ബോസ്‌നിയന്‍ സ്ത്രീ പറഞ്ഞത്… – Shalom Times Shalom Times |
Welcome to Shalom Times

ബോസ്‌നിയന്‍ സ്ത്രീ പറഞ്ഞത്…

ബോസ്‌നിയയിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മെഡ്ജുഗോരെയില്‍നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് സിറോകി എന്ന ഗ്രാമം. അവിടെ ഫ്രാന്‍സിസ്‌കന്‍ സന്യാസിമാര്‍ സ്ഥാപിച്ച ഒരു പള്ളിയും അതിനുള്ളില്‍ രക്തസാക്ഷികളായ മുപ്പതോളം സന്യാസിമാരെ അടക്കം ചെയ്ത ഒരു കല്ലറയുമുണ്ട്. സുഹൃത്തായ വൈദികന്‍ ആ സ്ഥലം സന്ദര്‍ശിച്ച അവിടം സന്ദര്‍ശിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവച്ചു.
അവിടെച്ചെന്നാല്‍ എപ്പോഴും പ്രാര്‍ത്ഥനാനിരതരായിരിക്കുന്ന കുറെ മനുഷ്യരെ കാണാം. വന്നിരിക്കുന്നത് വൈദികരാണെറിയുമ്പോള്‍ അവരില്‍ ചിലര്‍ പ്രാര്‍ത്ഥിക്കാന്‍ അടുത്തുവരും. പിന്നെ ആ സ്ഥലത്തെക്കുറിച്ച് ഇടറിയ വാക്കുകളില്‍ ചില കാര്യങ്ങള്‍ പറയും! ബോസ്‌നിയയിലുണ്ടായ, നൂറ്റാണ്ടുകള്‍ നീണ്ട ടര്‍ക്കിഷ് അധിനിവേശത്തിന്റെ കഥ! കമ്മ്യൂണിസ്റ്റ് കിരാതവാഴ്ചയുടെയും കൂട്ടക്കുരുതികളുടെയും കഥ!
അതു പറയുമ്പോള്‍ അവര്‍ വികാരഭരിതരാകും. ഒരിക്കലെങ്കിലും കണ്ണീരണിയാതെ അവര്‍ക്കതു പൂര്‍ത്തിയാക്കാനാവില്ല!

പതിനഞ്ചാം നൂറ്റാണ്ടിലാരംഭിച്ച ടര്‍ക്കിഷ് അധിനിവേശത്തിന്റെ കെടുതികള്‍ തെല്ലടങ്ങിയപ്പോള്‍ 1846-ല്‍ ഫ്രാന്‍സിസ്‌കന്‍ സന്യാസിമാര്‍ സിറോക്കിയില്‍ ഒരു മൊണാസ്റ്ററിയും പരിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ ഒരു പള്ളിയും സ്ഥാപിച്ചു. തികച്ചും പിന്നാക്കം നിന്ന ആ ഗ്രാമത്തില്‍ അവര്‍ റോഡുകളും പാലങ്ങളും നിര്‍മ്മിച്ചു. ദേശത്തിന്റെ സര്‍വ്വ പുരോഗതിക്കും നിദാനമായ ഒരു സ്‌കൂളും ആരംഭിച്ചു. വര്‍ഷങ്ങള്‍ കഴിയവേ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിഞ്ഞ ബോസ്‌നിയ വീണ്ടും അശാന്തമായി. സ്വാര്‍ത്ഥ രാഷ്ട്രീയ താത്പര്യങ്ങള്‍ നടപ്പില്‍ വരുത്താന്‍ കത്തോലിക്കാസഭ ഒരു വിഘാതമാണെന്ന് ഭരണകൂടത്തിനു മനസ്സിലായി.
1945 ഫെബ്രുവരി 7! സിറോക്കിയിലെ ജനതയ്ക്ക് ഈ ദിവസം നടുക്കുന്ന ഒരോര്‍മ്മയാണ്!

സിറോക്കിയിലെ ഫ്രാന്‍സിസ്‌കന്‍ മൊണാസ്റ്ററിയിലേക്ക് അന്നു പ്രഭാതത്തില്‍ സായുധരായ ഒരു സംഘം കമ്മ്യൂണിസ്റ്റ് പട്ടാളക്കാര്‍ ഇരച്ചുകയറി വന്നു. അവിടെയുണ്ടായിരുന്ന 30 സന്യാസിമാരെ തോക്കിന്‍മുനയില്‍ നിരത്തിനിര്‍ത്തി. കോപം കൊണ്ടു ചുവന്നു കലങ്ങിയ കണ്ണുകളോടെ പട്ടാളക്കാരിലൊരാള്‍ അലറിവിളിച്ചു:
”ദൈവമെന്നൊരാളില്ല! ദൈവം മരിച്ചു. മാര്‍പാപ്പയില്ല. സഭയുമില്ല. ഇനി ഇവിടെ നിങ്ങളുടെ ആവശ്യവുമില്ല. ഇവിടം വിട്ടു പുറത്തുപോയി ജീവിക്കാന്‍ നോക്ക്!”
സന്യാസിമാരോട് അവരുടെ സഭാവസ്ത്രം ഊരിമാറ്റാന്‍ പട്ടാളക്കാര്‍ ആവശ്യപ്പെട്ടു. അവര്‍ അതിനു വഴങ്ങിയില്ല. കലിപൂണ്ട പട്ടാളക്കാരിലൊരാള്‍ ഭിത്തിയില്‍ സ്ഥാപിച്ചിരുന്ന ക്രൂശിതരൂപം വലിച്ചു താഴെയിട്ടു.

ജീവിക്കണമെന്നുണ്ടെങ്കില്‍ അതില്‍ ചവിട്ടി വിശ്വാസം ത്യജിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. ചങ്കു പൊടിയുന്ന വേദനയോടെ സന്യാസിമാര്‍ ഓരോരുത്തരായി വന്ന് ക്രൂശിതരൂപത്തെ വാരിയെടുത്തു മാറോടണച്ച് ചുംബിച്ചു. പിന്നെ ഇങ്ങനെ മന്ത്രിച്ചു: ”ഈശോയേ അങ്ങു മാത്രമാണ് എന്റെ ദൈവം; എന്റെ എല്ലാമെല്ലാം.” പറഞ്ഞുതീരും മുമ്പ് അവരുടെ തലച്ചോറിലേക്ക് ബുള്ളറ്റുകള്‍ പറഞ്ഞുകയറി. ഒന്നിനു പിറകെ ഒന്നായി മുപ്പതു സന്യാസിമാരുടെ ചുടുരക്തത്തില്‍ ആ മണ്ണു ചുവന്നു. ചെഞ്ചോരക്കളമായ സിറോക്കിയുടെ മണ്ണില്‍ ചവിട്ടിനിന്ന് പട്ടാളക്കാര്‍ ആര്‍ത്തട്ടഹസിച്ചു. എന്നിട്ടും കലിയടങ്ങാതെ മൃതശരീരങ്ങള്‍ കൂട്ടിയിട്ട് എണ്ണയൊഴിച്ച് കത്തിച്ചു. ആശ്രമവും പള്ളിയുമെല്ലാം അഗ്‌നിക്കിരയാക്കി. ക്രിസ്തുവിനെ അവര്‍ക്ക് അത്രമേല്‍ ഭയമായിരുന്നു എന്നുവേണം കരുതാന്‍!

വര്‍ഷങ്ങള്‍ക്കു ശേഷം ആ ഭയാനക ദിവസത്തെ കൂട്ടത്തിലുണ്ടായിരുന്ന ഒരു പട്ടാളക്കാരന്‍ ഇങ്ങനെ ഏറ്റുപറഞ്ഞു: ”ചെറുപ്പത്തില്‍ എന്റെയമ്മ ദൈവത്തെക്കുറിച്ച് എപ്പോഴും എന്നോട് പറയുമായിരുന്നു. ദൈവമുണ്ടെന്ന് അമ്മയ്ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. എന്നാല്‍ ലെനിനും സ്റ്റാലിനും ഉള്‍പ്പടെയുള്ള നേതാക്കന്‍മാര്‍ ഞങ്ങളെ പഠിപ്പിച്ചിരുന്നത് ദൈവമില്ലെന്നാണ്. എന്നാല്‍ ഈ സന്യാസിമാര്‍ തങ്ങളെ കൊല്ലാനെത്തിയവരെ അനുഗ്രഹിച്ചുകൊണ്ടും അവരോടു ക്ഷമിച്ചുകൊണ്ടും ധീരരായി ജീവനര്‍പ്പിക്കുന്നതു കണ്ടപ്പോള്‍ അമ്മ പറഞ്ഞത് ഞാനോര്‍ത്തു. അത് ശരിയായിരുന്നുവെന്ന് എനിക്കു ബോധ്യമായി! ദൈവമുണ്ട്; ആ ദൈവം ജീവിക്കുന്ന ദൈവമാണ്.”

അയാള്‍ മാനസാന്തരപ്പെട്ട് ക്രിസ്തുവില്‍ വിശ്വസിച്ചു. കത്തോലിക്കാ സഭാംഗമായി. മക്കളെ ക്രിസ്തീയവിശ്വാസത്തില്‍ വളര്‍ത്തി. ആ മക്കളില്‍ ഒരാള്‍ വൈദികനും മറ്റൊരാള്‍ പിന്നീട് സന്യാസിനിയുമായി.
ദൈവാലയത്തിലെ കല്ലറയ്ക്കുമുന്നില്‍ എല്ലാം പറഞ്ഞുകൊണ്ടിരുന്ന സ്ത്രീ അപ്പോഴും കരയുകയായിരുന്നുവത്രേ. ഓര്‍മകള്‍ പെരുമഴപോലെ പെയ്തുകൊണ്ടേയിരുന്നു. ഒടുവില്‍ യാത്രപറയാന്‍ നേരത്ത് കരങ്ങള്‍ കൂപ്പിക്കൊണ്ട് അവസാനമായി അവര്‍ ആ വൈദികനോട് ഇങ്ങനെ പറഞ്ഞു:
‘ഞങ്ങള്‍ക്കുവേണ്ടി പുരോഹിതരായതിന് നന്ദി… ഒരുപാടു നന്ദി!’
ഹൃദയത്തെ വല്ലാതെ മഥിച്ചത് ഈ അവസാനത്തെ വാചകമാണ്! പൗരോഹിത്യത്തെ വിലമതിക്കാന്‍ ഒരു കാരണമെങ്കിലും മനസ്സില്‍ സൂക്ഷിക്കുന്നവര്‍ ഇപ്പോഴുമുണ്ടെന്നുള്ളത് ശിഷ്ടായുസ്സിനെ കുറെക്കൂടി പ്രകാശിതവും ഉത്തരവാദിത്വപൂര്‍ണവുമാക്കുന്നു.

ഫാ. ഷീന്‍ പാലക്കുഴി
ഫാ.ഷീന്‍ തിരുവനന്തപുരം മേജര്‍ അതിരൂപതാവൈദികനാണ്. മൈനര്‍ സെമിനാരി റെക്ടറായി സേവനം ചെയ്യുന്നു.