ഫുട്‌ബോളും സംഗീതവുമെല്ലാം സംസ്‌കാരത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ള അര്‍ജന്റീനയുടെ മണ്ണില്‍ പിറന്ന ഒരു പെണ്‍കുട്ടി. ക്ലാരിറ്റാ സെഗുറാ എന്നായിരുന്നു അവളുടെ പേര്. ആറുമക്കളുള്ള കുടുംബത്തിലെ ഏകപെണ്‍തരി. 1978 മെയ് 15-നാണ് ആറ് സഹോദരന്‍മാര്‍ക്ക് ഒരേയൊരു സഹോദരിയായി അവള്‍ പിറന്നുവീണത്. സ്വാഭാവികമായും വീട്ടിലെ ഓമനക്കുഞ്ഞായി അവള്‍ വളര്‍ന്നുവന്നു. പക്ഷേ അതുമാത്രമായിരുന്നില്ല അവളുടെ പ്രത്യേകത. ദൃഢതയും അതോടൊപ്പം അനുസരണശീലവുമുള്ള ഒരു കുട്ടിയായിരുന്നു അവള്‍. ഉദാരതയും ഭൗതികമായ വസ്തുക്കളോടുള്ള താത്പര്യക്കുറവും ശ്രദ്ധേയമായ മറ്റ് പ്രത്യേകതകളായിരുന്നു.
ഇടവകസമൂഹത്തില്‍ അവള്‍ ഏറെ സജീവമായി പങ്കുചേര്‍ന്നു. വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സദാ തയാര്‍. ഇതിനിടയില്‍ വെറും പുറമേയുള്ള ആത്മീയപരിവേഷത്തെക്കാള്‍ ആഴമുള്ള ആത്മീയത അവള്‍ കാത്തുസൂക്ഷിച്ചു എന്നതായിരുന്നു ഏറ്റവും പ്രധാനം. വിശ്വാസത്തിനും യഥാര്‍ത്ഥ ക്രൈസ്തവജീവിതത്തിനും അവള്‍ നല്കിയിരുന്ന പ്രാധാന്യം മറ്റുള്ളവര്‍ക്കെല്ലാം മാതൃകയാകുന്ന തരത്തിലുള്ളതായിരുന്നു, പ്രത്യേകിച്ചും കൗമാരപ്രായത്തിലുള്ള കുട്ടികള്‍ക്ക്.
തന്റെ സഹപാഠികളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും അവള്‍ ഒരിക്കലും തന്റെ വിശ്വാസമോ സുവിശേഷമൂല്യങ്ങളോ മറച്ചുവച്ചിരുന്നില്ല. കൗമാരക്കാരുടെ പ്രശ്‌നങ്ങള്‍ നേരിടാന്‍ ലോകത്തിന്റെയും യേശുവിന്റെയും വഴികള്‍ തമ്മില്‍ ഏറെ വ്യത്യാസമുണ്ടെന്ന് ക്ലാരിറ്റ വ്യക്തമായി അറിഞ്ഞിരുന്നു. എന്നാല്‍ യേശുവിന്റെ വഴികളിലൂടെ സഞ്ചരിക്കാനും അവ മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കാനും അവള്‍ തെല്ലും ഭയപ്പെട്ടില്ല.
അവള്‍ മറ്റുള്ളവരോട് പങ്കുവയ്ക്കുന്ന ജീവിതശൈലിയില്‍ അവള്‍ ജീവിച്ചിരുന്നു. അതിനാല്‍ത്തന്നെ സുഹൃത്തുക്കളും പരിചയക്കാരും അവളെ ബഹുമാനിച്ചു.
ഞായറാഴ്ചത്തെ വിശുദ്ധബലിയില്‍ ഒതുങ്ങുന്നതായിരുന്നില്ല അവളുടെ ക്രൈസ്തവജീവിതം. അനുദിനം വിശുദ്ധബലിയര്‍പ്പണത്തിനും സമയം കണ്ടെത്തി. സക്രാരിയില്‍ വാഴുന്ന ഈശോയെ സന്ദര്‍ശിക്കുന്നതും പതിവ്.
ആഴമുള്ള പ്രാര്‍ത്ഥനയും മരിയന്‍ ഭക്തിയും ജീവിതത്തില്‍ മാറ്റിനിര്‍ത്താനാവാത്തതായിരുന്നു ക്ലാരിറ്റയ്ക്ക്. 70 കിലോമീറ്ററോളം ദൂരത്തുള്ള ലുജാനിലേക്കും 200 കിലോമീറ്ററോളം ദൂരമുള്ള സാന്‍ നിക്കോളാസിലേക്കും കാല്‍നടയായി തീര്‍ത്ഥാടനം നടത്താന്‍ അവള്‍ ഇഷ്ടപ്പെട്ടു.
അങ്ങനെയെല്ലാം മുന്നോട്ടുപോകവേയാണ് ജീവിതത്തില്‍ നിര്‍ണായകമായ ഒരു മാറ്റം വരുന്നത്. 1995 ഫെബ്രുവരിയിലെ ഒരു ദിവസം. എന്തോ വല്ലായ്ക അനുഭവപ്പെട്ടു ക്ലാരിറ്റയ്ക്ക്. ചികിത്സ തേടി ചെന്നപ്പോള്‍ ഹൃദയത്തില്‍ ബാക്ടീരിയ ബാധ കണ്ടെത്തി. എന്നാല്‍ അതുവരെ ജീവിച്ചതെല്ലാം സത്യസന്ധമായിട്ടായിരുന്നു എന്ന് തെളിയിക്കുന്ന മനോഹരമായ പരീക്ഷയായിരുന്നു ക്ലാരിറ്റയെ സംബന്ധിച്ചിടത്തോളം ആ രോഗാവസ്ഥ. ആ ‘മധുരപ്പതിനാറുകാരി’ തികഞ്ഞ ആന്തരികശാന്തതയോടെ തന്റെ അവസ്ഥയെ നേരിട്ടു. തന്റെ ആത്മീയതയുടെ ഫലങ്ങള്‍ അവള്‍ പ്രകടമാക്കി. ജീവിതത്തിന്റെ കേന്ദ്രവും ശക്തിയുടെ ഉറവിടവും തന്റെ വിശ്വാസമാണെന്ന് അവള്‍ തെളിയിച്ചു. പതിനഞ്ച് ദിവസം ആ സാക്ഷ്യജീവിതത്തിന്റെ ക്ലൈമാക്‌സ് ദിനങ്ങളായിരുന്നു എന്നുപറയാം. അതിനൊടുവില്‍ അവള്‍ നിത്യതയില്‍ യേശുവിനോടുചേര്‍ന്നു.
ഊര്‍ജസ്വലമായ ഒരു വിശുദ്ധജീവിതം നയിച്ച ഈ കൗമാരക്കാരി ഇന്ന് വിശുദ്ധപദവിയിലേക്കുള്ള യാത്രയുടെ ആദ്യപടിയിലാണ്. ദൈവദാസി ക്ലാരിറ്റ സെഗുറാ, എല്ലാ കൗമാരക്കാര്‍ക്കായും പ്രാര്‍ത്ഥിക്കണമേ.
ദൈവദാസി ക്ലാരിറ്റ സെഗുറാ