെ ആരാധിക്കുന്നുവെന്നും എന്നെ പഠിപ്പിച്ചിരുന്നു. എന്നാല്‍ വിവിധ ഘട്ടങ്ങളിലെ അന്വേഷണ നിരീക്ഷണങ്ങളിലൂടെ ഞാന്‍ യഥാര്‍ത്ഥ സഭയായ കത്തോലിക്കാ സഭയെ കണ്ടെത്തുകയും 2007 നവംബറില്‍ കത്തോലിക്കാ വിശ്വാസം പുല്കുകയും ചെയ്തു.

അതിനുമുമ്പുതന്നെ യേശുവിന്റെ അമ്മ മേരിയെക്കുറിച്ച് കത്തോലിക്കാ സഭ നല്കുന്ന പ്രബോധനങ്ങള്‍ ഹൃദിസ്ഥമാക്കി. ലൂക്കാ 1/46-ല്‍ മേരി തന്നെക്കുറിച്ച് പറഞ്ഞതിനെക്കുറിച്ച് ഞാന്‍ ഗാഢമായി ധ്യാനിച്ചു. ”എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു…” എന്നാരംഭിച്ച്, മാഗ്നിഫിക്കാത്ത് അവസാനിപ്പിക്കുന്നതുവരെ മറിയം ദൈവപിതാവിനെയും യേശുവിനെയും മഹത്വപ്പെടുത്തുകയാണെന്നത് ഞാന്‍ കണ്ടെത്തി. ഇത്രയും എന്റെ ഒരു ലഘു ചരിത്രം.

ഞങ്ങള്‍ സ്വീഡനിലെത്തി ഭര്‍ത്താവിന്റെ ബിസിനസ്സ് കോണ്‍ഫറന്‍സ് പൂര്‍ത്തിയാക്കി. സ്റ്റോക്ക്‌ഹോമില്‍നിന്ന് ജാസ്‌ന ഗോരാ ആശ്രമത്തിലെത്തി വൈകുന്നേരത്തെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു. ദിവ്യബലികഴിഞ്ഞ സമയം. ഞാനറിയാതെ എന്റെ കാലുകള്‍ ഷെസ്റ്റോക്കോവാ മാതാവിനടുക്കലേക്ക് നീങ്ങുന്നു… ശക്തമായ ആകര്‍ഷണം. അവളുടെ മുമ്പില്‍ ഞാന്‍ കൈകൂപ്പി നിന്നു. ‘എന്നെ സഹായിക്കൂ…’ എന്ന് എന്റെ ഉള്ളം അമ്മയോട് പറയുന്നു…

പക്ഷേ, എന്തിനുവേണ്ടിയാണ് ഞാനിങ്ങനെ പ്രാര്‍ത്ഥിക്കുന്നതെന്ന് അറിയുന്നതുമില്ല..! പരിശുദ്ധ മറിയത്തിന് സഭയിലെ സ്ഥാനത്തെക്കുറിച്ച് ബോധ്യമുണ്ടായിരുന്നെങ്കിലും അമ്മയ്ക്ക് ദൈവസന്നിധിയിലുള്ള മാധ്യസ്ഥ്യശക്തിയെക്കുറിച്ച് എനിക്കതുവരെ അറിവുണ്ടായിരുന്നില്ല. അസാധാരണവും അത്ഭുതകരവുമായ ആ ദൈവിക ഇടപെടല്‍ 20 മിനിറ്റ് സമയം നീണ്ടുനിന്നു. എല്ലാം ശാന്തമായപ്പോള്‍ കണ്ണുകള്‍ തുടച്ച് ഞാന്‍ ഭര്‍ത്താവിനെ നോക്കി. എന്തുപറ്റിയെന്ന് അദ്ദേഹം ചോദിച്ചു. ഞാന്‍ പരിശുദ്ധ മറിയത്തോട് ‘എന്തോ’ സഹായം ചോദിക്കുകയായിരുന്നു! അത്രമാത്രമേ പറയാന്‍ കഴിഞ്ഞൂള്ളൂ. ‘വളരെ നല്ലത്’ എന്ന മറുപടി ഉടന്‍ വന്നു. പിറ്റേന്ന് ക്രാക്കോവിലെ ദൈവകരുണയുടെ ദൈവാലയത്തിലെത്തി പ്രാര്‍ത്ഥിച്ചു. അതും വലിയൊരു ദൈവാനുഭവമായിരുന്നു.

ഞെട്ടിപ്പിച്ച രണ്ടു വാര്‍ത്തകള്‍!
തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി തിരികെ കാനഡയിലെ വീട്ടിലെത്തിയ ഞാന്‍ ബെഡ്‌റൂമിലേക്ക് ഓടിക്കയറി, തറയില്‍ സാഷ്ടാംഗം വീണു. അവിടെക്കിടന്ന് വാവിട്ട് കരഞ്ഞു. എന്തിനെന്ന് അപ്പോഴും എനിക്ക് മനസിലായിരുന്നില്ല. നന്ദി യേശുവേ, നന്ദി പിതാവേ… എന്ന് കണ്ണുനീരോടെ ആവര്‍ത്തിച്ചു പറയുന്നുമുണ്ടായിരുന്നു. ആ കണ്ണുനീര്‍ പ്രവാഹം സങ്കടംമൂലമല്ല, ദൈവികമായ ആനന്ദംകൊണ്ടാണെന്ന് മാത്രമേ എനിക്ക് വ്യക്തതയുള്ളൂ.
2011-ല്‍ വിവാഹിതയായ എനിക്ക് മൂന്ന് കുഞ്ഞുങ്ങളെ ഉദരത്തില്‍ ലഭിച്ചിരുന്നു. എന്നാല്‍ മൂന്നുപേരുടെയും കുഞ്ഞുമുഖങ്ങള്‍ കാണാനോ അവരെ കരങ്ങളിലെടുക്കാനോ ഉള്ളഭാഗ്യം എനിക്ക് ലഭിച്ചില്ല. ഇനിയും ഒരു കുഞ്ഞിനുവേണ്ടണ്ടി പ്രാര്‍ത്ഥിക്കണമെന്നുള്ള ചിന്ത അസ്തമിച്ചിരുന്നു. വൈദ്യശാസ്ത്ര പരീക്ഷണങ്ങളും വേണ്ടെന്നുവച്ചു. മാത്രമല്ല, 50 വയസോട് അടുക്കുന്ന ഞാന്‍ ഈ പ്രായത്തില്‍ അമ്മയാകുമെന്ന് പ്രതീക്ഷിക്കാനും വകയില്ല.

എന്നാല്‍, ഞങ്ങള്‍ യൂറോപ്പില്‍നിന്ന് മടങ്ങിയെത്തി, നാല് ആഴ്ച കഴിഞ്ഞപ്പോള്‍, ഞാന്‍ ഗര്‍ഭിണിയാണെന്ന് മനസിലായി. (അതിനായി പ്രത്യേക മരുന്നുകളൊന്നും എടുത്തിരുന്നില്ല, തികച്ചും സ്വാഭാവിക ഗര്‍ഭധാരണം). മുമ്പത്തേതുപോലെയാകുമോ എന്ന ആകുലത ഞങ്ങളെ അലോസരപ്പെടുത്തിയെങ്കിലും, ഞങ്ങള്‍ പ്രാര്‍ത്ഥിക്കാതെ, ആദ്യസന്ദര്‍ശനത്തില്‍ത്തന്നെ ഷെസ്റ്റോക്കോവാ മാതാവ് സമ്മാനിച്ചതല്ലേ! അമ്മ സംരക്ഷിക്കുമെന്ന ഉറപ്പ്.
സ്വീഡനില്‍ പോകുന്നതിന് ഒരു വര്‍ഷംമുമ്പ്, എന്റെ ഇടതുകൈയുടെ അടിഭാഗത്തായി ഒരു മുഴ കണ്ടെത്തിയിരുന്നു. യൂറോപ്യന്‍ ടൂര്‍ കഴിഞ്ഞെത്തിയപ്പോള്‍ ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരം ബയോപ്‌സിക്കായി ഡോക്ടറെ കണ്‍സള്‍ട്ടു ചെയ്തു. ഞാന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിന് മൂന്നു ദിവസങ്ങള്‍ക്കുശേഷം ബയോപ്‌സി റിസള്‍ട്ടുമെത്തി; എനിക്ക് ഇന്‍വേസിവ് ഡക്റ്റല്‍ കാര്‍സിനോമ അഥവാ സ്തനാര്‍ബുദം ബാധിച്ചിരിക്കുന്നു…!

കുഞ്ഞിനെ കൊന്ന് ആരോഗ്യം സംരക്ഷിക്കുക?
അമ്മയാകാന്‍ പോകുന്നതിന്റെ ആഹ്ലാദം ഭയത്തിന് വഴിമാറുന്നുവോ..? കുഞ്ഞിനെ നശിപ്പിച്ച് ക്യാന്‍സര്‍ ചികിത്സ ആരംഭിക്കുന്നതിന് ചുറ്റിലും സമ്മര്‍ദ്ദങ്ങള്‍… പക്ഷേ കുഞ്ഞിനെ സംരക്ഷിക്കാനുള്ള ആഗ്രഹത്തെ എന്റെ സര്‍ജന്‍ പിന്തുണച്ചുവെന്നത് വലിയ ആശ്വാസവും താങ്ങുമായിരുന്നു.
ഞാന്‍ കീമോയും റേഡിയേഷനും നിരസിച്ചു. എന്റെ കുഞ്ഞും ഞാനും ഷെസ്റ്റോക്കോവായിലെ പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യേക സംരക്ഷണത്തിലും സവിശേഷ ശ്രദ്ധയിലുമാണെന്നതില്‍ എനിക്ക് ശക്തമായ ഉറപ്പുണ്ടായിരുന്നു. ചികിത്സ സ്വീകരിച്ചില്ലെങ്കിലും കയ്യിലെ മുഴ നീക്കം ചെയ്യണമെന്ന എന്റെ ആഗ്രഹം സര്‍ജന്‍ സാധിച്ചുതന്നു. ”അവള്‍ എല്ലാക്കാര്യങ്ങളും നന്നായി ക്രമപ്പെടുത്തുന്നു”(ജ്ഞാനം 8/1).

എന്നെ ബാധിച്ച ക്യാന്‍സര്‍ ഗുരുതരവും കോശങ്ങളെ അതിവേഗം ആക്രമിച്ച് നശിപ്പിക്കുന്ന സ്വഭാവമുള്ളതുമായിരുന്നു. മാത്രമല്ല, ഹോര്‍മോണുകളുടെ പ്രവര്‍ത്തനം അതിതീവ്രമാക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട് (ഋഞ+ ജഞ+ ഒഋഞ2). ഗര്‍ഭാവസ്ഥയില്‍ ഹോര്‍മോണുകളുടെ അളവു വര്‍ധിക്കും, കൂടുതല്‍ പ്രവര്‍ത്തനനിരതവുമായിരിക്കും. അതിനാല്‍ കീമോതെറാപ്പി ചെയ്തില്ലെങ്കില്‍ ക്യാന്‍സര്‍ അതിവേഗം നാലാം ഘട്ടത്തിലേക്ക് വളരാന്‍ സാധ്യത കൂടുതലാണെന്ന് ഡോക്‌ടേഴ്‌സ് പറഞ്ഞു.

എസ്‌തേറിന്റെ ഗ്രന്ഥത്തിലെ ക്യാന്‍സര്‍
ആ ദിനങ്ങളില്‍ എന്റെ ഭര്‍ത്താവ് വിശുദ്ധ ബൈബിള്‍ തുടര്‍ച്ചയായി വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ സംഭവങ്ങള്‍ നടക്കുന്ന അവസരത്തില്‍ എസ്‌തേറിന്റെ ഗ്രന്ഥമാണ് അദ്ദേഹം വായിച്ചുകൊണ്ടിരുന്നത്. എന്റെ ഭര്‍ത്താവ് ദുഷ്ടനായ ഹാമാനെ കാന്‍സറിനോടും നിരപരാധിയായ മൊര്‍ദെക്കായിയെ ഞങ്ങളുടെ കുഞ്ഞിനോടും തുലനം ചെയ്തു. അതുപ്രകാരം, ക്യാന്‍സറായ ഹാമാനെ തൂക്കിക്കൊല്ലണമെന്നും കുഞ്ഞ്-മൊര്‍ദെക്കായ് ജീവിക്കണമെന്നും പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ഞാനും ഭര്‍ത്താവും ഓരോ ദിനവും മാറിമാറി രാവിലെ 3 മണിക്ക് ദൈവകരുണയ്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന ആരംഭിച്ചു. ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ഞങ്ങളുടെ മുഴുവന്‍ സാഹചര്യത്തെയും ദൈവകരുണയുടെ സമുദ്രത്തില്‍ പൂഴ്ത്തി പ്രാര്‍ത്ഥന തുടര്‍ന്നു.

ഏറ്റവും അടുത്തുകണ്ട അത്ഭുതം
ഞാന്‍ കീമോയും റേഡിയേഷനും നിരസിച്ചപ്പോള്‍, എന്റെ ലിംഫറ്റിക് സിസ്റ്റത്തില്‍ (ഹ്യാുവമശേര ്യെേെലാ) ഏതെങ്കിലും കാന്‍സര്‍ കോശങ്ങളുണ്ടോ എന്ന് നിര്‍ണ്ണയിക്കണമായിരുന്നു. അതിനുവേണ്ടി ലോക്കല്‍ അനസ്‌തേഷ്യമാത്രം നല്കി മൂന്ന് ലിംഫ് നോഡുകള്‍ നീക്കം ചെയ്തു. ലോക്കല്‍ അനസ്‌തേഷ്യയുടെ ശക്തി കുറയുമ്പോള്‍ വേദനാസംഹാരി കഴിക്കേണ്ടിവരുമെന്ന് സര്‍ജന്‍ ഓര്‍മിപ്പിച്ചു. ഞാന്‍ വേദനസംഹാരി കഴിച്ചാല്‍ കുഞ്ഞിന് ദോഷകരമാകുമെന്നതിനാല്‍ പെട്ടെന്ന് ഞാന്‍ ഷെസ്റ്റോക്കോവാ മാതാവിന്റെ ഐക്കണ്‍ കരങ്ങളിലെടുത്തു, വേദനയില്‍നിന്നുള്ള മോചനത്തിനായി നിശബ്ദമായി പ്രാര്‍ത്ഥിച്ചു.

മക്കള്‍ അപേക്ഷിച്ചാല്‍ ഉടന്‍ സഹായിക്കുന്ന വാത്സല്യമുള്ള അമ്മയായ പരിശുദ്ധ മറിയം എന്റെ സഹായത്തിനെത്തി. ശസ്ത്രക്രിയ കഴിഞ്ഞിട്ട് നാലു മണിക്കൂറായി, അനസ്‌തേഷ്യയുടെ ശക്തി കുറഞ്ഞു. എന്നിട്ടും എനിക്ക് അല്പംപോലും വേദന അനുഭവപ്പെട്ടില്ല! ഷെസ്റ്റോക്കോവാ മാതാവ് എന്നെ അത്ഭുതകരമായി സുഖപ്പെടുത്തി.
അമ്പരപ്പോടെ എന്റെ ഭര്‍ത്താവ് പറഞ്ഞു: ”ഞാന്‍ എന്റെ ഏറ്റവും അടുത്തുകണ്ട അത്ഭുതമാണിത്, പരിശുദ്ധ അമ്മ ഇത്രയധികം ചേര്‍ന്നുനില്ക്കുമ്പോള്‍ ബയോപ്‌സി റിസള്‍ട്ട് നെഗറ്റീവായിരിക്കുമെന്നതില്‍ എനിക്ക് തെല്ലും സംശയമില്ല.”

ഭര്‍ത്താവിന്റെ വിശ്വാസം സത്യമായി ഭവിച്ചു; ബയോപ്‌സി റിസള്‍ട്ട് നെഗറ്റീവ്, ലിംഫ് നോഡുകളില്‍ തെല്ലും ക്യാന്‍സറിന്റെ ദംശനമില്ല…! എന്റെ പ്രതിരോധശേഷി പുനഃസ്ഥാപിക്കുന്നതിനും ക്യാന്‍സറിന്റെ അടിസ്ഥാന കാരണങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനുമുള്ള കാര്യങ്ങളിലേക്ക് ഞങ്ങള്‍ നീങ്ങി.
ഫെബ്രുവരി 23-ന് ഷെസ്റ്റോക്കോവാ മാതാവിന്റെ സ്വര്‍ഗീയ സമ്മാനമായ കുഞ്ഞ് ഞങ്ങളുടെ കരങ്ങളിലെത്തിച്ചേര്‍ന്നു. ഹാമാനെ സ്വന്തം കഴുമരത്തില്‍ തൂക്കിക്കൊന്നുകൊണ്ട് മൊര്‍ദെക്കായ് ജീവിച്ചു. എസ്‌തേര്‍ പേര്‍ഷ്യന്‍ രാജ്ഞിയാകുന്നതിന് മുമ്പ് അവളുടെ യഹൂദ നാമമായ ഹദാസ്സാ(എസ്‌തേര്‍ 4/7)യില്‍നിന്ന് എടുത്ത അഡെസയും പരിശുദ്ധ മറിയത്തിന്റെ പേരും ചേര്‍ത്ത് അഡെസ മേരി എന്ന് ഞങ്ങള്‍ കുഞ്ഞിന് പേരിട്ടു.
അഡെസ മേരി, ഞങ്ങളുടെ മകള്‍

ഞാന്‍ ഡെയാന്‍, ഭര്‍ത്താവ് ഹഗ്, മോള്‍ അഡെസ. കാനഡയിലെ ഒട്ടാവയില്‍ സുവിശേഷ ശുശ്രൂഷ ചെയ്യുന്നു. 2020 ഡിസംബറില്‍ ഞാന്‍ ഇത് എഴുതുമ്പോള്‍ മോള്‍ 5-ാം വയസിലെത്തി. ദൈവത്തിനും ഷെസ്റ്റോക്കോവാ മാതാവിനും നന്ദിപറഞ്ഞ് തീരായ്കയാല്‍, ഞങ്ങള്‍ മൂവരുടെയും ജീവിതം അമ്മയ്ക്ക് ഞങ്ങള്‍ തീറെഴുതിക്കഴിഞ്ഞു.
മരിച്ചവരെ ഉയിര്‍പ്പിക്കുകമാത്രമല്ല, മാരണകാരണങ്ങളെ വേരോടെ പിഴുതെറിയുന്നതും ഷെസ്റ്റോക്കോവാ മാതാവിന്റെ പ്രവര്‍ത്തനശൈലിയാണ് എന്ന് ഈ സംഭവം സാക്ഷീകരിക്കുന്നു. ”…ഭൂമിയിലെ സ്ത്രീകളില്‍വച്ച് അത്യുന്നത ദൈവത്താല്‍ ഏറ്റവും അനുഗ്രഹിക്കപ്പെട്ടവളാണ് നീ” (യൂദിത്ത് 13/18).

ഡെയാന്‍ മക്‌ഡൊണാള്‍ഡ്
സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍ എന്ന ഗ്രന്ഥത്തില്‍നിന്ന്