എനിക്കിപ്പോള്‍ നല്ല പേടിയാ… – Shalom Times Shalom Times |
Welcome to Shalom Times

എനിക്കിപ്പോള്‍ നല്ല പേടിയാ…

സത്യം പറയാമല്ലോ.. എനിക്കിപ്പോള്‍ നല്ല പേടിയാ…
വേറാരെയുമല്ല, സ്വന്തം നാവിനെത്തന്നെ!
നാവില്‍നിന്ന് വരുന്ന ഓരോ വാക്കും ഞാന്‍ സൂക്ഷിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, യാത്രചെയ്യുമ്പോള്‍ റോഡിലൂടെ ആരെങ്കിലും ചീറിപ്പാഞ്ഞ് പോകുന്നത് കണ്ടാല്‍, എന്റെ നാവ് വെറുതെയിരിക്കില്ല.
”ഇവനൊക്കെ എന്തിന്റെ കേടാണ്, സൂക്ഷിച്ച് പൊയ്ക്കൂടേ…” എന്നൊക്കെ പിറുപിറുക്കും.
അയാളുടെ യഥാര്‍ത്ഥ അവസ്ഥ ഞാന്‍ അറിയുന്നില്ലല്ലോ? ചിലപ്പോള്‍ എന്തെങ്കിലും അത്യാവശ്യം ഉണ്ടായിരിക്കാം…
നാളെ ഞാനും ഇതുപോലത്തെ സാഹചര്യത്തിലൂടെ കടന്നുപോയേക്കാം. അതിനാല്‍ വളരെ അപകടകരമാണ് എന്റെ വാക്കുകള്‍ എന്ന് ഓര്‍ക്കണം.

ഈശോ കൃത്യമായി പഠിപ്പിക്കുന്നു, ഏത് അളവുകൊണ്ട് നാം അളക്കുന്നോ, അതേ അളവുകൊണ്ട് നാമും അളക്കപ്പെടും. ഒരു കുഞ്ഞുനോട്ടംകൊണ്ടോ ചിരികൊണ്ടോ വിധിച്ചാല്‍പ്പോലും മതി, തിരിച്ച് വിധിക്കപ്പെടും.
വെറുതെ പറയുന്നതല്ല കേട്ടോ. എനിക്ക് കൃത്യം പണി കിട്ടാറുണ്ട്!
ആകയാല്‍, ശ്രദ്ധ ചെലുത്തുന്നവരാവാം. നാവിനെ നിയന്ത്രിക്കാന്‍ കൃപ ചോദിക്കുന്നവരാവാം.
ആരുടെയും കമന്റ് ബോക്‌സില്‍ കയറി കല്ലെറിയാതിരിക്കാന്‍ ജാഗ്രത പുലര്‍ത്താം. ”കൊടുക്കുവിന്‍; നിങ്ങള്‍ക്കും കിട്ടും. അമര്‍ത്തിക്കുലുക്കി നിറച്ചളന്ന് അവര്‍ നിങ്ങളുടെ മടിയില്‍ ഇട്ടുതരും. നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടുതന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും” (ലൂക്കാ 6/38).
നല്ല വാക്കുകളിലൂടെ, അനുഗ്രഹ വചസ്സുകളിലൂടെ, മിശിഹായെ മഹത്വപ്പെടുത്താന്‍ നമുക്ക് സാധിക്കട്ടെ.

ഫാ.ജോസഫ് അലക്‌സ്